'കരയല്ലേ... അച്ഛൻ കൂടെയുണ്ട്': കഴുത്തോളം പ്രളയജലത്തിൽ മക്കളെ നെഞ്ചോട് ചേർത്ത് ഒരച്ഛൻ; അസമിൽ നിന്നുളള ദൃശ്യം വൈറൽ

ഗുവാഹത്തി: അസമിൽ കനത്ത മഴയെ തുടർന്നുളള  പ്രളയത്തിൽ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ  വലിയ നാശനഷ്ടങ്ങൾ വിതച്ചിരിക്കുകയാണ്. ഇതിനിടെ, പ്രളയത്തിന്റെ ദുരിതവും മനുഷ്യന്റെ അതിജീവന പോരാട്ടവും ഒരേസമയം വ്യക്തമാക്കുന്ന ഒരു വീഡിയോ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുകയാണ്.

വീഡിയോയിൽ, കഴുത്തോളം വെള്ളത്തിലൂടെ മൂന്ന് ചെറിയ മക്കളെ ഒരു റബർ ട്യൂബിൽ ഇരുത്തി സുരക്ഷിതമായ സ്ഥലത്തേക്ക് എത്തിക്കാൻ ശ്രമിക്കുന്ന ഒരു പിതാവിനെയാണ് കാണുന്നത്. വെള്ളത്തിന്റെ ശക്തമായ ഒഴുക്കിനിടയിലും കുട്ടികളുടെ ജീവൻ രക്ഷിക്കാനായി അദ്ദേഹം അതീവ ശ്രദ്ധയോടെ മുന്നോട്ട് നീങ്ങുകയാണ്. ഭയന്ന് കരയുന്ന കുട്ടികളെ ആശ്വസിപ്പിച്ചുകൊണ്ടാണ് പിതാവിന്റെ യാത്ര. സ്വന്തം ജീവൻ പോലും അപകടത്തിലാണെങ്കിലും മക്കളെ സുരക്ഷിതരാക്കാനായി അദ്ദേഹം മുന്നോട്ട് നീങ്ങുന്നത് ദൃശ്യങ്ങളിൽ കാണാം.

ഈ വീഡിയോ 'ഇന്ത്യൻ യൂത്ത് കോൺഗ്രസ്' അവരുടെ ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെ പങ്കുവെച്ചതോടെയാണ് രാജ്യവ്യാപകമായി ശ്രദ്ധ നേടിയത്. 2.15 ലക്ഷത്തിലധികം ആളുകൾ വീഡിയോ കണ്ടുകഴിഞ്ഞു. നിരവധി പേർ ആ പിതാവിന്റെ ധൈര്യത്തെയും ആത്മത്യാഗത്തെയും അഭിനന്ദിച്ചപ്പോൾ, ചിലർ ഇത്തരം സാഹചര്യങ്ങളിൽ മതിയായ രക്ഷാപ്രവർത്തന സൗകര്യങ്ങൾ ഒരുക്കാൻ അധികൃതർ പരാജയപ്പെട്ടുവെന്ന വിമർശനവും ഉയർത്തി. പ്രത്യേകിച്ച്, രക്ഷാബോട്ടുകളുടെ അപര്യാപ്തതയും അടിയന്തര പ്രതികരണ സംവിധാനങ്ങളിലെ പോരായ്മകളും ചൂണ്ടിക്കാട്ടിയാണ് സമൂഹമാധ്യമങ്ങളിൽ വിമർശനം ശക്തമായത്.

അസമിൽ പ്രളയത്തിൽ മരണം 68 ആയി

അസമിൽ കനത്ത പ്രളയം ഇപ്പോഴും രൂക്ഷമായി തുടരുകയാണ്. ഇതുവരെ 68 പേർ മരിച്ചു, ഏകദേശം 40 പേരെ കാണാതായിട്ടുണ്ട്, കൂടാതെ 4.45 ലക്ഷം ആളുകൾ ഇപ്പോഴും പ്രളയബാധിതരായി തുടരുകയാണെന്ന് അധികൃതർ അറിയിച്ചു. ശിവസാഗർ, ഗോലാഘട്ട്, ചരൈദിയോ, ജോർഹട്ട്, നാഗാവ്, കാംറൂപ്പ് എന്നീ ആറു ജില്ലകളെയാണ് പ്രളയം ഏറ്റവും കൂടുതൽ ബാധിച്ചിരിക്കുന്നത്.

ദേശീയ ദുരന്തനിവാരണ സേന , സംസ്ഥാന ദുരന്തനിവാരണ സേന , സിവിൽ ഡിഫൻസ് സേന എന്നിവയുടെ നേതൃത്വത്തിൽ രക്ഷാപ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്. അസം സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയുടെ  കണക്കുകൾ പ്രകാരം ബാധിത മേഖലകളിൽ 67 ബോട്ടുകൾ വിന്യസിച്ചിട്ടുണ്ട്.

മൺസൂൺ കാലത്ത് അസമിൽ പ്രളയം പതിവ് ദുരന്തമാണ്. ദേശീയ പ്രളയ കമ്മീഷന്റെ കണക്കുകൾ പ്രകാരം സംസ്ഥാനത്തിന്റെ ഏകദേശം 40 ശതമാനം പ്രദേശങ്ങളും പ്രളയസാധ്യതയുള്ളവയാണ്. എല്ലാ വർഷവും കനത്ത മഴയെ തുടർന്ന് ബ്രഹ്മപുത്ര, ബരാക് നദികളും അവയുടെ പോഷകനദികളും കരകവിഞ്ഞൊഴുകി സമീപപ്രദേശങ്ങൾ വെള്ളത്തിനടിയിലാകുകയും ആയിരക്കണക്കിന് ആളുകളുടെ ജീവിതോപാധികൾ തകർന്നുപോകുകയും ചെയ്യുന്നു.

മൺസൂൺ കാലത്ത് നാഗാലാൻഡ്, അരുണാചൽ പ്രദേശ്, അസമിന്റെ ചില ഭാഗങ്ങൾ എന്നിവിടങ്ങളിൽ ഉണ്ടായ അതിശക്തമായ മഴയും മേഘവിസ്ഫോടനങ്ങളും പ്രളയത്തിന്റെ തീവ്രത വർധിപ്പിച്ചു. കഴിഞ്ഞ ആറ് പതിറ്റാണ്ടിനിടയിലെ ഏറ്റവും രൂക്ഷമായ പ്രളയമാണിത് എന്ന് അസം ജലസേചന മന്ത്രി പിജുഷ് ഹസാരിക പറഞ്ഞു. മുൻ വർഷങ്ങളിൽ നിന്ന് വ്യത്യസ്തമായി ഇത്തവണ ബ്രഹ്മപുത്ര നദി പതുക്കെ കരകവിഞ്ഞതല്ല പ്രളയത്തിന് കാരണം. പകരം ബ്രഹ്മപുത്രയുടെ സ്വാഭാവിക നീരൊഴുക്ക് സംവിധാനങ്ങളായ ധാൻസിരി, ദിഖോ, ഝാൻജി എന്നീ നദികളിലെ ജലനിരപ്പ് പെട്ടെന്ന് ഉയർന്നതാണ് സ്ഥിതിഗതികൾ വഷളാക്കിയത്. 

Tags:    
News Summary - കഴുത്തോളം പ്രളയജലത്തിൽ മക്കളെ നെഞ്ചോട് ചേർത്ത് ഒരച്ഛൻ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.