ആ​രു ജ​യി​ച്ചാ​ലും ഫ​ലം ഒ​ന്ന്; യു.എസ് തെരഞ്ഞെടുപ്പ് 2024

യു.എസ് പ്രസിഡന്റ് ജോ ബൈഡനും പ്രഥമ വനിത ജിൽ ബൈഡനും ഒരു കറുത്ത കർട്ടന് പിന്നിൽനിന്ന് പൊടുന്നനെ പ്രത്യക്ഷപ്പെടുകയും വാഷിങ്ടൺ ഡി.സി ചിൽഡ്രൻസ് നാഷനൽ ഹോസ്പിറ്റലിലെ അലങ്കാരങ്ങൾ നിറഞ്ഞ കൂറ്റൻ ക്രിസ്മസ് ട്രീക്ക് മുന്നിലിട്ട ഇരിപ്പിടങ്ങളിൽ ഉപവിഷ്ടരാവുകയും ചെയ്തു. ഒരു തിരക്കഥക്കനുസൃതമായി ചിട്ടപ്പെടുത്തിയ രംഗമായിരുന്നു അത്. കമാൻഡർ-ഇൻ-ചീഫിനെയും പത്നിയെയും കാണാൻ ആകാംക്ഷാഭരിതരായി കാത്തിരുന്നവരിൽ രോഗികളായ കുഞ്ഞുങ്ങളും അവരുടെ മാതാപിതാക്കളുമുണ്ടായിരുന്നു. ഇവിടെ വരാനും നിങ്ങളെ കാണാനും അനുവദിച്ചതിന് നന്ദി- പ്രസിഡന്റ് ബൈഡൻ പറഞ്ഞു.

അവധിക്കാലത്തിന്റെ സന്തോഷം പ്രസരിപ്പിക്കാൻ 75 വർഷം മുമ്പ് പ്രഥമ വനിതയായിരുന്ന ബെസ്സ് ട്രൂമാൻ തുടങ്ങിവെച്ചതാണ് കുട്ടികളുടെ ആശുപത്രിയിലേക്കുള്ള ഈ ‘വാർഷിക തീർഥാടനം’. ഈ ആചാരത്തിൽ പങ്കാളിയാവുന്ന ആദ്യ പ്രസിഡന്റായി 2022ൽ ബൈഡൻ. ചിത്ര പുസ്‌തകം നോക്കി പ്രഥമവനിത എ നൈറ്റ് ബിഫോർ ക്രിസ്മസ് എന്ന ജനപ്രിയ കവിത വായിക്കവേ ദുർബലനെങ്കിലും ആവേശം ചോരാത്ത ബൈഡൻ കണ്ണിറുക്കുകയും കൈവീശി പുഞ്ചിരിക്കുകയും ചെയ്തുകൊണ്ടിരുന്നു. ‘‘നിങ്ങൾ ചെയ്യുന്നത് സവിശേഷമായ ദൗത്യമാണ്’’-കവിതാലാപനം അവസാനിച്ചതും ബൈഡൻ ആശുപത്രി ജീവനക്കാർക്ക് നന്ദി ചൊല്ലി. ‘‘എവിടെ ജീവനുണ്ടോ അവിടെ പ്രത്യാശയുമുണ്ട്’’ എന്നും സുഖം പ്രാപിച്ച് പോയശേഷം ആശുപത്രികളിൽ അവധിക്കാലം ചെലവഴിക്കുന്ന മറ്റു കുട്ടികൾക്ക് പിന്തുണ നൽകാൻ തിരിച്ചുവരണമെന്നും കുട്ടികളെ ഉപദേശിച്ചാണ് ബൈഡൻ മടങ്ങിയത്.

കുട്ടികൾക്കും കുടുംബങ്ങൾക്കും ജീവനക്കാർക്കും ഏറെ സന്തോഷം പകരുന്ന ഈ വാർഷിക പരിപാടി തുടരുന്നതിന് ഒരു ആശുപത്രി ഉദ്യോഗസ്ഥൻ ബൈഡൻ ദമ്പതിമാരെ പ്രശംസിച്ചു. “ദൈവം നിങ്ങളെ എല്ലാവരെയും അനുഗ്രഹിക്കട്ടെ,” എന്ന് ബൈഡൻ പ്രതിവചിച്ചു. ഏതാണ്ട് പത്തുമിനിറ്റിൽ താഴെ മാത്രം നീണ്ടുനിൽക്കുന്ന ഈ പ്രകടനം രൂപകൽപന ചെയ്തത് വയ്യാത്ത കുട്ടികളുടെ കാര്യത്തിൽ ഉത്കണ്ഠയും ഹൃദയവേദനയുമുള്ള, അതീവ ദയാലുവാണ് ‘അങ്കിൾ ജോ’ എന്ന് ചിത്രീകരിക്കാനാണെന്ന് ഞാൻ കരുതുന്നു.

പക്ഷേ, ടെലിവിഷൻ കാമറകൾക്കുമുന്നിലെ ബൈഡൻമാരുടെ ഈ അനുഷ്ഠാന ചടങ്ങ് കണ്ടപ്പോൾ ചില കുട്ടികളുടെ ക്ഷേമവും ജീവിതവും മറ്റുള്ള കുട്ടികളുടേതിനേക്കാൾ വിലപ്പെട്ടതാണെന്ന് കരുതുന്ന ഒരു ദൗർബല്യവാനായ പ്രസിഡന്റിനോടുള്ള എന്റെ പുച്ഛം വർധിച്ചതേയുള്ളൂ. ആയിരക്കണക്കിന് ഫലസ്തീനി കുട്ടികളെ കൊല്ലുകയും അംഗവിഹീനരാക്കുകയും ചെയ്യുന്നത് തടയാൻ തന്റെ ശക്തിയും സ്വാധീനവും ഉപയോഗിക്കുന്നതിനുപകരം ഈ ക്രൂരതയെ പ്രോത്സാഹിപ്പിക്കുകയാണ് ബൈഡൻ ചെയ്തുപോന്നത്.

അധിനിവിഷ്ട ഫലസ്തീനിൽ, ബൈഡൻ സന്തോഷത്തിന്റെ പ്രേരക ശക്തിയല്ല, മറിച്ച് തകർന്നുപോയ ഒരു ജനതയെയും അവരുടെ നാടിനെയും വിഴുങ്ങുന്ന ഒരു കൂട്ടക്കൊലയുടെ സഹശിൽപിയാണ്. ഗസ്സയിലെയും വെസ്റ്റ് ബാങ്കിലെയും ജീവിതവും പ്രതീക്ഷയും ഇല്ലാതാക്കാനുള്ള കരുതിക്കൂട്ടിയുള്ള പ്രവർത്തനങ്ങളിൽ സമ്പൂർണ പങ്കാളിയായ ഈ പ്രസിഡന്റ്, ‘‘എവിടെ ജീവനുണ്ടോ അവിടെ പ്രത്യാശയുമുണ്ട്’’ എന്നൊക്കെ ഗ്രീറ്റിങ് കാർഡിലേതുപോലുള്ള നിലവാരംകുറഞ്ഞ തത്ത്വചിന്ത വിളമ്പുന്നത് നാണംകെട്ട അധികപ്രസംഗം പറച്ചിലാണ്.

അമേരിക്കയുടെ പ്രോക്സിയായ ഇസ്രായേൽ ഗസ്സയിലുടനീളമുള്ള ആശുപത്രികൾ പിടിച്ചെടുക്കുകയും കൊള്ളയടിക്കുകയും നശിപ്പിക്കുകയും ഫലസ്തീനിയൻ ഡോക്ടർമാരെയും നഴ്സുമാരെയും ബലാൽക്കാരമായി അപ്രത്യക്ഷരാക്കുകയും കൊല്ലുകയും ചെയ്തുകൊണ്ടിരിക്കെ ഒരു ആശുപത്രിയിലെത്തി രോഗികളെ പരിചരിക്കുന്ന ഡോക്ടർമാരെയും നഴ്സുമാരെയും പ്രശംസിക്കുന്ന ബൈഡൻ ഈ അശ്ലീലതക്ക് കനംകൂട്ടുന്നു.

കൊല്ലപ്പെട്ട മാതാപിതാക്കളെ വിളിച്ചുകൊണ്ട് പൊട്ടിക്കരയുന്ന ഫലസ്തീനിയൻ കുഞ്ഞുങ്ങളുടെ പൊടിപുരണ്ട മുഖങ്ങളോ, വെളുത്ത കഫൻ പുടവയിൽ പൊതിഞ്ഞ കുഞ്ഞുദേഹങ്ങളുടെ കാഴ്ചയോ ഒന്നുംതന്നെ, ആഘോഷപൂർവമായ ഒരു ഫോട്ടോയെടുപ്പ് സാധ്യതയിൽനിന്ന് ബൈഡനെ പിന്തിരിപ്പിച്ചില്ല. ഇല്ലാത്ത വൈദഗ്ധ്യം ഭാവിക്കുന്ന ഡോണൾഡ് ട്രംപ് എന്ന നിരക്ഷരകുക്ഷി പ്രതിനിധാനം ചെയ്യുന്ന റൗഡിത്തരത്തിനും ഭ്രാന്തിനും ബദലായി ആദരണീയൻ അഥവാ മാന്യനായ ഒരു സാക്ഷരനായി ബൈഡനെ വാഴ്ത്തിക്കൊണ്ട് ഞാൻ എഴുതിയ കോളങ്ങൾ മായ്ച്ചുകളയാൻ ഞാനിപ്പോൾ ആഗ്രഹിക്കുന്നു. ട്രംപിയൻ റൗഡിത്തരവും ഭ്രാന്തും നിറഞ്ഞ വെറിപിടിച്ച നാലാണ്ടുകൾ സംഭവിക്കുന്നത് തടയാൻ ഈ വരുന്ന നവംബറിൽ ബൈഡനെ വീണ്ടും തെരഞ്ഞെടുക്കാൻ പോകുന്ന പ്രബുദ്ധരായ അമേരിക്കക്കാരുടെ ജ്ഞാനത്തെ പ്രകീർത്തിച്ചുകൊണ്ടും ഞാൻ കോളങ്ങൾ എഴുതിയിട്ടുണ്ട്, അതും മായ്ച്ചുകളയാനായെങ്കിൽ എന്ന് ഞാൻ ആഗ്രഹിക്കുന്നു. പ്രബുദ്ധരായ അമേരിക്കക്കാർ ഉണ്ട്, പക്ഷേ വേണ്ടത്ര ഇല്ലെന്ന് മാത്രം. കേവല വാചാടോപങ്ങൾക്കപ്പുറം ബൈഡനും ട്രംപും തെരഞ്ഞെടുക്കപ്പെട്ടത് - ജനാധിപത്യം എന്ന മിഥ്യയുടെ മറവിൽ അവർ സേവിക്കുന്ന സ്വദേശത്തും വിദേശത്തുമുള്ള, യുദ്ധത്തിനും കൊള്ളലാഭത്തിനും അടിപ്പെട്ട ഒരു കൂട്ടം തമ്പ്രാക്കന്മാരുടെ താൽപര്യങ്ങൾ സംരക്ഷിക്കുന്നതിനാണ് എന്നെഴുതിയ ബുദ്ധിയുള്ള കോളമിസ്റ്റുകളുമായി ഞാൻ അടിപിടിച്ചിരുന്നു. ഈ നിർവചനം വെച്ചുനോക്കുമ്പോൾ മുൻഗാമിയോളം തന്നെ ഉപകാരിയും വിശ്വസ്തതയുമുള്ള പാവയാണ് താനെന്ന് ബൈഡൻ തെളിയിച്ചിരിക്കുന്നു. ട്രംപിന്റെ ഇണക്കമില്ലാത്ത പെരുമാറ്റവും അശ്ലീലവുമാണ് ലിബറൽ, പുരോഗമന വിഭാഗങ്ങളെ വ്രണപ്പെടുത്തുന്നത്.

വരാനിരിക്കുന്ന പ്രസിഡൻഷ്യൽ കാമ്പയിനിൽ ആര് ജയിക്കുമെന്ന കാര്യം ഇനി ഞാൻ ഗൗനിക്കുന്നേയില്ല, അമേരിക്കയുടെ ‘ഭാവി’യെക്കുറിച്ച് തരിമ്പും വിഷമിക്കുകയുമില്ല. കാരണം ആരുതന്നെ പ്രസിഡന്റായാലും ചരിത്രത്തിലെ ഏറ്റവും കാര്യക്ഷമമായ കൊലപാതക യന്ത്രം ലോകമെമ്പാടും കൂടുതൽ മരണവും വേദനയും കഷ്ടപ്പാടും സൃഷ്ടിക്കുക തന്നെ ചെയ്യും.

(കനേഡിയൻ മാധ്യമ പ്രവർത്തകനും ജേണലിസം അധ്യാപകനുമായ ലേഖകൻ അൽ ജസീറയിൽ എഴുതിയ കുറിപ്പിൽനിന്ന്)

Tags:    
News Summary - US Election 2024

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.