കേരളത്തിലെ പുതുതായി വിപുലീകരിച്ചുകൊണ്ടിരിക്കുന്ന ദേശീയപാത പദ്ധതികൾ സംസ്ഥാനത്തിന്റെ ഗതാഗതരംഗത്ത് വലിയ പുരോഗതിയുടെ വാതിലുകൾ തുറക്കുമെന്നതിൽ ഒരു സംശയവും ഇല്ല. ഇത് സംസ്ഥാനത്തിന്റെ ഗതാഗത വേഗതയും കാര്യക്ഷമതയും വർധിപ്പിച്ച് യാത്രാസമയം ഗണ്യമായി കുറക്കും.
മെച്ചപ്പെട്ട റോഡ് വ്യാപാര, വ്യവസായ, വിനോദസഞ്ചാര മേഖലകളുടെ വളർച്ചക്ക് വലിയ ഉണർവ് ഉണ്ടാക്കും. കേരളത്തിന്റെ വ്യത്യസ്തമായ ഭൂപ്രകൃതിയും കാലാവസ്ഥയും ഇന്ത്യയിലെ മറ്റുപല സംസ്ഥാനങ്ങളുമായി താരതമ്യംചെയ്യാനാകാത്തതാണ്. എന്നാൽ വികസന പദ്ധതികൾ നടപ്പാക്കുമ്പോൾ ഈ സവിശേഷതകൾ നാം പലപ്പോഴും മറക്കുന്നത് ഗുരുതരമായ പ്രശ്നങ്ങൾ/ ദുരന്തങ്ങൾ ഉണ്ടാക്കാനുള്ള സാധ്യത വർധിപ്പിക്കുന്നു. അടുത്തിടെ മൈലക്കാട്–കൊട്ടിയം ഭാഗത്തും മുമ്പ് മലപ്പുറം രാമനാട്ടുകര–വളാഞ്ചേരി ഭാഗത്തും റീറ്റെയ്നിങ് വാൾ ഇടിഞ്ഞുവീണ സംഭവം ഹൈവേ നിർമാണത്തിൽ ജിയോടെക്നിക്കൽ സുരക്ഷയും കാലാവസ്ഥാ പ്രതികരണശേഷിയും എത്രത്തോളം നിർണായകമാണെന്ന് വ്യക്തമാക്കുന്നു.
കേരളത്തിന്റെ ഭൂപ്രകൃതിയെ, നഗരവത്കരണത്തെ, സ്ഥലപരിമിതിയെ, ആവാസവ്യവസ്ഥയെ, മണ്ണിനെ പരിഗണിക്കാതെ നിർമാണം നടന്നാൽ ഭാവിയിൽ കൂടുതൽ അപകടസാധ്യതകൾ ഉണ്ടാകാനാണ് സാധ്യത.
കേരളത്തിലെ ഈ സാഹചര്യങ്ങളെ അടിസ്ഥാനമാക്കി പുതിയ ഹൈവേയുടെ സുസ്ഥിര നിലനിൽപ്പിന് ഇനി ശ്രദ്ധിക്കേണ്ട ചില നിർദേശങ്ങൾ ഇവയാണ്:
കേരളത്തിന്റെ കാലാവസ്ഥയിൽ അപ്രതീക്ഷിതമായ പല മാറ്റങ്ങളും സംഭവിച്ചു കൊണ്ടിരിക്കുകയാണ്. കേരളം അതിതീവ്ര മഴ, പെട്ടെന്നുള്ള പ്രളയം, കടൽക്ഷോഭം, മണ്ണിടിച്ചിൽ, കിണർ ഇടിഞ്ഞുതാഴൽ തുടങ്ങിയ പ്രകൃതിക്ഷോഭങ്ങൾക്കു വിധേയമാണ്. അതിനാൽ പുതിയ ഹൈവേകൾ രൂപകൽപന ചെയ്യുമ്പോൾ കാലാവസ്ഥാ മാറ്റങ്ങളാൽ ഉണ്ടാകാവുന്ന അതിരൂക്ഷ സംഭവങ്ങളും റോഡ് ഒലിച്ചുപോകാൻ ഇടയാക്കുന്ന പ്രകൃതി ആഘാതങ്ങളും നേരിടാൻ ശേഷിയുള്ള രീതിയിൽ നിർമാണം നടത്തണം. കേരളത്തിൽ നഗരവത്കരണം അതിവേഗത്തിൽ പുരോഗമിക്കുന്നതിനാൽ ഗ്രാമവും നഗരവും ചേർന്ന അർബൻ സംസ്കാരം വളരെയധികം വ്യാപിച്ചുവരുന്നു. ഈ മാറ്റം ഉൾക്കൊണ്ട് വേണം അടിസ്ഥാന സൗകര്യ വികസനം മുന്നോട്ടു കൊണ്ടുപോകേണ്ടത്.
2. മഴവെള്ളം, ജലം വേഗത്തിൽ ഒഴുകിപ്പോകാനുള്ള സംവിധാനം വേണം
നിമ്നോന്നതമായ നമ്മുടെ പ്രകൃതിദത്ത ഭൂഭാഗങ്ങളായ കുന്നുകളും താഴ്വരകളും നെൽപാടങ്ങളും നിരത്തിയൊതുക്കി വലിയ റീറ്റെയ്നിങ് വാളുകൾ പണിതാണ് ഇപ്പോൾ ഹൈവേ പണിയുന്നത്. കേരളത്തിൽ 41 നദികളും അവയുടെ അനവധി ഉപനദികളുമാണ് പുതിയ ദേശീയപാതയെ പലഭാഗങ്ങളിലും മുറിച്ചുകടക്കുന്നത്. കേരളത്തിന്റെ ഭൂഗർഭജലവും ഉപരിതലജലവും കിഴക്കുനിന്ന് പടിഞ്ഞാറോട്ടാണ് ഒഴുകുന്നത്. എന്നാൽ നമ്മുടെ ഹൈവേകൾ വടക്ക്–തെക്ക് ദിശയിലാണ്. അതായത്, പുതിയ ഹൈവേ ജലത്തിന്റെ സ്വാഭാവിക ഒഴുക്ക് തടയാൻ സാധ്യത കൂടുതലാണ്. അതിനാൽ പ്രധാന അരുവികൾ, നീർചാലുകൾ എന്നിവയുടെ ഒഴുക്കിനെ ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്ന വികസനം എവിടെ ഒക്കെ തടസ്സപ്പെടുത്തുവെന്ന് ശാസ്ത്രീയമായി കണ്ടെത്തണം. പുതുതായി ഉണ്ടാക്കുന്ന ഡ്രെയിനേജുകൾ അതിതീവ്ര മഴക്കും അതുമൂലം ഉണ്ടാകുന്ന മലവെള്ളത്തിനും അനായാസം ഒഴുകി പോകാൻ കഴിയുന്ന തരത്തിൽ രൂപകൽപന ചെയ്യണം.
പാറ പൊടിഞ്ഞാണു മണ്ണുണ്ടാകുന്നത്. ഇത് ആയിരക്കണക്കിന് വർഷങ്ങൾ എടുത്താണ് ഉണ്ടാകുന്നത്. മണ്ണ് നമ്മുടെ പരിസ്ഥിതിയുടെ അടിസ്ഥാനഘടകമാണ്. ജലനിയന്ത്രണം മുതൽ സസ്യവളർച്ച വരെയായി നിരവധി പ്രധാന പ്രവർത്തനങ്ങൾ അത് നിർവഹിക്കുന്നു. കേരളത്തിലെ മേൽമണ്ണ് ഭൂഗർഭജല സംഭരണത്തിൽ വലിയപങ്കു വഹിക്കുന്നു. ഇപ്പോൾ ഈ മേൽമണ്ണ് നാം ഇടിച്ചുമാറ്റി ഹൈവേ നിർമാണത്തിന് ഉപയോഗിക്കുന്നു.
എന്നാൽ, ഈ മണ്ണിന് വൻതോതിൽ വെള്ളം പിടിച്ചുകിടക്കാൻ ശേഷിയുമുണ്ട്. നിറക്കാൻ ഉപയോഗിക്കുന്ന ഈ ചളിമണ്ണും ടോപ്പ്സോയിലും മഴക്കാലത്ത് റീറ്റെയ്നിങ് വാളുകൾക്ക് കൂടുതൽ മർദം സൃഷ്ടിക്കുന്നതിനാൽ ഭിത്തികളുടെ സ്ഥിരതക്ക് അപകടസാധ്യത വർധിക്കുന്നു. കൂടാതെ കേരളത്തിൽ സ്വാഭാവികമായുള്ള ടോപ്പ്സോയിൽ വളരെ പരിമിതമാണെന്നും അതിന്റെ അനാവശ്യ നാശം പരിസ്ഥിതിക്കും ഭൂജല ലഭ്യതക്കും പ്രതികൂലതകൾ സൃഷ്ടിക്കുമെന്നുമാണ് സത്യാവസ്ഥ.
ഹൈവേയുടെ ഇരുവശങ്ങളും പരിസ്ഥിതി സൗഹൃദമാക്കാനും താപനില കുറയ്ക്കാനും ഹരിതാഭമാക്കണം. നാട്ടുവൃക്ഷങ്ങൾ, കണിക്കൊന്ന (Cassia fistula), പഴവർഗ വൃക്ഷങ്ങൾ, മുളങ്കാട് എന്നിവ നട്ടുപിടിപ്പിക്കാം. വൃക്ഷങ്ങൾ തിരഞ്ഞെടുക്കുമ്പോൾ റോഡിന്റെ കാഴ്ച തടസ്സപ്പെടാത്തതാവണം. അവയുടെ വേരുകൾ റോഡ് തകർക്കാത്തതും. പ്രദേശത്തിന്റെ മണ്ണിനും കാലാവസ്ഥക്കും അനുയോജ്യം ആയിരിക്കുകയും വേണം. പച്ചപ്പുള്ള ഹൈവേകൾ വായു ഗുണനിലവാരവും ശബ്ദമലിനീകരണ നിയന്ത്രണവും മെച്ചപ്പെടുത്തും.
5. വിശ്രമ കേന്ദ്രങ്ങളും ശുചിമുറികളും വേണം
ഹൈവേയുടെ നിശ്ചിത അകലങ്ങളിൽ വ്യക്തിഗത വിശ്രമ കേന്ദ്രങ്ങൾ, ശൗചാലയങ്ങൾ, പ്രത്യേകിച്ച് ഭിന്നശേഷിക്കാർക്ക് കൂടി സൗഹൃദപരമായ സൗകര്യങ്ങൾ ഉണ്ടാക്കണം.
ഓരോ ജില്ലയിലെയും കോളജുകളിൽ പഠിക്കുന്ന ജിയോളജി വിദ്യാർഥികളും സിവിൽ എൻജിനീയറിങ് ബിരുദധാരികളും വാട്ടർ റിസോഴ്സ് എൻജിനീയറിങ് വിദ്യാർഥികളും ചേർന്ന് നിലവിലെ ഹൈവേ നിർമാണത്തിന്റെ വിശദമായ മാപ്പിങ്ങിൽ പങ്കാളികളാകുന്നത് വളരെ പ്രയോജനകരമാണ്. ഇതിനെ അവരുടെ അവസാന വർഷ പ്രോജക്ടിന്റെ ഭാഗമാക്കി നൽകുന്നതിലൂടെ അവർക്ക് പ്രായോഗിക പഠനാനുഭവവും ശാസ്ത്രീയമായ വിലയിരുത്തൽ ശേഷിയും ലഭിക്കും. വിദ്യാർഥികൾ സ്ഥലപരിശോധന നടത്തി റീറ്റെയ്നിങ് വാളുകൾ, മണ്ണ് നിറയ്ക്കൽ, ഡ്രെയിനേജ്, നദി മുറിച്ചുകടക്കുന്ന ഭാഗങ്ങൾ എന്നിവയിലെ സാധ്യതാപരമായ അപകടമേഖലകൾ കണ്ടെത്താനാകും. ഇത്തരത്തിലുള്ള അക്കാദമിക്-പ്രായോഗിക കൂട്ടായ്മ സംസ്ഥാനത്തിന് സുരക്ഷിതമായ അടിസ്ഥാന സൗകര്യ വികസനത്തിനും ഭാവിയിലെ ദുരന്തങ്ങൾ ഒഴിവാക്കുന്നതിനും വലിയ സംഭാവന നൽകും. അതുപോലെ പ്രാദേശിക ജനങ്ങളുടെ പങ്കാളിത്തവും അവരുടെ സ്ഥലജ്ഞാനത്തിന്റെ ഉപയോഗവും ഹൈവേയുടെ തുടർന്നുള്ള മുന്നോട്ടുപോക്കിന് വളരെ അനിവാര്യമാണ്.
വികസനവും പരിസ്ഥിതിയും തമ്മിലുള്ള സൂക്ഷ്മസമത്വം നിലനിർത്തി ശാസ്ത്രീയമായും ദീർഘദർശനത്തോടെയും മുന്നോട്ട് കൊണ്ടുപോകുമ്പോഴാണ് ഭാവി സുരക്ഷിതവും സ്ഥിരതയുള്ളതുമായ കേരളത്തിന്റെ ഹൈവേ നെറ്റ്വർക്ക് യാഥാർഥ്യമാകുക. അല്ലാത്തപക്ഷം പാർശ്വഭിത്തികൾ ഇടിയുന്നതും നമ്മുടെ ഹൈവേയുടെ കിഴക്കൻ ഭാഗത്ത് പൊടുന്നനെ ഉണ്ടാകുന്ന വെള്ളപ്പൊക്കം പതിവായി ആവർത്തിക്കുന്നതും ഗൗരവമായ പ്രശ്നമായി മാറും.
(കേരള യൂനിവേഴ്സിറ്റി ജിയോളജി വിഭാഗം പ്രഫസറാണ് ലേഖകൻ, Email: shajigeology@keralauniversity.ac.in)
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.