ഉമർ ഖാലിദ് മാതാപിതാക്കളായ സബീഹ ഖാനത്തിനും എസ്.ക്യൂ.ആർ ഇല്യാസിനുമൊപ്പം
‘ഫ്രാക്ചേർഡ് കമ്യൂനിറ്റീസ്, ആദിവാസി ഹിസ്റ്ററീസ് ആന്റ് പവർ’ എന്ന പുസ്തകത്തിന്റെ ആദ്യ കോപ്പികൾ വീട്ടിലെത്തിയപ്പോൾ, ഞാനും ഭർത്താവും ഏറെ നേരം ആ പുസ്തകത്തിന്റെ കവർ പേജിലേക്ക് തന്നെ നോക്കിനിന്നു. സന്തോഷം നിറഞ്ഞ ഒരു സമയമാകേണ്ടതായിരുന്നു അത്. ഞങ്ങളുടെ മകൻ ഇവിടെ ഉണ്ടായിരുന്നുവെങ്കിൽ ഞങ്ങളുടെ ആവേശവും സന്തോഷവും കണ്ട് പുഞ്ചിരിച്ചുകൊണ്ട് അവൻ ആ പുസ്തകത്തിൽ ഒപ്പുവെച്ചു തരുമായിരുന്നു. എന്നാൽ വിചാരണ പോലും ആരംഭിക്കാതെ യു.എ.പി.എ പ്രകാരം ആറുവർഷത്തോളമായി അവൻ ജയിലിൽ തുടരുകയാണ്.
ജവഹർലാൽ നെഹ്റു സർവകലാശാലയിലെ ഉമറിന്റെ ഡോക്ടറൽ ഗവേഷണത്തിൽ നിന്നാണ് ഈ പുസ്തകം രൂപപ്പെട്ടത്. 2018 ജൂലൈയിലാണ് അവൻ തിസീസ് സമർപ്പിച്ചത്. അപ്പോഴേക്കും അവനെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തപ്പെടുകയും സർവകലാശാലയിൽ നിന്ന് പുറത്താക്കപ്പെടുകയും ചെയ്തിരുന്നു. അറസ്റ്റ്, ക്രൂരമായ മാധ്യമ വിചാരണ, ജീവനുനേരെയുള്ള ഭീഷണികൾ, കോടതി കയറിയിറങ്ങൽ... ഇതിനെല്ലാമിടയിലും സമയം കിട്ടുമ്പോഴൊക്കെ അവൻ ഇരുന്നെഴുതുന്നത് ഞാൻ ഓർക്കുന്നു. ലൈബ്രറികളുടെ ശാന്തതയിലിരുന്നാണ് തിസീസ് തയ്യാറാക്കപ്പെടുന്നത് എന്നാണ് കരുതപ്പെടുന്നത്. എന്നാൽ അവന്റെ തിസീസ് എഴുതപ്പെട്ടത് അനിശ്ചിതത്വങ്ങളുടെ നിഴലിലും, തന്റെ സ്വാതന്ത്ര്യം ഇനി ജീവിതകാലം മുഴുവൻ നിബന്ധനകൾക്ക് വിധേയമാണെന്ന തിരിച്ചറിവിലുമായിരുന്നു.
ഈ പുസ്തകത്തിൽ, ബ്രിട്ടീഷ് ഭരണകാലത്തെ സിംഗ്ഭൂമിലെ ആദിവാസി സമൂഹങ്ങളെക്കുറിച്ചാണ് ഉമർ പരിശോധിക്കുന്നത്. അവർ ഒരിക്കലും ഒരു ഏകീകൃത വിഭാഗമായിരുന്നില്ലെന്നും, കൊളോണിയൽ ഭരണത്തോട് വ്യത്യസ്ത രീതികളിലാണ് പ്രതികരിച്ചതെന്നും അവൻ വാദിക്കുന്നു. അവരുടെ ചരിത്രങ്ങളെ ഒറ്റ കഥയാക്കി ചുരുക്കാൻ കഴിയില്ല. ഇപ്പോൾ ഇത് വായിക്കുമ്പോൾ, ആദിവാസി സമൂഹങ്ങളുടെ ചരിത്രത്തിനപ്പുറം ഇതിന് വളരെ വലിയ അർഥമുണ്ടെന്ന് തോന്നുന്നു. വർഷങ്ങളായി, ആളുകൾ എന്റെ മകനെ തങ്ങൾക്ക് സൗകര്യപ്രദമായ രൂപങ്ങളിലേക്ക് ചുരുക്കിക്കാണുന്നത് ഞാൻ കണ്ടിട്ടുണ്ട്. അവനെ പിന്തുണയ്ക്കുന്നവർ പലപ്പോഴും അവന്റെ ഒരു വശം മാത്രം കാണുന്നു; എതിർക്കുന്നവരാകട്ടെ അതിലും കുറഞ്ഞേ കാണുന്നുള്ളൂ.
പുസ്തകത്തിന് അവതാരിക എഴുതിയ രാമചന്ദ്ര ഗുഹ, ഒരു ഇന്ത്യൻ ഗവേഷകൻ എഴുതിയ ഏറ്റവും മികച്ച ഡോക്ടറൽ തിസീസുകളിൽ ഒന്നാണിതെന്ന് വിശേഷിപ്പിക്കുന്നു. ഉമറിന്റെ ഉമ്മയെന്ന നിലയിൽ അത് വായിച്ചപ്പോൾ എനിക്ക് അഭിമാനം തോന്നി. നിയമവിരുദ്ധമായ തടവറയെ അന്തസ്സോടെയും ധൈര്യത്തോടെയും അതിജീവിച്ചതിലാണോ, അതോ എന്റെ മുന്നിലുള്ള ഈ വാക്കുകളിലാണോ ഞാൻ കൂടുതൽ അഭിമാനിക്കേണ്ടത്? തടവറയിൽ വർഷങ്ങൾ കടന്നുപോകുന്നതിനെ അടിസ്ഥാനമാക്കി സ്വന്തം കുട്ടിയുടെ നേട്ടങ്ങൾ അളക്കേണ്ടി വരുമെന്ന് ഒരു മാതാപിതാക്കളും പ്രതീക്ഷിക്കുന്നില്ല.
ഉമറിന് ഒരു പുസ്തകശാലയിൽ ചെന്ന് സ്വന്തം പുസ്തകം കാണാൻ കഴിയുന്നില്ല, പുസ്തക പ്രകാശനത്തിൽ പങ്കെടുക്കാനോ വായനക്കാരോട് സംവദിക്കാനോ സാധിക്കുന്നില്ല. എന്നാൽ ഈ പുസ്തകം സ്വന്തമായി യാത്രയാരംഭിച്ചത് കാണുമ്പോൾ സന്തോഷമുണ്ട്. അതിന്റെ രചയിതാവിന് സാധിക്കാത്ത വിധം സ്വതന്ത്രമായി സഞ്ചരിക്കാൻ അതിന് കഴിയും. ആറുവർഷം കഴിഞ്ഞിട്ടും കേസിന്റെ വിചാരണ പോലും തുടങ്ങാൻ സാധിക്കാത്ത ഒരു ഭരണകൂടം നിലനിൽക്കുമ്പോൾ തന്നെ, ഒരാളുടെ ഗവേഷണം പ്രസിദ്ധീകരിക്കപ്പെടുകയും പ്രശംസിക്കപ്പെടുകയും വ്യാപകമായി വായിക്കപ്പെടുകയും ചെയ്യുന്നത് ഒരു ജനാധിപത്യത്തെ സംബന്ധിച്ച് എന്താണ് അർത്ഥമാക്കുന്നത് എന്ന് എനിക്കറിയില്ല. ഒടുവിൽ കോടതി എന്ത് തീരുമാനിച്ചാലും, ഈ കാത്തിരിപ്പ് തന്നെയാണ് ഇപ്പോൾ ശിക്ഷയായി മാറിയിരിക്കുന്നത്.
യു.എ.പി.എ പ്രകാരം നാലരവർഷത്തോളം ജയിലിൽ കഴിഞ്ഞ കശ്മീരി മനുഷ്യാവകാശ പ്രവർത്തകന് ഡൽഹി ഹൈകോടതി ജാമ്യം അനുവദിച്ചത് ഈയിടെയാണ്. കസ്റ്റഡിയിൽ കഴിഞ്ഞ നീണ്ട കാലയളവും വിചാരണ ഉടൻ പൂർത്തിയാകാൻ സാധ്യതയില്ലെന്ന വസ്തുതയുമാണ് ജാമ്യം അനുവദിക്കുന്നതിന് പ്രധാന കാരണങ്ങളായി കോടതി ചൂണ്ടിക്കാണിച്ചത്. ഏതാനും മാസങ്ങൾക്ക് മുൻപ് ഉമറിന് ജാമ്യം നിഷേധിച്ച അതേ ജഡ്ജി തലവനായ ബെഞ്ചാണ് ഈ ഉത്തരവിട്ടത്. അപ്പോഴേക്കും വിചാരണയില്ലാതെ ഉമർ അഞ്ചുവർഷത്തോളം ജയിലിൽ പൂർത്തിയാക്കിയിരുന്നു. ശർജീൽ ഇമാം അതിലും കൂടുതൽ കാലം ജയിലിൽ കഴിഞ്ഞിരുന്നു. ആ ഉത്തരവിൽ കോടതി പറഞ്ഞത് വിചാരണയിലെ വൈകൽ മാത്രം ജാമ്യത്തിന് ആധാരമാക്കാൻ കഴിയില്ലെന്നാണ്. ഒരേ നിയമം, ഒരേ ജഡ്ജിയുടെ മുന്നിൽ വരുമ്പോൾ എങ്ങനെയാണ് ഇത്രയും വ്യത്യസ്തമായ തീരുമാനങ്ങളിലേക്ക് എത്തിച്ചേരുന്നത്?
പുറത്തുനിന്ന് നോക്കുന്നവർക്ക് ഇതൊക്കെ വെറും നിയമപ്രശ്നങ്ങളായി തോന്നാം. എന്നാൽ ഞങ്ങളെപ്പോലുള്ള കുടുംബങ്ങൾക്ക്, ഓരോ വർഷം കഴിയുമ്പോഴും തളർന്നുപോകുന്ന മാതാപിതാക്കളിലൂടെയും, സഹോദരനില്ലാതെ ആഘോഷങ്ങൾ കടന്നുപോകുന്ന സഹോദരിമാരിലൂടെയും, അമ്മാവൻ വീട്ടിലുള്ളതിന്റെ സന്തോഷം എന്താണെന്ന് അറിയാതെ വളർന്ന മരുമക്കളിലൂടെയുമാണ് ഈ കാലം അളക്കപ്പെടുന്നത്. ഒരു ജനാധിപത്യം അളക്കപ്പെടുന്നത് അത് ഉണ്ടാക്കുന്ന നിയമങ്ങളാൽ മാത്രമല്ല, ആ നിയമങ്ങൾക്ക് കീഴിൽ ജീവിക്കുന്ന ആളുകളോട് അത് എങ്ങനെ പെരുമാറുന്നു എന്നതിലൂടെ കൂടിയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.