‘നിങ്ങളുടെ കുട്ടികളെ ഇനിപ്പറയുന്ന കാര്യങ്ങൾ നിർബന്ധമായും പഠിപ്പിച്ചിരിക്കണം’; മൗലാന ആസാദിനെക്കുറിച്ചുള്ള കുറിപ്പ് വൈറൽ

സ്വാതന്ത്ര്യ സമര​ സേനാനിയും ഇന്ത്യയുടെ ആദ്യത്തെ വിദ്യാഭ്യാസ മന്ത്രിയുമായ മൗലാന അബുൽ കലാം ആസാദിനെ പാഠപുസ്തകത്തിൽ നിന്നും ഒഴിവാക്കിയ എൻ.സി.ഇ.ആർ.ടി നടപടിയിൽ പ്രതിഷേധം കനക്കുന്നു. പുതുക്കിയ പ്ലസ് വൺ രാഷ്ട്രമീമാംസ പാഠപുസ്തകത്തിൽ നിന്നാണ് ആസാദുമായി ബന്ധപ്പെട്ട വിവരങ്ങൾ ഒഴിവാക്കിയത്. ജമ്മുകശ്മീരിനെ ഇന്ത്യയുമായി കൂട്ടിച്ചേർത്തത് സംബന്ധിച്ച പാഠഭാഗങ്ങളും ഒഴിവാക്കിയിട്ടുണ്ട്.

'ഇന്ത്യൻ കോൺസ്റ്റിറ്റ്യൂഷൻ അറ്റ് വർക്ക്' എന്ന ഭാഗത്തിൽ നിന്നാണ് ആസാദിനെ ഒഴിവാക്കിയത്. പാഠപുസ്തകത്തിലെ ആദ്യ ചാപ്റ്ററിലാണ് ഈ പാഠഭാഗം വരുന്നത്. കോൺസ്റ്റിറ്റ്വന്റ് അസംബ്ലിയിൽ എട്ട് പ്രധാനപ്പെട്ട കമ്മിറ്റികളുണ്ടായിരുന്നുവെന്ന് പാഠപുസ്തകത്തിലെ പ്രസ്തുത പാഠഭാഗത്തിൽ പറയുന്നുണ്ട്. ജവഹർലാൽ നെഹ്റു, രാജേന്ദ്ര പ്രസാദ്, സർദാർ പട്ടേൽ, മൗലാന ആസാദ്, അംബേദ്ക്കർ എന്നിവരെല്ലാം കമ്മിറ്റികളുടെ അധ്യക്ഷത വഹിച്ചുവെന്ന് പരിഷ്‍കരിക്കുന്നതിന് മുമ്പ് എൻ.സി.ഇ.ആർ.ടി പാഠപുസ്തകം പറയുന്നു. എന്നാൽ, ഈ വർഷത്തെ പാഠപുസ്തകത്തിൽ നിന്നും മൗലാന അബുൽ കലാം ആസാദിന്റെ പേര് വെട്ടിയിട്ടുണ്ട്.

ഇന്ത്യൻ കോൺസ്റ്റിറ്റ്വന്റ് അസംബ്ലിയിൽ നിർണായക സ്ഥാനം വഹിച്ച വ്യക്തിയാണ് അബുൽ കലാം ആസാദ്. കോൺസ്റ്റിറ്റ്വന്റ് അസംബ്ലിയാണ് ഇന്ത്യൻ ഭരണഘടനയുടെ ആദ്യ രൂപരേഖ തയാറാക്കിയത്. 2009ൽ തുടങ്ങിയ മൗലാന അബുൽ കലാം ആസാദ് ഫെലോഷിപ്പും കേന്ദ്രസർക്കാർ ഒഴിവാക്കിയിരുന്നു.

‘നിങ്ങളുടെ കുട്ടികളെ ഇനിപ്പറയുന്ന കാര്യങ്ങൾ നിർബന്ധമായും പഠിപ്പിച്ചിരിക്കണം’ എന്നാണ് ആസാദിനെ സംബന്ധിച്ച ജയരാജൻ സി.എന്നിന്റെ ഫേസ്ബുക് കുറിപ്പ് പറയുന്നത്. തുടർന്ന് ആസാദിന്റെ പ്രത്യേകതകളും കുറിപ്പിൽ വിവരിച്ചിട്ടുണ്ട്. കുറിപ്പിന്റെ പൂർണരൂപം താഴെ.

നിങ്ങൾ നിങ്ങളുടെ കുട്ടികളെ ഇനിപ്പറയുന്ന കാര്യങ്ങൾ നിർബന്ധമായും പഠിപ്പിച്ചിരിക്കണം...

സ്വതന്ത്ര ഇന്ത്യയുടെ ഒന്നാമത്തെ വിദ്യാഭ്യാസ മന്ത്രി - മൗലാന ആസാദ്

ഇന്ത്യയിൽ ആദ്യമായി 14 വയസ്സുവരെയുള്ള കുട്ടികൾക്ക് നിർബന്ധിതവും സൗജന്യവുമായ വിദ്യാഭ്യാസ പരിഷ്കരണം നടപ്പാക്കിയ വിദ്യാഭ്യാസ മന്ത്രി - മൗലാന ആസാദ്

ജാമിയ മിലിയ ഇസ്ലാമിയ വിദ്യാഭ്യാസ സ്ഥാപന രൂപീകരണത്തിൽ മുഖ്യ പങ്കു വഹിച്ചയാൾ - മൗലാന ആസാദ്

ഐ ഐ ടി കളുടെ പിതാവ് എന്ന് പരിഗണിക്കപ്പെടുന്ന രാഷ്ട്രീയ നേതാവ് - . മൗലാന ആസാദ്

ഐ ഐ ടി എന്ന പേരിന് അംഗീകാരം നൽകിയത് - മൗലാന ആസാദ്

യുജിസിയുടെ അധികാര പരിധി മൂന്നു യൂണിവേഴ്സിറ്റികളിൽ നിന്ന് ഇന്ത്യയിലെമ്പാടും വ്യാപിപ്പിച്ച HRD മന്ത്രി - മൗലാന ആസാദ്

ടാറ്റാ ഇൻസ്റ്റിറ്റ്യൂട്ട് ആയിരുന്നതും പിൽക്കാലത്ത് ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ആയതുമായ സ്ഥാപനത്തിന് തറക്കല്ലിട്ടത് - മൗലാന ആസാദ്

പിൽക്കാലത്ത് ഡൽഹി യൂണിവേഴ്സിറ്റിയിലെ എഡ്യൂക്കേഷൻ ഡിപ്പാർട്ട്മെന്റ് ആയി മാറിയ ഡൽഹിയിലെ സെൻട്രൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എഡ്യൂക്കേഷൻ ആവിഷ്ക്കരിച്ചത് - മൗലാന ആസാദ്

വിദ്യാഭ്യാസം ഇന്ത്യൻ പൗരന്റെ ജന്മാവകാശമാണ് എന്ന് പ്രഖ്യാപിച്ചത് - മൗലാന ആസാദ്

ഹിന്ദു - മുസ്ലിം ഐക്യത്തിന് വേണ്ടി നിലകൊള്ളുകയും ഇന്ത്യാ-പാക് വിഭജനത്തെ എതിർക്കുകയും ചെയ്ത വ്യക്തിത്വം - മൗലാന ആസാദ് ..

ഇപ്പോൾ ഈ മഹാന്റെ പേര് NCERT പതിനൊന്നാം ക്ലാസ്സിലെ പൊളിറ്റിക്കൽ സയൻസിൽ നിന്ന് നീക്കം ചെയ്തിരിക്കുന്നു...!

" നിയമനിർമ്മാണ സഭയുടെ കീഴിൽ വിവിധ വിഷയങ്ങളുമായി ബന്ധപ്പെട്ട് എട്ട് മുഖ്യ കമ്മിറ്റികൾ ഉണ്ടായിരുന്നു... സാധാരണ .ജവഹർലാൽ നെഹ്രു, രാജേന്ദ്രപ്രസാദ്, സർദാർ പട്ടേൽ , മൗലാന ആസാദ് , അംബേദ്ക്കർ എന്നിവരിൽ ഒരാൾ ഈ കമ്മിറ്റികളിലെ അദ്ധ്യക്ഷ സ്ഥാനം വഹിച്ചിരുന്നു..." ഈ വാചകങ്ങളിൽ നിന്ന് മൗലാന ആസാദിനെ എടുത്തുമാറ്റിയിരിക്കയാണ്!

കഴിഞ്ഞ വർഷം ന്യൂനപക്ഷ സമുദായങ്ങൾക്ക് ഇദ്ദേഹത്തിന്റെ പേരിലുണ്ടായിരുന്ന ഫെലോഷിപ്പ് നിർത്തലാക്കിയിരുന്നു... ഈ ഫെലോഷിപ്പ് ബുദ്ധമതക്കാർ , ക്രിസ്ത്യാനികൾ, മുസ്ലീങ്ങൾ, ജൈനന്മാർ, പാഴ്സികൾ , സിഖുകാർ എന്നീ വിഭാഗങ്ങൾക്ക് വേണ്ടി ആയിരുന്നു ....

ഈ വെട്ടിമാറ്റലുകൾ എൻസിഇആർട്ടി പുറത്തു വിട്ടിട്ടില്ല... അത്ര കണ്ട് ഭീരുക്കളാണ് അവർ...

എന്താണ് മൗലാന ആസാദിന് ഈ പമ്പര വിഡ്ഢികൾ കണ്ട കുഴപ്പം?

അദ്ദേഹം മുസ്ലീം ആണ് എന്നതു തന്നെ!

ഒരു കാര്യം കൂടി പറയാം....

മൗലാന ആസാദ് ഏതാണ്ട് 10 കൊല്ലം ബ്രിട്ടീഷ് തടവറയിൽ കഴിഞ്ഞ മഹദ് വ്യക്തിയാണ് ...

ഈ സമയത്ത് ഏകാന്തതയിൽ അദ്ദേഹം കത്തെഴുതുമായിരുന്നു....

അത് സവർക്കറെ പോലെ മാപ്പിരക്കാനോ പുറത്തു വിട്ടാൽ പാദസേവ ചെയ്തോളാമെന്നോ പറയാൻ ആയിരുന്നില്ല ...മറിച്ച് തന്റെ പ്രിയ സുഹൃത്തുക്കൾക്ക് വേണ്ടി ആയിരുന്നു...!

മൗലാന ആസാദിന്റെ, മൗലാന അബ്ദുൾ കലാം ആസാദിന്റെ പോരാട്ടങ്ങളും സംഭാവനകളും തലമുറകളിലേക്ക് പകരുക...

Full View

Tags:    
News Summary - A post about Maulana Azad goes viral

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.