ബോളിവുഡ് താരം ഷാഹിദ് കപൂർ പരുക്കൻ ലുക്കിൽ എത്തുന്ന 2026ലെ ഏറ്റവും വലിയ പ്രതീക്ഷയുള്ള ചിത്രങ്ങളിലൊന്നായ 'ഒ റോമിയോ' റിലീസിന് തൊട്ടുമുമ്പ് കടുത്ത പ്രതിസന്ധിയിൽ. മുംബൈ അധോലോകത്തെ വിറപ്പിച്ച ഹുസൈൻ ഉസ്താരയുടെ ജീവിതത്തെ ആസ്പദമാക്കി ഒരുക്കിയ ചിത്രത്തിനെതിരെ അദ്ദേഹത്തിന്റെ മകൾ സനോബർ ഷെയ്ഖ് നിയമനടപടി സ്വീകരിച്ചിരിക്കുകയാണ്. ചിത്രം തന്റെ പിതാവിനെ തെറ്റായി ചിത്രീകരിക്കുന്നുവെന്നും കുടുംബത്തിന് മാനഹാനി ഉണ്ടാക്കുന്നുവെന്നുമാണ് പ്രധാന ആരോപണം. ഫെബ്രുവരി 13ന് ചിത്രം റിലീസ് ചെയ്യാൻ ഇരിക്കെയാണ് സിനിമയുടെ കഥക്കെതിരെ ഗുരുതര ആരോപണങ്ങളുമായി കുടുംബം രംഗത്തെത്തിയിരിക്കുന്നത്.
തന്റെ പിതാവ് ഒരു കുറ്റവാളിയല്ലെന്നും നഗരത്തെ കുറ്റവാളികളിൽ നിന്ന് മോചിപ്പിക്കാൻ ശ്രമിച്ച വ്യക്തിയാണെന്നുമാണ് സനോബറിന്റെ വാദം. സിനിമയിൽ അദ്ദേഹത്തെ ഒരു ഗുണ്ടയായി കാണിക്കുന്നത് കുടുംബത്തിന് മാനഹാനി ഉണ്ടാക്കുന്നു എന്ന് അവർ ആരോപിക്കുന്നു. ‘സിനിമയുടെ ടീസറിൽ ഇത് ഒരു യഥാർത്ഥ കഥയെ ആസ്പദമാക്കിയുള്ളതാണെന്ന് പറയുന്നുണ്ട്. എന്നാൽ എന്റെ പിതാവ് ഒരു കുറ്റവാളിയായിരുന്നില്ല. ഒരൊറ്റ ക്രിമിനൽ റെക്കോർഡ് പോലും അദ്ദേഹത്തിന്റെ പേരിലില്ല. നഗരത്തെ ഗുണ്ടകളിൽ നിന്ന് സംരക്ഷിക്കാൻ ശ്രമിച്ച അദ്ദേഹത്തെ മോശമായി കാണിക്കുന്നത് അംഗീകരിക്കാനാവില്ല’ സനോബർ മാധ്യമങ്ങളോട് പറഞ്ഞു.
സിനിമയിൽ ഷാഹിദ് കപൂറും തൃപ്തി ദിമ്രിയും തമ്മിലുള്ള പ്രണയരംഗങ്ങൾ ചിത്രത്തിന്റെ പ്രൊമോഷന്റെ ഭാഗമായി പുറത്തുവന്നിരുന്നു. ഇത് യഥാർത്ഥ ജീവിതത്തിലെ ഹുസൈൻ ഉസ്താരയും സപ്ന ദീദി (അഷ്റഫ് ഖാൻ) തമ്മിലുള്ള ബന്ധത്തെയാണ് സൂചിപ്പിക്കുന്നതെന്ന് പ്രേക്ഷകർ വിലയിരുത്തുന്നു. എന്നാൽ ഈ ചിത്രീകരണത്തിനെതിരെ സനോബർ കടുത്ത പ്രതിഷേധത്തിലാണ്. ‘സപ്ന ദീദിക്ക് ഭർത്താവ് മരിച്ചതിന് ശേഷം ആരും ഉണ്ടായിരുന്നില്ല. ആ സമയത്ത് അവരെ സഹായിച്ചത് തന്റെ പിതാവായിരുന്നു. അവർ അദ്ദേഹത്തിന് ഒരു സഹോദരിയെപ്പോലെയായിരുന്നു. സിനിമയിൽ കാണിക്കുന്നത് പോലെ അവർക്കിടയിൽ പ്രണയമുണ്ടായിരുന്നില്ല. ഇത്തരം തെറ്റായ കാര്യങ്ങൾ സിനിമയിലൂടെ പ്രചരിപ്പിക്കുന്നത് ക്രൂരമാണ്’ സനോബർ വ്യക്തമാക്കി.
തെറ്റായ വിവരങ്ങൾ പ്രചരിപ്പിച്ചതിന് രണ്ട് കോടി രൂപ നഷ്ടപരിഹാരം നൽകണമെന്നും സിനിമയുടെ റിലീസ് തടയണമെന്നുമാണ് നിയമപരമായ നോട്ടീസിലെ ആവശ്യം. വിശാൽ ഭരദ്വാജ് സംവിധാനം ചെയ്യുന്ന ഈ ചിത്രം 1990കളിലെ മുംബൈ അധോലോകത്തിന്റെ കഥയാണ് പറയുന്നത്. സപ്ന ദീദി എന്നറിയപ്പെടുന്ന അഷ്റഫ് ഖാന്റെ പ്രതികാര കഥയാണിതെന്ന് സൂചനയുണ്ട്. ഹുസൈൻ ഉസ്താര എന്ന ഹിറ്റ്മാന്റെ വേഷത്തിലാണ് ഷാഹിദ് കപൂർ എത്തുന്നത്. നേരത്തെ ഇർഫാൻ ഖാനെയും ദീപിക പദുകോണിനെയും വെച്ച് പ്ലാൻ ചെയ്തിരുന്ന പ്രോജക്റ്റാണിത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.