മംഗളൂരുവിൽവെച്ച് സംഘ്പരിവാർ ആൾക്കൂട്ടം മുഹമ്മദ് അഷ്റഫിനെ ക്രൂരമായി കൊലപ്പെടുത്തിയിട്ട് 2026 ഏപ്രിൽ 27ന് ഒരു വർഷം തികഞ്ഞിരിക്കുന്നു. ഉത്തരേന്ത്യയിൽ മാത്രം കേട്ടുകൊണ്ടിരുന്ന വംശീയ ആൾക്കൂട്ട ആക്രമണങ്ങൾ നമ്മുടെ പടിവാതിൽക്കലും എത്തിയെന്ന യാഥാർഥ്യമാണ് ഈ കൊലപാതകത്തിലൂടെ നാം തിരിച്ചറിഞ്ഞത്.

ഒരു മലയാളി എന്ന നിലയിൽ അഷ്റഫിന് നീതി ലഭിക്കാൻ കേരളം ഒന്നാകെ ഒപ്പമുണ്ടാകുമെന്നാണ് പ്രതീക്ഷിച്ചിരുന്നത്. എന്നാൽ, കേരള സർക്കാറിന്റെയോ മറ്റു ജനപ്രതിനിധികളുടെയോ ഭാഗത്തുനിന്ന് കാര്യമായ ഒരു ഇടപെടലും ഉണ്ടായില്ല എന്നത് അങ്ങേയറ്റം സങ്കടകരമാണ്.

കർണാടക സർക്കാറിനുമേൽ ആവശ്യമായ സമ്മർദം ചെലുത്താൻ കേരള സർക്കാറിന് സാധിച്ചില്ല. തുടക്കത്തിൽതന്നെ കേസ് ഒതുക്കിത്തീർക്കാനും ഇല്ലാതാക്കാനും വലിയ രീതിയിലുള്ള ശ്രമങ്ങളും സമ്മർദങ്ങളും ഉണ്ടായിരുന്നു. എന്നാൽ, അവയെല്ലാം അതിജീവിച്ചുകൊണ്ട്, മംഗളൂരു, ബംഗളൂരു എന്നിവിടങ്ങൾ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന മനുഷ്യാവകാശ സംഘടനകളുടെയും അഭിഭാഷക കൂട്ടായ്മകളുടെയും സഹായത്തോടെയാണ് ഈ കേസിൽ ആശ്വാസകരമായ നിയമനടപടികൾ മുന്നോട്ടുപോയത്. കേസിൽ ഇതുവരെ അറസ്റ്റിലായ 21ൽ ഭൂരിഭാഗം പേർക്കും ജാമ്യം ലഭിച്ചെങ്കിലും മുഖ്യപ്രതികളിൽ മൂന്നുപേർ ജാമ്യം ലഭിക്കാതെ ജയിലിൽ തുടരുന്നു.

ആൾക്കൂട്ട കൊലപാതകംപോലെയുള്ള അതിഗൗരവമുള്ള കേസായിട്ടും, പ്രതികൾക്ക് ജാമ്യം ലഭിക്കാതിരിക്കാനുള്ള ജാഗ്രത പുലർത്തുന്നതിൽ കർണാടക സർക്കാറിന്റെ ഭാഗത്തുനിന്ന് വലിയ വീഴ്ചയാണ് ഉണ്ടായത്. പ്രതികൾക്ക് ജാമ്യം ലഭിച്ചതിനെതിരെ അടിയന്തരമായി ഹൈകോടതിയെ സമീപിക്കാനും, ഇനിയെങ്കിലും ഈ കേസിൽ കടുത്ത ജാഗ്രതയോടെ നിയമനടപടികൾ മുന്നോട്ടുകൊണ്ടുപോകാനും ഭരണകൂടം തയാറാകണം. കൂടാതെ, ഒരു വർഷം പിന്നിട്ടിട്ടും കേസിന്റെ അന്വേഷണം പൂർത്തീകരിക്കാൻ പൊലീസിന് കഴിഞ്ഞിട്ടില്ല. അറസ്റ്റിലായ 21 പേർക്ക് പുറമെ, കേസിൽ ഉൾപ്പെട്ട മുഴുവൻ പ്രതികൾക്കെതിരെയുമുള്ള അന്വേഷണം വേഗത്തിൽ പൂർത്തീകരിച്ച് അധിക കുറ്റപത്രംകൂടി കോടതിയിൽ സമർപ്പിച്ചാൽ മാത്രമേ അന്വേഷണം പൂർണമാകൂ.

തഹ്‌സീൻ പൂനാവാല വേഴ്സസ് യൂനിയൻ ഓഫ് ഇന്ത്യ എന്ന കേസിലെ സുപ്രീംകോടതിയുടെ മാർഗനിർദേശങ്ങൾ ഈ നിയമപോരാട്ടത്തിൽ വലിയ സഹായകമായിട്ടുണ്ട്. ആൾക്കൂട്ട കൊലപാതക കേസുകളിൽ സുപ്രീംകോടതി കൃത്യമായി നൽകിയിട്ടുള്ള ഈ മാർഗനിർദേശങ്ങൾ പൂർണമായും നടപ്പാക്കാൻ കർണാടക സർക്കാർ അടിയന്തരമായി തയാറാകേണ്ടതുണ്ട്. പ്രതികൾക്ക് അർഹമായ ശിക്ഷ വേഗത്തിൽ ഉറപ്പാക്കുന്നതിനായി അധിക കുറ്റപത്രം ഉടൻ സമർപ്പിക്കാനും ഈ കേസ് ഉടൻതന്നെ അതിവേഗ കോടതിയിലേക്ക് മാറ്റാനും ഭരണകൂടത്തിന്റെ ഭാഗത്തുനിന്ന് നടപടിയുണ്ടാകണം.

കേസിന്റെ വിചാരണ പൂർത്തിയാകുന്നതുവരെ പ്രതികളെ റിമാൻഡിൽതന്നെ പാർപ്പിക്കണമെന്നും, ആൾക്കൂട്ട കൊലപാതകങ്ങളിലെ സുപ്രീംകോടതി മാർഗനിർദേശങ്ങൾ ഭരണകൂടം പൂർണമായും പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തണമെന്നും ആവശ്യപ്പെട്ടുകൊണ്ട് ഞങ്ങൾ സുപ്രീംകോടതിയെ സമീപിക്കാനൊരുങ്ങുകയാണ്.

ഈ പോരാട്ടം കേവലം അഷ്റഫിന് വേണ്ടിയുള്ളത് മാത്രമല്ല, ഇന്ത്യയിലാകമാനം വ്യാപിച്ചിരിക്കുന്ന ആൾക്കൂട്ട കൊലപാതകങ്ങൾക്കെതിരെയുള്ള നീതി നിർവഹണത്തിന്റെ ഭാഗമാണ്.  

Tags:    
News Summary - Sangh Parivar mob lynching; This fight is not just for Ashraf...

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.