പി.എം ശ്രീ പദ്ധതിയിൽ ഒപ്പുവെച്ച എൽ.ഡി.എഫ് സർക്കാർ നടപടിയിൽ പ്രതിഷേധിച്ച് ഒക്ടോബർ 27ന് കെ.എസ്.യു പ്രവർത്തകർ സെക്രട്ടേറിയറ്റ് അനക്സിലേക്ക് മാർച്ച് നടത്തിയപ്പോൾ
ഭരണഘടനയുടെ ഫെഡറൽ തത്വങ്ങളിലും സ്വാതന്ത്ര്യ-സമത്വ-സാഹോദര്യമെന്ന ആധുനിക ജനായത്ത നൈതികമൂല്യങ്ങളിലും അടിയുറച്ച് മുന്നേറിയതു കൊണ്ടു മാത്രമാണ് കടുത്ത പരിമിതികൾക്കും പാളിച്ചകൾക്കുമിടയിലും ഇന്ത്യയുടെ വിദ്യാഭ്യാസരംഗം പച്ചപിടിച്ചുവന്നത്. ഇരുപത്തൊന്നാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ ഹിന്ദുത്വ ദേശീയവാദ പാർട്ടി രാജ്യത്ത് അധികാരത്തിലേക്കു വന്നതോടെ വിദ്യാഭ്യാസത്തെയും പാഠപുസ്തകങ്ങളെയും കാവിവൽക്കരിക്കുന്ന, ഭരണഘടനാമൂല്യങ്ങൾക്കും നീതിക്കും നിരക്കാത്ത കർമപരിപാടികൾ ആരംഭിച്ചു.
ആർ.എസ്.എസിന്റെ മാർഗദർശനങ്ങളുടെ അടിസ്ഥാനത്തിൽ 2016-ൽ ഒരു നവദേശീയ വിദ്യാഭ്യാസ നയരേഖ യൂണിയൻ ഭരണകൂടം ഇറക്കുകയും 2020-ൽ അതു പാർലമെന്റിലൂടെ നിയമമാക്കുകയും ചെയ്തു. വർഗീയവൽക്കരണത്തിനും വാണിജ്യവൽക്കരണത്തിനും കോപ്പുകൂട്ടുന്ന ഒരു കോർപ്പറേറ്റ് ബ്രാഹ്മണിക ഹിന്ദുദേശീയവാദ വിദ്യാഭ്യാസ നയരേഖയാണതെന്ന് 2016 മുതൽ ഈ ലേഖകനടക്കമുള്ള വിദ്യാഭ്യാസ പ്രവർത്തകരും വിമർശചിന്തകരും എഴുതുകയും പറയുകയും ചെയ്തുപോരുന്നതാണ്. ഭാവിതലമുറകളുടെ ജീവിതത്തെ നിർണയിക്കുന്ന ഉന്നതവിദ്യാഭ്യാസരംഗത്തെ നശിപ്പിക്കുന്ന സവർണ ഹിന്ദുത്വ അജണ്ടകളെ അക്കാദമികരംഗത്ത് ചെറുത്തതിന്റെ പേരിൽ ഞങ്ങളിൽ പലരും പ്രതികാരങ്ങളും നേരിട്ടു.
എന്തുതന്നെ സംഭവിച്ചാലും ഭാവിതലമുറകളെ ജാതിവർണ ഹിന്ദുത്വപ്പടുകുഴികളിലേക്ക് വീണ്ടും ചവിട്ടിത്താഴ്ത്തുന്ന നയം നടപ്പിലാക്കില്ലെന്നു അന്നുതന്നെ പ്രഖ്യാപിച്ച തമിഴ്നാട് പോലുള്ള സംസ്ഥാനങ്ങൾ ഭരണം മാറിയ ശേഷവും ആ നിലപാട് തുടരുന്നു. എന്നാൽ, സവർണ മുന്നാക്കക്കാർക്കായുള്ള സാമ്പത്തിക സംവരണം പാസാക്കി ഹിന്ദുത്വ ഭരണകൂടത്തിനു മാതൃകയായതു പോലെ ഇടതുപക്ഷം ഭരിച്ച കേരളം ഏറെ ശുഷ്കാന്തിയോടെ ദേശീയ വിദ്യാഭ്യാസ നയം നടപ്പാക്കുകയും നാലു കാശു വാങ്ങി കേരള വിദ്യാഭ്യാസത്തെയും ഇന്ത്യൻ ഭരണഘടനാ മൂല്യങ്ങളെയും തീറെഴുതിക്കൊടുക്കുകയുമാണുണ്ടായത്.
മാറ്റങ്ങളോടെ ഒരു നവകേരള വിദ്യാഭ്യാസ നയം ഉണ്ടാക്കുമെന്ന് പ്രഖ്യാപിച്ചെങ്കിലും ‘കേരള വിജ്ഞാന വ്യവസ്ഥ’യെന്ന പേരിൽ വൈദിക-വേദാന്തപരമായ ഒരു പാഠപുസ്തകമാണ് ഇറക്കിയത്. മതേതര മാനവിക ജനായത്ത പ്രാതിനിധ്യചിന്തയിൽ ലോകത്തിനു മാതൃകയായ നാരായണ ഗുരുവിനെ ഒരു അദ്വൈതവേദാന്തിയായിട്ടാണതിൽ ചുരുക്കിയൊതുക്കിയത്. പിന്നീട് സഖ്യകക്ഷികൾ പോലുമറിയാതെ 2025 നവംബറിൽ രഹസ്യമായി പി. എം. ശ്രീ പദ്ധതിയിലും ഒപ്പിട്ടു; വിവാദമായപ്പോൾ കരാർ മരവിപ്പിച്ചു മുന്നോട്ടുപോകാമെന്നായി.
ഉന്നതവിദ്യാഭ്യാസമേഖലയെ അതിനകം കുളംതോണ്ടിയിരുന്നു. ദേശീയ മാതൃകയിൽ നാലുവർഷ ബിരുദവും, ബിരുദാനന്തര ബിരുദ-ഗവേഷണ പഠനങ്ങളെ തകർക്കുന്ന സാമ്പത്തിക സേവന പരിപാടിയുമെല്ലാം നടപ്പാക്കി പൊതു സർവകലാശാലകളെയും കോളജുകളെയും പൂട്ടിക്കുന്ന അവസ്ഥയാക്കി. പി. ജി. വെയ്റ്റേജ് റദ്ദാക്കിയപ്പോൾ തന്നെ 25,000-ലധികം ഉന്നതവിദ്യാഭ്യാസ ഒഴിവുകളാണ് ഇല്ലാതായത്. പി. ജി. പഠന, ഗവേഷണ ഗുണനിലവാരവും സാമൂഹിക പ്രാതിനിധ്യ തുല്യതയും അട്ടിമറിക്കാനാണ് ഇതിലൂടെ ലക്ഷ്യമിട്ടത്.
സ്കൂളിൽ മോദിയുടെയും ഷായുടെയും പടവും പട്ടത്താനവും ചാർത്തിയാടണമെന്നു വന്നപ്പോഴാണ് പലർക്കും ദേശീയ വിദ്യാഭ്യാസ നയത്തിന്റെ ഭീഷണികളും അപകടങ്ങളും ബോധ്യമായത്. അന്ന് എൻ. ഇ. പി.യെയും പി. എം. ശ്രീയെയും വിമർശിച്ചുനിന്ന ഇന്നത്തെ മുഖ്യമന്ത്രി വി. ഡി. സതീശനും കൂട്ടരും 2026-ൽ അധികാരം ലഭിച്ചതോടെ, കേരളത്തിലെ വിദ്യാഭ്യാസ ഭാവികളുടെ പ്രശ്നത്തെ കേവല സാമ്പത്തികക്കരാർ വിഷയമായി കാണുകയും പണം വാങ്ങിയതിനാൽ പിന്മാറാനാവില്ല എന്ന മുട്ടാപ്പോക്കു പറയുകയും ചെയ്തു. ‘‘പിന്മാറാൻ കഴിയാത്ത ഏകപക്ഷീയ കരാറിലാണ് കഴിഞ്ഞ സർക്കാർ ഒപ്പിട്ടത്’’ എന്നാണ് സംസ്ഥാന വിദ്യാഭ്യാസ മന്ത്രി അഡ്വ. ഷംസുദ്ദീൻ പറഞ്ഞത്.
ഇപ്പോൾ പാർലമെന്റിൽ കേന്ദ്രം തന്നെ വ്യക്തമാക്കിയിരിക്കുന്നു, കരാറിൽ നിന്നു പിന്മാറിയാൽ തുച്ഛമായ തരുമെന്നു പറയുന്ന ഫണ്ടുമാത്രമാണ് നഷ്ടമെന്ന്. രാജ്യസഭയിൽ പി. വി. അബ്ദുൽ വഹാബ് എം. പി ഉന്നയിച്ച ചോദ്യത്തിനുള്ള മറുപടിയിലാണ് യൂനിയൻ വിദ്യാഭ്യാസ വകുപ്പ ഇക്കാര്യം വ്യക്തമാക്കിയത്. അതായത്, തരുമെന്നു പറയുന്ന ചെറുകിട സാമ്പത്തിക ആനുകൂല്യങ്ങൾ വേണ്ടെന്നുെവച്ചാൽ മതിയാകും കേരള വിദ്യാഭ്യാസരംഗത്തെയും കുട്ടികളുടെ ഭാവിയെയും സമൂഹത്തെയും രക്ഷിക്കാൻ.
രാഹുൽ ഗാന്ധിയും മല്ലികാർജുൻ ഖാർഗേയും തെരഞ്ഞെടുപ്പുകളിൽ ജനങ്ങളോട് പറഞ്ഞത് തങ്ങൾ അധികാരത്തിലേക്കു വരുന്നിടത്തെല്ലാം ഭരണഘടനാപരമായ ഫെഡറൽ അധികാരവും ജനേച്ഛയും ബഹുജനാഭിപ്രായവും ഉപയോഗിച്ച് എൻ. ഇ. പി.യും ഇ. ഡബ്ല്യു. എസും റദ്ദാക്കുമെന്നാണ്. പ്രതിപക്ഷത്തിരിക്കെ യു. ഡി. എഫ് പി. എം. ശ്രീക്കെതിരെ പ്രദർശിപ്പിച്ച എതിർപ്പ് സത്യസന്ധമാണെന്ന് വിശ്വസിച്ചാണ് ഒരുപാട് ജനങ്ങൾ അവർക്ക് വോട്ടുചെയ്തത്.
ജനങ്ങളോടും ഭരണഘടനയോടും പ്രതിബദ്ധതയുണ്ടെങ്കിൽ ഇതാണവസരം. രാജാവിനേക്കാൾ വലിയ രാജഭക്തി കാണിച്ച്, സാമ്പത്തിക ലാഭം പറഞ്ഞ് ആർ.എസ്.എസിന്റെ വിദ്യാഭ്യാസ അജണ്ട നടപ്പാക്കാൻ വെമ്പുന്നവർ തെറ്റുതിരുത്തി, പി. എം. ശ്രീയിൽ നിന്നും എൻ. ഇ. പി.യിൽ നിന്നും ഇ. ഡബ്ല്യു. എസിൽ നിന്നും അടിയന്തിരമായി പിന്മാറി കേരളത്തെയും ഇന്ത്യയെയും ബഹുജനഹിതത്തെയും ജനായത്ത ഭരണഘടനയെയും സംരക്ഷിക്കാൻ തയാറാവണം. മാപ്പർഹിക്കാത്ത നുണയും ചതിയും അവസാനിപ്പിക്കണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.