ഡോണൾഡ് ട്രംപ്
അമേരിക്കൻ പ്രസിഡന്റായി ഡോണൾഡ് ട്രംപ് രണ്ടാമതും അധികാരമേൽക്കുന്നത് ആഭ്യന്തര രാഷ്ട്രീയത്തിലെ വലിയ ധ്രുവീകരണത്തിലൊടുവിലാണ്. പ്രത്യയശാസ്ത്രപരവും നയപരവും സാംസ്കാരികവുമായ വലതുപക്ഷ വീക്ഷണത്തിന്റെ പ്ലാറ്റ്ഫോമിൽ വലിയവിഭാഗം ജനങ്ങളെ അണിനിരത്താൻ ട്രംപിന്റെ നേതൃത്വത്തിലുള്ള റിപ്പബ്ലിക്കൻ പാർട്ടിക്ക് കഴിഞ്ഞതാണ് അവരുടെ തെരഞ്ഞെടുപ്പ് വിജയത്തിന്റെ ഒരു മുഖ്യവശം. അമേരിക്കൻ രാഷ്ട്രീയം അപഗ്രഥനം ചെയ്യുന്നവർ, അന്താരാഷ്ട്ര വാദത്തിന്റെയും ഉൾവലിയൽ വാദത്തിന്റെയും രണ്ടു വിരുദ്ധധാരകൾ പരമ്പരാഗതമായി ആ രാഷ്ട്രത്തിൽ നിലനിന്നുവന്നതായി വാദിക്കാറുണ്ട്.
പലപ്പോഴും അന്താരാഷ്ട്രവാദം ലിബറലിസത്തോടും ഡെമോക്രാറ്റിക് പാർട്ടിയോടും കൂട്ടിച്ചേർത്താണ് വ്യവഹരിക്കാറുള്ളത്. അമേരിക്കയുടെ ലോക ഇടപെടൽ പരിമിതപ്പെടുത്തി ആഭ്യന്തരമായി ശക്തിപ്രാപിക്കണമെന്ന ആശയമാണ് അതിനെതിരെ മുന്നോട്ടുവെക്കപ്പെട്ടത്. ഈ ഉൾവലിയൽ സമീപനം യാഥാസ്ഥിതികവാദികളും റിപ്പബ്ലിക്കൻ പാർട്ടിയുമായും ബന്ധപ്പെടുത്തി രാഷ്ട്രീയ വിശ്ലേഷണം നടത്തിവരാറുണ്ടായിരുന്നു. ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യം ഡെമോക്രാറ്റിക് പ്രസിഡന്റ് വുഡ്റോ വിൽസണുമായി ബന്ധപ്പെടുത്തി ലിബറൽ ഇന്റർ നാഷണലിസം ഉദ്ഘോഷിക്കപ്പെട്ടിരുന്നു.
രണ്ടാം ലോക യുദ്ധത്തിനുശേഷം ഉത്തര അറ്റ്ലാന്റിക് ഉടമ്പടിയുടെ അടിസ്ഥാനത്തിലുള്ള നാറ്റോ സഖ്യത്തിന്റെ ആവിർഭാവവും ശീതസമരത്തിന്റെ ലോകസാഹചര്യവും അമേരിക്കൻ നേതൃത്വത്തിൽ സംഭവിച്ചപ്പോൾതന്നെ മേൽപറഞ്ഞ വൈരുധ്യത്തിൽ അയവുണ്ടായി. ശീതസമരാന്തരം അത്തരമൊരന്തരത്തിന് വലിയ പ്രസക്തിയില്ലാതായി. അമേരിക്കൻ സാമ്രാജ്യത്വ താൽപര്യങ്ങളും അതിന്റെ സൈനികാധിപത്യവും റിപ്പബ്ലിക്കൻ-ഡെമോക്രാറ്റിക് പ്രത്യയശാസ്ത്ര വിഭിന്നതയുടെ സാംഗത്യം വലിയ അർഥമില്ലാത്തതാക്കി.
അതേസമയം അമേരിക്കയുടെ ആഗോള രാഷ്ട്രീയ-സാമ്പത്തിക ബാന്ധവം രാജ്യത്തിന്റെ സ്വത്വവും തൊഴിലും സംസ്കാരവും നഷ്ടപ്പെടുത്തുന്നുവെന്ന യാഥാസ്ഥിതികബോധം ശക്തിപ്രാപിച്ചുവന്നു. രാഷ്ട്രീയ പാർട്ടികളും വാഷിങ്ടൻ എസ്റ്റാബ്ലിഷ്മെന്റും ഏകതാന സ്വഭാവം വെച്ചുപുലർത്തുമ്പോൾ യാഥാസ്ഥിതിക പക്ഷം അതിനെതിരെ ശക്തമായി മുന്നോട്ടുവരുന്നതാണ് കഴിഞ്ഞ രണ്ടു ദശകങ്ങളിൽ പ്രത്യേകിച്ചും നാം കാണുന്നത്. ഡോണൾഡ് ട്രംപിന്റെ വിജയം വലിയൊരളവോളം അത്തരം ശക്തികളെ ഒരുമിപ്പിച്ചതിന്റെയും വിപുലപ്പെടുത്തിയതിന്റെയും ഫലമാണ്.
ട്രംപ് വീണ്ടും അധികാരമേൽക്കുന്നത് അമേരിക്കൻ സമൂഹത്തിലെ എല്ലാ തീവ്രവലതുപക്ഷ ശക്തികളും ശാക്തീകരിക്കപ്പെടുന്ന സന്ദർഭത്തിലാണ്. കുടിയേറ്റത്തിനെതിരെയുള്ള ട്രംപിന്റെ നിലപാടിന് വലിയതോതിലുള്ള സാമൂഹ്യ പിൻബലം ഇന്ന് ലഭ്യമാണ്. അമേരിക്കൻ സമ്പദ് വ്യവസ്ഥയുടെ ആവശ്യങ്ങളും ഇത്തരം കുടിയേറ്റ വിരുദ്ധ നിലപാടുകളും ഏത് പരിധിവരെ ഒന്നിച്ചുകൊണ്ടുപോകാൻ കഴിയുമെന്നത് ആലോചിക്കാവുന്നതേയുള്ളൂ. അധികാരമേറ്റെടുക്കുന്നതിന്റെ അടുത്ത ദിവസം തന്നെ, ഷികാഗോയിൽ അനേകം കേന്ദ്രങ്ങളിൽ നൂറുകണക്കിന് കസ്റ്റംസ്-ഇമിഗ്രേഷൻ ഓഫിസർമാരുടെ നേതൃത്വത്തിൽ റെയ്ഡ് നടത്താനും വേണ്ട രേഖകളില്ലാത്തവരെ നാടുകടത്താനുമുള്ള പ്രക്രിയ ആരംഭിക്കുമെന്നാണ് അറിയാൻ കഴിയുന്നത്. രാജ്യവ്യാപകമായ നീക്കത്തിന്റെ ആദ്യപടിയാണിത്. അമേരിക്കയിൽ ‘നിയമവിരുദ്ധ’മായി എത്തിയിട്ടുള്ള ആളുകളെ പാർപ്പിക്കാനുള്ള ക്യാമ്പുകളും ആരംഭിക്കാൻ നീക്കമുണ്ട്.
വിദഗ്ധ തൊഴിലാളികൾക്കായി നൽകിവരുന്ന വിസ നിർത്തലാക്കണമെന്ന് വലതുപക്ഷ ട്രംപനുകൂലികൾ ആവശ്യപ്പെടുമ്പോൾ, അവരുടെ മറ്റാശയഗതികൾ പിൻപറ്റുന്ന ഇലോൺ മസ്കും വിവേക് രാമസ്വാമിയുമൊക്കെ ഇക്കാര്യത്തിൽ വിയോജിക്കുന്നത് തെരഞ്ഞെടുപ്പിനുശേഷം നാം കണ്ടതാണ്. ടെക് കമ്പനികളുടെ താൽപര്യസംരക്ഷണ കാര്യത്തിൽ ട്രംപ് മസ്കിന്റെയൊക്കെ നിലപാടുമായി യോജിക്കുന്നതും കാണാൻ സാധിക്കും. കമ്പനി നേതൃത്വങ്ങളും ഭരണകൂടവും ഒന്നിച്ചുചേർന്ന് അമേരിക്കയിലെ സാധാരണക്കാരെ ചൂഷണം ചെയ്യുന്ന ഒരു ‘പുതിയ പ്രഭുവർഗം’ ഉയർന്നുവന്നിട്ടുണ്ടെന്ന് പറയുന്നത് മറ്റാരുമല്ല, സ്ഥാനമൊഴിയുന്ന പ്രസിഡന്റ് ജോബൈഡൻ തന്നെയാണ്. തന്റെ വിടവാങ്ങൽ പ്രസംഗത്തിൽ ബൈഡൻ ചൂണ്ടിക്കാണിക്കുന്നത് ഒരു ‘ടെക്നോ ഇൻഡസ്ട്രിയൽ കോംപ്ലക്സ്’ അമേരിക്കയിൽ ഉയർന്നുവന്നുകൊണ്ടിരിക്കുന്നു എന്നാണ്.
വിദേശനയത്തിന്റെ കാര്യത്തിലും പ്രകടമായ മാറ്റങ്ങളാണ് ട്രംപ് ഭരണത്തിൽനിന്ന് പ്രതീക്ഷിക്കുന്നത്. പല നയങ്ങളും ദീർഘാലോചനയുടെ ഫലം തന്നെയാവണമെന്നില്ല. ക്ഷിപ്ര പ്രതികരണങ്ങൾ വലിയ പ്രത്യാഘാതമുണ്ടാക്കുന്നത് കാണാൻ കഴിയും. തെരഞ്ഞെടുപ്പ് വിജയത്തെത്തുടർന്ന് അയൽ രാജ്യങ്ങളടക്കം ഒട്ടേറെ ലോകരാജ്യങ്ങളിൽനിന്നുള്ള ഇറക്കുമതിക്ക് മുപ്പതുശതമാനംവരെ താരിഫ് ഏർപ്പെടുത്തുമെന്ന പ്രഖ്യാപനം സൃഷ്ടിച്ചിട്ടുള്ള അനിശ്ചിതത്വം തുടരുകയാണ്.
അയൽ രാജ്യങ്ങളായ മെക്സികോയോടും കാനഡയോടും അതിർത്തിയുടെയും വ്യാപാരത്തിന്റെയും കുടിയേറ്റത്തിന്റെയും കാര്യത്തിലെടുത്തിട്ടുള്ള ആജ്ഞാ സ്വരം പരസ്പര ബന്ധങ്ങളിൽ അസ്വാരസ്യമുണ്ടാക്കിയിട്ടുണ്ട്. പനാമ കനാലിന്റെയും ഗ്രീൻ ലാൻഡിന്റെയും മേൽ സാമ്രാജ്യത്വ ആധിപത്യ നീക്കങ്ങളാണ് നടത്തുന്നത്. നാറ്റോയുടെ കുടിശ്ശികയടക്കാൻ യൂറോപ്യൻ അംഗരാഷ്ട്രങ്ങളോട് ആവശ്യപ്പെടുന്നതും നാറ്റോയുടെതന്നെ സമകാലിക സാംഗത്യത്തിലുള്ള ഭാഗികമെങ്കിലുമായ അവിശ്വാസ്യതയും യൂറോപ്പുമായുള്ള ബന്ധത്തിൽ പരമ്പരാഗതമായുണ്ടായ നിശ്ചിതത്തിന് ഭംഗം വരുത്തുന്നുണ്ട്. റഷ്യയോട് അമേരിക്കൻ രാഷ്ട്രീയനേതൃത്വം പരമ്പരാഗതമായി പുലർത്തിവന്ന ശത്രുതാ മനോഭാവം ഒന്നാം ഊഴത്തിൽതന്നെ മാറ്റിയെടുക്കാൻ ട്രംപ് ശ്രമിച്ചിരുന്നു. വ്ലാദിമിർ പുടിനുമായുള്ള സൗഹൃദത്തിലൂടെ അങ്ങനെയുള്ള മാറ്റം കൊണ്ടുവരുന്നതിന് ട്രംപ് നടത്തിയ ശ്രമങ്ങൾ വാഷിങ്ടണിലെ പരമ്പരാഗത വ്യവസ്ഥയുടെ എതിർപ്പുകൊണ്ട് വലിയ വിജയത്തിലെത്തിയിരുന്നില്ല. ഈ ശ്രമം തുടരുമെന്നാണ് കരുതേണ്ടത്.
പശ്ചിമേഷ്യയെ സംബന്ധിച്ചിടത്തോളം അധികാരമേൽക്കുന്നതിന് മുമ്പുതന്നെ തന്റെ പരിശ്രമം വിജയിച്ചതായി ട്രംപ് അവകാശപ്പെടുന്നു. ഗസയുടെ കാര്യത്തിൽ ഹമാസുമായി വെടിനിർത്തലിനും ബന്ദി കൈമാറ്റത്തിനുമായുള്ള ഒത്തുതീർപ്പിലെത്തുന്നതിന് നെതന്യാഹുവിനെ നിർബന്ധിക്കാൻ സ്റ്റീവ് വിറ്റ്ക്കോഫ് എന്ന തന്റെ പശ്ചിമേഷ്യൻ പ്രതിനിധിക്ക് കഴിഞ്ഞുവെന്നാണ് ട്രംപ് പറയുന്നത്. അതിൽ വാസ്തവമുണ്ടുതാനും. പശ്ചിമേഷ്യയുടെ കാര്യത്തിലാണ് അമേരിക്കയുടെ യാഥാസ്ഥിതിക പക്ഷം ഏറെക്കാലം മുമ്പ് സ്വീകരിച്ച ഉൾവലിയൽ നയം ശീതസമരാനന്തരം തകിടംമറിക്കപ്പെട്ടത്. ‘നവ യാഥാസ്ഥിതികർ’ ജോർജ് ബുഷ് കാലത്ത് എടുത്ത നിലപാട്, സോവിയറ്റ് ചേരിയുടെ പതനം നൽകിയ സാഹചര്യം മുതലെടുത്ത് അമേരിക്കയുടെ ആധിപത്യമുറപ്പിക്കണമെന്നതാണ്. ട്രംപിന്റെ റിപ്പബ്ലിക്കൻ നിലപാട് ഇതിൽനിന്ന് എത്ര ഭിന്നമാണെന്ന് കണ്ടുതന്നെ അറിയണം.
ട്രംപിന്റെ സ്ഥാനാരോഹണത്തെ വാഷിങ്ടണും രാജ്യത്തിന്റെ പല ഭാഗങ്ങളും എതിരേറ്റത് വലിയ പ്രതിഷേധ പ്രകടനങ്ങളോടെയാണ്. തലസ്ഥാനത്തെ ജനകീയ മാർച്ചിൽ പതിനായിരങ്ങളുടെ പങ്കാളിത്തമുണ്ടായിരുന്നു. മനുഷ്യാവകാശ സംഘടനകൾ, സ്ത്രീ സംഘടനകൾ, ബ്ലാക് ലൈവ്സ് മാറ്റർ പ്രവർത്തകർ മുതലായവർ തെരഞ്ഞെടുപ്പിനുശേഷവും ജനകീയ പ്രതിപക്ഷ ഇടം നിലനിർത്താൻ ശ്രമിക്കുകയാണ് ചെയ്യുന്നത്. ട്രംപിന്റെ കുടിയേറ്റവിരുദ്ധ നയങ്ങളും അവക്കെതിരെയുള്ള ബലപ്രയോഗവും ഒക്കെ ഉണ്ടാക്കുന്ന സാഹചര്യം ഏറെ കലുഷിതമാകാനാണ് വഴി. സംഭവബഹുലമായ ഒരു രാഷ്ട്രീയ കാലാവസ്ഥയാണ് ട്രംപിന്റെ രണ്ടാം വരവോടെ നമ്മെ കാത്തിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.