തിരുവനന്തപുരം: സിനിമാ കോണ്‍ക്ലേവില്‍ സ്ത്രീകൾക്കും ദലിതർക്കും എതിരെ അധിക്ഷേപ പരാമര്‍ശം നടത്തിയ സംവിധായകൻ അടൂര്‍ ഗോപാലകൃഷ്ണനെതിരെ സംവിധായിക ശ്രുതി ശരണ്യം. ഏകദേശം ഒരു വർഷത്തോളം നീണ്ടുനിന്ന നാല് റൗണ്ടുകളിൽ നിന്നാണ് തിരക്കഥ സിനിമ ചെയ്യാൻ തെരഞ്ഞെടുത്തത്. തങ്ങൾക്കാർക്കും സിനിമ ചെയ്യാൻ സർക്കാർ വെറുതെ ഒന്നരക്കോടി തന്നതല്ലെന്നും അവർ ഫേസ്ബുക്കിൽ കുറിച്ചു.
ഓരോരോ പ്രസ്താവനകൾ ഇറക്കുന്നത് അവരവരുടെ മൂല്യബോധങ്ങളിലൂന്നിയാണ്. അതിനാൽ ഈ പ്രസ്താവനയെ മുഖവിലക്കെടുക്കുന്നില്ല. മെയിൽ - അപ്പർ ക്ലാസ് പ്രിവിലെജിൽ ജീവിച്ചവർക്ക് ഞങ്ങൾ അനുഭവിക്കുന്ന ബുദ്ധിമുട്ടുകൾ എന്തെന്ന് മനസ്സിലാവുകയുമില്ല. വിമർശനംനടത്തുന്നതിന് മുൻപ് തങ്ങളിൽ ഒരാളുടെയെങ്കിലും ചിത്രം അടൂരിനെപ്പോലൊരാൾ ഒന്നു കണ്ടിരുന്നെങ്കിലെന്ന് ആഗ്രഹിച്ചു .
ഒന്നരക്കോടി ആരുടെയും സ്വകാര്യ അക്കൗണ്ടിലേക്കല്ല, കെ.എസ്.എഫ്.ഡിസിയുടെ അക്കൗണ്ടിലേക്കാണ് സർക്കാർ നിക്ഷേപിക്കുന്നത്. സിനിമയുടെ നിർമ്മാണ നിർവ്വഹണം മുഴുവനും കെ.എസ്.എഫ്.ഡി.സിയുടെ ചുമതലയാണ്. അതിൽ തങ്ങൾക്ക് യാതൊരു പങ്കുമില്ല. മാത്രമല്ല ഈ സിനിമകളിൽ തങ്ങൾക്ക് ലഭിച്ച പ്രതിഫലത്തിനെക്കാൾ കൂടുതൽ തുക കയ്യിൽ നിന്നും ചെലവായിട്ടുണ്ടെന്നും അവർ പറഞ്ഞു.
'ചിത്രലേഖാ ഫിലിം കോ-ഓപ്പറേറ്റിവും, രവീന്ദ്രൻ നായരും ഉണ്ടായത് താങ്കളുടെ ഭാഗ്യം കൂടിയാണ്, സർ. ആ ഭാഗ്യം എല്ലാവർക്കും സിദ്ധിച്ചുകൊള്ളണമെന്നില്ല, പ്രത്യേകിച്ച് സ്ത്രീകൾക്കും അരികുവൽക്കരിക്കപ്പെട്ടവർക്കും. ശ്രൂതി കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.