കടലിൽ 5,000 മീറ്റർ ആഴത്തിൽ തുരുമ്പെടുക്കുന്ന 2 ലക്ഷം റേഡിയോ ആക്ടീവ് ബാരലുകൾ കണ്ടെത്തി ശാസ്ത്രജ്ഞർ. ഫ്രാൻസിന്‍റെ നാഷണൽ സെന്‍റർ ഫോർ സയന്‍റിഫിക് റിസർച്ചിന്‍റെ നേതൃത്വത്തിലുള്ള NODSSUM26 ദൗത്യത്തിനിടയിലാണ് ഞെട്ടിപ്പിക്കുന്ന ഈ കണ്ടെത്തൽ. ഗലീഷ്യൻ തീരത്തുനിന്ന് ഏകദേശം 650 കിലോമീറ്റർ അകലെ സ്ഥിതി ചെയ്യുന്ന ലോകത്തിലെ ഏറ്റവും വലിയ ആഴക്കടൽ റേഡിയോ ആക്ടീവ് ഡംപിങ് സൈറ്റുകളിലൊന്നിലാണ് പര്യവേഷണം നടത്തിയത്.
1940കൾക്കും 1980കൾക്കും ഇടയിൽ, യുകെ, ഫ്രാൻസ്, ബെൽജിയം, സ്വിറ്റ്സർലൻഡ്, നെതർലാൻഡ്സ് തുടങ്ങിയ രാജ്യങ്ങൾ സിവിലിയൻ ആണവ പ്രവർത്തനങ്ങളിൽ നിന്നും ഗവേഷണങ്ങളിൽ നിന്നുമുള്ള ആണവ മാലിന്യങ്ങൾ അടങ്ങിയ ബാരലുകൾ ഈ ആഴക്കടൽ മേഖലയിൽ കെട്ടിത്താഴ്ത്തിയിരുന്നു.
'Pourquois Pas?' എന്ന സമുദ്രശാസ്ത്ര കപ്പലിൽ നിന്ന് പ്രവർത്തിക്കുന്ന 'നൗട്ടിൽ' (Nautile) അന്തർവാഹിനി ആഴക്കടലിൽ മുങ്ങിയാണ് ബാരലുകൾക്ക് കേടുപാടു പറ്റിയതായി കണ്ടെത്തിയത്. പതിറ്റാണ്ടുകളായുള്ള തുരുമ്പെടുക്കലും കടുത്ത സമ്മർദ്ദവും കാരണം പല കണ്ടെയ്നറുകളും നശിച്ചതായും, സമുദ്രനിരപ്പിൽ ലോഹാവശിഷ്ടങ്ങളുടെ ഒരു ശേഖരം തന്നെയുണ്ടെന്നും ഗവേഷകർ വ്യക്തമാക്കുന്നു.
സ്പെയിനിലെ നാഷനൽ ആക്സിലറേറ്റർ സെന്‍ററിലെയും സെവില്ലെ സർവകലാശാലയിലെയും ഗവേഷകർ ആക്സിലറേറ്റർ മാസ് സ്പെക്ട്രോമെട്രി ഉപയോഗിച്ചാണ് സാമ്പിളുകൾ വിശകലനം ചെയ്യുന്നത്. ആണവ വ്യവസായവുമായി ബന്ധപ്പെട്ട യുറേനിയം, പ്ലൂട്ടോണിയം എന്നിവയുടെ പ്രത്യേക ഐസോടോപ്പുകൾ ഉൾപ്പെടെ, വളരെ കുറഞ്ഞ അളവിൽ അടങ്ങിയിരിക്കുന്ന റേഡിയോ ആക്ടീവ് ന്യൂക്ലൈഡുകളെ കണ്ടെത്താൻ ഈ സാങ്കേതികവിദ്യ സഹായിക്കുന്നു.
റേഡിയോ ആക്ടീവ് വസ്തുക്കൾ വെള്ളത്തിലൂടെയ മറ്റോ സമുദ്ര പരിസ്ഥിതിയിൽ വ്യാപിച്ചിട്ടുണ്ടോ എന്ന് ഈ വിശകലനത്തിലൂടെ വ്യക്തമാകും. കണ്ടെത്തിയ വസ്തുക്കളുടെ ഉറവിടം തിരിച്ചറിയുക, അവയുടെ വ്യാപന പ്രക്രിയ മനസിലാക്കുക, ആഴക്കടലിലെ തീവ്രമായ സാഹചര്യങ്ങളിൽ ഈ മാലിന്യങ്ങൾ എങ്ങനെയൊക്കെ മാറ്റങ്ങൾക്ക് വിധേയമായി എന്ന് പഠിക്കുക എന്നിവയാണ് ഗവേഷകരുടെ ലക്ഷ്യം.
1993 വരെ ആണവ സാങ്കേതികവിദ്യയുള്ള രാജ്യങ്ങൾ അന്താരാഷ്ട്ര സമുദ്രങ്ങളിൽ റേഡിയോ ആക്ടീവ് മാലിന്യങ്ങൾ തള്ളുന്നത് സാധാരണമായിരുന്നു. ലോഹ ബാരലുകളിൽ അടക്കം ചെയ്ത മാലിന്യങ്ങൾ, ഭാരത്തിനായി ബിറ്റുമെൻ, റെസിൻ അല്ലെങ്കിൽ സിമന്‍റ് എന്നിവ ഉപയോഗിച്ച് നിറച്ച് ആയിരക്കണക്കിന് മീറ്റർ ആഴത്തിൽ താഴ്ത്തുകയായിരുന്നു പതിവ്.
1946 നും 1990 നും ഇടയിൽ 14 രാജ്യങ്ങളാണ് സമുദ്രങ്ങളെ ആണവ മാലിന്യ നിക്ഷേപ കേന്ദ്രങ്ങളായി ഉപയോഗിച്ചത്. ഈ രീതി നിരോധിച്ചതിന് ശേഷം, ഏകദേശം നാല് പതിറ്റാണ്ടുകളായി ബാരലുകൾ പരിശോധിക്കപ്പെട്ടിരുന്നില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.