'ബോർഡർ 2'വിനൊപ്പം 'ധുരന്ധർ 2' ടീസർ; രണ്ടാം ഭാഗത്തിനായി വർഷങ്ങളോളം കാത്തിരിക്കേണ്ടി വന്നില്ലെന്ന് ആരാധകർ!

ഇന്ത്യൻ ചലച്ചിത്ര ലോകത്തെ ഒന്നടങ്കം വിസ്മയിപ്പിച്ചുകൊണ്ടാണ് ആദിത്യ ധർ ഒരുക്കിയ ബ്രഹ്മാണ്ഡ ചിത്രം 'ധുരന്ധർ' ബോക്സ് ഓഫീസിൽ ജൈത്രയാത്ര തുടരുന്നത്. രൺവീർ സിങ്, അക്ഷയ് ഖന്ന, സഞ്ജയ് ദത്ത്, ആർ. മാധവൻ, അർജുൻ രാംപാൽ തുടങ്ങിയ വൻ താരനിര അണിനിരന്ന ആദിത്യ ധർ ചിത്രം ധുരന്ധർ ഇന്ത്യൻ സിനിമാ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ വിജയങ്ങളിലൊന്നായി മാറിയിരിക്കുകയാണ്. 2025ലെ ഏറ്റവും വലിയ പണംവാരി ചിത്രമെന്ന ബഹുമതി സ്വന്തമാക്കിയ ധുരന്ധർ, ഇന്ത്യൻ സിനിമ കണ്ട എക്കാലത്തെയും വലിയ ഹിറ്റുകളെയാണ് പിന്നിലാക്കിയത്. അല്ലു അർജുന്റെ പുഷ്പ 2, ഷാരൂഖ് ഖാന്റെ ജവാൻ, ഹൊറർ-കോമഡി ചിത്രം സ്ട്രീ 2 എന്നീ സിനിമകളുടെ കലക്ഷൻ റെക്കോർഡുകൾ വളരെ വേഗത്തിലാണ് ധുരന്ധർ മറികടന്നത്.

പ്രേക്ഷകരുടെ ആവേശം ഇരട്ടിപ്പിച്ചുകൊണ്ട് ചിത്രത്തിന്‍റെ രണ്ടാം ഭാഗമായ ധുരന്ധർ 2ന്‍റെ ടീസർ റിലീസ് പ്രഖ്യാപിച്ചിരിക്കുകയാണ്. ഇന്ത്യൻ സിനിമയിലെ രണ്ട് ബ്രഹ്മാണ്ഡ ചിത്രങ്ങളെ കോർത്തിണക്കിക്കൊണ്ടുള്ള വമ്പൻ പ്ലാനുകളാണ് അണിയറയിൽ ഒരുങ്ങുന്നത്. സണ്ണി ഡിയോൾ, വരുൺ ധവാൻ, ദിൽജിത് ദോസഞ്ച് എന്നിവർ അണിനിരക്കുന്ന ബിഗ് ബജറ്റ് ചിത്രം ബോർഡർ 2 ജനുവരി 23ന് തിയറ്ററുകളിൽ എത്തുമ്പോൾ, അതിനൊപ്പം ധുരന്ധർ 2 ന്റെ ടീസറും പ്രദർശിപ്പിക്കും. ബിഗ് സ്‌ക്രീൻ എക്സ്ക്ലൂസീവ് ആയിട്ടായിരിക്കും ഇതിന്റെ പ്രീമിയർ നടക്കുക.

ധുരന്ധർ 2 2026 ഈദ് റിലീസായി തിയറ്ററുകളിൽ എത്തും. ധുരന്ധറും ബോർഡറും ദേശസ്‌നേഹത്തിന് മുൻഗണന നൽകുന്ന ചിത്രങ്ങളായതിനാൽ, ഒരേ തരം പ്രേക്ഷകരെ ആകർഷിക്കാൻ ഈ തീരുമാനം സഹായിക്കുമെന്ന് ജിയോ സ്റ്റുഡിയോസ് പറയുന്നു. ആദ്യ ഭാഗത്തിന്‍റെ എൻഡ് ക്രെഡിറ്റിൽ കണ്ട ടീസറിനേക്കാൾ പുതിയ ദൃശ്യങ്ങൾ ഉൾപ്പെടുത്തിയ ടീസറായിരിക്കും തിയറ്ററുകളിൽ പ്രദർശിപ്പിക്കുക എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ചിത്രത്തിന്‍റെ ഔദ്യോഗിക ട്രെയിലർ ഫെബ്രുവരി അവസാനത്തോടെ പുറത്തിറങ്ങും.

Full View

യാഷ് നായകനാകുന്ന 'ടോക്സിക്' എന്ന ചിത്രവുമായി ബോക്സ് ഓഫീസിൽ ഏറ്റുമുട്ടേണ്ടി വരുമെങ്കിലും പറഞ്ഞ തീയതിയിൽ തന്നെ സിനിമ റിലീസ് ചെയ്യുമെന്ന ഉറച്ച തീരുമാനത്തിലാണ് അണിയറപ്രവർത്തകർ. സോഷ്യൽ മീഡിയയിൽ ഈ വാർത്ത വലിയ ചർച്ചയായിട്ടുണ്ട്. ‘രണ്ടാം ഭാഗത്തിനായി വർഷങ്ങളോളം കാത്തിരിക്കേണ്ടി വന്നില്ല എന്നത് വലിയ കാര്യമാണ്’ എന്നാണ് ഒരു ആരാധകൻ കുറിച്ചത്. സണ്ണി ഡിയോളിന്‍റെ 'ബോർഡർ 2' കാണാൻ പോകുന്നവർക്ക് ഇതൊരു 'ഡബിൾ ധമാക്ക' ആയിരിക്കുമെന്നും ആരാധകർ അഭിപ്രായപ്പെടുന്നു. ആരാധകരുടെ വലിയ സമ്മർദത്തെത്തുടർന്ന് അക്ഷയ് ഖന്നയുടെ കഥാപാത്രത്തിനായി സിനിമയിൽ ചില മാറ്റങ്ങൾ വരുത്തിയതായും റിപ്പോർട്ടുകളുണ്ട്.

Tags:    
News Summary - Dhurandhar 2 teaser to be attached to Sunny Deols Border 2

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.