ചില നുറുങ്ങുകൾ ആമുഖമായി ഉദ്ധരിക്കാം

ഇന്ദോറിലെ മലിനജലത്തെ കുറിച്ച് ചോദ്യമുന്നയിച്ച മാധ്യമപ്രവർത്തകന് മറുപടിയായി മധ്യപ്രദേശ് മന്ത്രി കൈലാശ് വിജയ്‍വർഗിയ ഉപയോഗിക്കുന്നത് ‘ഘണ്ട’, ‘ഫൊകട്’ തുടങ്ങിയ മോശം പദങ്ങളാണ്. മലിനജല ദുരന്തത്തിൽ നിരവധിപേർ മരിച്ചിരുന്നു. നൂറിലേറെ പേർ ആശുപത്രിയിലാകുകയും ചെയ്തു.

ഡൽഹിയിലെ വായുനിലവാര സൂചിക (എ.ക്യു.ഐ) പൊതുവെ 250-500നിടയിലാണ് ഉണ്ടാകാറ്. ലോകത്ത് ജീവിക്കാൻ ഏറ്റവും അപകടം പിടിച്ച ഇടമായി രാജ്യതലസ്ഥാനം തുടരുന്നുവെന്നർഥം.

പൗരാണികമായ അരാവലി മലനിരകൾ ഖനനഭീഷണിയിലാണ്, സുപ്രീംകോടതി താൽക്കാലികമായി ഇടപെട്ട് നിർത്തിവെച്ചിട്ടുണ്ടെങ്കിലും. അതിപ്രധാനമായ ഈ പരിസ്ഥിതി ആവാസ വ്യവസ്ഥയെ ചൂഷണം ചെയ്യാനും നശിപ്പിക്കാനും കോർപറേറ്റ് ശക്തികൾ നിലവിലെ ഭരണകൂടത്തിന് പിന്നാലെയുണ്ട്.

ബി.ജെ.പി നേതാവും ഉത്തരാഖണ്ഡ് മന്ത്രി രേഖ ആര്യയുടെ ഭർത്താവുമായ ഗിർധരി ലാൽ സാഹു ഒരു വിവാദ പരാമർശം നടത്തിയിരുന്നു, ‘‘ബിഹാറിലെ പെൺകുട്ടികൾ 20,000- 25,000 രൂപക്ക് കിട്ടും’’ എന്ന്.

ഉത്തരേന്ത്യയിൽ പുറത്ത് പരിസ്ഥിതിയെയും അകത്ത് സമൂഹത്തെയും ആവേശിച്ച വിഷവും മാലിന്യവും എത്രയെന്നതിലേക്ക് വിരൽചൂണ്ടുന്ന ചില ഉദാഹരണങ്ങൾ മാത്രമാണിത്. സ്ഥാപനങ്ങൾ, വിഭവങ്ങൾ, മാധ്യമങ്ങൾ എന്നിവക്കുമേലെല്ലാം സമാനതകളില്ലാത്ത പിടിവീണിട്ടും ഭരണകൂടങ്ങൾ നിരന്തരം ഈ പ്രതിസന്ധി നിസ്സാരമാക്കി തള്ളുകയാണ്. ഒപ്പം, പൗരന്മാർക്കുമേൽ അതിക്രമങ്ങൾ അഴിച്ചുവിടുകയും.

ബിഹാർ മുതൽ ഉത്തർപ്രദേശ്, ഡൽഹി, മധ്യപ്രദേശ്, രാജസ്ഥാൻ എന്നിവിടങ്ങളിലെല്ലാം എതിർപ്പുകൾ നിശ്ശബ്ദമാക്കാനുള്ള ഉപകരണമായി ബുൾഡോസറുകൾ മാറിക്കഴിഞ്ഞു. വീടുകൾ, ഉപജീവന മാർഗങ്ങൾ എല്ലാം നിലംപരിശാക്കലാണ് നടപടി. പോയവർഷം വിടവാങ്ങുന്ന അവസാന നാളുകളിൽ സംഘ് പ്രവർത്തകരും അനുകൂല സംഘടനകളും ചേർന്ന് ക്രിസ്മസ് ആഘോഷങ്ങൾ തടസ്സപ്പെടുത്തലും ചർച്ചുകൾ കേടുവരുത്തലുമായിരുന്നു പലയിടത്തും കേൾക്കാനുണ്ടായിരുന്നത്.

പലപ്പോഴും അധികൃതരുടെ രഹസ്യ പിന്തുണയോടെ ഇക്കൂട്ടർ താജ്മഹൽ, മസ്ജിദുകൾ, സ്മാരകങ്ങൾ തുടങ്ങിയ ചരിത്രപ്രധാന കേന്ദ്രങ്ങളോടുചേർന്ന് ശ്രീരാമന്റെയും ഹനുമാന്റെയും പേരിൽ പൂജകൾ നടത്തുന്നു. ഒരു പതിറ്റാണ്ടിലേറെയായി, കേന്ദ്ര സർക്കാർ ഈ പതിവ് സംഭവങ്ങൾ വളരെ ശുഷ്‍കമെന്നും ഒറ്റപ്പെട്ട സാമൂഹിക വിരുദ്ധരുടേതെന്നും മുദ്രകുത്തി ‘സാധാരണ’മെന്ന നിലയിൽ അവഗണിക്കാൻ പൊതുജനത്തോട് ആവശ്യപ്പെടുന്നതാണ് രീതി. പട്ടിണി, തൊഴിലില്ലായ്മ എന്നിവക്കൊപ്പം പിന്തിരിപ്പൻ മനസ്സും തുല്യമായി വേട്ടയാടുന്ന ആളുകൾ, ടാഗോർ ആഹ്വാനം ചെയ്ത ബഹുസ്വര ഇന്ത്യയുടെ സങ്കൽപം ചോർത്തിക്കളയുന്ന ഈ നടപടികൾക്ക് മുന്നിലുണ്ട്.

അഴുക്ക് ഏറെ പഴകിയത്

കൈലാശ് വിജയ്‍വർഗിയ, ഗിർധരി ലാൽ സാഹു എന്നിവരോ ബുൾഡോസറുകളുടെ അമരത്തിരിക്കുന്നവരോ മുസ്‍ലിം-ക്രിസ്ത്യൻ-ദലിത് അവശ വിഭാഗങ്ങളെ ലക്ഷ്യമിടുന്ന ഹിന്ദുത്വ തീവ്രവാദികൾ എന്നിവരൊന്നുമല്ല, വടക്കേ ഇന്ത്യയെ ഗ്രസിച്ച അഴുക്കിന്റെ മൂലഹേതു.

20ാം നൂറ്റാണ്ടിന്റെ ഒടുവിലും 21ാം നൂറ്റാണ്ടിന്റെ ആരംഭത്തിലും സാമൂഹിക-സാമ്പത്തിക-സാമുദായിക ചട്ടക്കൂടിനെ ബാധിച്ച ആഴത്തിലുള്ള അധഃപതനത്തിന്റെ അടയാളങ്ങളാണിവ. കഴിഞ്ഞ കാൽനൂറ്റാണ്ടായി ഈ വിഷവിത്തുകൾ പടർന്നുവളർന്ന് അന്തരീക്ഷമാകെ മൂടിയിരിക്കുന്നു.

വായു, ജലം, മണ്ണ്, വനം, പച്ചപ്പ്, സസ്യജാലം എന്നിങ്ങനെ നമ്മുടെ പരിസ്ഥിതി സംരക്ഷിക്കുന്നവയെല്ലാം ഇന്ന് കറപുരണ്ടതും അഴുക്ക് പിടിച്ചതുമാണ്. ഡൽഹിയിലെ പ്രായം ചെന്ന ഉദ്യോഗസ്ഥർ, പ്രഫഷനലുകൾ എന്നിവരടക്കം പറയുന്നത് ഇപ്പോൾ പതിവുകാഴ്ച: ‘‘ഗ്രാമം തന്നെയായിരുന്നു മെച്ചം. ശുദ്ധവായുവും തനിനാടൻ മനുഷ്യരെയും വേണമെന്നുണ്ടെങ്കിൽ നാം വേരിലേക്ക് മടങ്ങണം’’. എന്നാൽ, നഗരം പുറന്തള്ളുന്ന കടുത്ത പുകയിൽ പൊറുതിമുട്ടുന്ന ഈ നഗരവാസികൾ പലപ്പോഴും ഗ്രാമങ്ങൾക്കും അതിന്റെ സൗരഭ്യം വിനഷ്ടമായെന്ന് അറിയുന്നില്ല. അവയിലേറെയും ഡൽഹിയിലെ പാർക്ക് പോലെ ശ്വാസം മുട്ടിക്കുന്നവ തന്നെ.

വലിയ മാറ്റം

രവീന്ദ്രനാഥ ടാഗോറിന്റെ റഹ്മത്തിന്-അഫ്ഗാൻ കാബൂളിവാലക്ക്- കെട്ടിച്ചമച്ച കുറ്റങ്ങളുടെ പേരിൽ വർഷങ്ങൾ ജയിലിൽ കഴിയേണ്ടിവന്നിട്ടും മിനിയുടെ അഭിജാതനായ പിതാവിന്റെ ഹൃദയം പിടിച്ചുപറ്റാനായി. കുഞ്ഞുനാളിൽ പഴങ്ങൾ പങ്കുവെച്ച് സൗഹൃദം കൂടിയ മിനി, അവൻ ജയിലിലായ കാലത്ത് വളർന്ന് മുതിർന്നവളായിട്ടുണ്ടായിരുന്നു. ജയിൽ മോചിതനായപ്പോൾ അവളെ ജീവിതത്തിലേക്ക് കൂട്ടാൻ അവൻ മോഹിച്ചു.

വിവാഹ വേഷത്തിൽ സുന്ദരിയായ മിനിയെ കണ്ട പിതാവ് ആദ്യം അസ്വസ്ഥനായി. മുൻകുറ്റവാളിയുമായി മകൾ കൂട്ട് നിലനിർത്തിയതെന്തിനെന്നതായിരുന്നു ആധി. എന്നാൽ, അവളുമായുള്ള വിശുദ്ധ മാനുഷിക വികാരം കൊണ്ട് ബന്ധിതനായിരുന്ന റഹ്മത്ത് അന്തിമ വിജയം വരിക്കുന്നതാണ് കഥയുടെ പൊരുൾ.

മഹാനായ കഥാകൃത്ത് പ്രേംചന്ദിന്റെ ഹീരയും മോട്ടിയും -ദോ ബെയ്ലോൻ കാ കഥ’ എന്നതിലെ രണ്ട് കാളകൾ- ക്രൂരനായ പുതിയ ഉടമയെ വെട്ടിച്ച് സ്ഥലം വിട്ട് എത്തിപ്പെടുന്നത് അലഞ്ഞുനടക്കുന്ന കാലികൾക്കായുള്ള അപകടകരമായ കുളത്തിലാണ്. അവിടെനിന്നും രക്ഷപ്പെടുന്നവർ പിന്നെ എത്തുന്നത് അറവുകാരന്റെ കൈകളിൽ. അതിസമർഥമായി അയാളെയും കബളിപ്പിച്ച് ഹീരയും മോട്ടിയും കാരുണ്യവാനായ പഴയ ഉടമയിലേക്ക് തിരികെയെത്തുന്നു. അയാളുടെ സ്നേഹവും കരുതലും വീണ്ടെടുക്കുകയും ചെയ്യുന്നു.

ടാഗോർ ബംഗാളിലോ പ്രേംചന്ദ് ഉത്തർ പ്രദേശിലോ ആകാം, പക്ഷേ, ഇരുവരും തങ്ങളുടെ കഥകൾ വേരുറപ്പിച്ചുനിർത്തിയത് കോളനി കാലത്തെ ആഴത്തിൽ വേരുറപ്പിച്ച മാനുഷിക വികാരങ്ങളിലും സാമൂഹിക ബന്ധങ്ങളിലും ഗ്രാമീണ പശ്ചാത്തലങ്ങളിലുമാണ്

21ാം നൂറ്റാണ്ടിന്റെ ആദ്യ പാദം പക്ഷേ, അതിശക്തമായ മാറ്റമാണ് ലോകത്ത് സൃഷ്ടിച്ചത്. ഉത്തർ പ്രദേശിലെ പൂർവാഞ്ചലിലേക്കോ ബിഹാറിലേക്കോ മധ്യപ്രദേശ്, രാജസ്ഥാൻ എന്നിവിടങ്ങളിലേക്കോ യാത്ര ചെയ്താൽ ഇത് നേരിട്ടറിയാം. കാളകൾ കർഷകരുടെ വീടുകളിൽനിന്ന് കുടിയിറങ്ങിയിട്ടുണ്ട്. അവയുമായി ബന്ധപ്പെട്ട ജോലികളും ചിട്ടകളും മാറിക്കഴിഞ്ഞിട്ടുണ്ട്.

പ്രേംചന്ദിന്റെ കാലഘട്ടത്തിലും 1947നു ശേഷം ഫണീശ്വർനാഥ് രേണു, നാഗാർജുൻ എന്നിവരുടെ കാലത്തും ഉഴവുകാർ തങ്ങളുടെ കലപ്പകളും അതിന്റെ േബ്ലഡും മറ്റ് ഉപകരണങ്ങളും നന്നാക്കാൻ തദ്ദേശീയ കൊല്ലപ്പണിക്കാരെയാണ് ആശ്രയിച്ചുപോന്നത്.

ഫണീശ്വർനാഥ് രേണുവിന്റെ ഹീരാമൻ എന്ന കാളവണ്ടിക്കാരൻ തന്റെ പ്രണയിനി ഹീരാഭായിയെ ഇതേ കാളവണ്ടിയിൽ കൊണ്ടുപോകുന്നുണ്ട്. രണ്ടു കാളകളും ഈ പ്രണയത്തിന് മൂക സാക്ഷികളായിരുന്നു. നാഗാർജുന്റെ ‘രാതിനാഥ് കാ ചാച്ചി’ ബിഹാറിലെ മിഥില മേഖലയിൽ മരുമകനും അമ്മായിയും തമ്മിലെ ഇഷ്ടാനിഷ്ടങ്ങൾ പങ്കുവെക്കുന്നു. സമാനമായി, ഭികാരി താക്കൂറിന്റെ നാടോടിപ്പാട്ടുകളിൽ ഒരു ബ്രാഹ്മണ പുരോഹിതനും അയാൾക്ക് വിവാഹേതര ബന്ധത്തിൽ പിറന്ന ഗബർച്ചിചോർ എന്ന അവർണ ബാലനും തമ്മിലെ സങ്കീർണമായ ബന്ധങ്ങൾ പറയുന്നു. ഉത്തരേന്ത്യയിൽ വ്യവസായിക, ഉപഭോക്തൃ വസ്തുക്കൾ ചെലുത്തുന്ന സ്വാധീനം താഴെത്തട്ടിൽ പ്രകടമാണ്.

ഉത്തർപ്രദേശ്, ബിഹാർ ജില്ലകളിലെ മെഹ്റോന, ലാർ, ഗുഥ്നി, ഡറോളി, മൈരാവ, ഡിയോറിയ ഗ്രാമങ്ങൾ പഴയകാലത്തിൽനിന്ന് പുതിയതിലേക്കുള്ള ഈ പരിവർത്തനം കൂടുതൽ പ്രകടമാക്കുന്നവയാണ്. ഒരുകാലത്ത്, കാളകൾ അയവിറക്കുന്നതും കാക്കകൾ മുതുകിൽ നിന്നും ചെവിയിൽ നിന്നും പ്രാണികളെ കൊത്തിയെടുക്കുന്നതും പതിവുകാഴ്ചകളായിരുന്നെങ്കിൽ കാളകൾക്ക് പകരം ട്രാക്ടറുകളിലേക്കും യന്ത്രവത്കൃത കലപ്പകളിലേക്കും കർഷകർ മാറിയപ്പോൾ പകരം അസുഖത്തിന്റെ ദുർഗന്ധമാണ് സന്ദർശകരെ ഇപ്പോൾ കാത്തിരിക്കുന്നത്.

പാരമ്പര്യ കൈത്തൊഴിലാളികൾ -മരപ്പണിക്കാർ, കൊല്ലന്മാർ, ക്ഷുരകർ, എണ്ണപ്പണിക്കാർ- എന്നിവർക്കെല്ലാം ഉപജീവനം നഷ്ടമായിരിക്കുന്നു. രേണുവിന്റെ ഹീരാമനും ഹീരാബായിയും ഒരുകാലത്ത് അത്യാഡംബരപൂർവം സഞ്ചരിച്ചിരുന്ന കാളവണ്ടികളുടെ സ്ഥാനം, പുക വമിക്കുന്ന മോട്ടോർ സൈക്കിളുകളും ഓട്ടോറിക്ഷകളും ഏറ്റെടുത്തു.

പുതുപ്രഭാതം

പ്രശസ്ത നോവലിസ്റ്റ് അമിതാവ് ഘോഷ്, 21-ാം നൂറ്റാണ്ടിലെ തന്റെ കൃതിയായ ‘ദി ഹംഗ്രി ടൈഡി’ൽ, ഗവേഷക പിയാലി റോയ്, സംരംഭക കനായി ദത്ത്, നാട്ടുകാരായ നിലിമ, നിർമൽ, സാധാരണക്കാരനായ ബോട്ട്മാൻ ഫോകിർ, മകൻ ടുട്ടുൾ, നഴ്‌സ് കുസും, വേലക്കാരി മോയ്‌ന തുടങ്ങിയ നാട്ടുകാരായ കഥാപാത്രങ്ങളിലൂടെ സുന്ദർബൻസിലെ മനുഷ്യ പോരാട്ടങ്ങളെ സമർഥമായി ചിത്രീകരിക്കുന്നു. പ്രാദേശിക ദേവതയായ ബോൺബീബിയുടെ പ്രൗഢമായ ചിത്രീകരണത്തിലൂടെ ഘോഷ് സുന്ദർബൻ നാടോടിക്കഥകളെ ആവേശപൂർവം എഴുന്നള്ളിക്കുന്നു. പക്ഷേ, ‘ദി ഹംഗ്രി ടൈഡ്’ പോലും ഇതിവൃത്തത്തിന്റെ സത്ത കടംകൊള്ളുന്നത് 20ാം നൂറ്റാണ്ടുകാലത്തെ സുന്ദർബൻ ജീവിതത്തിൽനിന്നാണ്.

കോർപറേറ്റ് താൽപര്യമായ ഉപഭോക്തൃ സംസ്കാരം രൂപംമാറ്റിയ, സമ്പൂർണ പരിവർത്തനം സ്വീകരിച്ച വടക്കേ ഇന്ത്യ കാത്തിരിക്കുകയാണ്, അതിന്റെ പുതിയ കഥകൾ പങ്കുവെക്കുന്നവർക്കായി. പ്രേംചന്ദിന്റെ ഹോരി, ധാനിയ, ഹൽകു, ഹാമിദ്, രേണുവിന്റെ ഹീരാമൻ, ഹീരാഭായ്, ടാഗോറിന്റെ കാബൂളിവാല, നാഗാർജുനിന്റെ ‘രാതിനാഥ് കി ചാച്ചി’ കഥാപാത്രങ്ങളുടെ മൂന്ന്, തലമുറകളും ഗ്രാമം വിട്ടുപോയിക്കഴിഞ്ഞിട്ടുണ്ട്.

അവരെല്ലാം അരാവലി മലനിരകളിലേക്കോ ഉത്തരാഖണ്ഡ് പർവതങ്ങളിലേക്കോ ആണ് പലായനം ചെയ്തിരിക്കുന്നത്. കാട് വെട്ടിയും കുന്നുകളിൽ ഖനനം നടത്തിയുമാണ് അവർക്ക് ഉപജീവനം. കോർപറേറ്റുകൾക്കുവേണ്ട പാവപ്പെട്ടവന്റെ വീടുകളും കടകളും പൊളിക്കുന്ന ബുൾഡോസറുകളിൽ വരെ അവർ ജോലിയെടുക്കുന്നു.

മൈഥിലി താക്കൂർ മുതൽ പവൻ സിങ് വരെയും ഖേസരി ലാൽ യാദവ് മുതൽ മനോജ് തിവാരി വരെയുമുള്ള സമകാലിക നാടോടി കലാകാരന്മാർ, കവികൾ, ഭോജ്പുരി ഗായകർ എന്നിവരെല്ലാം രാഷ്ട്രീയ-കോർപറേറ്റ് അവിശുദ്ധ കൂട്ടുകെട്ടിലെ കണ്ണികളായി മാറി. അതുവഴി രാഷ്ട്രീയ അജണ്ടകളുമായി ചേർത്തുകെട്ടിയതാണ് അവരുടെ കല.

ജനങ്ങൾക്കൊപ്പം ജീവിതം നയിക്കുന്നതിന് പകരം ഇന്റർനെറ്റ്, എ.ഐ സാങ്കേതികതകളുടെ ലോകങ്ങൾ കൂടെ കൂട്ടി അധികാരത്തിന്റെയും സമ്പത്തിന്റെയും ലോകത്താണ് അവർക്കിഷ്ടം.

2026-27ൽ പശ്ചിമ ബംഗാൾ, തമിഴ്‌നാട്, കേരളം, അസം, ഉത്തർപ്രദേശ് അടക്കം സംസ്ഥാനങ്ങൾ നിയമസഭ തെരഞ്ഞെടുപ്പുകളെ നേരിടാനിരിക്കുന്നതിനാൽ രാഷ്ട്രീയ പാർട്ടികൾ തെരഞ്ഞെടുപ്പ് വിജയ-പരാജയങ്ങൾ മുന്നിൽകണ്ടുള്ള പ്രവർത്തനവുമായി കഴിയുന്ന വെറും വാഹനങ്ങളായി മാറിയിരിക്കുന്നു.

ജനങ്ങൾക്കിടയിൽ ജീവിച്ച് അവരുടെ സന്തോഷവും ദുഃഖവും പങ്കുവെച്ച്, അവരുടെ യാഥാർഥ്യങ്ങളുടെ കഥ പറഞ്ഞ് ധാർമികമായി ജനങ്ങൾക്കിടയിൽ അധികാരമുറപ്പിക്കുകയും രാഷ്ട്രീയക്കാരെ പിറകിലാക്കുകയും ചെയ്ത രവീന്ദ്രനാഥ ടാഗോർ, പ്രേംചന്ദ്, കാസി നസ്റുൽ ഇസ്‍ലാം, നാഗാർജുൻ, ഫണീശ്വർനാഥ് രേണു തുടങ്ങിയവർക്ക് പുതുമുറക്കാരെയാണ് ഇനി ആവശ്യം.

മനുഷ്യചരിത്രം ഇരുണ്ട കാലഘട്ടത്തിൽ ഉയർന്നുവന്ന മഹാന്മാരായ കഥാകൃത്തുക്കളുടെയും എഴുത്തുകാരുടെയും ചിന്തകരുടെയും ഉദാഹരണങ്ങളാൽ സമ്പന്നമാണ്. അതുകൊണ്ടുതന്നെ, പ്രത്യാശാഭരിതരായി നമുക്ക് കാത്തിരിക്കാം, ഈ അഗാധഗർത്തത്തിന്റെ അവസാനം പുതിയ വെളിച്ചം വീശുന്ന ഒരു പുതിയ പ്രഭാതം ഉദയംകൊള്ളാനിരിക്കുന്നു.

Tags:    
News Summary - North India awaits a new dawn

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.