കേരളം സൗമ്യയെയും ജിഷയെയും വിട്ട് വടക്കാഞ്ചേരിയിലെ പെണ്‍കുട്ടിയിലത്തെിനില്‍ക്കുകയാണ്. രാഷ്ട്രീയ നേതാവ് ഉള്‍പ്പെടെയുള്ളവരാല്‍  ബലാത്സംഗം ചെയ്യപ്പെട്ട പെണ്‍കുട്ടിയുടെ പേര് പരസ്യപ്പെടുത്തിയ സംഭവത്തിലൂടെ ഞെട്ടിക്കുന്ന കാര്യങ്ങള്‍ക്കാണ് സാംസ്കാരിക കേരളം സാക്ഷ്യം വഹിച്ചത്.
ആ യുവതിയുടെ പേര് വെളിപ്പെടുത്തുന്നതിലൂടെ മുന്‍ സ്പീക്കറും മന്ത്രിയും പലതവണ നിയമസഭാംഗവുമായിരുന്ന സി.പി.എം ജില്ല സെക്രട്ടറി കെ. രാധാകൃഷ്ണന്‍ പ്രകടമാക്കിയത് തന്‍െറ പുരുഷാധിപത്യ മനോഭാവമാണ്. ഇത്തരം കേസുകളില്‍ ഇരയാക്കപ്പെടുന്ന പെണ്‍കുട്ടികളെ മോശക്കാരിയാക്കി കാണിക്കാനുള്ള കേരളത്തിലെ ശരാശരി പുരുഷന്‍െറ വ്യഗ്രതയാണ് ഇതിലൂടെ തെളിഞ്ഞുവന്നത്. കെ.രാധാകൃഷ്ണന്‍ കേരളരാഷ്ട്രീയത്തിലെ പൊതുവേ ബഹുമാനിക്കപ്പെടുന്ന വ്യക്തിത്വങ്ങളിലൊന്നാണ്. എന്നാല്‍, അദ്ദേഹം പോലും സ്ത്രീക്കുനേരെയുള്ള പുരുഷാധിപത്യപരമായ സമീപനത്തില്‍ ഒട്ടും വ്യത്യസ്തനല്ളെന്നാണ് സംഭവം തെളിയിക്കുന്നത്. ഇരയുടെ പേര് പറയരുതെന്ന് വിലക്കിയ മാധ്യമപ്രവര്‍ത്തകരോട് എത്ര ധാര്‍ഷ്ട്യത്തോടെയാണ് അദ്ദേഹം പ്രതികരിച്ചതെന്ന് നാം കണ്ടു. ജയന്തന്‍െറ പേര് പറയാമെങ്കില്‍ പിന്നെ പെണ്‍കുട്ടിയുടെ പേര് പറയുന്നതിലെന്താ പ്രശ്നം എന്നാണ് അദ്ദേഹം ചോദിച്ചത്. അതിനര്‍ഥം ജയന്തനെന്ന കുറ്റാരോപിതനെപ്പോലത്തെന്നെയാണ് അദ്ദേഹം ആ പെണ്‍കുട്ടിയെയും നോക്കിക്കണ്ടത് എന്നല്ളേ.
 


വ്യക്തിപരമായും കുടുംബപരമായും ഒരുപാട് പ്രശ്നങ്ങള്‍ ഉണ്ടായേക്കാം. അവള്‍ ഏറെക്കാലമായി സ്വന്തം മക്കളെ നോക്കാറില്ല എന്നെല്ലാമുള്ള ആരോപണമുണ്ട്. എന്നാല്‍, ഇതെല്ലാം അവളെ ക്രൂരമായി പീഡിപ്പിക്കാനുള്ള ന്യായീകരണമാവുന്നത് എങ്ങനെയാണ്? അവള്‍ക്ക് കുടുംബപ്രശ്നങ്ങള്‍ ഉണ്ടെന്നതുകൊണ്ട് അവളെ കടന്നാക്രമിക്കാന്‍ ആരാണ് അവര്‍ക്ക് അവകാശം നല്‍കിയത്? അവളെ അക്രമത്തിനിരയാക്കിയവരെ ശിക്ഷിക്കുന്നതിനുപകരം വ്യക്തിപരമായും കുടുംബപരമായുമുള്ള പ്രശ്നങ്ങള്‍ ഉയര്‍ത്തിക്കാട്ടി,തിരിച്ചാരോപണങ്ങള്‍ ഉന്നയിക്കുന്നതിലൂടെ അവര്‍ ചെയ്ത കുറ്റകൃത്യത്തിന്‍െറ ഗൗരവം കുറക്കുകയാണ് ചെയ്യുന്നത്.

ഒരൊറ്റ സ്ത്രീയെപ്പോലും പീഡിപ്പിക്കാന്‍ പാടില്ല എന്ന നിയമം നമ്മുടെ നാട്ടിലുണ്ട്. സ്വഭാവഗുണത്തെ കുറിച്ചുള്ള   സമൂഹത്തിന്‍െറ പുരുഷധാരണകളുടെയും അളവുകോലുകളുടെ പേരിലോ വസ്ത്രധാരണത്തിന്‍റെ പേരിലുള്ള പുരുഷകേന്ദ്രീകൃത  മനോധര്‍മങ്ങളുടെ  പേരിലോ ഒരു സ്ത്രീയെയും ആക്രമിക്കാന്‍ ആര്‍ക്കും അവകാശമില്ല. ലൈംഗിക തൊഴിലാളിയെ അവളുടെ സമ്മതമില്ലാതെ കീഴടക്കുന്നത് ബലാത്സംഗം ആണ്. അത് നിയമവിരുദ്ധ പ്രവൃത്തിയാണ് എന്നത് പുരുഷ സമൂഹവും അവര്‍ക്കു വേണ്ടി ആര്‍ത്തുവിളിക്കുന്നവരും മറന്നുപോകുന്നു. 

 സമാധാനപരമായി ജീവിക്കുന്ന പെണ്‍കുട്ടികളെ പീഡനത്തിനിരയാക്കി, അതുകൂടാതെ പീഡനത്തിന് കാരണം അവള്‍ തന്നെയാണ് എന്നുപറയുന്നത് എത്രമാത്രം അധ$പതിച്ച ചിന്താഗതിയാണ്.ഈ പെണ്‍കുട്ടിയുടെ കാര്യത്തില്‍ മാത്രമല്ല, നമുക്കു ചുറ്റും നിത്യേന നടക്കുന്ന നാലും അഞ്ചും വയസ്സുള്ള പെണ്‍കുട്ടികളെ ബലാത്സംഗം ചെയ്യുന്ന സംഭവങ്ങളിലും ഇത്തരം വിചിത്രവാദങ്ങള്‍ തന്നെയാണ് ഉയര്‍ന്നുവരാറുള്ളത്. ആ പെണ്‍കുട്ടി എന്തിന് പുറത്തുപോയി, എന്തിന് അത്തരം വസ്ത്രം ധരിച്ചു തുടങ്ങിയ ചോദ്യങ്ങളാണ് ചുറ്റും നിറയുക. തെറ്റുകാരന്‍ അവളെ ആക്രമിച്ചവരാണെന്നു സമ്മതിക്കാനോ, അവര്‍ക്കെതിരെ ചോദ്യമുയര്‍ത്താനോ നമ്മുടെ പുരുഷകേന്ദ്രിത സാമൂഹികാന്തരീക്ഷം തയാറാവുന്നില്ല.
 


രാധാകൃഷ്ണന്‍ പേര് വെളിപ്പെടുത്തിയതിനേക്കാള്‍ അപകടകരമായി എനിക്കുതോന്നിയത് ആരോഗ്യമന്ത്രി കെ.കെ. ശൈലജയെപ്പോലുള്ളവര്‍ അതിനെ ന്യായീകരിക്കുന്നതാണ്. ശൈലജ നമുക്കെല്ലാം ഏറെ ബഹുമാനമുള്ള വ്യക്തിത്വങ്ങളിലൊന്നാണ്. എന്നാല്‍, ഈ പെണ്‍കുട്ടിയുടെ പേര് വെളിപ്പെടുത്തുന്നതിലൂടെ കെ.രാധാകൃഷ്ണന്‍ ചെയ്ത തെറ്റിനെ അത്ര വലിയ തെറ്റായിക്കാണരുതെന്ന് പറഞ്ഞ് നിസ്സാരവത്കരിക്കുകയാണ് അവര്‍ ചെയ്തത്. തെറ്റ് എത്ര വലുതാണെങ്കിലും തെറ്റുതന്നെയാണ്. കുറ്റവാളികളെ പ്രോത്സാഹിപ്പിക്കുന്ന നിലപാടാണ് ഇത്. ശൈലജ കാര്യത്തിന്‍െറ ഗൗരവം അറിയാതെയാണ് ആ പറഞ്ഞതെന്ന് ഞാന്‍ കരുതുന്നില്ല. (കെ. രാധാകൃഷ്ണനെ ന്യായീകരിക്കുന്നതിനോടൊപ്പം ഇരയുടെ പേര് വെളിപ്പെടുത്തരുതെന്നാണ് തന്‍െറ നിലപാട് എന്ന് അവര്‍ വ്യക്തമാക്കിയിട്ടുണ്ട്).  സി.പി.എം നേതൃത്വം അറിയാതെ അവര്‍ ഇത്തരമൊരു പ്രസ്താവന നടത്തുമെന്ന് വിചാരിക്കാനാവില്ല. ടീച്ചറുടെയും കെ.രാധാകൃഷ്ണന്‍െറയും പ്രസ്താവനകള്‍ പാര്‍ട്ടിയുടെ അറിവോടുകൂടിയാണ് എന്ന് ബലമായി സംശയിക്കേണ്ടിയിരിക്കുന്നു. സി.പി.എം എന്ന ഇടതുപക്ഷ പാര്‍ട്ടിയുടെ സ്ത്രീവിരുദ്ധതയും പുരുഷാധിപത്യവും തന്നെയാണ് ഇതിലൂടെ തുറന്നുകാണിക്കപ്പെട്ടത്. കുറ്റം ചെയ്തവന്‍ പുരുഷനായതുകൊണ്ട് അവനെ രക്ഷിക്കാനുള്ള പ്രവണത അപകടകരമാണ്. 
 

പെണ്‍കുട്ടിയുടെ പേര് വെളിപ്പെടുത്തുന്നതില്‍ പ്രശ്നമെന്താ എന്നു ചോദിക്കുന്ന ചില ആക്ടിവിസ്റ്റുകളും രംഗത്തത്തെിയിട്ടുണ്ട്. രാജ്യത്തെ നിയമം ഒരിക്കലും അതിനനുവദിക്കുന്നില്ല. പെണ്‍കുട്ടിക്ക് സമ്മതമാണെങ്കില്‍ മാത്രം പേര് വെളിപ്പെടുത്താം. നിങ്ങള്‍ എന്‍െറ പേര് പുറത്തുപറഞ്ഞോളൂ എന്ന് പെണ്‍കുട്ടി തന്‍േറടത്തോടെ വെളിപ്പെടുത്താത്തിടത്തോളം പേരുവെളിപ്പെടുത്തല്‍ വാദത്തെ നമുക്കംഗീകരിക്കാനാവില്ല. മാത്രമല്ല, ആ ഇരയുടെ അനുവാദമില്ലാതെയുള്ള പേര് വെളിപ്പെടുത്തല്‍ നിയമവിരുദ്ധവുമാണ്. വടക്കാഞ്ചേരിയിലെ പെണ്‍കുട്ടി തന്‍െറ പേര് സമൂഹത്തിനുമുന്നില്‍ വലിച്ചിഴക്കരുതെന്ന ആവശ്യവുമായി മുന്നോട്ട് വന്നിട്ടുണ്ട്. അവളുടെ സ്വത്വത്തെ വെളിപ്പെടുത്താതിരിക്കാനാണല്ളോ വാര്‍ത്താസമ്മേളന വേദിയിലേക്ക് അവള്‍ മുഖം മറച്ചുവന്നത്. തന്‍െറ പേരും വ്യക്തിത്വവും സമൂഹം അറിയുന്നതില്‍ തനിക്ക് പ്രശ്നമില്ല എന്ന മനോഭാവമായിരുന്നെങ്കില്‍ അവള്‍ തുറന്ന മുഖത്തോടത്തെന്നെ മാധ്യമങ്ങളെ അഭിമുഖീകരിക്കുമായിരുന്നില്ളേ. രാധാകൃഷ്ണന്‍െറ വാദവും ശൈലജടീച്ചറുടെ ന്യായീകരണവും പൊളിയുന്നതും ഇവിടെയാണ്. ഇരയെ കുറ്റവാളിയായി രൂപാന്തരപ്പെടുത്താത്ത, ഇരയെ സമൂഹത്തിനുമുന്നില്‍ അപഹസിക്കാന്‍ തയാറാവാത്ത ഒരു സാമൂഹികനീതിയാണ് ഇവിടെ പുലരേണ്ടത്. 

തിങ്കളാഴ്ച ഇറങ്ങുന്ന മാധ്യമം ആഴ്ചപ്പതിപ്പ് കാണുക

Tags:    
News Summary - Vadakkencherry Gang Rape

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.