ബുലന്ദ്ശഹർ: പണം നിറച്ച ബാഗ് തട്ടിപ്പറിച്ച് പണി പാലുംവെള്ളത്തിൽ തന്ന് കുരങ്ങച്ചാർ. പിന്നീട് ജനം കണ്ടത് മരത്തിൽനിന്ന് മഴ പെയ്യുംപോലെ നോട്ടുകൾ വർഷിക്കുന്നതാണ്. ഉത്തർപ്രദേശിലെ ബുലന്ദ്ശഹറിലാണ് ഒരേ സമയം ആശങ്കയും അത്ഭുതവുമേറ്റിയ ഈ നാടകീയ സംഭവം നടന്നത്.
വസ്തു രജിസ്ട്രേഷനായുള്ള മുദ്രപ്പത്രം വാങ്ങാൻ ബുലന്ദ്ശഹർ ജില്ല കോടതിയിൽ എത്തിയതായിരുന്ന രവീന്ദ്ര ലോധി എന്ന രാജു. കൈയിൽ രണ്ട് ലക്ഷം രൂപയടങ്ങുന്ന ബാഗുമുണ്ടായിരുന്നു. സ്റ്റാമ്പ് വെൻഡറുടെ അടുത്തേക്ക് നടന്നുപോകുന്നതിനിടെയാണ് പൊടുന്നനെ കോടതിവളപ്പിലെ ഒരു കുരങ്ങ് ബാഗ് തട്ടിപ്പറിച്ചത്. പിന്നാലെ ഓടിയിട്ടും കാര്യമായില്ലെന്ന് മാത്രമല്ല. ഒടുവിൽ നാട്ടുകാരെ സാക്ഷി നിർത്തി മരത്തിന് മുകളിൽനിന്ന് 500ന്റെ നോട്ടുകൾ ഒന്നിനു പുറകെ ഒന്നായി കുരങ്ങൻ താഴേക്കെറിയാൻ തുടങ്ങിയപ്പോഴാണ് മുട്ടൻ പണി കിട്ടിയത്. മരത്തിൽ നിന്ന് പണം പറന്നു വീഴാൻ തുടങ്ങിയതോടെ താഴെ നിന്നവർക്ക് നോട്ടുകൾ പെറുക്കാനായി തടിച്ചുകൂടി. രംഗം വഷളാകുന്നത് കണ്ട് കോടതി പരിസരത്തുണ്ടായിരുന്ന പൊലീസുകാർ ലാത്തിയുമായി ഓടിയെത്തുകയായിരുന്നു. സിനിമയിലെ ആക്ഷൻ രംഗങ്ങളെ വെല്ലുന്ന രീതിയിലാണ് പൊലീസ് ഒടുവിൽ പണം വീണ്ടെടുത്തത്. കുരങ്ങൻ എറിഞ്ഞ 1.98 ലക്ഷം രൂപയും പൊലീസും നാട്ടുകാരും ചേർന്ന് പെറുക്കിക്കൂട്ടി ഉടമസ്ഥനായ രാജുവിന് കൈമാറി. ബാക്കിയുള്ള 2000 രൂപ കുരങ്ങച്ചാർ കൈകലാക്കുകയും ചെയ്തു.
സംഭവത്തിന്റെ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുകയാണ്. വൈറലായതോടെ രസകരമായ പ്രതികരണങ്ങളുമാണ് വിഡിയോക്ക് വരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.