ഇന്ത്യയിലെ മധ്യവർഗ വിഭാഗത്തിന് ജീവിക്കാൻ ഏറ്റവും കൂടുതൽ എളുപ്പമുള്ള കാലഘട്ടം ഏതാണെന്നത് സംബന്ധിച്ച് സമൂഹ മാധ്യമങ്ങളിൽ വലിയ ചർച്ച നടക്കുകയാണ്. 1970കളിലെയും 2025ലെയും ജീവിതത്തെ കുറിച്ച് ഇപ്പോൾ വിശ്രമജീവിതം നയിക്കുന്ന മുൻ ഐ.എ.എസ് ഉദ്യോഗസ്ഥ ലിങ്ക്ഡ്ഇനിൽ പങ്കുവെച്ച കുറിപ്പാണ് ചർച്ചക്ക് തുടക്കമിട്ടത്. സിവിൽ സർവീസുകാരിയായ ശൈലജ ചന്ദ്രക്ക് ഇപ്പോൾ 80ലേറെ പ്രായമുണ്ട്. ആധുനിക ജീവിത സൗകര്യങ്ങളും ഇരട്ട വരുമാനവുമാണ് 2025നെ ജീവിക്കാൻ കൂടുതൽ എളുപ്പമുള്ളതാക്കുന്നത് എന്നായിരുന്നു അവരുടെ അഭിപ്രായം.
രണ്ടു കാലഘട്ടങ്ങളിലെയും ജീവിതം അടുത്തറിഞ്ഞ വ്യക്തിയാണ് ശൈലജ ചന്ദ്ര.
2025ലെ സമ്മർദങ്ങളെ കുറിച്ച് മറ്റൊരാളിട്ട പോസ്റ്റിന് മറുപടിയായാണ് ശൈലജ ചന്ദ്രയുടെ കുറിപ്പ്. 1970കളിലെ ജീവിതം വളരെ പരിമിതപ്പെട്ടതായിരുന്നുവെന്നും അവർ എഴുതുന്നു. അന്ന് കൂട്ടുകുടുംബങ്ങളിലെ പെട്ട അംഗങ്ങൾ ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടിമുട്ടിക്കാൻ ഏറെ ബുദ്ധിമുട്ടി.
അക്കാലത്ത് ഒരാൾ ചെലവുകൾ നിരീക്ഷിച്ചുകൊണ്ടേയിരിക്കും...ഒരാളുടെ ശമ്പളത്തിൽ വിദേശത്ത് പോകുന്നതൊക്കെ ചിന്തിക്കാൻ പോലും പറ്റാത്തതാണ്.
അതിനു വിപരീതമായി, ആധുനിക ജീവിതം കൂടുതൽ സൗകര്യങ്ങളും സ്വാതന്ത്ര്യവും നൽകുന്നു. ഇന്നു കാണുന്ന ഡിജിറ്റൽ സൗകര്യങ്ങൾക്ക് ഒത്തിരി നന്ദിയുണ്ട്. വരുമാനങ്ങൾ വർധിക്കുന്നു. ഒരു വീട്ടിൽ ഭാര്യയും ഭർത്താവും സമ്പാദിക്കുന്നു.
2025ൽ മധ്യവർഗ വിഭാഗങ്ങൾ മനോഹരമായ സ്ഥലങ്ങൾ സ്വന്തമാക്കുകയോ വാടകക്ക് എടുക്കുകയോ ചെയ്യുന്നു. പുറത്തുപോയി ഭക്ഷണം കഴിക്കുന്നു.
കുട്ടികളുടെ സ്കൂൾ ഫീസുകൾ അടക്കുന്നു.-അവർ കുറിച്ചു.
കഠിനവും വിരസവുമായ ജോലിയെ സാങ്കേതിക വിദ്യ എങ്ങനെ രൂപാന്തരപ്പെടുത്തിയെന്നും അവർ എഴുതുന്നുണ്ട്. ഓൺലൈൻ ഷോപ്പിങ്ങും നെറ്റ് പെയ്മെന്റും എല്ലായിടത്തും വ്യാപകമായി. അത് തൊഴിലുകളെയും ബില്ലുകൾ അടക്കുന്നതിനെയും സ്വാധീനിച്ചു. ഇന്ന് ഭൂരിഭാഗം ആളുകളും വെക്കേഷനുകൾ ആഘോഷിക്കുന്നുണ്ട്. ആഡംബര ഹോട്ടലുകളിൽ താമസിക്കുന്നു. രാജധാനിയിലെ യാത്രകൾക്ക് പകരം വിമാനങ്ങളെ ആശ്രയിക്കുന്നു.
നഗരങ്ങളിലെ ജീവിതമാണ് കൂടുതൽ സുരക്ഷിതമെന്നും അവർ അടിവരയിടുന്നുണ്ട്. സി.സി.ടി.വി സുരക്ഷയുള്ള വീടുകളാണ് നഗരങ്ങളിൽ. ഫിറ്റ്നസ് സൗകര്യങ്ങളുണ്ട്. കഴിവിനെ വളർത്തുന്ന രീതിയിലുള്ള ജോലികളിലേക്ക് മാറാനുള്ള സ്വാതന്ത്ര്യവുമുണ്ട്. ഇക്കാര്യങ്ങളിൽ തന്നോട് തർക്കിക്കാൻ വരുന്നവർ ഒന്നുകൂടി ആലോചിച്ചിട്ടു വേണമെന്ന് കൂടി പറഞ്ഞാണ് അവർ അവസാനിപ്പിക്കുന്നത്.
1970കളിലെ ജീവിതത്തെയും ഇന്നത്തെയും ജീവിതങ്ങളെ കൂടുതൽ താരതമ്യപ്പെടുത്തിയുള്ള സംരംഭകൻ ഹിമാൻഷു കൽറയുടെ ലിങ്ക്ഡ്ഇൻ പോസ്റ്റിനു മറുപടിയായാണ് ചന്ദ്രയുടെ കുറിപ്പ്. 1970കളെ അപേക്ഷിച്ച് ഇന്ന് ജീവിതം കൂടുതൽ മത്സരാധിഷ്ഠിതമായെന്നും അരാചകത്വം നിറഞ്ഞതായി മാറിയെന്നുമാണ് ഹിമാൻഷു എഴുതിയത്.
1970ൽ നിങ്ങൾ ജീവിതത്തിനായി ഒരുങ്ങുകയാണെന്നും എന്നാൽ 2025ൽ നിങ്ങൾ കടത്തിൽ നിന്നാണ് തുടങ്ങുന്നതെന്നും ഹിമാൻഷു കുറിച്ചു. ഇക്കാലത്ത് രണ്ടുവർഷം കഴിയുമ്പോഴേക്കും എല്ലാം പഴഞ്ചനായി മാറും. കൂടുതൽ വൈദഗ്ധ്യം തേടിക്കൊണ്ടേയിരിക്കും. ഒറ്റക്കുട്ടിയെ വളർത്താൻ വേണ്ടി ഇരുപങ്കാളികളും കഷ്ടപ്പെടുമെന്നും ഹിമാൻഷു സൂചിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.