കാനഡയിലെ ആൽബെർട്ടയിൽ നിന്നുള്ള ദൃശ്യം. ഫോട്ടോ: Alan Dyer/Getty Images/Stocktrek Images

രാത്രിയെ വെളിച്ചത്തിലാക്കാൻ പദ്ധതിയുമായി ഇലോൺ മസ്ക്; പണി വരുന്നത് മനുഷ്യന്റെ ഉറക്കത്തിന്

വാഷിങ്ടൺ: രാത്രികാലങ്ങളിൽ ഭൂമിയിലേക്ക് സൂര്യപ്രകാശം പ്രതിഫലിപ്പിക്കാൻ ബഹിരാകാശത്ത് കൂറ്റൻ കണ്ണാടികൾ സ്ഥാപിക്കാനുള്ള നീക്കത്തിനെവുങ്ങി ഇലോൺ മസ്ക്. സ്‌പേസ് എക്‌സും സ്റ്റാർട്ടപ് കമ്പനിയായ റിഫ്ലക്റ്റ് ഓർബിറ്റലും മുന്നോട്ടുവെച്ച പദ്ധതികൾ മനുഷ്യന്റെ ആരോഗ്യത്തെയും ഭൂമിയിലെ ആവാസവ്യവസ്ഥയെയും ദോഷകരമായി ബാധിക്കുമെന്ന് വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു.

ബഹിരാകാശത്ത് ഭീമൻ പ്രതിഫലന കണ്ണാടികൾ സ്ഥാപിച്ച് രാത്രിയിൽ 5 മുതൽ 6 കിലോമീറ്റർ വരെ വിസ്തീർണമുള്ള പ്രദേശങ്ങളിൽ സൂര്യപ്രകാശം എത്തിക്കാനാണ് റിഫ്ലക്റ്റ് ഓർബിറ്റൽ ലക്ഷ്യമിടുന്നത്. ഇതിലൂടെ സോളാർ പാനലുകളിൽനിന്ന് രാത്രിയും വൈദ്യുതി ഉൽപാദിപ്പിക്കാനും ദുരന്തനിവാരണ പ്രവർത്തനങ്ങൾക്കും കൃഷിക്കും വെളിച്ചം നൽകാനും കഴിയുമെന്നാണ് കമ്പനിയുടെ അവകാശവാദം. അതോടൊപ്പം, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എ.ഐ) പ്രവർത്തനങ്ങൾക്കായി പത്തു ലക്ഷത്തോളം ഉപഗ്രഹങ്ങൾ വിക്ഷേപിക്കാനുള്ള തയാറെടുപ്പിലാണ് സ്‌പേസ് എക്‌സ്.

കാലിഫോർണിയയിൽ നിന്നുള്ള വിക്ഷേപണ ദൃശ്യം. ഫോട്ടോ: Kevin Carter/Getty Images

ഈ നീക്കം പ്രകൃതിദത്തമായ പകലുകളെയും രാത്രികളെയും ദോഷകരമായി ബാധിക്കുമെന്ന് 30 രാജ്യങ്ങളിൽ നിന്നുള്ള 2,500 ഓളം ശാസ്ത്രജ്ഞർ യുഎസ് ഫെഡറൽ കമ്യൂണിക്കേഷൻസ് കമീഷന് (എഫ്.സി.സി) മുന്നറിയിപ്പ് നൽകി. ഇത് മനുഷ്യന്റെ ഉറക്കത്തെയും ആരോഗ്യത്തെയും ബാധിക്കുന്ന ജൈവഘടികാരത്തിന്റെ പ്രവർത്തനം തകരാറിലാക്കും. കൂടാതെ, രാത്രിയിൽ സഞ്ചരിക്കുന്ന പക്ഷികൾക്കും പ്രാണികൾക്കും വഴിതെറ്റാനും കടലിലെ ജീവജാലങ്ങളുടെ നിലനിൽപ്പിന് ആധാരമായ ചെറുസസ്യങ്ങൾ നശിക്കാനും ഇത് കാരണമാകും

മനുഷ്യനെപ്പോലെ തന്നെ സസ്യങ്ങൾക്കും രാത്രി ആവശ്യമാണ്. അത് ഇല്ലാതാക്കുന്നത് ആഗോളതലത്തിൽ തന്നെ ഭക്ഷ്യസുരക്ഷയെ ബാധിക്കും, യൂറോപ്യൻ ബയോളജിക്കൽ റിഥംസ് സൊസൈറ്റി പ്രസിഡന്റ് പ്രഫസർ ചാരലാംബോസ് കിരിയാക്കോ പറഞ്ഞു. ആകാശത്ത് നക്ഷത്രങ്ങളേക്കാൾ കൂടുതൽ ഉപഗ്രഹങ്ങൾ കാണപ്പെടുന്ന അവസ്ഥയുണ്ടാകുമെന്നും ഇത് ആകാശത്തിന്റെ സ്വാഭാവിക ശോഭ നശിപ്പിക്കുമെന്നും പരിസ്ഥിതി പ്രവർത്തകർ ആശങ്കപ്പെടുന്നു.

ലണ്ടനിലെ വാട്ടർലൂ പാലത്തിൽ നിന്നുള്ള രാത്രികാഴ്ച. ഫോട്ടോ: DA Cameron/Alamy

കാലാവസ്ഥ വ്യതിയാനം പോലെ ഗൗരവകരമായി കാണേണ്ട പാരിസ്ഥിതിക പ്രശ്നമാണിതെന്നും, മതിയായ പഠനങ്ങൾ നടത്താതെ ഇത്തരം പദ്ധതികൾക്ക് അനുമതി നൽകരുതെന്നും ശാസ്ത്രലോകം ആവശ്യപ്പെടുന്നു.

Tags:    
News Summary - Elon Musk has a plan to light up the night; The work will affect human sleep

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2026-03-29 01:24 GMT