ഡൽഹിയിൽ വിദ്യാർഥി-യുവജന പ്രക്ഷോഭം രാജ്യത്തെ പിടിച്ചുകുലുക്കാൻ തുടങ്ങുന്നതിന് മുമ്പ് ഒരു ദിവസം ബിഹാർ സ്കൂൾ എക്സാമിനേഷൻ ബോർഡ്, സിൻഹ ലൈബ്രറി, ഫ്രേസർ റോഡ് എന്നിവ ഒത്തുചേരുന്ന കവലയിലെ സത്തു, ലിട്ടി സ്റ്റാളുകളിലിരുന്ന് പ്രദേശവാസികൾ ചൂടൻ ചർച്ചയിലാണ്. ബാങ്കിപ്പൂർ നിയമസഭ മണ്ഡലത്തിലെ ഉപതെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന ജൻ സുരാജ് പാർട്ടി സ്ഥാനാർഥി പ്രശാന്ത് കിഷോറിനെക്കുറിച്ചാണ് സംസാരം.
‘‘വേറെ ഒരാളെപ്പറ്റിയും ചിന്തിക്കേണ്ട കാര്യമേ ഇല്ല; ഞങ്ങൾ പ്രശാന്ത് കിഷോറിന് വോട്ട് ചെയ്യും’’- ഒരു യുവാവ് പറയുന്നു. ഒരു സ്കൂൾ അധ്യാപകനെപ്പോലെ തോന്നിപ്പിക്കുന്ന, കണ്ണട ധരിച്ച മധ്യവയസ്കൻ കൂട്ടിച്ചേർക്കുന്നു ‘‘ കിഷോർ തന്നെയാണ് ഭേദം; വിദ്യാസമ്പന്നനും മാന്യനുമാണ്, യുക്തിസഹമായി സംസാരിക്കുന്നു, അനാവശ്യ വർത്തമാനങ്ങൾ പറയാറുമില്ല’’. ലിട്ടി കടക്കാരൻ പറയുന്നു- ബുദ്ധിക്ക് സ്ഥിരതയില്ലാത്തവർ മാത്രമേ പ്രശാന്ത് കിഷോറിന് പകരം വേറെ ആരെയെങ്കിലും തെരഞ്ഞെടുക്കൂ’’. കൂട്ടത്തിലൊരാൾ കൈകൾ ഉയർത്തി വിളിച്ചു പറഞ്ഞു: ‘‘അബ് കി ബാർ, പ്രശാന്ത് കിഷോർ’’
ബി.ജെ.പി, ആർ.ജെ.ഡി സ്ഥാനാർഥികളായ നീരജ് കുമാർ സിൻഹയും രേഖാ ഗുപ്തയും ഈ ചർച്ചകളിൽ ഒരിടത്തും പരാമർശിക്കപ്പെട്ടതു പോലുമില്ല. എന്നിരുന്നാലും, ഒരു വയോധികൻ പതുങ്ങിയ സ്വരത്തിൽ പറഞ്ഞു, ‘‘ആളുകൾ അദ്ദേഹത്തിന് വോട്ട് ചെയ്തേക്കാം, പക്ഷേ ജയം ആർക്കും ഉറപ്പുപറയാൻ കഴിയില്ല. ബി.ജെ.പി അദ്ദേഹത്തെ ജയിക്കാൻ അനുവദിക്കില്ല’’. മുതിർന്ന മാധ്യമപ്രവർത്തകൻ കനയ്യ ഭേലാരിയും ഈ വാദമാണ് മുന്നോട്ടുവെച്ചത്. എങ്ങനെയെന്ന് ചോദിച്ചപ്പോൾ ഭേലാരി പറഞ്ഞു: ബംഗാളിലും ഹരിയാനയിലും മഹാരാഷ്ട്രയിലും എന്താണ് സംഭവിച്ചത്? തെരഞ്ഞെടുപ്പ് കമീഷൻ മുതൽ ബൂത്തുതല ഉദ്യോഗസ്ഥർ വരെ, സി.ബി.ഐ, ഇ.ഡി, ആദായനികുതി വകുപ്പ് മുതൽ പ്രാദേശിക പൊലീസുകാരും പഞ്ചായത്തുതല ഭാരവാഹികളും വരെ ബി.ജെ.പിയുടെ സ്വാധീനത്തിലാണ്... ’’ കേൾക്കുമ്പോൾ വിചിത്രമായി തോന്നാമെങ്കിലും, പട്നയിലെ തെരുവുകളിലൂടെ സഞ്ചരിക്കുമ്പോൾ ഇരുതല മൂർച്ചയുള്ള ഒരു വായ്ത്താരിയാണ് കേൾക്കുന്നത്.
പ്രധാനമന്ത്രി നരേന്ദ്ര മോദി, വിവിധ സംസ്ഥാനങ്ങളിൽ മുഖ്യമന്ത്രിപദമലങ്കരിച്ച നിതീഷ് കുമാർ, മമത ബാനർജി, എം.കെ. സ്റ്റാലിൻ, വൈ.എസ്. ജഗൻ മോഹൻ റെഡ്ഡി, അമരീന്ദർ സിങ് തുടങ്ങിയവരുടെ തെരഞ്ഞെടുപ്പ് പ്രചാരണങ്ങൾക്ക് ചുക്കാൻ പിടിച്ച് മികച്ച തെരഞ്ഞെടുപ്പ് തന്ത്രജ്ഞൻ എന്ന ഖ്യാതി നേടിയ പ്രശാന്ത് കിഷോർ ഏതാണ്ട് നാലുവർഷം മുമ്പാണ് ജൻ സുരാജ് പാർട്ടി എന്ന സംഘടന സ്ഥാപിച്ച് സ്വന്തം സംസ്ഥാനമായ ബിഹാറിൽ സജീവ രാഷ്ട്രീയത്തിലേക്ക് ഇറങ്ങിയത്.
ഇതുവരെ ഒരു ജനപ്രതിനിധി പോലുമായിട്ടില്ലാത്ത, അഴിമതിയുടേയോ വർഗീയതയുടേയോ ഒരുവിധ കളങ്കവുമേശാത്ത പ്രശാന്ത് കിഷോറിനെതിരെ തെരുവിൽ സംസാരിക്കുന്നവർ വളരെ കുറവാണ്. അതേസമയം, അയോധ്യ രാമക്ഷേത്രത്തിലെ ‘ചഢാവ ചോരി’ (വഴിപാട് മോഷണം), ‘ചന്ദാ ചോരി’ (പിരിവ് മോഷണം) എന്നിവയെക്കുറിച്ചാണ് കൂടുതൽ ചർച്ചകൾ നടക്കുന്നത്.
വാഗ്ദാനം ചെയ്ത തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിലും, പണപ്പെരുപ്പം തടയുന്നതിലും, ‘അച്ഛേദിൻ’ കൊണ്ടുവരുന്നതിലും പരാജയപ്പെട്ടതിനാൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പൊലിമയും കുറഞ്ഞ മട്ടാണ്. ക്ഷേത്രത്തിലെ വഴിപാട് മോഷണ ആരോപണങ്ങൾ മുതൽ മധ്യപ്രദേശ് മുഖ്യമന്ത്രി മോഹൻ യാദവും അദ്ദേഹത്തിന്റെ ബന്ധുക്കളും സ്വന്തം പേരിൽ ഏക്കർ കണക്കിന് ഭൂമി വാങ്ങിക്കൂട്ടിയെന്ന ആരോപണങ്ങളും, ഒരു കേന്ദ്രമന്ത്രി വെള്ളരി കൃഷിക്കായി ഒരു കോടിയോളം രൂപ സബ്‌സിഡി തട്ടിയെടുത്തെന്ന ആരോപണങ്ങളും വരെ ബി.ജെ.പി ഭരണകൂടത്തിനെതിരെയുള്ള വാദങ്ങൾ ആളുകൾ ആവേശപൂർവം നിരത്തുന്നു.
യു.പിയുമായി അതിർത്തി പങ്കിടുന്ന പ്രദേശങ്ങളിലെ മേൽജാതിക്കാർക്കിടയിൽ യോഗി ആദിത്യനാഥിനെ പിന്തുണക്കുന്നവർ ഉണ്ടാവാം. എന്നാൽ, ബിഹാർ സമൂഹത്തിൽ അന്തർലീനമായ ഉൾക്കൊള്ളൽ സ്വഭാവം കൊണ്ടോ, ലാലു പ്രസാദ് യാദവും നിതീഷ് കുമാറും ദീർഘകാലം പ്രതിനിധീകരിച്ച സോഷ്യലിസ്റ്റ്-മതേതര രാഷ്ട്രീയത്തിന്റെ സ്വാധീനം കൊണ്ടോ ആകാം, ഉത്തർപ്രദേശിലും മധ്യപ്രദേശിലും ഗുജറാത്തിലും ചെയ്തതുപോലെ ബിഹാറിലെ ഗ്രാമങ്ങളിൽ ഹിന്ദു-മുസ്‍ലിം വിഭജനം കാര്യമായ തോതിൽ സൃഷ്ടിക്കാൻ ബി.ജെ.പിക്ക് ഇനിയും സാധിച്ചിട്ടില്ല.
ജനങ്ങൾക്ക് പ്രാദേശിക പ്രശ്നങ്ങളിൽ വലിയ താൽപര്യമുള്ളതായി കാണുന്നില്ല; അവർ കൂടുതൽ സംസാരിക്കുന്നത് നീറ്റ് ചോദ്യപേപ്പർ ചോർച്ചയെക്കുറിച്ചും, ജന്തർ മന്തറിലെ സമരത്തെക്കുറിച്ചും, ഭരണകക്ഷിയായ ബി.ജെ.പിക്കെതിരെയുള്ള അഴിമതി, വർഗീയ ആരോപണങ്ങളെക്കുറിച്ചുമാണ്. ബിഹാർ മുഖ്യമന്ത്രി സമ്രാട്ട് ചൗധരിയും ഈ ചർച്ചകളുടെ കേന്ദ്രബിന്ദുവല്ല. അദ്ദേഹം ഈ പദവിയിൽ പുതിയ ആളായതിനാൽ ഭരണവിരുദ്ധ വികാരം രൂപപ്പെട്ടിട്ടില്ല. ബിഹാർ മുഖ്യമന്ത്രിയായി അഭിഷിക്തനാകുന്നതിനുമുമ്പ്, അദ്ദേഹം നിതീഷ് കുമാറിന്റെ കീഴിൽ ഉപമുഖ്യമന്ത്രിയായിരുന്നു, പഴയ മുംഗേർ മേഖലയിലെ താരാപ്പൂരിൽ നിന്നുള്ള എം.എൽ.എയുമായിരുന്നു. സ്വന്തം മണ്ഡലത്തിനും പാർട്ടിക്കും അപ്പുറത്ത് അദ്ദേഹം അത്രയൊന്നും പരിചിതനായിരുന്നില്ല.
പ്രശാന്ത് കിഷോറിന്റെ ആരാധകർ അദ്ദേഹത്തിന്റെ വിജയത്തിന് വലിയ സാധ്യതകളാണ് കൽപിക്കുന്നത്. അദ്ദേഹത്തിന്റെ വിജയം ദേശീയ രാഷ്ട്രീയത്തിൽ സ്വാധീനം ചെലുത്തുമെന്നും സംസ്ഥാന-ദേശീയ രാഷ്ട്രീയത്തിന്റെ ഗതി മാറ്റിയേക്കുമെന്നും പറഞ്ഞ ഒരു അഭിഭാഷകൻ പ്രശാന്ത് പരാജയപ്പെട്ടാൽ അത് ബിഹാറിന്റെ നിർഭാഗ്യമായിരിക്കുമെന്നും കൂട്ടിച്ചേർക്കുന്നു. അടവുനയമാണോ എന്നറിയില്ല, ആർ.ജെ.ഡി നേതാവ് തേജസ്വി യാദവ് പ്രചാരണ രംഗത്തുനിന്ന് ഏറക്കുറെ വിട്ടുനിന്നു. അതിനാൽ, ബാങ്കിപ്പൂരിൽ മത്സരം ബി.ജെ.പിയും ജൻ സുരാജ് സ്ഥാനാർഥിയും തമ്മിലായി ചുരുങ്ങിയിരിക്കുന്നു.
2025ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ ജൻ സുരാജ് പാർട്ടിക്ക് ഒരു സീറ്റ് പോലും ലഭിച്ചിരുന്നില്ല. ബി.ജെ.പിയുടെ കോട്ടയായി കണക്കാക്കപ്പെടുന്ന മണ്ഡലത്തിൽ നിന്നാണ് പ്രശാന്തിന്റെ കന്നിയങ്കം. ചിലർ അദ്ദേഹത്തെ അരവിന്ദ് കെജ്‌രിവാളുമായി താരതമ്യം ചെയ്യുന്നുണ്ട്. എന്നാൽ, ആ താരതമ്യം അനുചിതമാണ്. ബി.ജെ.പിയോടുള്ള എതിർപ്പിനിടയിലും, ‘മൃദു ഹിന്ദുത്വം’ കാത്തുസൂക്ഷിക്കുന്നു എന്ന ആരോപണം പലപ്പോഴും നേരിട്ടിട്ടുള്ള കെജ്‌രിവാളിൽ നിന്ന് വ്യത്യസ്തമായാണ് കിഷോർ തന്റെ രാഷ്ട്രീയത്തെ രൂപപ്പെടുത്തിയിരിക്കുന്നത്.
വികസനത്തെക്കുറിച്ചുള്ള ഒരു കാഴ്ചപ്പാട് വ്യക്തമാക്കുമ്പോൾ തന്നെ, തന്റെ രാഷ്ട്രീയം മഹാത്മാഗാന്ധിയുടെയും ബി.ആർ. അംബേദ്കറുടെയും ആദർശങ്ങളിലും, സ്വാതന്ത്ര്യത്തിന് മുമ്പുള്ള കോൺഗ്രസിന്റെ ഉൾക്കൊള്ളൽ രാഷ്ട്രീയത്തിലും അധിഷ്ഠിതമാണെന്ന് പ്രശാന്ത് കിഷോർ ആവർത്തിച്ച് വ്യക്തമാക്കിയിട്ടുണ്ട്. പൗരത്വ ഭേദഗതി നിയമത്തിനും നിർദിഷ്ട ദേശീയ പൗരത്വ രജിസ്റ്ററിനും പിന്തുണ നൽകിയതിൽ പ്രതിഷേധിച്ചാണ് അദ്ദേഹം നിതീഷ് കുമാറിന്റെ ജനതാദൾ (യുനൈറ്റഡ്) വിട്ടുപോന്നതു പോലും.
ഈ കുറിപ്പുകാരന്റെ അഭിപ്രായത്തിൽ, ബാങ്കിപ്പൂരിലെ മറ്റ് എതിരാളികളുമായി താരതമ്യം ചെയ്യുമ്പോൾ പ്രശാന്ത് കിഷോർ തന്നെയാണ് ശക്തനായ സ്ഥാനാർഥി. പക്ഷേ, ഈ കുറിപ്പിനെ ഒരു നിലക്കും ഒരു പ്രവചനമായി കണക്കാക്കരുത്. പട്നയിലെ ഒരു വോട്ടർ എന്ന നിലയിൽ, പ്രശാന്ത് കിഷോറിന്റെ കഠിനാധ്വാനവും യോഗ്യതയും കണക്കിലെടുത്ത് അദ്ദേഹത്തിന് ആശംസകൾ നേരുന്നു എന്നതിനപ്പുറം, ജനവിധിയെക്കുറിച്ച് പ്രവചിക്കാൻ ആവശ്യമായ സർവേയോ ഡേറ്റാ വിശകലനമോ നടത്തിയല്ല ഈ കോളം തയാറാക്കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.