പ്രവിശാലവും വൈവിധ്യപൂർണവുമായ രാജ്യമാണ് ഇന്ത്യ. ഉയർന്ന സാക്ഷരത നിരക്ക്, മികച്ച വിദ്യാലയങ്ങൾ, ശക്തമായ ആരോഗ്യ സംവിധാനങ്ങൾ എന്നിവയുള്ളതാണ് ഇതിൽ ചില സംസ്ഥാനങ്ങൾ. മറ്റുള്ളവയാകട്ടെ, കുട്ടികൾ അടിസ്ഥാന വിദ്യാഭ്യാസം നേടുന്നുവെന്ന് ഉറപ്പാക്കാൻ പ്രയാസപ്പെടുന്നവയും. എന്നിട്ടും, ഏകീകൃത ദേശീയ വിദ്യാഭ്യാസ നയം എല്ലാ സംസ്ഥാനങ്ങളിലും ഒരുപോലെ പ്രായോഗികമാണെന്ന ധാരണ പലരിലുമുണ്ട്. സുപ്രധാനമായ ഒരു ചോദ്യം ഇത് മുന്നിൽവെക്കുന്നു - എല്ലാ സംസ്ഥാനവും ഏക മാതൃക തന്നെ പിന്തുടരേണ്ടതുണ്ടോ? അതല്ല, സ്വന്തം ആവശ്യങ്ങളും ശക്തികളും തിരിച്ചറിഞ്ഞുള്ള നയങ്ങൾ സ്വീകരിക്കാൻ സംസ്ഥാനങ്ങളെ അനുവദിക്കാമോ? ഒരു രാഷ്ട്രമെന്ന നിലക്ക് ആഗോളതലത്തിൽ ഇന്ത്യയുടെ പ്രകടനം പരിഗണിക്കുമ്പോൾ ഈ ചോദ്യം കൂടുതൽ പ്രസക്തമാണ്. ലോകത്തിലെ നാലാമത്തെ വലിയ സമ്പദ്വ്യവസ്ഥ എന്ന നിലയിലുള്ള ഇന്ത്യയുടെ സ്ഥാനവും ശക്തമായ സാമ്പത്തിക വളർച്ചയും പലപ്പോഴും ഉയർത്തിക്കാട്ടാറുണ്ട്. സത്യം പറഞ്ഞാൽ, ഈ അവകാശപ്പെടുന്ന നേട്ടങ്ങൾ, വിദ്യാഭ്യാസം, ഗവേഷണം, പൊതുജനക്ഷേമം, ആഗോള മത്സരക്ഷമത എന്നിവയിൽ വേണ്ടത്ര പ്രകടമാകുന്നില്ലെന്നതാണ് വസ്തുത.
പ്രതിശീർഷ ആളോഹരി വരുമാനത്തിലും മാനുഷിക വികസന സൂചികയിലും ആഗോള റാങ്കിങ്ങിൽ 130ാമതാണ് ഇന്ത്യ. സന്തോഷം, ലിംഗനീതി, പരിസ്ഥിതി, മാധ്യമ സ്വാതന്ത്ര്യം എന്നിവയിലെല്ലാം പലപ്പോഴും ഇന്ത്യയുടെ സ്ഥാനം 100ന് താഴെയാണ്. കായിക റാങ്കിങ്ങിൽപോലും -ഫിഫ ഫുട്ബാൾ റാങ്കിങ് ഉദാഹരണം- ഇന്ത്യ 100നു താഴെ. രാജ്യത്തെ ഒരു യൂനിവേഴ്സിറ്റി പോലും ആഗോള റാങ്കിങ്ങിൽ ആദ്യ 100ൽ വരുന്നില്ല. ഒരു രാഷ്ട്രമെന്ന നിലയിൽ നമ്മുടെ പ്രകടനം എങ്ങനെയെന്നതിന്റെ വ്യക്തമായ സൂചനകളാണ് ഈ റാങ്കിങ്ങുകൾ. എന്നുവെച്ചാൽ, ഇന്ത്യ സാമ്പത്തികമായി വളർന്നുവെന്ന് നമ്മൾ അവകാശപ്പെടുന്നുണ്ടെങ്കിലും, ഇതുവരെ ആളുകളുടെ ദൈനംദിന ജീവിതത്തിലും വിദ്യാഭ്യാസ നിലവാരത്തിലും ഗവേഷണ മികവിലും ആ പുരോഗതി ദൃശ്യമായിട്ടില്ല. ഇന്ത്യയുടെ പ്രതിശീർഷ ആളോഹരി വരുമാനം പ്രതിവർഷം ഏകദേശം 2,500 ഡോളറാണ്.
ചേർത്തുപറയേണ്ട ദുഃഖസത്യം ഇന്ത്യക്കാരിൽ താഴെത്തട്ടിലുള്ള പകുതിപേരുടെയും വരുമാനം പ്രതിവർഷം 700-1,000 ഡോളർ ആണ്. അഥവാ, രാജ്യത്തെ ജനസംഖ്യയുടെ പകുതിയോളം പേർ ജീവിതം തള്ളിനീക്കുന്നത് ലോകത്തെ അതിദരിദ്ര രാജ്യങ്ങളിലുള്ളവരുടേതിന് സമാനമായാണ്. ഈ സാമ്പത്തിക സ്ഥിതി നേരിട്ട് ബാധിക്കുക മികച്ച വിദ്യാഭ്യാസം, മതിയായ പോഷണം, ആരോഗ്യ പരിരക്ഷ, വളർച്ച നൽകുന്ന അവസരങ്ങൾ എന്നിവയിലേക്കുള്ള മാർഗങ്ങളെയാണ്. അതുകൊണ്ടുതന്നെ, വിദ്യാഭ്യാസ നയം ഒറ്റക്ക് കാണേണ്ട വിഷയമല്ല. ഇന്നത്തെ സ്കൂളുകളുടെ പ്രവർത്തനമാണ് നാളെ കോളജുകളിലും യൂനിവേഴ്സിറ്റിയിലും പ്രവേശനം നേടുന്ന വിദ്യാർഥിയുടെ നിലവാരം രൂപപ്പെടുത്തുന്നത്. ഉന്നത വിദ്യാഭ്യാസം, ഗവേഷണം, നവീകരണം എന്നിവയുടെ അടിത്തറ രൂപപ്പെടുത്തുന്നത് കരുത്തുറ്റ സ്കൂൾ വിദ്യാഭ്യാസമാണ്. കേന്ദ്ര സർക്കാറിന്റെ നയങ്ങൾ വളരെ കർക്കശമാകുമ്പോൾ, സംസ്ഥാനങ്ങൾക്ക് അവരുടെ സ്വന്തം യാഥാർഥ്യങ്ങൾക്ക് അനുയോജ്യമായ രീതിയിൽ ദീർഘകാല പദ്ധതികൾ ആസൂത്രണം ചെയ്യാനുള്ള കഴിവ് നഷ്ടപ്പെടും.
ഇന്ത്യയിൽ, ഇതര സംസ്ഥാനങ്ങളെ അപേക്ഷിച്ച് വേറിട്ട് സഞ്ചരിക്കുന്ന സംസ്ഥാനമാണ് കേരളം. കഴിഞ്ഞ കുറെ പതിറ്റാണ്ടുകളായി സ്കൂൾ വിദ്യാഭ്യാസം, പൊതുജനാരോഗ്യം, സാമൂഹിക ക്ഷേമം എന്നിവയിൽ കേരളം കാര്യമായി നിക്ഷേപമിറക്കിയിട്ടുണ്ട്. അതുവഴി ഉയർന്ന സാക്ഷരത, സ്ത്രീ വിദ്യാഭ്യാസ രംഗത്ത് മികച്ച ഗുണഫലങ്ങൾ, കുറഞ്ഞ ശിശുമരണ നിരക്ക്, മെച്ചപ്പെട്ട ആയുർദൈർഘ്യം എന്നിവയിൽ മറ്റു സംസ്ഥാനങ്ങളേക്കാൾ നമ്മൾ വളരെ മുന്നിലാണ്. കേരളം ‘വിശപ്പില്ലാ സംസ്ഥാന’മായും പ്രഖ്യാപിച്ചിട്ടുണ്ട്. രാജ്യത്തിന്റെ പല ഭാഗങ്ങളിലും ഇപ്പോഴും സങ്കൽപിക്കാൻ പോലും പ്രയാസമുള്ള ഒരു നേട്ടമാണിത്. ജനങ്ങൾക്കും അവരുടെ അടിസ്ഥാന മാനുഷിക ആവശ്യങ്ങൾക്കായുള്ള ദീർഘകാല നിക്ഷേപത്തിലൂടെ എത്രമാത്രം നേട്ടമുണ്ടാക്കാനാകുമെന്ന് ഈ ഫലങ്ങൾ കാണിക്കുന്നു.
ഉയർന്ന സാക്ഷരതയുടെ പേരിൽ അഭിമാനിക്കുമ്പോഴും, ആഗോള പ്രശസ്തമായ സർവകലാശാലകളോ മുൻനിര ഗവേഷണ കേന്ദ്രങ്ങളോ സ്ഥാപിക്കാൻ ഇതുവരെ കേരളത്തിനായിട്ടില്ല. ഇന്ത്യയിൽ മറ്റുപലയിടത്തുമെന്ന പോലെ, കേരളത്തിലും ഉന്നത വിദ്യാഭ്യാസ രംഗത്തും ഗവേഷണ രംഗത്തും കാര്യമാത്രമായ പുരോഗതി ആവശ്യമാണ്. മികച്ച സ്കൂൾ വിദ്യാഭ്യാസം കൊണ്ട് മാത്രം ലോകോത്തര സർവകലാശാലകൾ സ്വയമേവ സൃഷ്ടിക്കപ്പെടുന്നില്ല. അതുകൊണ്ടുതന്നെ, കേരളത്തിന്റെ പ്രധാന വിദ്യാഭ്യാസ വെല്ലുവിളി സ്കൂൾ വിദ്യാഭ്യാസമോ അടിസ്ഥാന സാക്ഷരതയോ അല്ല, പകരം ഉന്നത വിദ്യാഭ്യാസ നിലവാരം ഉയർത്തലും ശാക്തീകരണവും ഒപ്പം ഗവേഷണ ശേഷി വികസിപ്പിക്കലുമാണ്. ഇപ്പോഴും അടിസ്ഥാന വിദ്യാഭ്യാസവും പോഷണവും ആരോഗ്യ പരിരക്ഷ സാഹചര്യങ്ങളും വേണ്ടത്ര ആർജിച്ചിട്ടില്ലാത്ത സംസ്ഥാനങ്ങളെ വെച്ചുനോക്കുമ്പോൾ നമ്മുടെ വെല്ലുവിളികൾ വ്യത്യസ്തമാണ്. എല്ലാ സംസ്ഥാനങ്ങളും അഭിമുഖീകരിക്കുന്നത് സമാന വിഷയങ്ങളും വെല്ലുവിളികളുമാണെന്ന തരത്തിൽ എല്ലാവരോടും ഒരേപോലെ പെരുമാറുന്നത്, ചില സംസ്ഥാനങ്ങളുടെ പുരോഗതിയെ മന്ദഗതിയിലാക്കുകയും മറ്റ് സംസ്ഥാനങ്ങൾക്ക് ആവശ്യമായ സഹായം നഷ്ടപ്പെടാൻ കാരണമാവുകയും ചെയ്യും.
ഇവിടെയാണ് സ്കൂൾ വിദ്യാഭ്യാസം ആധുനികവത്കരിക്കാൻ ലക്ഷ്യമിടുന്ന പി.എം ശ്രീ പോലുള്ള ദേശീയ നയങ്ങൾ പുനരാലോചന തേടുന്നത്. അടിസ്ഥാന സൗകര്യങ്ങൾ ഇപ്പോഴും കുറവുള്ള സ്റ്റേറ്റുകളിൽ ഇത്തരം പദ്ധതികൾ കാര്യമായ പുരോഗതി കൊണ്ടുവന്നേക്കാം. എന്നാൽ, ശക്തമായ സ്കൂൾ സംവിധാനങ്ങൾ നേരത്തെയുള്ള സംസ്ഥാനങ്ങളിൽ ഒരേ മാതൃക കണിശമായി പിന്തുടരുന്നത് അത്ര കാര്യക്ഷമമായേക്കില്ല.
കേരളം പോലുള്ള സംസ്ഥാനങ്ങളിൽ, ഗുണനിലവാരമുള്ള ഉന്നത വിദ്യാഭ്യാസവും ഗവേഷണവുമാണ് പ്രധാന വെല്ലുവിളികൾ. അതിനാൽ, അവർക്ക് ഇവിടെ കൂടുതൽ പിന്തുണ ആവശ്യമാണ്. അതുകൊണ്ട്, ഇവിടെ, ഒരു ഫ്ലെക്സിബിൾ പോളിസി കൂടുതൽ പ്രയോജനം ചെയ്യും. ഉദാഹരണത്തിന്, അധ്യാപക വികസനം, സർവകലാശാല പരിഷ്കരണം, ഗവേഷണ ഫണ്ടിങ്, കായിക അടിസ്ഥാന സൗകര്യവികസനം, സർവകലാശാലകളും വ്യവസായങ്ങളും തമ്മിലെ ശക്തമായ ബന്ധം എന്നിവയിൽ ശ്രദ്ധയൂന്നാൻ കേരളത്തെ അനുവദിക്കണം.
കൃത്യമായി പറഞ്ഞാൽ, ഒരേ സ്വഭാവം പാലിക്കുന്ന രാജ്യമല്ല ഇന്ത്യ. വരുമാനം, വിദ്യാഭ്യാസം, വികസന മാനദണ്ഡങ്ങൾ എന്നിവയിലെല്ലാം ആഴത്തിൽ വ്യത്യാസപ്പെട്ടുകിടക്കുന്ന ഒരു ഫെഡറേഷനാണത്. മിനിമം നിലവാരം നിലനിർത്താനും നീതി ഉറപ്പാക്കാനും ദേശീയ നയങ്ങൾ അനിവാര്യമാണ്. പക്ഷേ, ശരിയായ പുരോഗതി സംഭവിക്കുന്നത്, അതത് സംസ്ഥാനങ്ങളെ തങ്ങളുടെ വളർച്ചക്കൊത്ത് മാറ്റങ്ങൾ വരിക്കാനും പരീക്ഷണം നടത്താനും നവീകരിക്കാനും അനുവദിക്കുമ്പോഴാണ്. കാനഡ, ആസ്ട്രേലിയ, യു.എസ് പോലുള്ള രാജ്യങ്ങൾ ഇതേ സമീപനമാണ് സ്വീകരിക്കുന്നത്. അവർ ദേശീയ ലക്ഷ്യങ്ങൾ വെക്കുന്നു. ഒപ്പം സംസ്ഥാനങ്ങളെയോ പ്രവിശ്യകളെയോ പ്രാദേശിക യാഥാർഥ്യങ്ങൾക്കൊപ്പം വിദ്യാഭ്യാസ സംവിധാനങ്ങൾ രൂപപ്പെടുത്താൻ അനുവദിക്കുന്നു. ഇങ്ങനെയൊരു സന്തുലനമാണ് ഇന്ത്യയും തേടുന്നത്.
ഇന്ത്യക്ക് മികച്ച സർവകലാശാലകൾ, ശക്തമായ ഗവേഷണം, നൈപുണ്യമുള്ള യുവത്വം, ഉയർന്ന ആഗോള പദവി എന്നിവ കെട്ടിപ്പടുക്കണമെങ്കിൽ, വിദ്യാഭ്യാസ നയം വൈവിധ്യത്തെ അംഗീകരിക്കുന്നതാകണം. അവയെ അവഗണിക്കുന്നതാകരുത്. ഒരു അളവ് എല്ലാവർക്കും യോജിക്കണമെന്നില്ല. ദേശീയ കാഴ്ചപ്പാട് അനിവാര്യമാണ്. എന്നാൽ, സംസ്ഥാന തലത്തിലുള്ള ഫ്ലെക്സിബിലിറ്റിയാണ് ആ കാഴ്ചപ്പാടിനെ യഥാർഥ ഫലങ്ങളാക്കി മാറ്റുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.