ഇക്കഴിഞ്ഞ ജൂലൈ 20-ന് ജനീവയിൽ വെച്ച് ഇന്ത്യൻ വാണിജ്യകാര്യ സെക്രട്ടറി രാജേഷ് അഗർവാളും ലോകവ്യാപാര സംഘടന ഡയറക്ടർ ജനറൽ എൻഗോസി ഒക്കോൻജോ ഇവെലയും ഫിഷറീസ് സബ്സിഡി കരാറിൽ ഒപ്പുവെച്ചിരിക്കുന്നു. കരാറിൽ ഒപ്പുവെക്കുന്ന 123-ാമത്തെ രാഷ്ട്രമാണ് ഇന്ത്യ. 2022-ൽ ജനീവയിൽ ചേർന്ന ലോക വ്യാപാര സംഘടനയുടെ 12-ാമത് മന്ത്രിതല സമ്മേളനത്തിലും, 2024-ൽ അബൂദബിയിൽ നടന്ന മന്ത്രിതല സമ്മേളനത്തിലും കൈക്കൊണ്ട നിലപാടുകളിൽ നിന്ന് ഇതോടെ ഇന്ത്യ പൂർണമായി പിന്നോട്ടു പോയിരിക്കുകയാണ്.
സബ്സിഡികൾ അമിത മത്സ്യബന്ധനത്തിലേക്ക് നയിക്കും എന്നതിനാൽ അത് നിരുത്സാഹപ്പെടുത്തേണ്ടതുണ്ട് എന്നൊരു സമവായം ലോകരാഷ്ട്രങ്ങൾക്കിടയിൽ രൂപപ്പെട്ടു കഴിഞ്ഞിരിക്കുന്നു. ലോകത്ത് മത്സ്യമേഖലയിൽ പ്രതിവർഷം നൽകുന്ന 3,540 കോടി ഡോളർ സബ്സിഡിയിൽ 2,220 കോടി ഡോളറും വലിയ യാനങ്ങളുടെ നിർമിതിക്കോ അമിത മത്സ്യബന്ധനത്തിലേക്കോ ആണ് നയിക്കുന്നത്. ‘ആപത്കരമായ സബ്സിഡി’ എന്ന വിശേഷണമുള്ള ഇതിന്റെ 58 ശതമാനവും നൽകുന്നത് അമേരിക്ക, ചൈന, യൂറോപ്യൻ യൂണിയൻ, ദക്ഷിണ കൊറിയ, ജപ്പാൻ എന്നിവരാണ്.
ആഴക്കടലിൽ മത്സ്യബന്ധനം നടത്തുന്ന 38,000 യാനങ്ങൾ ലോകമൊട്ടാകെയുണ്ട്. ഇതിൽ 140 മീറ്റർ നീളമുള്ള അറ്റ്‌ലാന്റിക് ഡോൺ മുതൽ റഷ്യയുടെ ലഫായത്ത് പോലുള്ള ഫാക്ടറി കപ്പലുകൾ വരെയുണ്ട്. പ്രതിദിനം 2,000 ടൺ വരെ മത്സ്യം പിടിച്ചു സംസ്കരിച്ചു സൂക്ഷിക്കാൻ കഴിയുന്ന ഫ്രീസർ-പ്രോസസിങ് വെസലുകളുടെ നിരന്തര പ്രവർത്തനം മൂലം ലോകമൊട്ടാകെയുള്ള 15 ഫിഷിങ് ഗ്രൗണ്ടുകളിൽ 13-ഉം അമിത ചൂഷണത്തിന് വിധേയമായിക്കഴിഞ്ഞു. സുസ്ഥിര മത്സ്യബന്ധനം നടക്കുന്ന രണ്ട് കടലുകൾ മാത്രമാണ് ഇപ്പോൾ നിലനിൽക്കുന്നത്- അറബിക്കടലും ബംഗാൾ ഉൾക്കടലും.
സാങ്കേതികവിദ്യയുടെ വളർച്ചക്ക് ആനുപാതികമായി മത്സ്യോത്പാദനം വർധിക്കുന്നില്ലെന്നു മാത്രമല്ല, നേരെ തിരിച്ചാണ് അനുഭവം. നിതി ആയോഗ് മാതൃകാ രാജ്യമായി കാണുന്ന ജപ്പാന്റെ അനുഭവം നോക്കുക: 60-70 കിലോമീറ്റർ ദൈർഘ്യമുള്ള അവരുടെ ഗിൽനെറ്റ് (ഡ്രിഫ്റ്റ് നെറ്റ്) വലകളിൽ കുടുങ്ങി ആയിരക്കണക്കിന് കടലാമകളും സസ്തനികളും തിമിംഗലങ്ങളും എല്ലാ വർഷവും ചത്തൊടുങ്ങുന്നുണ്ട്. 120 കിലോമീറ്റർ നീളമുള്ള അവരുടെ ലോങ് ലൈനറുകളിൽ കുടുങ്ങി പ്രതിവർഷം 44,000 ആൽബട്രോസ് പക്ഷികളാണ് ചത്തൊടുങ്ങുന്നത്. ബ്ലൂഫിൻ ട്യൂണ അമിത ചൂഷണം മൂലം വംശനാശത്തിന്റെ വക്കിലുമാണ്.
ഇന്റർനാഷണൽ യൂണിയൻ ഫോർ കൺസർവേഷൻ ഓഫ് നേച്ചർ പുറത്തുവിട്ട കണക്കുപ്രകാരം 1,616 ഇനം മത്സ്യങ്ങൾ പൂർണമായോ ഭാഗികമായോ നാശത്തിലാണ്; 989 ഇനങ്ങൾ പ്രതിസന്ധിയിലും 627 ഇനങ്ങൾ പൂർണമായി നശിച്ച അവസ്ഥയിലുമാണ്. അറ്റ്‌ലാന്റിക് ഹാലിബട്ട്, യൂറോപ്യൻ ഈൽ, നാസാവു ഗ്രൂപ്പർ, റെഡ് ഹാൻഡ് ഫിഷ്, വിന്റർ സ്കേറ്റ്, ബെലുഗ സ്റ്റർജൻ തുടങ്ങിയ മത്സ്യങ്ങളെയൊക്കെ വലിയ തോതിൽ പിടിച്ചുകഴിഞ്ഞു. ഒരുകാലത്ത് ധാരാളമായി ലഭിച്ചിരുന്ന ഓറഞ്ച് റഫി, പാറ്റഗോണിയൻ ടൂത്ത് ഫിഷ്, ഗ്രനേഡിയർ, ബ്ലൂ വൈറ്റിംഗ്, ബ്ലൂഫിൻ ട്യൂണ തുടങ്ങിയവയും തകർച്ചയുടെ വക്കിലാണ്.
വിവിധ രാജ്യങ്ങളിലെ 125 ഗവേഷകർ ചേന്ന് അമിത ചൂഷണത്തിന് വിരാമമിടണമെന്ന് അഭ്യർഥിക്കുകയുണ്ടായി. കഴിഞ്ഞ രണ്ട് ദശകമായി ലോക മത്സ്യോത്പാദനം 85–87 ദശലക്ഷം ടൺ എന്ന നിശ്ചലാവസ്ഥയിലാണ്. ഈ രീതിയിൽ ചൂഷണം തുടരുകയാണെങ്കിൽ 2048 ആകുമ്പോഴേക്കും ലോകത്ത് ഭക്ഷ്യയോഗ്യമായ മുഴുവൻ മത്സ്യവും അപ്രത്യക്ഷമാകുമെന്ന പരിഭ്രാന്തി ജനകമായ റിപ്പോർട്ടാണ് നേച്ചർ മാസിക പുറത്തുവിട്ടിരിക്കുന്നത്.
വികസിത രാജ്യങ്ങൾ പ്രതിവർഷം മത്സ്യമേഖലക്ക് 35.4 ബില്യൺ ഡോളർ സബ്സിഡി നൽകുന്നുണ്ട്. ഇതിൽ 22.2 ബില്യൺ ഡോളറും ഹാനികരമായ കാര്യങ്ങൾക്കാണ് ഉപയോഗിക്കുന്നത്. വികസിത ഒ.ഇ.സി.ഡി രാഷ്ട്രങ്ങൾ പ്രതിവർഷം ഒരു തൊഴിലാളിക്ക് 5,722 ഡോളർ സബ്സിഡിയായി നൽകുന്നു. ബെൽജിയം ശരാശരി 62,000 ഡോളറും നെതർലൻഡ്‌സ് 75,000 ഡോളറും നൽകുമ്പോൾ മറ്റു രാഷ്ട്രങ്ങളുടെ ശരാശരി 283 ഡോളറാണ്. എന്നാൽ ഇന്ത്യയാകട്ടെ, ഒരു വർഷം കേവലം 15 ഡോളർ മാത്രമാണ് ഒരു മത്സ്യത്തൊഴിലാളി കുടുംബത്തിന് നൽകുന്നത്.
2022-ൽ ജനീവയിൽ ചേർന്ന 12-ാമത് മന്ത്രിതല സമ്മേളനത്തിൽ ഇത് വിവേചനപരമാണെന്നും ഇന്ത്യയെയും അമേരിക്കയെയും ഒരേ നിലയിൽ പരിഗണിക്കുന്നത് തെറ്റാണെന്നും നാം ഉന്നയിച്ചതാണ്. നമ്മുടെ മേഖല പ്രധാനമായും തൊഴിൽസാന്ദ്രമാണെന്ന് നാം ചൂണ്ടിക്കാട്ടി. ഇന്ത്യയുടെ അധികാര മേഖലയിൽ നിലവിൽ 3,14,757 യാനങ്ങൾ പ്രവർത്തിക്കുന്നുണ്ട്.
വാണിജ്യാടിസ്ഥാനത്തിൽ പിടിക്കുന്ന 665 ഇനം മത്സ്യങ്ങളും അതുമായി ബന്ധപ്പെട്ട് ഉപജീവനം നടത്തുന്ന 44 ലക്ഷം തൊഴിലാളികളും ഇന്ത്യയിലുണ്ടെന്ന് കേന്ദ്രസർക്കാർ പറയുന്നു. തീരദേശ സംസ്ഥാനങ്ങളിലായി ജീവിക്കുന്ന 'ഇക്കോസിസ്റ്റം പീപ്പിൾ' എന്നറിയപ്പെടുന്ന ഈ വിഭാഗം, തൊഴിൽസാന്ദ്രമായ ഈ മേഖലയിലെ പ്രധാന ഉത്പാദകരാണ്. കടലിന്റെ നേരവകാശികളായ ഇവരുടെ സംരക്ഷണത്തിന് സബ്സിഡികൾ അടിയന്തരമായി ആവശ്യമാണെന്നും അടുത്ത 25 വർഷത്തേക്ക് ഇത് തുടരാൻ അനുവദിക്കണമെന്നുമുള്ള തത്വാധിഷ്ഠിതമായ നിലപാടാണ് ഇന്ത്യ സ്വീകരിച്ചിരുന്നത്. ഇന്ത്യയിലെ മത്സ്യത്തൊഴിലാളികളിൽ 68 ശതമാനവും ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ളവരായതിനാൽ പ്രത്യേക പരിഗണന നൽകണമെന്നതായിരുന്നു നമ്മുടെ ആവശ്യം.
2024-ൽ അബൂദബിയിൽ ചേർന്ന 13-ാമത് മന്ത്രിതല സമ്മേളനത്തിലും ഇന്ത്യ ഈ സമീപനം തുടർന്നു. എന്നാൽ ഈ വർഷം മാർച്ചിൽ കാമറൂണിലെ യൊവാണ്ടെയിൽ ചേർന്ന 14-ാമത് സമ്മേളനത്തിലും ഈ നിലപാട് പിന്തുടർന്ന ഇന്ത്യ, ഇപ്പോൾ തികച്ചും ഏകപക്ഷീയമായി മലക്കംമറിഞ്ഞിരിക്കുകയാണ്. ഇന്ത്യ ഒപ്പുവെക്കുന്നതിന് മുൻപ് തന്നെ, അതായത് കഴിഞ്ഞ സെപ്റ്റംബർ 15-ന് തന്നെ ഈ കരാർ പ്രാബല്യത്തിൽ വരികയും ചെയ്തിരുന്നു.
ലോകത്തെ നാലാമത്തെയോ അഞ്ചാമത്തെയോ വികസിത രാഷ്ട്രമാണ് നാം എന്ന രീതിയിൽ ഈ വിഷയത്തെ കൈകാര്യം ചെയ്തതാണ് നമുക്ക് പറ്റിയ ആദ്യ അബദ്ധം. നമ്മുടെ മത്സ്യോത്പാദനത്തിൽ ഉൾനാടൻ മേഖലയുടെ പ്രാമുഖ്യവും കണക്കിലെടുക്കണം. പ്രധാൻമന്ത്രി മത്സ്യ സമ്പദ യോജന പദ്ധതി പ്രകാരമുള്ള ഭൂരിപക്ഷം ആനുകൂല്യങ്ങളും ആ മേഖലക്കാണ്.
2020 മുതൽ നിതി ആയോഗ് പദ്ധതികളും സമീപകാലത്ത് മർച്ചന്റ് ഷിപ്പിങ് റൂളുകളിൽ വരുത്തിയ ഭേദഗതികളും വഴി ഇന്ത്യയുടെ ആഴക്കടൽ മേഖലയിലും തീരക്കടലിലും വൻകിട കപ്പലുകൾക്ക് അനുമതി നൽകാനുള്ള നീക്കമാണ് നടക്കുന്നത്. ഇതുമായി ബന്ധപ്പെട്ട കാര്യങ്ങൾ സംസ്ഥാന സർക്കാരുകളോട് പോലും ആലോചിക്കാതെയാണ് കേന്ദ്രം നടപ്പാക്കിക്കൊണ്ടിരിക്കുന്നത്.
തൊഴിൽസാന്ദ്രമായ ഈ മേഖലയിലെ സഹകരണ പ്രസ്ഥാനങ്ങളെ ശക്തിപ്പെടുത്തുക, മത്സ്യത്തൊഴിലാളികളെയും ഈ മേഖലയിലെ സ്ത്രീകളെയും കേവല പ്രാഥമിക ഉത്പാദകർ എന്നതിൽ നിന്ന് സംരംഭകരാക്കി മാറ്റുക, ഉത്പന്നങ്ങളുടെ വൈവിധ്യവത്കരണവും മൂല്യവർധനവും നടപ്പാക്കി മേഖലയെ സമ്പുഷ്ടമാക്കുക എന്നീ സമീപനങ്ങളല്ല കേന്ദ്രത്തിന്റേത്. പകരം, മേഖലയിൽ ആധിപത്യം പുലർത്തുന്ന കൈവിരലിലെണ്ണാവുന്ന വൻകിടക്കാർക്കും കയറ്റുമതിക്കാർക്കും ഇടനിലക്കാർക്കും തങ്ങളുടെ ചൂഷണം നിർബാധം തുടരുന്നതിന് സൗകര്യമൊരുക്കുകയാണ് അവർ.
(കേരള മത്സ്യത്തൊഴിലാളി ഐക്യവേദി - ടി.യു.സി.ഐ സംസ്ഥാന പ്രസിഡന്റാണ് ലേഖകൻ)
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.