കേരളത്തിന്റെ സോഷ്യൽ ഫാബ്രിക്കിനെ തകർക്കുന്ന സി.പിഎമ്മിന്റെ വിഭജന രാഷ്‌ട്രീയം

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പിന്റെ ഫലം സി.പി.എം തോറ്റു, യു.ഡി.എഫ് വിജയിച്ചു, ബി.ജെ.പി നില മെച്ചപ്പെടുത്തി എന്ന കണക്കുകൾക്കപ്പുറത്ത് അത്യന്തം അപകടകരമായ ഒരു സോഷ്യൽ എൻജിനീയറിങ് സൃഷ്ടിച്ച പ്രത്യാഘാതത്തെ കുറിച്ചാണ് നമ്മളെ ഓർമ്മപ്പെടുത്തുന്നത്. ഇടതുപക്ഷം എന്തുകൊണ്ട് തോറ്റു എന്ന ചോദ്യത്തിന്റെ ഉത്തരത്തിലാണ് ആ അപകടം ഒളിഞ്ഞിരിക്കുന്നത്. കേരളത്തിൻറെ സോഷ്യൽ ഫാബ്രിക്കിനെ ആരാണ് തകർക്കുന്നത് എന്ന ചോദ്യം കൂടിയാണത്. ആർ.എസ്.എസ് എന്ന ഉത്തരത്തേക്കാൾ സി.പി.എം എന്ന ഉത്തരമാണ് നമ്മെ ഭയപ്പെടുത്തുന്നത്.

ആർ.എസ്.എസ് നടത്തുന്ന സോഷ്യൽ എൻജിനീയറിങ്ങിന് ശക്തിപകരുന്ന നിലപാട്

2019ലെ പാർലമെൻറ് തെരഞ്ഞെടുപ്പിൽ ഇടതുപക്ഷത്തിന് ഏറ്റ കനത്ത പരാജയത്തോടെ ന്യൂനപക്ഷ വോട്ട് തങ്ങളിൽ നിന്ന് അകലുന്നു എന്ന് മനസ്സിലാക്കി, സി.പി.എം സ്വീകരിച്ച ഇലക്ഷൻ എൻജിനീയറിങ് ആർ.എസ്.എസിന്റെ സോഷ്യൽ എൻജിനീയറിങ് ആയി പരിണമിക്കുന്നു എന്നതാണ് ആ ഭയം. ഹസൻ -കുഞ്ഞാലിക്കുട്ടി -അമീർ എന്നായിരുന്നു മുൻ പാർട്ടി സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ നരേഷൻ. യുഡിഎഫ് അധികാരത്തിൽ വന്നാൽ മുസ്‍ലിംകൾ ഭരിക്കുമെന്നും അതിനാൽ മുസ്‍ലിംകൾ അല്ലാത്തവരെല്ലാം എൽഡിഎഫിന് വോട്ട് ചെയ്യണം എന്നുമായിരുന്നു പറയാതെ പറഞ്ഞത്. യുപിയിൽ യോഗി ആദിത്യനാഥിന്റെ 20:80 അഥവാ മുസ്‍ലിംകളും അല്ലാത്തവരും തമ്മിലുള്ള മത്സരം എന്ന നരേഷൻ തന്നെയാണിത്.



തുടർന്നിങ്ങോട്ട് പാർട്ടിയുടെ ഉത്തരവാദിത്തപ്പെട്ട നേതാക്കളായ എ. വിജയരാഘവൻ, കടകംപള്ളി സുരേന്ദ്രൻ, പി. ജയരാജൻ തുടങ്ങിയവർ ജമാഅത്തെ ഇസ്‍ലാമിയെ മറയാക്കിയും മുസ്‍ലിംകൾക്ക് എതിരെ നേർക്ക് നേരെയും നടത്തിയ വിദ്വേഷ പ്രസ്താവനകളും മലപ്പുറത്തെ ഭീകരവത്കരിച്ച് നടത്തിയ ഒരു ഡസനിലധികം സ്റ്റേറ്റ്മെന്റുകളും ഏറ്റവും ഒടുവിൽ മുഖ്യമന്ത്രി തന്നെ ‘ദ ഹിന്ദു’ പത്രത്തിന് നൽകിയ മലപ്പുറത്തെ ഭീകരവൽക്കരിക്കുകയും പൈശാചികരിക്കുകയും ചെയ്യുന്ന അഭിമുഖവും കേരളത്തിൻറെ സോഷ്യൽ ഫാബ്രിക്കിനെ തകർക്കുന്നതായിരുന്നു.

ആർഎസ്എസിന്റെ ധ്രുവീകരണ അജണ്ട പ്രതിരോധിക്കാനും വെറുപ്പ് രാഷ്ട്രീയത്തെ തടയിടാനും ചുമതലപ്പെട്ട ഒരു ഇടതുപക്ഷ ഗവൺമെൻറ് നേരിട്ട് തന്നെ ആ പണി ചെയ്തു എന്നത് അത്യന്തം ഭയപ്പെടുത്തുന്നതാണ്. ഒരിടത്തും തെളിയിക്കപ്പെടാത്തതും ഇല്ലെന്ന് കോടതി തന്നെ പ്രഖ്യാപിച്ചതുമായ ലൗ ജിഹാദും നാർക്കോട്ടിക്ക് ജിഹാദും ആവർത്തിച്ച് പാലാ ബിഷപ്പ് വർഗീയവിഷം തുപ്പിയപ്പോൾ, ‘അരുത്’ എന്ന് പറയേണ്ട ഭരണകൂടം മന്ത്രിയെ പറഞ്ഞയച്ച് അദ്ദേഹത്തെ പ്രശംസിച്ചതും അതിഭീകരാംവിധം വർഗീയ വിഷം തുപ്പി നടന്ന വെള്ളാപ്പള്ളി നടേശനെ പുകഴ്ത്തി ഒടുവിൽ ഔദ്യോഗിക വാഹനത്തിൽ മുഖ്യമന്ത്രി തന്നെ എഴുന്നള്ളിച്ചതും എന്ത് സന്ദേശമായിരിക്കും വെറുപ്പ് കാലത്ത് സ്വന്തം അണികൾക്കും കേരളത്തിനും നൽകിയിട്ടുണ്ടാവുക.


മുസ്‍ലിം വെറുപ്പ് സൃഷ്ടിച്ച് മുസ്‍ലിംകളല്ലാത്തവരെ മുഴുവനും ഒപ്പം നിർത്തിയും, വ്യത്യസ്തമായ സംസ്കാരങ്ങളും ആചാര രീതികളും വെച്ച് പുലർത്തുന്ന, സവർണ മേധാവിത്വം തൊട്ടുകൂടായ്മ കൽപ്പിച്ച് മാറ്റി നിർത്തപ്പെട്ട മുഴുവൻ സാമൂഹിക വിഭാഗങ്ങളെയും ഹിന്ദുവായി ഏകീകരിക്കുന്നതിനും ഹിന്ദുത്വ രാഷ്ട്രം യാഥാർത്ഥ്യമാക്കുന്നതിനും ആർഎസ്എസ് നടത്തിക്കൊണ്ടിരിക്കുന്ന സോഷ്യൽ എൻജിനീയറിങ്ങിന് ശക്തിപകരുന്ന നിലപാടായിരുന്നു ഇത്.

അതിലൂടെ കേരളത്തിൽ ഇപ്പോൾ സംഭവിച്ചുകൊണ്ടിരിക്കുന്നത് ഇടത് വോട്ട് ബാങ്കിൻന്റെ ഹിന്ദുത്വവത്കരണമാണ്. ക്രമേണ അത് ബി.ജെ.പിയിലേക്ക് നീങ്ങി കൊണ്ടിരിക്കുന്നു എന്ന് വേണം മനസ്സിലാക്കാൻ. സമീപ കാലം വരെ ബിജെപിയുടെ വളർച്ച യുഡിഎഫിനെയാണ് ബാധിച്ചിരുന്നത്. അതിൻറെ ഗുണം എൽ.ഡി.എഫിന് ലഭിച്ചിട്ടുമുണ്ട്. ദേശീയ രാഷ്ട്രീയത്തിൽ കോൺഗ്രസ് സ്വീകരിച്ച മൃതുഹിന്ദുത്വ നിലപാട് കൂടിയായിരുന്നു അതിനു കാരണം. എന്നാൽ ഇന്ന് കോൺഗ്രസ് ആ തെറ്റ് തിരുത്തുന്നു; ഒപ്പം ദേശീയ രാഷ്ട്രീയത്തിൽ ഫാഷിസത്തിനെതിരായ രാഷ്ട്രീയ മുന്നേറ്റത്തിന്റെ നേതൃസ്ഥാനത്താണ് കോൺഗ്രസ് ഉള്ളത്.

സി.പി.എം അവശേഷിക്കുന്ന കേരളത്തിലാവട്ടെ മൃദു ഹിന്ദുത്വത്തിലേക്ക് വഴിമാറുകയും സ്വന്തം അനുയായികൾ ബി.ജെ.പിയിലേക്ക് ചേക്കേറി തുടങ്ങുകയും ചെയ്തു. തദ്ദേശ സ്ഥാപനങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പിന്റെ റിസൾട്ട് പരിശോധിച്ചാൽ ഈ ഒഴുക്ക് ബോധ്യപ്പെടുന്നതാണ്. തിരുവനന്തപുരം കോർപറേഷന്റെ ഫലമനുസരിച്ച് 52 സീറ്റിൽ നിന്നും 29 ലേക്കാണ് സി.പി.എം കാലിടറി വീണത്. അതേസമയം 35ൽ നിന്ന് 50ലേക്ക് ബി.ജെ.പിയുടെ നില കുതിച്ചുയരുകയും അവർ കോർപറേഷൻ പിടിക്കുകയും ചെയ്തു. ഇവിടെ യു.ഡി.എഫ് പത്തിൽ നിന്ന് 19 ലേക്ക് നില മെച്ചപ്പെടുത്തി. കോർപറേഷനിലെ ചന്തവിള വാർഡിൽ 2020ൽ ഒന്നാം സ്ഥാനത്തുള്ള LDF സ്ഥാനാർത്ഥി 3-ാം സ്ഥാനത്തേക്കും മൂന്നാം സ്ഥാനത്തായിരുന്ന Bjp ഒന്നാം സ്ഥാനത്തുമെത്തി. ഇതുപോലെ പലയിടങ്ങളിലും വോട്ട് ഷിഫ്റ്റ് പ്രകടമായി കാണാവുന്നതാണ്.

വെറുപ്പ് രാഷ്ട്രീയത്തിന്റെ യഥാർത്ഥ അവകാശികൾ

ഇസ്‍ലാമോഫോബിയ സാഹചര്യത്തെ പ്രയോജനപ്പെടുത്തി മുസ്‍ലിം ഇതര വോട്ട് ഏകീകരണത്തിനുള്ള സി.പി.എം ശ്രമം കേരളത്തിൻറെ സോഷ്യൽ ഫാബ്രിക്കിൽ ഏൽപിക്കുന്ന മാരകമായ പരിക്ക് മനസ്സിലാക്കി കൊണ്ടാണ് കേരളത്തിലെ മതന്യൂനപക്ഷം, വിശേഷിച്ചും മുസ്‍ലിം സമുദായം നിലപാട് സ്വീകരിച്ചത്. മുസ്‍ലിം സംഘടനകൾ ജമാഅത്തിനെ മറയാക്കി സി.പി.എം നടത്തുന്ന വിഭജന രാഷ്ട്രീയത്തെ കൃത്യമായി തിരിച്ചറിഞ്ഞിട്ടാണ് കുറച്ചുനാളുകളായി തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ പ്രതികരിച്ചു കൊണ്ടിരിക്കുന്നത്.

ഫാഷിസത്തിനെതിരെ ദേശീയ രാഷ്ട്രീയത്തിൽ ന്യൂനപക്ഷ വോട്ട് ഇന്ത്യ മുന്നണിയിലേക്ക് ഏകീകരിച്ചത് പോലെ സി.പി.എമ്മിന്റെ വിഭജന രാഷ്ട്രീയം മനസ്സിലാക്കി കേരളത്തിൽ യു.ഡി.എഫിലേക്ക് ഏകീകരിക്കപ്പെടുന്നതാണ് നമ്മൾ കണ്ടത്. ഹിന്ദു വോട്ടുകൾ ആവട്ടെ സി.പി.എം നടത്തിയ വിഭജന രാഷ്ട്രീയത്തിലൂടെ മുസ്‍ലിം വെറുപ്പ് ആന്തരികവൽക്കരിക്കുകയും വെറുപ്പ് രാഷ്ട്രീയത്തിന്റെ യഥാർത്ഥ അവകാശികളായ ബി.ജെ.പിയിലേക്ക് മാറിപ്പോവുകയും ചെയ്തു. 2021 ലെ നിയമസഭാ തെരഞ്ഞെടുപ്പ് വേളയിൽ തന്നെ സി.പി.എമ്മിന്റെ മുസ്‍ലിം വെറുപ്പ് പ്രസരിപ്പിക്കുന്ന ഇലക്ഷൻ എൻജിനീയറിങ്ങിന്റെ ഭവിഷ്യത്തിനെ കുറിച്ച് വിവേകമുള്ളവരൊക്കെയും ഓർമപ്പെടുത്തിയിട്ടുള്ളതാണ്. അത്തരം കാര്യങ്ങൾ ഒന്നും കേൾക്കാനോ ഉൾക്കൊള്ളാനോ ചർച്ചകൾക്ക് വിധേയമാക്കാനോ ആത്മപരിശോധന നടത്താനോ പ്രാപ്തമായ ഒരു നേതൃത്വം ഇന്ന് സി.പി.എമ്മിന് ഇല്ലാതെ പോയതും കൂടിയാണ് ഈ ദുരന്തത്തിലേക്ക് എത്തിച്ചത്.


തെരഞ്ഞെടുപ്പുകളെ ഭരണ നേട്ടങ്ങളും വികസന പ്രവർത്തനങ്ങളും ക്ഷേമ പ്രവർത്തനങ്ങളും മുന്നിൽവച്ച് അഭിമുഖീകരിക്കുന്ന തെരഞ്ഞെടുപ്പ് പ്രചരണ രീതി ഒട്ടും സ്വീകരിക്കാത്ത രാഷ്ട്രീയ പ്രസ്ഥാനമാണ് ബി.ജെ.പി. പകരം വർഗീയധ്രുവീകരണം മാത്രമായിരുന്നു എക്കാലത്തും അവരുടെ വോട്ട് ഏകീകരണ തെരഞ്ഞെടുപ്പ് പദ്ധതികൾ.

ദൗർഭാഗ്യവശാൽ ഇതേ രീതി തന്നെയാണ് കേരളത്തിൽ സി.പി.എം നേതൃത്വം നൽകുന്ന എൽഡിഎഫ് കുറച്ചുനാളായി നടത്തിക്കൊണ്ടിരിക്കുന്നത്. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ പോലും സർക്കാർ പ്രഖ്യാപിച്ച ക്ഷേമ പദ്ധതികൾ പോലും പ്രചരണ ആയുധമാക്കുന്നത് നമ്മുടെ ശ്രദ്ധയിൽപ്പെട്ടില്ല; പകരം മുഖ്യ അജണ്ട യുഡിഎഫിന് വെൽഫെയർ പാർട്ടി നൽകുന്ന പിന്തുണയും നീക്കുപോക്കും പൈശാചിക വൽക്കരിക്കുന്നതായിരുന്നു. ബിജെപിയുടെയും സി.പി.എമ്മിന്റെയും പിആർ വർക്ക് നിർവഹിക്കുന്നത് ഒരേ ഏജൻസി ആണ് എന്ന് പലപ്പോഴും ബോധ്യപ്പെടുന്നുണ്ട്.

അധികാരത്തിലിരിക്കുന്ന ഇടതുപക്ഷത്തോട് കലഹിക്കുന്ന ഇടതുപക്ഷം

കേരളത്തിൻറെ പൊതുബോധം ഇടതുപക്ഷമാണ് എന്നാണ് നമ്മൾ പറഞ്ഞുവരാറുള്ളത്. കോൺഗ്രസ് ആയാലും കമ്മ്യൂണിസ്റ്റ് പ്രസ്ഥാനങ്ങൾ ആയാലും സോഷ്യലിസ്റ്റ് പ്രസ്ഥാനങ്ങൾ ആയാലും കേരളത്തിൽ ഉണ്ടായ നവോത്ഥാന പ്രസ്ഥാനങ്ങളും സമീപകാലത്ത് രൂപപ്പെട്ടു വന്ന ഒട്ടനവധി സിവിൽ മൂവ്മെന്റുകളും പുതു തലമുറ രാഷ്ട്രീയ പ്രസ്ഥാനങ്ങളും ഉൽപ്പാദിപ്പിച്ചത് ഇടത്പക്ഷ ബോധങ്ങൾ ആയിരുന്നു. സാമ്രാജ്യത്വത്തിനും ഫാഷിസത്തിനും കോർപ്പറേറ്റുകൾക്കും എതിരായ, മനുഷ്യ സൗഹൃദവും പരിസ്ഥിതി സൗഹൃദവും ഉറപ്പാക്കുന്ന, ചരിത്രപരമായ കാരണങ്ങളാൽ മാറ്റിനിർത്തപ്പെട്ടവരുടെ പക്ഷം ചേരുന്നതും വംശീയ രാഷ്ട്രീയത്താൽ അപരവൽക്കരിക്കപ്പെടുന്നവരെ ചേർത്തുപിടിക്കുന്നതുമായ രാഷ്ട്രീയത്തെയാണ് ഇന്ന് നാം ഇടതുപക്ഷം എന്ന് പറയുന്നത്. ആ ഇടതുപക്ഷം ഇന്ന് അധികാരത്തിലിരിക്കുന്ന ഇടതുപക്ഷത്തോട് കലഹത്തിലും കലാപത്തിലുമാണ്.

കോർപ്പറേറ്റോക്രസിയും മോദി ദാസ്യവും ഏകാധിപത്യ പ്രവണതയും അഴിമതിയും കൊടികുത്തി വാഴുന്ന ഒരു ഭരണകൂടത്തെ എങ്ങനെ ഇടതുപക്ഷം എന്ന് വിളിക്കും. ഈ തിരിച്ചറിവിലാണ് സമീപകാലത്ത് ഇടതുപക്ഷ സാംസ്കാരിക നായകർ ഉൾപ്പെടെ പൊതുപ്രവർത്തകർ സി.പി.എമ്മിനെതിരെ അതിശക്തമായ രാഷ്ട്രീയ നിലപാടോടെ പ്രതികരിച്ചു കൊണ്ടിരിക്കുന്നത്. ഇത് സി.പി.എമ്മിനെതിരെ ആരെങ്കിലും നിർമ്മിച്ചെടുത്ത ആഖ്യാനങ്ങളല്ല; വെറുപ്പ് രാഷ്ട്രീയത്തെ പ്രോൽസാഹിപ്പിക്കുന്ന സി.പി.എം നിലപാടിനോടുള്ള തുറന്നു പറച്ചിലാണ്.

കേരളത്തിൻറെ സോഷ്യൽ ഫാബ്രിക്കിനെ തകർക്കാനുള്ള ശ്രമങ്ങളെ മതനിരപേക്ഷ കേരളം നാളിതുവരെ ചെറുത്ത് തോൽപ്പിച്ചു പോന്നിട്ടുണ്ട്. എന്നാൽ, ഫാഷിസത്തിന് എതിരായ പ്രതിരോധനിരയിലെ ചാമ്പ്യന്മാർ എന്ന് സ്വയം അവകാശപ്പെടുന്ന സി.പി.എം തന്നെ ആ പണി ഏറ്റെടുത്താൽ ആർ.എസ്.എസിന് കാര്യം എളുപ്പമാവുകയും കേരളം മറ്റൊരു ഗുജറാത്തായി മാറുകയും ചെയ്യും.

ഈ മാറ്റത്തിന് പിന്നിലെന്ത്?

കേരളം ഇതൊക്കെ അനുഭവിക്കേണ്ടി വരുന്നത് 365 കോടിയുടെ ലാവലിൻ അഴിമതിക്കേസു മായി ബന്ധപ്പെട്ട് പിണറായിയും മോദിയും തമ്മിലുള്ള ഒത്തുതീർപ് ഫോർമുലയനുസരിച്ചാണെന്ന് വിശ്വസിക്കുന്നവരുണ്ട്. കേസിൻ്റെ സ്വഭാവം പരിശോധിച്ചാൽ അത് ബോധ്യപ്പെടും. ഈ കേസ് 36 തവണയാണ് മാറ്റിവെച്ചത്.

അറ്റോണി ജനറൽ, സോളിസിറ്റിർ, സി.ബി.ഐ വക്കീൽ എന്നിവർ തുടർച്ചയായി കോടതിയിൽ ഹാജരാകാതെ കേസ് നീട്ടി കൊണ്ട് പോകുന്നത് എന്തിനായിരിക്കും. കേന്ദ്ര ഗവൺമെൻറിൻ്റെ ഔദ്യോഗിക ഏജൻസികളുടെ ഈ താൽപര്യക്കുറവ് പരസ്പര ധാരണയല്ലാതെ പിന്നെന്താണ്.


ഒരു ഫാഷിസ്റ്റ് പദ്ധതിയായി വിലയിരുത്തി കേരളം എതിർത്തുപോന്ന ദേശീയ വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായ പി.എം ശ്രീ പദ്ധതിയിൽ മന്ത്രിസഭ പോലുമറിയാതെ കേരളം എം.ഒ.യു ഒപ്പുവെച്ചതും പിണറായി മോദി ഡിലായി വിലയിരുത്തപ്പെടുന്നു. എൽ.ഡി.എഫ് ഭരിച്ച കോഴിക്കോട്, തിരുവനന്തപുരം കോർപ്പറേഷനുകളിൽ ബി.ജെ.പിക്കനുകൂലമായ രീതിയിൽ ഡിലിമിറ്റേഷൻ നടത്തിയതായി വിവരങ്ങൾ പുറത്തുവരുന്നുണ്ട്. കേരളത്തിലെ പോലീസ് സംഘ്പരിവാർ താല്പര്യമനുസരിച്ച് പ്രവർത്തിക്കുന്നതും പോലീസിൻ്റെ തലപ്പതുള്ളവരെ മുഖ്യമന്ത്രി നിരന്തരമായി സംരക്ഷിക്കുന്നതും ഡീലായി വിലയിരുത്തിക്കഴിഞ്ഞതാണ്.

എല്ലാത്തിനുമപ്പുറത്ത് പിണറായിയുടെ അധികാരത്തുടർച്ചയും ബി.ജെ.പിക്ക് നിയമസഭയിൽ ജനപ്രതിനികളും ഉറപ്പു വരുത്തിയുള്ള ഒരു ഡീൽ സംശയിക്കേണ്ടിയിരിക്കുന്നു. കേരളത്തിൽ യു.ഡി.എഫിന്റെ തകർച്ച സി.പി.എമ്മിനും ദേശീയ രാഷ്ട്രീയത്തിൽ കോൺഗ്രസിന്റെ തകർച്ച ബി.ജെ.പിക്കും ആവശ്യമായി വരുന്നിടത്താണ് ഈ ധാരണ രൂപപ്പെടാനുള്ള സാധ്യത ഒളിഞ്ഞിരിക്കുന്നത്. അങ്ങിനെ സംഭവിച്ചാൽ കേരളം ഹിന്ദുത്വമുന്നണിയും മൃദു ഹിന്ദുത്വമുന്നണിയും എന്ന ഇക്വേഷനിലേക്കുമാറും.

അങ്ങിനെ സംഭവിക്കാതിരിക്കാനുള്ള ശ്രദ്ധയിലും ജാഗ്രതയിലുമാണ് ഫാഷിസത്തിനെതിരായി ചിന്തിക്കുന്ന കേരളത്തിന്റെ പൊതുബോധം എന്നതിലാണ് നമ്മുടെ പ്രതീക്ഷ.

Tags:    
News Summary - CPM's divisive politics is destroying Kerala's social fabric

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.