ഗ്രഹണം കഴിഞ്ഞു, ഉദയസൂര്യന്‍ വർധിതശോഭയോടെ തമിഴ്‌നാട് രാഷ്ട്രീയത്തില്‍ വീണ്ടും. 2ജി സ്‌പെക്ട്രം അഴിമതിക്കേസില്‍ മുന്‍ മന്ത്രി എ.രാജയും രാജ്യസഭാ എം.പി കനിമൊഴിയും അടക്കം എല്ലാ പ്രതികളേയും തെളിവിന്‍റെ അഭാവത്തില്‍ വെറുതെ വിട്ടുകൊണ്ടുള്ള കോടതിവിധി ഡി.എം.കെക്ക് പുതുജീവന്‍ പകര്‍ന്നിരിക്കുന്നു. കോടതി വിധിയോട് പ്രതികരിച്ചുകൊണ്ട് കനിമൊഴി പറഞ്ഞപോലെ പാര്‍ട്ടി അണികള്‍ ആവേശഭരിതരായിരിക്കുന്നു. പാര്‍ട്ടിക്ക് 2019 ലെ പൊതുതെരഞ്ഞെടുപ്പിനെ നേരിടാനുള്ള പുതിയ ഊര്‍ജം പകര്‍ന്നുനല്‍കുന്നതാണ് ഈ വിധി. എതിര്‍പക്ഷത്ത്, എ.ഐ.എ.ഡി.എം കെയില്‍ ജയലളിതയെപ്പോലുള്ളൊരു നേതാവിന്‍റെ അഭാവം സൃഷ്ടിച്ചിട്ടുള്ള ശൈഥില്യംകൂടിയാകുമ്പോൾ ഡി.എം.കെ യുടെ മുന്നോട്ടുള്ള പ്രയാണം സുഗമമാകുന്നു.

1.76 ലക്ഷം കോടിയുടെ നഷ്ടം സര്‍ക്കാരിനുണ്ടാക്കിവച്ചു എന്ന് ആരോപിക്കപ്പെട്ട ഈ കേസ് കഴിഞ്ഞ 6 വര്‍ഷങ്ങളായി ഡി.എം.കെയെ അക്ഷരാര്‍ത്ഥത്തില്‍ത്തന്നെ വേട്ടയാടുകയായിരുന്നു. മാധ്യമങ്ങളും അന്നത്തെ പ്രതിപക്ഷവും ഡി.എം.കെയെ കടന്നാക്രമിച്ചപ്പോള്‍, സഖ്യകക്ഷിയായ കോണ്‍ഗ്രസ് അതിനെ പ്രതിരോധിക്കാന്‍ കാര്യമായ ശ്രമം നടത്താതിരുന്നതും ഡി.എം.കെ ഈ ആരോപണത്തില്‍ ഒറ്റപ്പെട്ടുപോയി എന്ന തോന്നല്‍ ഉണ്ടാക്കി. കഴിഞ്ഞ ലോകസഭ, നിയമസഭ തെരഞ്ഞെടുപ്പുകളില്‍ ഡി.എം.കെയുടെ പരാജയത്തിന്‍റെ മുഖ്യകാരണം ഈ ആരോപണത്തിന്‍റെ കരിനിഴലായിരുന്നു. ഏതായാലും താല്‍ക്കാലികമായെങ്കിലും ആ കരിനിഴല്‍ നീങ്ങിയ സ്ഥിതിക്ക് സംസ്ഥാന രാഷ്ട്രീയത്തിലും ദേശീയരാഷ്ട്രീയത്തിലും നഷ്ടപ്പെട്ട പ്രസക്തി വീണ്ടെടുക്കാനുള്ള തന്ത്രങ്ങളായിരിക്കും ഇനി ഡി.എം.കെ ആവിഷ്‌കരിക്കുക.

ഈ വിധിക്കെതിരെ സി.ബി.ഐ അപ്പീല്‍ നല്‍കുമെന്ന് ഉറപ്പായിക്കഴിഞ്ഞു. ഫലത്തിൽ ഈ വിധി ബി.ജെ.പിക്ക് മുഖത്തേറ്റ ശക്തമായപ്രഹരമാണ്. കാരണം 2.ജി അഴിമതിയുടെ പേരില്‍ എത്ര ദിവസങ്ങളാണ് അന്ന് പ്രതിപക്ഷത്തായിരുന്ന അവര്‍ പാര്‍ലമെന്‍റ് സ്തംഭിപ്പിച്ചത്! അതുകൊണ്ട് സി ബി ഐ അപ്പീല്‍ നല്‍കേണ്ടതും കുറ്റം തെളിയിക്കപ്പെടേണ്ടതും ഇന്ന് ഭരണത്തിലുള്ള ബി ജെ പിയുടെ കൂടി ആവശ്യമാണ്. ഇന്ന് ബി.ജെ.പിയുടെ കൂട്ടിലുള്ള തത്തയാണ് സി.ബി.ഐ. ആ തത്തയെക്കൊണ്ട് ഏത് കാര്‍ഡ് എടുപ്പിക്കണമെന്നൊക്കെ അവര്‍ക്ക് അറിയാം.

എന്നാല്‍ ഈ വിധിയുടെ പശ്ചാത്തലത്തില്‍ പുതിയ രാഷ്ട്രീയം കളിക്കാന്‍ ബി ജെ പി ശ്രമിക്കുമോ? കുറച്ചുനാളുകള്‍ക്ക് മുമ്പ് പ്രധാനമന്ത്രി നരേന്ദ്ര മോദി ചെന്നൈയില്‍ ഡി.എം.കെ നേതാവ് എം കരുണാനിധിയെ സന്ദര്‍ശിച്ചത് വെറുതെ ഒരു സൗഹൃദത്തിന്‍റെ പേരില്‍ മാത്രമല്ലെന്നുണ്ടോ? മോദിയുടെ എല്ലാ ചുവടുകളും 2019 -ലെ പൊതുതെരഞ്ഞെടുപ്പ് മുന്നിൽ കണ്ടൂകൊണ്ടാണ്. തമിഴ്‌നാട്ടില്‍ എ.ഐ.എ.ഡി.എം.കെ ഇല്ലാതായിക്കൊണ്ടിരിക്കുകയാണെന്ന് അദ്ദേഹത്തിനറിയാം. അതേസമയം സ്വന്തമായി മത്സരിച്ച് അവിടെ വലിയ നേട്ടങ്ങളൊന്നും ഉണ്ടാക്കാന്‍ കഴിയുകയില്ലെന്ന ബോധ്യവും അദ്ദേഹത്തിനുണ്ട്. അതുകൊണ്ട് കോണ്‍ഗ്രസിനെ തള്ളിമാറ്റി ഡി.എം.കെ മുന്നണിയില്‍ ഇടം പിടിച്ചാല്‍ അത് ബി.ജെ.പിക്ക് വലിയ നേട്ടമാകും. പണ്ട് ഇന്ദിരാഗാന്ധിയും എം.ജി.ആറും ചെയ്തപോലെ കൂടുതല്‍ പാര്‍ലമെന്‍റ് സീറ്റുകള്‍ ബി.ജെ.പിക്കും കൂടുതല്‍ നിയമസഭാ സീറ്റുകള്‍ ഡി.എം.കെക്കും എന്നൊരു ധാരണ ഉണ്ടായാല്‍ മോദിക്ക് നല്ലതാണ്. അടുത്ത ലോകസഭാതെരഞ്ഞെടുപ്പില്‍ ദക്ഷിണേന്ത്യയില്‍നിന്ന് കഴിയുന്നത്ര സീറ്റുകള്‍ സമാഹരിക്കുകയാണ് മോദിയുടെ ലക്ഷ്യം. കാരണം ഗുജറാത്ത് തെരഞ്ഞെടുപ്പില്‍ ബി.ജെ.പി ജയിച്ചുവെങ്കിലും അവിടെ ഗ്രാമീണ മേഖലയില്‍ രാഹുല്‍ ഗാന്ധി പാര്‍ട്ടിയുടെ കടപുഴക്കിക്കളഞ്ഞത് ഒരു വിപല്‍സൂചനയായി മോദി കാണുന്നുണ്ട്. അതുകൊണ്ട് ഡി.എം.കെയുമായുള്ള ഒരു സഖ്യം മോദിയുടെ സ്വപ്നങ്ങളില്‍ ഉണ്ടെന്നുള്ളത് തീര്‍ച്ചയാണ്.

കേരളത്തിലെന്നതുപോലെ തമിഴ്‌നാട്ടിലും ബി.ജെ.പിയുടെ ഏറ്റവും വലിയ പ്രശ്‌നം ജനകീയാടിത്തറയുള്ള നേതാക്കളുടെ അഭാവമാണ്. അതുകൊണ്ട് കരുത്തുറ്റ ഒരു പ്രാദേശിക കക്ഷിയുടെ കൂട്ടില്ലാതെ അവിടെ കാര്യമായ തെരഞ്ഞെടുപ്പ് നേട്ടം ബി.ജെ.പിക്ക് ഉണ്ടാക്കാനാവില്ല. എന്നാല്‍ എല്ലാം മറക്കാനും പൊറുക്കാനും ഡി.എം.കെ തയാറാകുമോ? 2 ജി അഴിമതിയുടെ പേരില്‍ പാര്‍ലമെന്‍റില്‍ ഡി.എം.കെ മന്ത്രിമാര്‍ക്കും നേതാക്കള്‍ക്കും എതിരെ കൊലവിളി നടത്തിയത് അന്ന് പ്രതിപക്ഷത്തായിരുന്ന ബി.ജെ.പിയായിരുന്നല്ലോ. മൂല്യങ്ങളുടേയോ തത്വസംഹിതകളുടേയോ അടിസ്ഥാനത്തിലല്ലല്ലോ രാഷ്ട്രീയ കൂട്ടുകെട്ടുകള്‍. താല്‍ക്കാലിക നേട്ടങ്ങളും സൗകര്യങ്ങളുമാണ് പ്രധാനം. അതുകൊണ്ട് ഒരു ഡി.എം.കെ--^ബി.ജെ.പി കൂട്ടുകെട്ട് സംഭവിച്ചാല്‍ അതിശയപ്പെടാനില്ല.

കോണ്‍ഗ്രസും ഡി.എം.കെയും അവകാശപ്പെടുന്നപോലെ വെറും കെട്ടുകഥയായിരുന്നുവോ സി.എ.ജി റിപ്പോര്‍ട്ടിന്‍റെ കൂടി അടിസ്ഥാനത്തില്‍ ഉന്നയിക്കപ്പെട്ട ഈ ആരോപണം? അല്ലെന്നുവേണം കരുതാന്‍. തെളിവുകളുടെ അഭാവത്തില്‍ രാഷ്ട്രീയക്കാരും ഉദ്യോഗസ്ഥന്മാരും മാത്രമല്ല, വൻ ബിസിനസ് സ്ഥാപനങ്ങളും'വിശുദ്ധരായി'. ഇന്നത്തെ കോടതി വിധി ശരിക്കും നമ്മെ ഞെട്ടിപ്പിക്കേണ്ടതാണ്. അഴിമതി ന്നടന്നിട്ടില്ലെന്നല്ല കോടതി പറഞ്ഞത്. അഴിമതി ആരോപിതര്‍ ഇതാ തെളിവുകളുടെ അഭാവത്തില്‍ രക്ഷപ്പെടുന്നു എന്നാണ്. രാജ്യത്തെ പരമോന്നത അന്വേഷണ ഏജന്‍സിയാണ് ഇവിടെ ശരിക്കും പ്രതിക്കൂട്ടില്‍! 

സി.ബി.ഐ യുടെ അപ്പീല്‍ ഒരു ഭീഷണിയുടെ വാളായി ഡി.എം.കെയുടെ തലക്കുമുകളില്‍ തൂങ്ങിക്കിടക്കുന്നുണ്ടെന്നത് ശരിതന്നെ. എന്നാലും വര്‍ഷങ്ങളുടെ ഇടവേള കഴിഞ്ഞായിരിക്കും മറ്റൊരു വിധി വരുക. അതിനുമുമ്പ് പാലത്തിനടിയിലൂടെ എത്രയോ വെള്ളം ഒഴുകിപ്പോകാനിരിക്കുന്നു. ഏതായാലും ഇപ്പോള്‍ ഡി.എം.കെയുടെ ഊഴമാണ്. കരുണാനിധിയെക്കാള്‍ സൂത്രശാലിയായ സ്റ്റാലിന്‍റെ കൈകളിലാണ് ഇപ്പോള്‍ പാര്‍ട്ടിയുടെ കടിഞ്ഞാണ്‍. ഇനി കണ്ടോളൂ, അദ്ദേഹത്തിന്റെ കരുനീക്കങ്ങള്‍.


ചെന്നൈയിൽ മുതിർന്ന മാധ്യമപ്രവർത്തകനാണ് ലേഖകൻ

Tags:    
News Summary - Special Court on 2G Case, DMK-BJP-Opinion

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.