സന്ദീപ് വാര്യർ

ദേശീയ പ്രസിഡന്റിന്റെ മണ്ഡലം പോലും നഷ്ടപ്പെട്ടെങ്കിൽ ഉത്തരേന്ത്യയിൽ ബി.ജെ.പിയുടെ അടിവേര് ഇളകാൻ തുടങ്ങി: സന്ദീപ് വാര്യർ

തൃക്കരിപ്പൂർ : ബി.ജെ.പിയുടെ ദേശീയ പ്രസിഡന്റിന്റെ മണ്ഡലവും രണ്ട് പതിറ്റാണ്ടായി കുത്തകയായിരുന്ന സീറ്റും പ്രശാന്ത് കിഷോർ പിടിച്ചെടുത്തത് ഉത്തരേന്ത്യയിൽ ബി.ജെ.പിയുടെ അടിവേരുകൾ ഇളകാൻ തുടങ്ങിയതിന്റെ തെളിവാണെന്ന് തൃക്കരിപ്പൂർ എം.എൽ.എ സന്ദീപ് വാര്യർ. ബങ്കിപൂരിലെ ബി.ജെ.പിയുടെ തോൽവിക്ക് പിന്നാലെ ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. കടുത്ത ഭരണവിരുദ്ധ വികാരമാണ് ബി.ജെ.പിയെ കാത്തിരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

"ബങ്കിപ്പൂരിന് തൃക്കരിപ്പൂരിൽ നിന്ന് ഹൃദയാഭിവാദ്യങ്ങൾ" എന്ന വരികളോടെയാണ് അദ്ദേഹം പോസ്റ്റ് ആരംഭിച്ചത്. 'ബിജെപിയുടെ ദേശീയ പ്രസിഡൻ്റിൻ്റെ മണ്ഡലം, രണ്ട് പതിറ്റാണ്ടായി ബിജെപിയുടെ കുത്തക മണ്ഡലം, ബി.ജെ.പിയിൽ നിന്ന് പ്രശാന്ത് കിഷോർ പിടിച്ചെടുത്തിരിക്കുന്നു സ്വന്തം ദേശീയ പ്രസിഡന്റിന്റെ മണ്ഡലം പോലും നഷ്ടപ്പെട്ടെങ്കിൽ ബിജെപിയുടെ അടിവേര് ഉത്തരേന്ത്യയിൽ ഇളകാൻ തുടങ്ങിയിരിക്കുന്നു എന്നുള്ള കാര്യത്തിൽ ഒരു സംശയവും വേണ്ട. കടുത്ത ഭരണവിരുദ്ധ വികാരമാണ് ബി.ജെ.പിയെ കാത്തിരിക്കുന്നത്.' സന്ദീപ് വാര്യർ കുറിച്ചു.

ബിഹാറിലെ ബങ്കിപൂർ നിയമസഭാ ഉപതെരഞ്ഞെടുപ്പിൽ ജൻ സുരാജ് പാർട്ടി സ്ഥാപകൻ പ്രശാന്ത് കിഷോർ മിന്നും വിജയമാണ് നേടിയത്. 19,324 വോട്ടുകൾക്കാണ് ബി.ജെ.പി സ്ഥാനാർത്ഥി നീരജ് കുമാർ സിൻഹയെ അദ്ദേഹം പരാജയപ്പെടുത്തിയത്. 31 റൗണ്ടുകളുള്ള വോട്ടെണ്ണലിന്റെ മുഴുവൻ വോട്ടുകളും എണ്ണിത്തീർന്നപ്പോൾ പ്രശാന്ത് കിഷോറിന് 64,151 വോട്ടുകളും നീരജ് കുമാറിന് 44,827 വോട്ടുകളുമാണ് ലഭിച്ചത്. ആകെ ചെയ്ത വോട്ടുകളുടെ 50 ശതമാനത്തിനടുത്ത് വോട്ടുകൾ നേടിയാണ് പ്രശാന്ത് കിഷോർ വിജയം ഉറപ്പിച്ചത്.

രാഷ്ട്രീയ തന്ത്രജ്ഞനിൽ നിന്ന് ജനപ്രതിനിധിയായുള്ള പ്രശാന്ത് കിഷോറിന്റെ ആദ്യ തെരഞ്ഞെടുപ്പ് പോരാട്ടം എന്ന നിലയിലാണ് ബങ്കിപൂർ ഉപതെരഞ്ഞെടുപ്പ് ദേശീയ ശ്രദ്ധ നേടിയത്. 1995 മുതൽ ബി.ജെ.പിയുടെ ശക്തികേന്ദ്രമാണ് ബങ്കിപൂർ മണ്ഡലം. ബി.ജെ.പി ദേശീയ അധ്യക്ഷനായി തെരഞ്ഞെടുക്കപ്പെട്ടതിനെ തുടർന്ന് നിതിൻ നബിൻ എം.എൽ.എ സ്ഥാനം രാജിവെച്ചതോടെയാണ് ഇവിടെ ഉപതെരഞ്ഞെടുപ്പിന് കളമൊരുങ്ങിയത്.

തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ബി.ജെ.പി പൊലീസിനെ ദുരുപയോഗം ചെയ്തെന്നും തന്റെ പ്രവർത്തകരെ ലക്ഷ്യമിട്ടെന്നും പ്രശാന്ത് കിഷോർ നേരത്തെ ആരോപിച്ചിരുന്നു. ജൻ സുരാജ് പാർട്ടിയുടെ പ്രചാരണ പ്രവർത്തകരെ നിയമവിരുദ്ധമായി കസ്റ്റഡിയിലെടുത്തതാവട്ടെ, വോട്ടർമാരെ ഭീഷണിപ്പെടുത്തിയതാവട്ടെ അദ്ദേഹം അവകാശപ്പെട്ടിരുന്നു. ക്രമക്കേടുകൾക്കെതിരെ തന്റെ പാർട്ടി തെരഞ്ഞെടുപ്പ് കമ്മീഷനെയും സുപ്രീം കോടതിയെയും സമീപിക്കുമെന്നും അദ്ദേഹം പ്രഖ്യാപിച്ചിരുന്നു. ഉപതെരഞ്ഞെടുപ്പിൽ ബി.ജെ.പി വൻ ഭൂരിപക്ഷത്തിൽ തോൽക്കുമെന്നും ‘ഒരു പൂച്ചയെയോ നായയെയോ പോലും മത്സരിപ്പിച്ചാലും തെരഞ്ഞെടുപ്പിൽ വിജയിക്കാമെന്ന ചൊല്ല് ബങ്കിപൂരിൽ മറക്കുമെന്നും’ അദ്ദേഹം പറഞ്ഞിരുന്നു.

Tags:    
News Summary - Sandeep Varier Hails Prashant Kishor's Historic Victory in Bankipur, Says BJP's Foundation is Shaking

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.