ജോലി കിട്ടാൻ നിങ്ങൾ മണ്ടനായി അഭിനയിക്കേണ്ടി വന്നേക്കാം, അധികയോഗ്യത അപകടമോ? ചർച്ച‍യായി സമൂഹമാധ്യമ പോസ്റ്റ്

ടെക് ഇന്റർവ്യൂകളിൽ മികച്ച പ്രകടനം കാഴ്ചവെച്ചിട്ടും റിജക്റ്റ് ചെയ്യപ്പെടുന്നത് എന്തുകൊണ്ടാകാം? തൊഴിലന്വേഷകർക്കിടയിൽ വലിയ ചർച്ചക്ക് വഴിവെച്ചിരിക്കുകയാണ് റെഡ്ഡിറ്റ് ഫോറത്തിലെ ഒരു പോസ്റ്റ്. ഉയർന്ന സാങ്കേതിക അറിവുള്ള ഉദ്യോഗാർത്ഥികളെ ഇന്റർവ്യൂവർമാർക്ക് ഭയമാണോ, അതോ അവരുടെ കഴിവ് സഹപ്രവർത്തകർക്ക് അസ്വസ്ഥത ഉണ്ടാക്കാറുണ്ടോ എന്ന ചോദ്യമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്.

സാങ്കേതികമായി ഏറെ മുന്നിൽ നിൽക്കുന്ന ഉദ്യോഗാർത്ഥികൾ ഇന്റർവ്യൂവർമാരുടെ സ്ഥാനത്തോ അധികാരത്തിനോ ഭീഷണിയാകുമെന്ന് അവർ ഭയപ്പെടുന്നുണ്ടെന്നാണ് ഒറിജിനൽ പോസ്റ്റിൽ ഉന്നയിച്ച പ്രധാന വാദം. ജോലി കിട്ടാൻ നിങ്ങൾ മണ്ടനായി അഭിനയിക്കേണ്ടി വന്നേക്കാം എന്ന തലക്കെട്ടോടെയാണ് r/developersIndia- എന്ന റെഡ്ഡിറ്റ് ഫോറത്തിലെ പോസ്റ്റ് തുടങ്ങുന്നത്.

മാനേജർമാരും ടീം ലീഡർമാരും മികച്ച പ്രതിഭകളെ ജോലിക്കെടുക്കാൻ താല്പര്യപ്പെടുമെങ്കിലും, ഭാവിയിൽ സ്വന്തം സ്ഥാനത്തെ കുറിച്ചോ അധികാരത്തെ കുറിച്ചോ പാനലിലെ അംഗങ്ങൾ ആശങ്കാകുലരായേക്കാം. അതിനാൽ ഈ സാധ്യത ഉദ്യോഗാർത്തികൾ മനസ്സിൽ വെക്കണമെന്നാണ് പോസ്റ്റ് പറയുന്നത്.

തങ്ങളുടെ അറിവ് പ്രകടിപ്പിക്കണം, എന്നാൽ അത് ഇന്റർവ്യൂവറെക്കാൾ തങ്ങൾ മികച്ചവരാണെന്ന് ബോധ്യപ്പെടുത്തുന്ന രീതിയിലാകരുത് എന്നാണ് ഇതിൽ നൽകിയ ഉപദേശം. ഈ വാദത്തെ എതിർത്ത് നിരവധി പേരാണ് രംഗത്തെത്തിയത്. എല്ലാ റിജക്ഷനുകൾക്കും പിന്നിൽ ഇന്റർവ്യൂവറുടെ ഇത്തരം മാനസികാവസ്ഥയാണെന്ന് കരുതുന്നത് തെറ്റാണെന്ന് പലരും ചൂണ്ടിക്കാണിക്കുന്നു.

ടീം ഫിറ്റ്, ആശയവിനിമയ ശേഷി, ശമ്പള പ്രതീക്ഷകൾ, കൂടാതെ മികച്ച മറ്റൊരു ഉദ്യോഗാർത്ഥിയുടെ സാന്നിധ്യം എന്നിവയെല്ലാം സെലക്ഷനെ സ്വാധീനിക്കാറുണ്ട്. ജോലി ലഭിക്കാൻ ഉദ്യോഗാർത്ഥികൾ വിഡ്ഢികളായി അഭിനയിക്കേണ്ടതില്ല എന്നും എന്നാൽ മറ്റുള്ളവരെ അപകർഷതാബോധത്തിലാക്കാതെ സഹകരിച്ച് പ്രവർത്തിക്കാൻ അറിയുക എന്നത് പ്രധാനമാണെന്നും പല കമന്റുകളും പറയുന്നു. കൃത്യമായ ഫീഡ്‌ബാക്ക് കമ്പനികളിൽ നിന്ന് ലഭിക്കാത്തതുകൊണ്ടാണ് പലപ്പോഴും ഉദ്യോഗാർത്ഥികൾ ഇത്തരം സ്വന്തം നിഗമനങ്ങളിലെത്തുന്നത്. 

Tags:    
News Summary - reddit post says candidates should act like dump in interviews

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.