ജൗഹർ സർവകലാശാലയിലെ വിദ്യാർഥി സമര വേദി

ഉത്തർപ്രദേശ് റാംപൂരിലെ മുഹമ്മദ് അലി ജൗഹർ സർവകലാശാല കഴിഞ്ഞ ഏതാനും ആഴ്ചകളായി വീണ്ടും വാർത്തകളിൽ ഇടം പിടിച്ചിരിക്കുകയാണ്. സമാജ്‍വാദ് പാർട്ടി നേതാവും മുൻ മന്ത്രിയുമായ അസം ഖാൻ സ്ഥാപിച്ച ന്യൂനപക്ഷ പദവിയുള്ള ഈ സർവകലാശാലയിലെ 40 കെട്ടിടങ്ങളിൽ 38 എണ്ണവും പൊളിച്ചുനീക്കാൻ റാംപൂർ ഡെവലപ്മെന്റ് അതോറിറ്റി ഉത്തര വിട്ടതോടെയാണ് വീണ്ടും വിവാദങ്ങൾ ആരംഭിച്ചത്. മതിയായ രേഖകൾ ഇല്ലാതെയാണ് ഭൂരിഭാഗം കെട്ടിട നിർമ്മാണ പ്രവർത്തനങ്ങളും നടത്തിയതെന്നാണ് ഭരണകൂടത്തിന്റെ വാദം. എന്നാൽ ഈ കെട്ടിടങ്ങൾ നിർമ്മിക്കപ്പെട്ട കാലത്ത് പ്രസ്തുത പ്രദേശങ്ങൾ അതോറിറ്റിയുടെ നിയന്ത്രണ പരിധിയിൽ ഉണ്ടായിരുന്നില്ലെന്നും അതിനാൽ ഇപ്പോഴത്തെ നടപടി നിയമപരമായി നിലനിൽക്കില്ലെന്നുമാണ് സർവകലാശാലയുടെ നിലപാട്. നടപടിക്കെതിരെ സർവകലാശാല നൽകിയ അപ്പീലിൽ മുറാദാബാദ് ഡിവിഷണൽ കോടതി പൊളിച്ചു നീക്കൽ നടപടികൾക്ക് താൽക്കാലിക സ്റ്റേ അനുവദിച്ചിട്ടുണ്ടെങ്കിലും കേസിന്റെ അന്തിമ വിധി ഇനിയും വന്നിട്ടില്ല.

2006ൽ മുഹമ്മദ് അലി ജൗഹർ ട്രസ്റ്റിന്റെ കീഴിൽ സ്ഥാപിതമായ ഈ സ്ഥാപനത്തിന് ഉത്തർപ്രദേശ് നിയമസഭയിലൂടെ തന്നെ സർവകലാശാല പദവി ലഭിക്കുകയും ദേശീയ ന്യൂനപക്ഷ വിദ്യാഭ്യാസ കമ്മിഷൻ ന്യൂനപക്ഷ വിദ്യാഭ്യാസ സ്ഥാപനമായി അംഗീകരിക്കുകയും ചെയ്തതാണ്. യൂനിവേഴ്സിറ്റി ഗ്രാന്റ്സ് കമ്മിഷന്റെ(യു.ജി.സി) അംഗീകാരമുള്ള ഈ സർവകലാശാലയിൽ മെഡിസിൻ, എൻജിനീയറിങ്, നിയമം, കൃഷി, സയൻസ്, ഹ്യുമാനിറ്റീസ് തുടങ്ങി വിവിധ വിഷയങ്ങളിൽ കോഴ്സുകളും നടക്കുന്നുണ്ട്. മൂവായിരത്തിലധികം വിദ്യാർഥികൾ പഠിക്കുന്ന ജൗഹർ യൂനിവേഴ്സിറ്റി റാംപൂർ മേഖലയിലെ ഏറ്റവും പ്രധാനപ്പെട്ട വിദ്യാഭ്യാസ സ്ഥാപനം കൂടിയാണ്.

എന്നാൽ ജൗഹർ സർവകലാശാലയെ സംബന്ധിച്ച വിവാദം ഇന്നലെയോ ഇന്നോ തുടങ്ങിയതല്ല. ഭൂമി ഏറ്റെടുക്കൽ, സർക്കാർ ഭൂമിയുടെ ഉപയോഗം, റവന്യൂ രേഖകൾ, കെട്ടിടനിർമാണ അനുമതികൾ എന്നിവയുമായി ബന്ധപ്പെട്ട കേസുകൾ വർഷങ്ങളായി ഈ സർവകലാശാലയെയും അതിന്റെ സ്ഥാപകനായ അസം ഖാനെയും മുൻനിർത്തി നിലനിൽക്കുന്നണ്ട്. ഈ പ്രശ്നത്തെ കേവലം നിയമപരമായ വിവാദമായി മാത്രം നോക്കികാണാനും അസം ഖാനോടുള്ള രാഷ്ട്രീയ പകപൊക്കൽ മാത്രമാണെന്ന് വിലയിരുത്താനും മുഖ്യധാര മാധ്യമങ്ങളടക്കം ധാരാളമായി ശ്രമിക്കുന്നുണ്ട്. ഒരു സർവകലാശാലയുടെ നിലനിൽപ്പ് തന്നെ അനിശ്ചിതത്വത്തിലാകുമ്പോൾ അത് എന്തുകൊണ്ട് രാജ്യത്തിന്റെ വിദ്യാഭ്യാസ ചർച്ചയുടെ കേന്ദ്രവിഷയമാകുന്നില്ല എന്ന ചോദ്യം ഇവിടെ പ്രസക്തമാണ്. വിദ്യാഭ്യാസപരവും സാമൂഹികവുമായ വലിയ പ്രത്യാഘാതങ്ങൾ സൃഷ്ടിക്കുന്ന രീതിയിൽ ഒരു യൂനിവേഴ്സിറ്റി പൊളിച്ചുനീക്കുന്നതിന്റെ വക്കിൽ നിൽക്കുമ്പോൾ അതിന്റെ സാങ്കേതികത്വങ്ങളിൽ ചർച്ചക്കളെ പരിമിതപ്പെടുത്തിക്കൊണ്ട് അതിന്റെ രാഷ്ട്രീയ അർഥങ്ങളെ ചർച്ചക്കെടുക്കാതിരിക്കുന്ന ശ്രമങ്ങളാണ് പല കോണുകളിൽ നിന്നും നടന്നുകൊണ്ടിരിക്കുന്നത്.

എന്തുകൊണ്ട് ഇത് വിദ്യാഭ്യാസ അവകാശ പ്രശ്നമായി മാറുന്നില്ല?

നീറ്റ് പരീക്ഷാ ക്രമക്കേടുകൾ രാജ്യവ്യാപകമായ പ്രതിഷേധങ്ങൾക്കും രാഷ്ട്രീയ ചർച്ചകൾക്കും വഴിവെച്ചത് പോയ ആഴ്ചകളിലാണ്. വിദ്യാഭ്യാസത്തെ ബാധിക്കുന്ന വിഷയങ്ങൾ ദേശീയ രാഷ്ട്രീയ പ്രശ്നമാക്കാൻ സാധിക്കുമെന്ന് അത് തെളിയിച്ചതാണ്. അതേ സമയത്ത് ഒരു സർവകലാശാലയുടെ നിലനിൽപ്പ് തന്നെ അനിശ്ചിതത്വത്തിലായിട്ടും സമാനമായ ചർച്ചകൾ ഉയർന്നുവന്നില്ല. സി.ജെ.പിയുടെയും ജെൻസിയുടെയും പേരിൽ ഏറെ കാൽപനികവൽക്കരിക്കപ്പെട്ട പ്രസ്തുത സമരത്തിൽ ഒരു സർവകലാശാലയെ പൊളിച്ചുനീക്കാൻ പോകുന്ന നടപടിയെ ഉന്നയിക്കാൻ പോലും സാധിച്ചിരുന്നില്ല എന്ന രാഷ്ട്രീയ വൈരുധ്യത്തെ എക്സിലും സോഷ്യൽ മീഡിയയിലെ പല പ്ലാറ്റ്ഫോമുകളിലും പലരും വിമർശിച്ചിരുന്നു. ഇന്ത്യയുടെ ചരിത്രത്തിൽ തന്നെ ഇതുവരെ സംഭവിച്ചിട്ടില്ലാത്ത ഒരു നടപടി ഒരു സർവകലാശാല നേരിടുമ്പോൾ, രാജ്യവ്യപകമായ വലിയ പ്രക്ഷോഭങ്ങൾക്ക് തിരികൊളുത്തേണ്ടതിന് പകരം, ജൗഹർ യൂനിവേഴ്സിറ്റിയിലെ വിദ്യാർഥികളും, പൂർവ വിദ്യാർഥികളും അധ്യാപക-രക്ഷകർത്താക്കളും നയിക്കുന്ന ഒരു സമരമെന്ന നിലയിൽ മാത്രമാണ് നിലവിൽ മുന്നോട്ടു പോകുന്നത്. മുസ്‍ലിം ന്യൂനപക്ഷ പദവിയുള്ള ഒരു സർവകലാശാല നേരിടുന്ന വെല്ലുവിളികൾ എന്തുകൊണ്ട് വിദ്യാഭ്യാസ അവകാശ പ്രശ്നമായും, വലിയ പ്രക്ഷോഭമായും ഉയർന്നു വരുന്നില്ല എന്നതിനെ വിശകലനം ചെയ്യാൻ നമ്മെ സഹായിക്കുന്ന അനവധി ഘടകങ്ങൾ രാഷ്ട്രീയമായി തന്നെ നിലനിൽക്കുന്നുണ്ട്.

2006ലെ സച്ചാർ കമ്മിറ്റി റിപ്പോർട്ട് ഇന്ത്യൻ മുസ്‍ലിംകളുടെ വിദ്യാഭ്യാസ പിന്നാക്കാവസ്ഥയെ ഔദ്യോഗികമായി രേഖപ്പെടുത്തുകയും, മുസ്‍ലിംകളുടെ ഉന്നതവിദ്യാഭ്യാസ പ്രവേശനത്തെകുറിച്ച് വലിയ തോതിൽ ദേശീയ ചർച്ചകൾ ഉയർത്തിക്കൊണ്ട് വരികയും ചെയ്തിരുന്നു. എന്നാൽ അതിനുശേഷമുള്ള രണ്ട് പതിറ്റാണ്ടുകളെ പരിശോധിക്കുമ്പോൾ, പ്രത്യേകിച്ച് 2014ന് ശേഷം മുസ്‍ലിം വിദ്യാഭ്യാസത്തെ ചുറ്റിപ്പറ്റിയുള്ള രാഷ്ട്രീയം മറ്റൊരു ദിശയിലേക്ക് നീങ്ങിയതായി കാണാം. അലിഗഢ് മുസ്‍ലിം സർവകലാശാലയും ജാമിഅ മില്ലിയ ഇസ്‍ലാമിയയും ഭരണഘടന ഉറപ്പുനൽകുന്ന ന്യൂനപക്ഷ പദവിയെ ചുറ്റിപ്പറ്റിയുള്ള നിയമപോരാട്ടങ്ങളുടെയും ദേശ സുരക്ഷാ സംവാദങ്ങളുടെയും കേന്ദ്രമായിമാറിയിരുന്നു. കർണാടകയിലെ ഹിജാബ് നിരോധനം മുസ്‍ലിം വിദ്യാർഥിനികളുടെ വിദ്യാഭ്യാസ സാന്നിധ്യത്തെയും പ്രവേശനത്തെയും നേരിട്ട് ബാധിച്ച വിഷയമായിരുന്നു. മൗലാനാ ആസാദ് നാഷണൽ ഫെല്ലോഷിപ്പ് അവസാനിപ്പിച്ചത് മുസ്‍ലിം ഗവേഷക വിദ്യാർഥികളുടെ ഉന്നതവിദ്യാഭ്യാസ അവസരങ്ങളെ സരമായി ബാധിച്ചു. ഇപ്പോൾ ജൗഹർ സർവകലാശാല പ്രതിസന്ധിയാകട്ടെ മുസ്‍ലിം വിദ്യാഭ്യാസ സ്ഥാപനത്തിന്റെ നിലനിൽപ്പ് തന്നെ ചോദ്യ ചിഹ്നമാകുന്ന സാഹചര്യം സൃഷ്ടിച്ചിരിക്കുകയാണ്. അഥവാ മുസ്‍ലിം വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട ചോദ്യങ്ങൾ വിദ്യാഭ്യാസത്തിന്റെ അവകാശം, ലഭ്യത, സാമൂഹിക നീതി, വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ വളർച്ച എന്നീ ജനാധിപത്യ ചട്ടക്കൂടുകളിൽ നിന്ന് ക്രമേണ നിയമം, ഭരണനിയന്ത്രണം, ദേശ സുരക്ഷ എന്നീ രാഷ്ട്രീയ ഭാഷകളിലേക്ക് മാറ്റിയെഴുതപ്പെടുകയായിരുന്നു. അതിന്റെ ഫലമായി മുസ്‍ലിം വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ഭരണഘടനാപരമായ സാധുത തന്നെ നിരന്തരം ചോദ്യം ചെയ്യപ്പെടുകയും, മുസ്‍ലിം വിദ്യാർഥികളുടെ വിദ്യാഭ്യാസ സാന്നിധ്യവും സ്ഥാപനങ്ങളുടെ വളർച്ചയും പലപ്പോഴും ദേശ സുരക്ഷയുടെയും സംശയത്തിന്റെയും കണ്ണിലൂടെ വായിക്കപ്പെടുകയും ചെയ്തു. ജൗഹർ സർവകലാശാല നേരിടുന്ന പ്രതിസന്ധിയെ ഈ പശ്ചാത്തലത്തിൽ കൂടി വായിക്കുമ്പോഴാണ് അത് ഒറ്റപ്പെട്ട നിയമ തർക്കമല്ലെന്നും, കഴിഞ്ഞ ഒരു പതിറ്റാണ്ടുകളായി മുസ്‍ലിം വിദ്യാഭ്യാസത്തെ ചുറ്റിപ്പറ്റി രൂപപ്പെട്ട രാഷ്ട്രീയത്തിന്റെ ഏറ്റവും പുതിയ അധ്യായമാണെന്നും നമുക്ക് വ്യക്തമാകുന്നത്.

വിദ്യാഭ്യാസ അവകാശത്തിൽ നിന്ന് അതിജീവന രാഷ്ട്രീയത്തിലേക്ക്

എന്നാൽ ഈ മാറ്റത്തെ ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ വളർച്ചകൊണ്ട് മാത്രം വിശദീകരിക്കാൻ കഴിയില്ല. അതിനോടുള്ള ഇന്ത്യൻ സിവിൽ രാഷ്ട്രീയത്തിന്റെ പ്രതികരണവും ഈ പുതിയ രാഷ്ട്രീയ ഭാഷയെ രൂപപ്പെടുത്തുന്നതിൽ നിർണായക പങ്കുവഹിച്ചിട്ടുണ്ട്. 2014ന് ശേഷം മുസ്‍ലിം ചോദ്യങ്ങൾ വിദ്യാഭ്യാസം, തൊഴിൽ, ക്ഷേമം, വികസനം തുടങ്ങിയ അവകാശ രാഷ്ട്രീയത്തിന്റെ ചട്ടക്കൂടിൽ നിന്ന് ക്രമേണ അതിജീവന രാഷ്ട്രീയത്തിന്റെ ചട്ടക്കൂടിലേക്കാണ് പ്രവേശിച്ചത്. മുസ്‍ലിംകൾക്ക് കൂടുതൽ വിദ്യാഭ്യാസ അവസരങ്ങൾ എങ്ങനെ ഉറപ്പാക്കാം എന്ന ചോദ്യത്തേക്കാൾ, മുസ്‍ലിംകൾക്ക് സുരക്ഷിതമായി ജീവിക്കാനാകുമോ, പൗരന്മാരായി അംഗീകരിക്കപ്പെടുമോ, സ്വന്തം സാമൂഹിക സ്ഥാപനങ്ങൾ നിലനിർത്താനാകുമോ എന്ന ചോദ്യങ്ങളാണ് കൂടുതൽ പ്രസക്തമായത്. അങ്ങനെ വിദ്യാഭ്യാസത്തിനുള്ള അവകാശം, തൊഴിലെടുക്കാനുള്ള അവകാശം, യാത്ര ചെയ്യാനുള്ള അവകാശം, പ്രണയിക്കാനുള്ള അവകാശം, വ്യാപാരം ചെയ്യാനുള്ള അവകാശം, നിയമത്തിന് മുൻപിൽ തുല്യതക്കുള്ള അവകാശം, ആവിഷ്കാര സ്വാതന്ത്ര്യ അവകാശം തുടങ്ങിയവയെല്ലാം ഒടുവിൽ ജീവിക്കാനുള്ള അവകാശത്തിന്റെയും പൗരന്മാരായിരിക്കുക എന്ന അവകാശത്തിന്റെയും കീഴിൽ പ്രവേശിക്കപ്പെട്ടു. മറ്റൊരു തരത്തിൽ പറഞ്ഞാൽ, അവകാശ രാഷ്ട്രീയത്തിന് മുമ്പ് ‘അവകാശങ്ങൾ ഉണ്ടാകാനുള്ള അവകാശം’ എന്ന ചോദ്യം മുസ്‍ലിം രാഷ്ട്രീയത്തിന്റെ ഭാഷയായി മാറി.

ഈ മാറ്റം മുസ്‍ലിം അവകാശങ്ങളെ മാത്രമല്ല, അതിനോടുള്ള സിവിൽ രാഷ്ട്രീയത്തിന്റെ സമീപനത്തെയും സ്വാധീനിച്ചു. മുസ്‍ലിംകളെ സംബന്ധിക്കുന്ന ഒരു ചോദ്യത്തെ മുസ്‍ലിം ചോദ്യമായി തന്നെ അംഗീകരിക്കാൻ സിവിൽ രാഷ്ട്രീയത്തിന് ക്രമേണ സാധിക്കാതെ വന്നു .ഒരു വശത്ത്, മുസ്‍ലിംകളെ സംബന്ധിക്കുന്ന വിഷയങ്ങളിൽ ഇടപെടുന്നത് ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ ധ്രുവീകരണ യുക്തിക്കുള്ളിൽ അകപ്പെടുമെന്ന ആശങ്ക.മറുവശത്ത്, മുസ്‍ലിം രാഷ്ട്രീയത്തിന് സ്വതന്ത്രമായ കാർമികത്വം ഉണ്ടെന്ന യാഥാർഥ്യം അംഗീകരിക്കുന്നതിലൂടെ പരമ്പരാഗതമായി കൊണ്ടു നടന്ന രക്ഷാധികാര രാഷ്ട്രീയത്തിന്റെ സ്ഥാനം ഇല്ലാതാകും എന്ന ആശങ്ക. ഇതിന്റെ ഫലമായി മുസ്‍ലിം രാഷ്ട്രീയത്തോട് സിവിൽ രാഷ്ട്രീയം നാല് രീതികളിലുള്ള സമീപനം സ്വീകരിക്കാൻ തുടങ്ങി. ഒന്നുകിൽ നിശ്ബ്ദത പാലിക്കുക, അല്ലെങ്കിൽ പ്രതീകാത്മകമായ ഐക്യദാർഢ്യം പ്രഖ്യാപിക്കുക, അതുമല്ലെങ്കിൽ മുസ്‍ലിംകളുടെ അവകാശ രാഷ്ട്രീയത്തിന്റെ ഭാഷയെ നിരന്തരം സംശയത്തോടെ സമീപിക്കുക, അല്ലെങ്കിൽ അവരെ വീണ്ടും തങ്ങളുടെ രാഷ്ട്രീയ പ്രതിനിധാനത്തിനുള്ളിൽ ഉൾപ്പെടുത്താൻ ശ്രമിക്കുക. ചുരുക്കത്തിൽ മുസ്‍ലിംകളുടെ രാഷ്ട്രീയ ചോദ്യങ്ങളെ അവരുടെ സ്വന്തം അനുഭവങ്ങളിൽ നിന്ന് ഉയരുന്ന ജനാധിപത്യ അവകാശ ചോദ്യങ്ങളായി ഉൾകൊള്ളുന്ന പ്രവണത താരതമ്യേന കുറയുകയും ചെയ്തു.

പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രക്ഷോഭം ഈ വൈരുധ്യത്തെ ഓർമ്മിപ്പിക്കുന്ന ഉദാഹരണമാണ്. ആ സമരം വിശാലമായ ജനാധിപത്യ ഐക്യദാർഢ്യ രാഷ്ട്രീയം സൃഷ്ടിച്ചുവെന്നതിൽ സംശയമില്ല. എന്നാൽ അതേ സമയം ‘ഇത് മുസ്‍ലിംകളുടെ പ്രശ്നമല്ല, ഭരണഘടനയുടെ പ്രശ്നമാണ്’, ‘ഇത് മതേതര ഇന്ത്യയുടെ പ്രശ്നമാണ്’ എന്ന രാഷ്ട്രീയ ഭാഷ വ്യാപകമായി ഉപയോഗിക്കപ്പെട്ടു. ഈ ഭാഷക്ക് അതിന്റേതായ രാഷ്ട്രീയ പ്രസക്തിയുണ്ടാകുമ്പോൾ തന്നെ മുസ്‍ലിം രാഷ്ട്രീയ അനുഭവങ്ങളുടെ കർതൃത്വത്തെ അംഗീകരിക്കുന്നതിന്

പകരം, അതിനെ ‘പൊതു’ സ്വീകാര്യമായ മറ്റൊരു ഭാഷയിലേക്ക് വിവർത്തനം ചെയ്യണമെന്ന അലിഖിതമായ രാഷ്ട്രീയ യുക്തിയും ശക്തമായിരുന്നു. മുസ്‍ലിം പ്രശ്നങ്ങൾക്കും അവകാശങ്ങൾക്കും സിവിൽ രാഷ്ട്രീയത്തിനുള്ളിലും, മുഖ്യധാരാ രാഷ്ട്രീയത്തിനുള്ളിലും സ്വീകാര്യത ലഭിക്കണമെങ്കിൽ ആദ്യം മുസ്‍ലിം പ്രശ്നങ്ങളല്ലെന്ന് തെളിയിക്കേണ്ടി വരുന്ന അവസ്ഥയുടെ ഉദാഹരണമാണ് ഇവിടെ ചൂണ്ടികാണിച്ചത്. മുസ്‍ലിം വിദ്യാഭ്യാസ അവകാശ രാഷ്ട്രീയത്തിൽ പ്രതിഫലിക്കുന്നതും ഇത് തന്നെയാണ്. അതുകൊണ്ടാണ് ജൗഹർ സർവകലാശാല നേരിടുന്ന പ്രശ്നം ദേശീയ പ്രാധാന്യമുള്ള ഒരു വിദ്യാഭ്യാസ അവകാശ പ്രശ്നമായും, പ്രക്ഷോഭ വിഷയമായും ഏറ്റെടുക്കപ്പെടാതെ പോകുന്നത് എന്ന് മനസ്സിലാക്കാൻ സാധിക്കും. ഒരു സർവകലാശാലയുടെ നിലനിൽപ്പ്, ആയിരക്കണക്കിന് വിദ്യാർഥികളുടെ വിദ്യാഭ്യാസ ഭാവി,ആ പ്രദേശത്തെ ഒരു തലമുറയുടെ ഉന്നതവിദ്യാഭ്യാസ സ്വപ്നങ്ങൾ, എന്നിവയെക്കുറിച്ചുള്ള ചോദ്യങ്ങൾ പോലും വിദ്യാഭ്യാസത്തിന്റെ ഭാഷയിൽ നിന്ന് അകറ്റപ്പെടുകയാണ്. നിയമം, ഭരണകൂട നടപടികൾ, ദേശ സുരക്ഷ, രാഷ്ട്രീയ പകപോക്കൽ എന്നിവയുടെ ഭാഷയിലാണ് അതെല്ലാം വിവർത്തനം ചെയ്യപ്പെടുന്നത്. അതുകൊണ്ട് തന്നെ ജൗഹർ സർവകലാശാലയെക്കുറിച്ചുള്ള പ്രധിസന്ധികൾ ഭൂമിയെ സംബന്ധിച്ച വിവാദത്തിന്റെയോ, അസം ഖാൻ എന്ന രാഷ്ട്രീയ നേതാവിനെതിരായ നടപടികളുടെയോ മാത്രം പ്രശ്നമല്ല. ഇന്ത്യയിലെ മുസ്‍ലിം വിദ്യാഭ്യാസം എപ്പോഴാണ് വിദ്യാഭ്യാസ പ്രശ്നമല്ലാതായത് എന്ന അടിസ്ഥാനപരമായ രാഷ്ട്രീയ ചോദ്യത്തെകുറിച്ചുള്ള ഓർമപ്പെടുത്തലാണത്.

വീടുകളും പള്ളികളും മദ്റസകളും കച്ചവട സ്ഥാപനങ്ങളും ബുൾഡോസറിലൂടെ തകർക്കപ്പെട്ട അനുഭവങ്ങളുടെ തുടർച്ചയിൽ ഒരു സർവകലാശാലയും ഉൾപ്പെടുമ്പോൾ അതിന് മറ്റൊരു രാഷ്ട്രീയ അർഥം കൂടി കൈവരുന്നുണ്ട്. ഒരു സർവകലാശാല എന്നത് ഓരോ പൗരന്റെയും വിദ്യാർഥിയുടെയും ഭാവനയിൽ, രാഷ്ട്ര പുരോഗതി, സമൂഹത്തിന്റെ വളർച്ച, അറിവ്, ഭാവി, തൊഴിൽ എന്നിവയുടെയൊക്കെ പ്രതീകമാണ്. അത്തരത്തിലുള്ള ഒരു സ്ഥാപനം പോലും മുസ്‍ലിം സമൂഹവുമായി ബന്ധപ്പെട്ടതിനാൽ പൊളിച്ചുനീക്കലിന്റെ രാഷ്ട്രീയത്തിന് വിധേയമാകുന്നുവെങ്കിൽ, അത് ഒരു വിദ്യാഭ്യാസ സ്ഥാപനത്തെ മാത്രം ലക്ഷ്യമിടുന്ന നടപടിയായിട്ടല്ല കാണാൻ സാധിക്കുക. മുസ്‍ലിം സാന്നിധ്യമുള്ള എല്ലായിടങ്ങളിലും(പാർപ്പിടം, മസ്ജിദ്, മദ്രസ,കച്ചവടം) അതിനി ഒരു ഉന്നത സർവകലാശാലയായാലും നിരന്തരം പ്രശ്നവൽക്കരിക്കപ്പെടാമെന്ന രാഷ്ട്രീയ സന്ദേശം കൂടിയാണ് അത് നൽകുന്നത്. അതുനാൽതന്നെ ഇന്ന് മുസ്‍ലിം വിദ്യാഭ്യാസ രാഷ്ട്രീയത്തെ വിദ്യാഭ്യാസ അവകാശത്തിന്റെ രാഷ്ട്രീയം മാത്രമായി മനസ്സിലാക്കാൻ കഴിയില്ല. അത് വംശഹത്യയുടെ ഉപകരണമായ ബുൾഡോസർ രാഷ്ട്രീയത്തെയും മുസ്‍ലിം സാന്നിധ്യത്തെ പൊതുമണ്ഡലത്തിൽ നിന്നും ക്രമേണ അപ്രസക്തമാക്കാൻ ശ്രമിക്കുന്ന ഇസ്‍ലാമോഫോബിയയുടെ രാഷ്ട്രീയത്തെയും നേരിടുന്ന അതിജീവന രാഷ്ട്രീയത്തിന്റെ ഭാഗമായി പരിവർത്തിപ്പെടുകയാണ്. ഇവിടെ ഉയർന്നു വരുന്ന മറ്റൊരു ചോദ്യമിതാണ്. മുസ്‍ലിം വിദ്യാഭ്യാസത്തിന്റെ രാഷ്ട്രീയം ഇത്തരത്തിൽ മാറിക്കൊണ്ടിരിക്കുമ്പോൾ, അതിനെ ഇപ്പോഴും ഒരു വിദ്യാഭ്യാസ അവകാശ പ്രശ്നമായി തിരിച്ചറിയാനും അതിനനുസരിച്ചുള്ള ജനകീയ ഇടപെടലുകളും വിദ്യാർഥി പ്രക്ഷോഭങ്ങൾ നടത്താനും, രാഷ്ട്രീയ പ്രതികരണം നടത്താനും ഇന്ത്യയിലെ മുഖ്യധാര വിദ്യാർഥി-വിദ്യാഭ്യാസ രാഷ്ട്രീയത്തിന് കഴിയുമോ? ജൗഹർ സർവകലാശാല ഉയർത്തുന്ന ഏറ്റവും അടിസ്ഥാനപരമായ ചോദ്യവും അതാണ്.

Tags:    
News Summary - Jauhar University: Education, Identity and Bulldozer Politics

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.