ഒരു പ്രകാശദിനത്തിലേക്ക്

പ്രകാശ വർഷം എന്ന് കേട്ടിട്ടില്ലെ? പ്രകാശം ഒരു വർഷം സഞ്ചരിക്കുന്ന ദൂരമാണ് പ്രകാശവർഷം. സെക്കൻഡിൽ മൂന്ന് ലക്ഷം കിലോ മീറ്റർ ദൂരമാണ് പ്രകാശം സഞ്ചരിക്കുക എന്നാണ് കണക്കാക്കിയിരിക്കുന്നത്. അഥവാ, 9.46 ട്രില്യൻ കിലോമീറ്റർ. ഒരു ട്രില്യൻ എന്നാണ് ലക്ഷം കോടിയെന്നാണ് അർഥം. ഇനി മറ്റൊരു കാര്യം കൂടി നോക്കാം: 1977 സെപ്റ്റംബർ 5-ന് നാസ വിക്ഷേപിച്ച വോയേജർ-1 ആണ് മനുഷ്യൻ ഇതുവരെ നിർമ്മിച്ചതിൽ ഏറ്റവും ദൂരം സഞ്ചരിച്ച ബഹിരാകാശ പേടകം.

ഏകദേശം അഞ്ച് പതിറ്റാണ്ടായി സെക്കൻഡിൽ 17 കിലോമീറ്ററിലേറെ വേഗത്തിൽ സഞ്ചരിച്ചിട്ടും അത് ഇതുവരെ ഭൂമിയിൽ നിന്ന് ഒരു പ്രകാശദിനം (Light-day) പോലും എത്തിയിട്ടില്ലെന്നത് ബഹിരാകാശത്തിന്റെ അളവറ്റ വിസ്തൃതിയെ വ്യക്തമാക്കുന്ന കൗതുകകരമായ വസ്തുതയാണ്.

ഒരു പ്രകാശദിനം എന്നത് പ്രകാശം 24 മണിക്കൂറിൽ സഞ്ചരിക്കുന്ന ദൂരമാണ്. അതായത് ഏകദേശം 25.9 ബില്യൺ കിലോമീറ്റർ. വോയേജർ-1 ഈ ദൂരം 2026 നവംബറോടെയാകും പിന്നിടുകയെന്നാണ് കണക്കുകൾ. അന്നുമുതൽ ഭൂമിയിൽ നിന്ന് അയക്കുന്ന ഒരു സന്ദേശം പേടകത്തിലെത്താൻ കൃത്യം 24 മണിക്കൂർ എടുക്കും. മറുപടി ലഭിക്കണമെങ്കിൽ വീണ്ടും 24 മണിക്കൂർ കൂടി കാത്തിരിക്കണം.

ആദ്യഘട്ടത്തിൽ വ്യാഴവും ശനിയും അവയുടെ ഉപഗ്രഹങ്ങളും പഠിക്കാനായിരുന്നു വോയേജർ-1 രൂപകൽപ്പന ചെയ്തത്. എന്നാൽ ദൗത്യം വിജയകരമായി പൂർത്തിയാക്കിയ ശേഷം പേടകം യാത്ര തുടർന്നു. 2012-ൽ സൗരയൂഥത്തിന്റെ അതിർവരമ്പ് എന്ന് വിശേഷിപ്പിക്കാവുന്ന ഹീലിയോസ്ഫിയർ കടന്ന് ഇന്റർസ്റ്റെല്ലാർ സ്പേസിലേക്ക് പ്രവേശിച്ച ആദ്യ മനുഷ്യനിർമിത വസ്തുവെന്ന നേട്ടവും വോയേജർ-1 സ്വന്തമാക്കി. ഇന്നും അത് അവിടെ നിന്ന് ശാസ്ത്രീയ വിവരങ്ങൾ ഭൂമിയിലേക്ക് കൈമാറിക്കൊണ്ടിരിക്കുകയാണ്.

ഇപ്പോൾ വോയേജർ-1 ഭൂമിയിൽ നിന്ന് ഏകദേശം 25 ബില്യൺ കിലോമീറ്റർ അകലെയാണ്. സിഗ്നലുകൾ ഭൂമിയിലെത്താൻ 22 മണിക്കൂറിലേറെ സമയം വേണ്ടിവരുന്നു. പ്രായമേറിയ ഉപകരണങ്ങളും കുറഞ്ഞുവരുന്ന വൈദ്യുതിശക്തിയും മാത്രമുണ്ടായിട്ടും നാസയിലെ എൻജിനീയർമാർ സൂക്ഷ്മമായ വൈദ്യുതി മാനേജ്മെന്റിലൂടെ പേടകത്തെ പ്രവർത്തനക്ഷമമായി നിലനിർത്തുകയാണ്.

ഈ ദൂരം മനുഷ്യന്റെ കാഴ്ചപ്പാടിൽ അതിശയകരമാണെങ്കിലും പ്രപഞ്ചത്തിന്റെ അളവിൽ അത് ഇപ്പോഴും വളരെ ചെറുതാണ്. ഭൂമിയോട് ഏറ്റവും അടുത്ത നക്ഷത്രമായ പ്രോക്സിമ സെന്റൗറി ഏകദേശം 4.24 പ്രകാശവർഷം അകലെയാണ്.

നിലവിലെ വേഗത്തിൽ സഞ്ചരിച്ചാൽ വോയേജർ-1 അവിടെയെത്താൻ പതിനായിരക്കണക്കിന് വർഷങ്ങൾ വേണ്ടിവരും. 

Tags:    
News Summary - To a bright day

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.