സിംഗപ്പൂർ: വൃത്തിയുടെയും അച്ചടക്കത്തിന്റെയും കാര്യത്തിൽ ലോകത്തിന് തന്നെ മാതൃകയായ സിംഗപ്പൂരിൽ നിസ്സാരമെന്ന് തോന്നിപ്പിക്കുന്ന പല കാര്യങ്ങൾക്കും കനത്ത പിഴയാണ് ചുമത്തുന്നത്. ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ചർച്ചയാകുന്നത് അവിടുത്തെ മരങ്ങളിൽ നിന്ന് താഴെ വീഴുന്ന പഴങ്ങൾ ശേഖരിക്കുന്നതുമായി ബന്ധപ്പെട്ട ഒരു നിയമമാണ്. വഴിയിൽ വീണുകിടക്കുന്ന ഒരു മാമ്പഴം കൈക്കലാക്കിയാൽ ഏകദേശം 3.75 ലക്ഷം രൂപ വരെ പിഴ ഒടുക്കേണ്ടി വരുമെന്ന ഇന്ത്യൻ യുവതിയുടെ സോഷ്യൽ മീഡിയ പോസ്റ്റാണ് ഇപ്പോൾ വൈറലായിരിക്കുന്നത്.
സിംഗപ്പൂരിൽ താമസിക്കുന്ന പ്രിയങ്ക സിൻഹ എന്ന കണ്ടന്റ് ക്രിയേറ്ററാണ് ഈ വിവരങ്ങൾ പങ്കുവെച്ചുകൊണ്ട് വീഡിയോ പോസ്റ്റ് ചെയ്തത്. 'മാമ്പഴക്കാലത്ത് സിംഗപ്പൂരിലെ റോഡരികിലെല്ലാം മാമ്പഴങ്ങൾ വീണുകിടക്കുന്നത് കാണാം. എന്നാൽ ഇതിൽ ഒരെണ്ണമെങ്കിലും എടുക്കുന്നതിന് മുൻപ് രണ്ടുവട്ടം ആലോചിക്കുക. കാരണം, നിങ്ങൾ നൽകേണ്ടി വരുന്നത് 5000 സിംഗപ്പൂർ ഡോളറാണ് (ഏകദേശം 3.10 ലക്ഷം മുതൽ 3.75 ലക്ഷം രൂപ വരെ)," പ്രിയങ്ക വീഡിയോയിൽ മുന്നറിയിപ്പ് നൽകുന്നു.
റോഡരികിലോ പൊതുസ്ഥലങ്ങളിലോ വീണ് കിടക്കുന്ന പഴങ്ങൾ പോലും അനുമതിയില്ലാതെ എടുക്കുന്നത് നിയമലംഘനമായി കണക്കാക്കപ്പെടാമെന്നും പ്രത്യേകിച്ച് മാങ്ങ പോലുള്ള പഴങ്ങൾ സർക്കാർ ഭൂമിയിലോ സ്വകാര്യ സ്ഥലങ്ങളിലോ ഉള്ള മരങ്ങളിൽ നിന്നുള്ളതാണെങ്കിൽ, അവ എടുക്കുന്നത് മോഷണമായി പരിഗണിക്കപ്പെടാൻ സാധ്യതയുണ്ടെന്നും അവർ പറയുന്നു.
സിംഗപ്പൂരിലെ 'പാർക്ക്സ് ആൻഡ് ട്രീ ആക്ട്' പ്രകാരമാണ് ഇത്തരത്തിലുളള നടപടി. പൊതുസ്ഥലങ്ങളിൽ നിൽക്കുന്ന മരങ്ങൾ, അവയുടെ ശാഖകൾ, പഴങ്ങൾ എന്നിവയെല്ലാം സർക്കാർ ഉടമസ്ഥതയിലുള്ളതാണ്. നാഷണൽ പാർക്ക് ബോർഡിന്റെ മുൻകൂർ അനുമതിയില്ലാതെ മരത്തിൽ നിന്ന് പഴം പറിക്കുന്നതോ, താഴെ വീണവ ശേഖരിക്കുന്നതോ കുറ്റകരമായ പ്രവർത്തിയാണ്.
സാധാരണ പൊതുസ്ഥലങ്ങളായ റോഡരികിലും മറ്റും വീണുകിടക്കുന്ന പഴങ്ങൾ എടുത്താൽ 5,000 സിംഗപ്പൂർ ഡോളർ വരെയാണ് പിഴ ഈടാക്കുന്നത്.സംരക്ഷിത മേഖലകളായ നാഷണൽ പാർക്കുകൾ, നേച്ചർ റിസർവുകൾ എന്നിവിടങ്ങളിൽ നിയമലംഘനം നടത്തിയാൽ പിഴ 50,000 സിംഗപ്പൂർ ഡോളർ (ഏകദേശം 31 ലക്ഷം രൂപ) വരെയാകാം. കൂടാതെ ആറുമാസം തടവും അനുഭവിക്കേണ്ടി വരും.
ഈ പോസ്റ്റിന് പിന്നാലെ സോഷ്യൽ മീഡിയയിൽ നിരവധി രസകരമായ പ്രതികരണങ്ങളും എത്തി. ഇന്ത്യയിൽ വഴിയോര മാവുകളിൽ നിന്ന് പഴം പറിക്കുന്നത് സാധാരണ കാര്യമായതിനാൽ, “ഇത്തരം നിയമം ഇന്ത്യയിൽ നടപ്പാക്കാൻ കഴിയുമോ?” എന്ന രീതിയിലുള്ള തമാശകളും ആളുകൾ പങ്കുവച്ചു. മറ്റുചിലർ സിംഗപ്പൂരിന്റെ കർശന നിയമസംവിധാനത്തെയും പൊതുശുചിത്വം നിലനിർത്താനുള്ള സമീപനത്തെയും പ്രശംസിക്കുകയും ചെയ്തു. സിംഗപ്പൂർ സന്ദർശിക്കുന്ന വിനോദസഞ്ചാരികളും അവിടുത്തെ പുതിയ താമസക്കാരും അറിഞ്ഞിരിക്കേണ്ട പ്രധാന നിയമങ്ങളിൽ ഒന്നാണിതെന്ന് പലരും വീഡിയോക്ക് താഴെ കമന്റ് ചെയ്യുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.