യു.പിയിലെ ബുദ്ധമത പരിപാടിയിൽ അതിക്രമം നടത്തിയ ജാതിവാദികൾ അംബേദ്‌കർ ചിത്രം നശിപ്പിച്ചപ്പോൾ

ഭാരതീയ സംസ്കാരത്തെ വീണ്ടെടുക്കാൻ

വൈവിധ്യത്തെ വളർത്തുകയും ഉൾക്കൊള്ളുകയും ചെയ്ത, ബഹുലതയുടെ മണ്ണിൽ പടർന്നു പന്തലിച്ച മഹാവൃക്ഷമാണ് ഭാരതീയ സംസ്കാരം. വൈവിധ്യം വെട്ടിമാറ്റപ്പെടുമ്പോൾ ആ വൃക്ഷത്തിന്റെ പുഷ്ടിയും നഷ്ടമാകാൻ തുടങ്ങും.

ഒരു പ്രവാചകനോ മത പണ്ഡിതരോ രൂപംകൊടുത്ത ആശയ സംഹിതയല്ല ഭാരതീയ വിചാര സമുച്ചയം. ഈ ഉപഭൂഖണ്ഡത്തിൽ ജീവിച്ച് മറഞ്ഞുപോയ അനേകം തലമുറകളിലൂടെ കൈമാറപ്പെട്ട വൈവിധ്യപൂർണമായ വിശ്വാസങ്ങളും സങ്കൽപങ്ങളും അറിവുകളും ഈ മഹാപ്രവാഹത്തിൽ സംലയിച്ചിട്ടുണ്ട്. ഈ രാജ്യത്ത് വിവിധ തരത്തിലുള്ള മനുഷ്യർ ചരിത്ര വീഥിയിലൂടെ മുന്നോട്ടുപോയ കാഴ്ച കാണാം. അനേകതരത്തിലുള്ള മനസ്സുകൾ, സ്വഭാവങ്ങൾ ഉള്ളവർ കൂടിച്ചേർന്ന് അലിഞ്ഞുചേർന്നിട്ടുണ്ട് ഇവിടെ. അതാണ് സമ്മേളനം. അതുപോലെ ഭിന്നവാദങ്ങൾ ഉള്ളവരെല്ലാം കൂടെ ചർച്ച ചെയ്ത് സമവായത്തിലെത്തുകയാണ് സംവാദം. നമ്മുടെ അറിവുകൾ, സമൂഹത്തിന്റെ ഏക മാർഗ സഞ്ചാരത്തിനുള്ള ശക്തിയാക്കി മാറ്റുന്നതാണ് സംജ്ഞാനം. പ്രാർഥനയാണത്, ഇന്നും ഫലിക്കാത്ത പ്രാർഥന.

ഇവിടെ ഒന്നിച്ചുള്ള സഞ്ചാരത്തെ തടസ്സപ്പെടുത്തുന്നത് ബ്രാഹ്മണിക് ജാതി പ്രത്യയശാസ്ത്രമാണ്. അവർ സാമൂഹിക ജീവിതത്തിന്റെ അന്തരീക്ഷമാകെ മലിനമാക്കിയതു കൊണ്ട്, എതിരിടുന്നവർക്കുപോലും അതിൽനിന്ന് പുറത്തുകടക്കുക അത്ര എളുപ്പമല്ല. ആരും പഠിപ്പിക്കാതെ തന്നെ ജാതി സ്വയം പരിശീലിക്കപ്പെടുന്നതിനാൽ, ജാതിയോട് എതിരിടുന്ന വിവിധ മതങ്ങളിലേക്കും, എന്തിന് മതരഹിത വ്യക്തികളിലേക്കും വരെ ഇടിച്ചുകയറാനുള്ള അതിന്റെ കഴിവിന് സമകാല ഇന്ത്യൻ ജീവിതം സാക്ഷ്യംവഹിക്കും.

സംരക്ഷിക്കപ്പെടേണ്ടത് വർണവ്യവസ്ഥയാണ് എന്ന് ബ്രാഹ്മണ്യം പറയുമ്പോൾ, ഇവിടെ സംരക്ഷിക്കപ്പെടേണ്ടതിനെ മുഴുവൻ നശിപ്പിച്ചതും നശിപ്പിച്ചുകൊണ്ടിരിക്കുന്നതും ഈ ജാതി വ്യവസ്ഥയാണ് എന്ന് സമൂഹത്തെ ഓർമിപ്പിച്ച് യുവത മുന്നോട്ടുവരണം. അത്തരമൊരു ഓർമപ്പെടുത്തൽ ഭാരതീയ സംസ്കാരത്തിന്റെ വൈവിധ്യത്തെ പുറത്തുകൊണ്ടുവരും.

മനുഷ്യജീവിതത്തെ ശുദ്ധം, അശുദ്ധം തുടങ്ങിയ അവസ്ഥകളിലേക്ക് സങ്കോചിപ്പിക്കുമ്പോൾ നവോത്ഥാനം ആട്ടിയോടിച്ച അയിത്തമാണ് ശുദ്ധി കർമത്തിലൂടെ തിരിച്ചുവന്ന് ആനന്ദനൃത്തം ചവിട്ടുന്നത്.

മനുഷ്യരെ മറ്റു ജീവികളിൽ നിന്ന് വ്യത്യസ്തരാക്കുന്നത് സങ്കൽപനത്തിന്, ഭാവനക്കുള്ള അനന്തമായ കഴിവാണ്. അവരുടെ സ്വതന്ത്രമായ ആവിഷ്കാരങ്ങൾക്ക് നിദാനവും അതുതന്നെ. അതേ കഴിവ് സമർഥമായി ഉപയോഗിച്ചു തന്നെയാണ് മനുഷ്യരിൽ ചിലർ വലിയ ഒരുകൂട്ടം ജനതക്കുമേൽ ആധിപത്യം ഉറപ്പിക്കുന്നത്. മിത്തുകൾ, ആചാരങ്ങൾ, മതവിശ്വാസം, ദേശീയത എന്നിവയെല്ലാം സങ്കൽപ രൂപങ്ങളാണ്. മനുഷ്യരെ ഒരു പ്രത്യേക ജീവിത ശീലങ്ങളിലേക്കും താളത്തിലേക്കും കൊണ്ടുവരാൻ ഇതുകൊണ്ട് സാധിക്കുന്നു.

നമ്മുടെ സാമൂഹിക ഘടന അധികാര വ്യവസ്ഥയിൽ അധിഷ്ഠിതമാണ്. പുരുഷാധികാരം, സാമ്പത്തികാധികാരം, സാമൂഹിക സ്ഥാനങ്ങൾ നൽകുന്ന അധികാരം, എല്ലാറ്റിനും മേലെ ജാത്യാധികാരവും. ജാതി നിർമാർജനം ഉപരിതലത്തിൽ മാത്രം സാധിതമാക്കിയ ഒരു ജനതയാണ് നാം. അതിന്നും മനസ്സുകളിൽ വസിക്കുന്നു.

ബഹുസ്വരതകളെ നിഷേധിക്കുന്ന, വിമർശനങ്ങളെ തമസ്കരിക്കുന്ന, ശുദ്ധവായു കടക്കാത്ത ഏകതാനമായ അധികാര പ്രവണതയുടെ ക്രൂര ദംഷ്ട്രകളുള്ള ബ്രാഹ്മണിക്കൽ ഘടനയെ ഇന്ത്യയിൽ ആദ്യമായി ചോദ്യം ചെയ്തത് ഗൗതമ ബുദ്ധനാണ്. തന്നോടൊപ്പമുള്ള മനുഷ്യരുടെ ജീവിതത്തിൽ അന്തസ്സും സ്വാതന്ത്ര്യവും ഉയർത്തിപ്പിടിക്കാനായിരുന്നു അത്. വ്യവസ്ഥാപിതമായതിനെ, മൃതമായതിനെ, യാഥാസ്ഥിതികമായതിനെ, മനുഷ്യവിരുദ്ധമായതിനെ ചോദ്യം ചെയ്യുക എന്നത് ജീവനുള്ള സമൂഹത്തിന്റെ ലക്ഷണമാണ്. ബ്രാഹ്മണിസവും ഗൗതമബുദ്ധന്റെ ശ്രമണധാരയും സംവത്സരങ്ങൾ നിലനിന്നു. ബി.സി മൂന്നാം നൂറ്റാണ്ടിലെ അശോക ശിലാലിഖിതങ്ങൾ മുതൽ എ.ഡി പത്താം നൂറ്റാണ്ടിലെ അൽ- ബിറൂണിയുടെ ഇന്ത്യയെ പറ്റിയുള്ള വിവരണങ്ങളിൽവരെ ഈ രണ്ട് വ്യത്യസ്ത അധികാര ഘടനകളെ പറ്റിയുള്ള ചിത്രങ്ങൾ കാണാം. കുറെപേർ യാതൊരു ചോദ്യവും ചോദിക്കാതെ വിശ്വസിക്കുകയും കുറച്ചുപേർ ചോദ്യമുയർത്തുകയും ചെയ്തപ്പോൾ, ലോകായതന്മാർ എന്ന ചാർവാകർ എല്ലാ ദാർശനിക സംഘങ്ങൾക്കും എതിരായിരുന്നു. അവർ ജീവിതത്തെ ഭൗതികതയിൽ കണ്ടു. അവരുടേതായ പാഠങ്ങളൊന്നും ഇന്ന് അവശേഷിക്കുന്നില്ലെങ്കിലും അവർ ചരിത്രത്തിൽ പലയിടങ്ങളിലായി പ്രത്യക്ഷപ്പെടുന്നു.

കൽബുർഗി, പൻസാരെ, ധബോൽക്കർ, കെ.എസ്. ഭാർഗവ, ഗൗരി ലങ്കേഷ് തുടങ്ങിയവർ നമ്മുടെ കാലത്തെ അത്തരത്തിൽ പ്രതിനിധാനംചെയ്തവരാണ്. ബ്രാഹ്മണ്യത്തിന്റെ കണ്ണിൽ ശ്രമണരും ചാർവാകരും ആജീവകരും യുക്തിവാദികളും നാസ്തികരും ഭൗതികവാദികളും ഒരേ ഗണത്തിൽപ്പെട്ടവരാണ്.

മനു ധർമശാസ്ത്രം അവരെ ആക്രമണോത്സുകമായാണ് നേരിട്ടത്. ബ്രാഹ്മണിക്കൽ അധികാരഘടന ഇന്ത്യയിൽ സൃഷ്ടിക്കാനിരിക്കുന്ന വിഭാഗീയതയുടെയും അസഹിഷ്ണുതയുടെയും ക്രൂരമുഖങ്ങൾ മനസ്സിലാക്കിയിരുന്നു ഡോ. ബി.ആർ. അംബേദ്കറും ജവഹർലാൽ നെഹ്റും. ശ്രമണധാരകളിൽപ്പെട്ട ചിന്തകർക്കും ബുദ്ധിജീവികൾക്കും വിദ്യാഭ്യാസ വിചക്ഷകർക്കും ചരിത്രകാരന്മാർക്കും ശാസ്ത്രജ്ഞർക്കും എഴുത്തുകാർക്കും നെഹ്റു പരിഗണന നൽകി. ഇന്ന് അതിനു പകരം കടുത്ത യാഥാസ്ഥിതിക ചിന്തകൾ സമഗ്രാധിപത്യം പുലർത്തുന്നു. നെഹ്റുവും ഗാന്ധിയും അംബേദ്കറും സൃഷ്ടിച്ച ജനാധിപത്യത്തിന്റെ ലിബറൽ സ്പേസ് ഇന്നില്ല. ഗൗതമബുദ്ധന്റെ കാലം മുതൽ ബ്രാഹ്മണിക്കൽ അധീശത്വം ഇന്ത്യൻ ലിബറൽ സ്പേസിനെ തമസ്കരിക്കുന്നത് കാണാൻ കഴിയും.

ഇന്ന് ബ്രാഹ്മണിക്കൽ അധികാരരൂപം രണ്ടു വിധത്തിൽ ഇന്ത്യയുടെ ജനാധിപത്യ ഇടത്തെ അധീശപ്പെടുത്തുന്നു. ഒന്ന്, ഹിന്ദുത്വയുടെ ക്രൂരമായ പേശീബലത്താൽ ഒരു ബ്രാഹ്മണിക്കൽ ഹിന്ദുമതം സൃഷ്ടിച്ച് മറ്റെല്ലാ ചിന്താധാരകളെയും തമസ്കരിച്ചു കൊണ്ട്, മറ്റു ചിന്താധാരകൾ ഉൾക്കൊള്ളുന്ന സ്ഥാപനങ്ങളെ, വ്യക്തികളെ, ആശയങ്ങളെ, കലാരൂപങ്ങളെ ആക്രമിച്ചു കൊണ്ട്. മറ്റൊന്ന്, പാശ്ചാത്യ നാഗരികതയുടെ ബ്രാഹ്മണിക്കലായ വികസനമാതൃകയിലൂന്നി ജനങ്ങളുടെ വിഭവങ്ങളും അറിവുകളും കീഴ്പ്പെടുത്തി അവരെ അടിമകളാക്കിക്കൊണ്ട്. ഇതിനു ചേർന്നതാണ് മൂലധന സമഗ്രാധിപത്യവും, ഉദാരവത്കരണം കൊണ്ടുവന്ന ഉപഭോഗാർത്തിയും, വിപണിയാണ് ദൈവമെന്ന സമർഥനവും. ഹിന്ദുത്വ ശക്തികൾ ഭരണഘടനയെയും ജനാധിപത്യ സ്ഥാപനങ്ങളെയും നീതിന്യായ വ്യവസ്ഥയെയും വിഷലിപ്തമാക്കുന്നതിനോടൊപ്പം സാംസ്കാരിക വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ അന്തഃസത്ത ചോർത്തിക്കളയുന്നു. സംവാദത്തിന് ഇടമില്ലാത്ത ഒരടഞ്ഞ ലോകത്തിലാണ് അവരുടെ ഉപജീവനം. ചോദ്യം ചെയ്യലില്ല, വിമർശനങ്ങളില്ല, സംവാദങ്ങളില്ല, അനുസരണവും തമസ്കരണവും മാത്രം. മിക്കവാറും രാഷ്ട്രീയ പ്രസ്ഥാനങ്ങളും ഇന്ന് അതേ വഴിയിലാണ്.

ഇരുളടഞ്ഞ കാലത്തിന്റെ പ്രാചീന വഴികളിലൂടെ ആധുനികതയുടെ പ്രകാശത്തിലേക്ക് മനുഷ്യൻ നടന്നുവന്ന ചരിത്രം പരിശോധിക്കാതെ പുതിയ ചിന്തകളിലേക്ക് കടന്നുപോകാനാവില്ല. ജീവിതം ഒരു നിശ്ചല ദൃശ്യമല്ല. ഭാവവൈവിധ്യങ്ങളുടെ അനുസ്യൂത പ്രവാഹമാണ്. ആ പ്രവാഹത്തിന്റെ തീരങ്ങളിലിരുന്ന് വൈവിധ്യങ്ങളെക്കുറിച്ച്, വ്യത്യസ്ത ആശയങ്ങളെക്കുറിച്ച് നാം ചർച്ച ചെയ്യണം. ഇന്നലത്തേതിനേക്കാൾ മെച്ചപ്പെട്ട ഒരിന്നും ഇന്നിനേക്കാൾ മെച്ചപ്പെട്ട നാളെയും എങ്ങനെ രൂപപ്പെടുത്താം എന്നാണ് ചർച്ചയാകേണ്ടത്. ഉയർന്ന ചിന്തയുടെ വിപ്ലവാത്മകമായ ഇടപെടൽ ലോകത്തിന്റെ ഗതി വ്യതിയാനപ്പെടുത്തിയിട്ടുണ്ട്. അടിമപ്പെട്ടുപോയവരുടെ വിമോചനം സാധ്യമാകുമ്പോഴാണ് സമത്വം, നീതി, സ്വാതന്ത്ര്യം, സമാധാനം തുടങ്ങിയ മാനുഷിക ഗുണങ്ങൾക്ക് അർഥമുണ്ടാകുന്നതെന്ന് വിഭാവനം ചെയ്ത ചിന്ത ലോകത്തിന്റെ രാഷ്ട്രീയ പ്രത്യയ ശാസ്ത്രങ്ങളിൽ മികച്ചതാണ്. ജനാധിപത്യമെന്ന ആശയത്തേക്കാൾ ഫലപ്രദമായതൊന്ന് ഭരണവ്യവസ്ഥയിൽ ഇതുവരെയില്ല. അതുകൊണ്ട് ജനാധിപത്യത്തിന്റെ സാർവലൗകികമായ സാധ്യതകളെ ഇച്ഛാശക്തികൊണ്ട് ഊട്ടിയുറപ്പിക്കുക. അതിലൂടെ സമൂലമായ സാമൂഹിക മാറ്റങ്ങൾ ഉണ്ടാകുമ്പോൾ വൈവിധ്യത്തിന്റെ അപാരമായ ഭംഗി നമുക്ക് അനുഭവപ്പെടും.


Tags:    
News Summary - To reclaim Indian culture

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.