സം​വാ​ദ​വും വി​യോ​ജി​പ്പു​മാ​ണ് ജ​നാ​ധി​പ​ത്യ​ത്തി​ന്റെ കാ​ത​ൽ

ഒ​രു ദേ​ശീ​യ നി​യ​മ സ​ർ​വ​ക​ലാ​ശാ​ല​യി​ലെ പു​തി​യ ബാ​ച്ചി​ന്റെ പ്ര​വേ​ശ​ന ച​ട​ങ്ങി​ലേ​ക്ക് ക്ഷ​ണി​ക്ക​പ്പെ​ട്ട​പ്പോ​ൾ ഞാ​ൻ പ​റ​ഞ്ഞു: വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് അ​വ​രു​ടെ സ്വാ​ഭാ​വി​ക​ത​യി​ൽ നി​ല​കൊ​ള്ളാ​ൻ അ​വ​സ​രം ന​ൽ​ക​ണം; അ​വ​രു​ടെ ജി​ജ്ഞാ​സ​യെ പ്രോ​ത്സാ​ഹി​പ്പി​ക്ക​ണം. ചോ​ദ്യ​ങ്ങ​ൾ ചോ​ദി​ക്കാ​ൻ പ്രേ​രി​പ്പി​ക്ക​ണം. ചോ​ദ്യ​ങ്ങ​ൾ ഉ​ന്ന​യി​ച്ചി​ല്ലെ​ങ്കി​ൽ, പാ​ഠ​പു​സ്ത​ക​ങ്ങ​ൾ കാ​ണാ​പാ​ഠം പ​ഠി​ക്കു​ന്ന കേ​വ​ലം അ​വി​വേ​കി​ക​ളാ​യ കേ​ൾ​വി​ക്കാ​രാ​യി അ​വ​ർ മാ​റും. ന​മ്മു​ടെ വി​ദ്യാ​ർ​ഥി​ക​ൾ വി​മ​ർ​ശ​നാ​ത്മ​ക ബു​ദ്ധി​യു​ള്ള​വ​രാ​ക​ണം; നീ​തി​ന്യാ​യ വ്യ​വ​സ്ഥ​യെ​പ്പോ​ലും ചോ​ദ്യം ചെ​യ്യാ​ൻ സ​ന്ന​ദ്ധ​രാ​ക​ണം.

വി​ധി​ക​ളും വി​മ​ർ​ശ​നാ​ത്മ​ക​മാ​യി പ​രി​ശോ​ധി​ക്ക​പ്പെ​ടേ​ണ്ട​തു​ണ്ട്; ആ​വ​ശ്യ​മെ​ങ്കി​ൽ വി​മ​ർ​ശി​ക്ക​പ്പെ​ടു​ക​യും വേ​ണം. ഉ​ദാ​ഹ​ര​ണ​ത്തി​ന്, ഇ.​ഡ​ബ്ല്യു.​എ​സ് (സാ​മ്പ​ത്തി​ക സം​വ​ര​ണ) വി​ധി വി​മ​ർ​ശ​നാ​ത്മ​ക​മാ​യി പ​രി​ശോ​ധി​ക്കേ​ണ്ട​തു​ണ്ട്. നി​യ​മ വി​ദ്യാ​ർ​ഥി എ​ന്ന നി​ല​യി​ൽ, ആ ​വി​ധി​യി​ൽ മൗ​ലി​ക​മാ​യ വീ​ഴ്ച​ക​ളു​ണ്ടെ​ന്ന് ഞാ​ൻ പ​റ​യും. ന​മ്മ​ൾ വി​ശ​ക​ല​നം ചെ​യ്തി​ല്ലെ​ങ്കി​ൽ ഈ ​വ്യ​വ​സ്ഥ എ​ങ്ങ​നെ മെ​ച്ച​പ്പെ​ടും? എ​ല്ലാ​വ​രും ജ​ഡ്ജി​മാ​രു​ടെ അ​ടു​ത്ത് ചെ​ന്ന്, ‘‘സ​ർ, മി​ക​ച്ച വി​ധി! സ​ർ, താ​ങ്ക​ൾ പ​റ​യു​ന്ന​ത് അ​ത്യു​ജ്ജ്വ​ല​മാ​ണ്! സ​ർ, താ​ങ്ക​ളൊ​രു മ​ഹാ​നാ​യ നി​യ​മ​വി​ദ്വാ​നാ​ണ്!’’ എ​ന്ന് പ​റ​ഞ്ഞു​കൊ​ണ്ടി​രു​ന്നാ​ൽ, ഈ ​സം​വി​ധാ​നം എ​ങ്ങ​നെ​യാ​ണ് ന​ന്നാ​വു​ക?

സു​പ്രീം കോ​ട​തി​യി​ലെ ഒ​രു സി​റ്റി​ങ് ജ​ഡ്ജി എ​ന്ന നി​ല​യി​ൽ, നി​യ​മ​നി​ർ​മാ​ണ സ​ഭ​യു​ടെ​യോ ഭ​ര​ണ​നി​ർ​വ​ഹ​ണ വി​ഭാ​ഗ​ത്തി​ന്റെ​യോ പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ​ക്കു​റി​ച്ച് അ​ഭി​പ്രാ​യം പ​റ​യു​ന്ന​ത് അ​നു​ചി​ത​മാ​യി​രി​ക്കും. എ​ന്നാ​ൽ നീ​തി​ന്യാ​യ വ്യ​വ​സ്ഥ​യെ​ക്കു​റി​ച്ചും അ​തി​ന്റെ പ്ര​വ​ർ​ത്ത​ന​ത്തെ​ക്കു​റി​ച്ചും, പ്ര​ത്യേ​കി​ച്ച് സു​പ്രീം കോ​ട​തി​യി​ൽ നി​ന്ന് പൗ​ര​ജ​ന​ങ്ങ​ൾ പ്ര​തീ​ക്ഷി​ക്കു​ന്ന​തെ​ന്താ​ണെ​ന്ന​തി​നെ​ക്കു​റി​ച്ചും എ​നി​ക്ക് തീ​ർ​ച്ച​യാ​യും ചി​ല​ത് പ​റ​യാ​ൻ ക​ഴി​യും.

ന​മു​ക്ക് ച​രി​ത്ര​ത്തി​ന്റെ താ​ളു​ക​ൾ മ​റി​ച്ചു​നോ​ക്കാം. ജ​സ്റ്റി​സ് അ​ജി​ത് സി​ങ് ചീ​ഫ് ജ​സ്റ്റി​സാ​യി​രു​ന്ന ഗു​വാ​ഹ​ത്തി ഹൈ​കോ​ട​തി തു​ട​ക്ക​ത്തി​ൽ അ​സം ഹൈ​കോ​ട​തി​യാ​യാ​ണ് നി​ല​വി​ൽ വ​ന്ന​ത്. സ്വ​ത​ന്ത്ര ഇ​ന്ത്യ​യി​ലെ ആ​ദ്യ​ത്തെ ഹൈ​കോ​ട​തി​യാ​ണ​ത്. സ്വ​ത​ന്ത്ര ഇ​ന്ത്യ​യി​ലെ ആ​ദ്യ​ത്തെ ഹൈ​കോ​ട​തി​യി​ലെ ആ​ദ്യ ചീ​ഫ് ജ​സ്റ്റി​സ് സ​ർ റോ​ണാ​ൾ​ഡ് ഫ്രാ​ൻ​സി​സ് ലോ​ഡ്ജ് എ​ന്ന ഇം​ഗ്ലീ​ഷു​കാ​ര​നാ​യി​രു​ന്നു.

1948 ഏ​പ്രി​ൽ 5-ന് ​ന​ട​ന്ന ഉ​ദ്ഘാ​ട​ന ച​ട​ങ്ങി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ച ജ​സ്റ്റി​സ് അ​ജി​ത് സി​ങ് ത​ന്റെ പ്ര​സം​ഗ​ത്തി​ൽ, ജ​ഡ്ജി​മാ​ർ പാ​ലി​ച്ചി​രു​ന്ന പ​ര​മ്പ​രാ​ഗ​ത മൗ​നം ലം​ഘി​ക്കു​ക മാ​ത്ര​മ​ല്ല, ജു​ഡീ​ഷ്യ​ൽ സ്വാ​ത​ന്ത്ര്യ​ത്തി​ന്റെ ആ​വ​ശ്യ​ക​ത​യെ അ​ദ്ദേ​ഹം എ​ടു​ത്തു​പ​റ​യു​ക​യും ചെ​യ്തു. ഭ​ര​ണ​ഘ​ട​നാ ശി​ല്പി​ക​ൾ ഭ​ര​ണ​ഘ​ട​ന​ക്ക് രൂ​പം ന​ൽ​കി​ക്കൊ​ണ്ടി​രു​ന്ന​പ്പോ​ൾ, സ്വ​ത​ന്ത്ര​മാ​യ ഒ​രു ജു​ഡീ​ഷ്യ​ൽ വ്യ​വ​സ്ഥ​ക്കാ​യി സി​റ്റി​ങ് ജ​ഡ്ജി​മാ​ർ സ​ജീ​വ​മാ​യി വാ​ദി​ച്ചി​രു​ന്നു​വെ​ന്ന് ച​രി​ത്ര​രേ​ഖ​ക​ൾ വ്യ​ക്ത​മാ​ക്കു​ന്നു.

ഈ​സ്റ്റ് പ​ഞ്ചാ​ബ് ഹൈ​കോ​ട​തി ചീ​ഫ് ജ​സ്റ്റി​സാ​യി​രു​ന്ന റാം ​ലാ​ൽ, നീ​തി​ന്യാ​യ വ്യ​വ​സ്ഥ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട ക​ര​ട് ഭ​ര​ണ​ഘ​ട​ന​യി​ലെ ചി​ല വ്യ​വ​സ്ഥ​ക​ൾ ക​ണ്ട് പ്ര​കോ​പി​ത​നാ​വു​ക​യും, ജു​ഡീ​ഷ്യ​ൽ സ്വാ​ത​ന്ത്ര്യ​ത്തെ ത​ള​ർ​ത്താ​ൻ സാ​ധ്യ​ത​യു​ള്ള വ്യ​വ​സ്ഥ​ക​ളെ​ക്കു​റി​ച്ചു​ള്ള ത​ന്റെ ആ​ശ​ങ്ക​ക​ൾ വ്യ​ക്ത​മാ​ക്കി ജ​വ​ഹ​ർ​ലാ​ൽ നെ​ഹ്റു​വി​ന് എ​ഴു​തു​ക​യും ചെ​യ്തു. നെ​ഹ്റു അ​ത് ഭ​ര​ണ​ഘ​ട​നാ നി​ർ​മാ​ണ സ​ഭ സെ​ക്ര​ട്ട​റി​യേ​റ്റി​ലേ​ക്ക് അ​യ​ച്ചു. തു​ട​ർ​ന്ന് എ​ല്ലാ ഹൈ​കോ​ട​തി ജ​ഡ്ജി​മാ​രി​ൽ നി​ന്നും ക​ര​ട് ഭ​ര​ണ​ഘ​ട​ന​യെ​ക്കു​റി​ച്ചു​ള്ള അ​ഭി​പ്രാ​യ​ങ്ങ​ൾ തേ​ടി. നൂ​റോ​ളം ജ​ഡ്ജി​മാ​ർ വ്യ​ക്തി​ഗ​ത​മാ​യ അ​ഭി​പ്രാ​യ​ങ്ങ​ൾ ന​ൽ​കി​യ​പ്പോ​ൾ ചി​ല ഹൈ​കോ​ട​തി​ക​ൾ കൂ​ട്ടാ​യ പ്ര​സ്താ​വ​ന​ക​ളും ന​ൽ​കി. ജ​ന​ങ്ങ​ളാ​ൽ തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ടു​ന്ന ഒ​രു ഭ​ര​ണ​നി​ർ​വ​ഹ​ണ വി​ഭാ​ഗ​ത്തി​ന്റെ അ​ധി​കാ​ര​ത്തി​ന് കീ​ഴ​പ്പെ​ടാ​ത്ത, നീ​തി​ന്യാ​യ വി​ഭാ​ഗ​ത്തി​ന്റെ സ്വ​യം​ഭ​ര​ണ​ത്തി​ന്റെ ആ​വ​ശ്യ​ക​ത​യെ​ക്കു​റി​ച്ചാ​ണ് ജ​ഡ്ജി​മാ​ർ ഊ​ന്നി​പ്പ​റ​ഞ്ഞ​ത്.

നാ​ഗ്പൂ​ർ ഹൈ​കോ​ട​തി​യി​ലെ ജ​സ്റ്റി​സ് വി​വി​യ​ൻ ബോ​സ് കാ​വ്യാ​ത്മ​ക​മാ​യി എ​ഴു​തി: ‘‘ഒ​രു ജ​നാ​ധി​പ​ത്യ രാ​ജ്യ​ത്തെ ഭ​ര​ണ​നി​ർ​വ​ഹ​ണ വി​ഭാ​ഗം മേ​ഘ​ങ്ങ​ളെ​പ്പോ​ലെ മാ​റി​ക്കൊ​ണ്ടി​രി​ക്കും; അ​ത് വ​രാം, പോ​വാം. അ​തി​നാ​ൽ, ജു​ഡീ​ഷ്യ​റി​ക്ക് മേ​ൽ നി​യ​ന്ത്ര​ണം സ്ഥാ​പി​ച്ചു​കൊ​ണ്ട് സ്വ​ന്തം സ്വാ​ധീ​നം ചെ​ലു​ത്താ​ൻ ഭ​ര​ണ​നി​ർ​വ​ഹ​ണ വി​ഭാ​ഗ​ത്തെ അ​നു​വ​ദി​ക്ക​രു​ത്.’’

ഇ​ന്ത്യ റി​പ്പ​ബ്ലി​ക്കാ​യി ര​ണ്ട് ദി​വ​സ​ത്തി​ന് ശേ​ഷം, 1950 ജ​നു​വ​രി 28-നാ​ണ് ആ​റ് ജ​ഡ്ജി​മാ​രു​മാ​യി സു​പ്രീം കോ​ട​തി നി​ല​വി​ൽ വ​ന്ന​ത്. ഉ​ദ്ഘാ​ട​ന സ​മ്മേ​ള​ന​ത്തി​ൽ, ആ​ദ്യ​ത്തെ ചീ​ഫ് ജ​സ്റ്റി​സാ​യ ജ​സ്റ്റി​സ് ക​നി​യ സു​പ്രീം കോ​ട​തി​യു​ടെ മൂ​ന്ന് പ്ര​ധാ​ന ത​ത്ത്വ​ങ്ങ​ൾ​ക്ക് ഊ​ന്ന​ൽ ന​ൽ​കി:

നി​യ​മ​നി​ർ​മാ​ണ, ഭ​ര​ണ​നി​ർ​വ​ഹ​ണ ശാ​ഖ​ക​ളി​ൽ നി​ന്ന് സ്വ​ത​ന്ത്ര​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന സ്വ​ത​ന്ത്ര ജു​ഡീ​ഷ്യ​റി. ഭ​ര​ണ​ഘ​ട​ന​യെ ക​ർ​ശ​ന​മാ​യ നി​യ​മ​ങ്ങ​ളു​ടെ ഗ​ണ​മാ​യി​ട്ട​ല്ല, മ​റി​ച്ച് ജീ​വ​സ്സു​റ്റ ഒ​ന്നാ​യി വ്യാ​ഖ്യാ​നി​ക്കു​ക. ജ​ന​ങ്ങ​ളു​ടെ ആ​ദ​രം നേ​ടി ഒ​രു നി​യ​മ​പ​ര​മാ​യ സ്ഥാ​പ​ന​മാ​യി മാ​റു​ക.

ക​ഴി​ഞ്ഞ 75 വ​ർ​ഷ​ത്തി​നി​ട​യി​ൽ പ്ര​ധാ​ന​പ്പെ​ട്ട പ​ല വി​ധി ന്യാ​യ​ങ്ങ​ളും പു​റ​പ്പെ​ടു​വി​ച്ചി​ട്ടു​ണ്ട്. ഏ​റ്റ​വും പ്ര​ധാ​ന​പ്പെ​ട്ട ഒ​ന്നാ​യി ഞാ​ൻ ക​രു​തു​ന്ന​ത് 1973-ലെ ​കേ​ശ​വാ​ന​ന്ദ ഭാ​ര​തി കേ​സ് ആ​ണ്. സു​പ്രീം കോ​ട​തി​യി​ലെ 13 ജ​ഡ്ജി​മാ​രു​ടെ ബെ​ഞ്ച്, ഭ​ര​ണ​ഘ​ട​ന​ക്ക് അ​തി​ന്റെ അ​ടി​സ്ഥാ​ന ഘ​ട​ന രൂ​പീ​ക​രി​ക്കു​ന്ന ചി​ല അ​ത്യ​ന്താ​പേ​ക്ഷി​ത സ​വി​ശേ​ഷ​ത​ക​ൾ ഉ​ണ്ടെ​ന്ന ല​ളി​ത​വും എ​ന്നാ​ൽ സു​പ്ര​ധാ​ന​വു​മാ​യ ത​ത്ത്വം മു​ന്നോ​ട്ടു​വെ​ച്ചു. ആ​ർ​ട്ടി​ക്കി​ൾ 368 പ്ര​കാ​രം ഭ​ര​ണ​ഘ​ട​ന ഭേ​ദ​ഗ​തി ചെ​യ്യാ​ൻ പാ​ർ​ല​മെ​ന്റി​ന് അ​ധി​കാ​ര​മു​ണ്ടെ​ങ്കി​ലും, ഭ​ര​ണ​ഘ​ട​ന​യു​ടെ അ​ടി​സ്ഥാ​ന ഘ​ട​ന മാ​റ്റാ​ൻ ക​ഴി​യി​ല്ല എ​ന്ന് ഭൂ​രി​പ​ക്ഷം ജ​ഡ്ജി​മാ​രും വി​ധി​ച്ചു.

സു​പ്രീം കോ​ട​തി​യു​ടെ ഭ​ര​ണ​ഘ​ട​നാ ബെ​ഞ്ചു​ക​ൾ ഒ​രു ഡ​സ​നി​ല​ധി​കം ത​വ​ണ ഇ​ത് ശ​രി​വെ​ച്ചി​ട്ടു​ണ്ട്. അ​തി​നാ​ൽ, മു​ൻ ഉ​പ​രാ​ഷ്ട്ര​പ​തി ഈ ​വി​ധി​യു​ടെ നി​യ​മ​സാ​ധു​ത​യെ ചോ​ദ്യം ചെ​യ്ത​ത് തെ​റ്റാ​ണ്. ഒ​രു മു​ൻ ചീ​ഫ് ജ​സ്റ്റി​സ് ഈ ​വി​ധി​യു​ടെ ത​ത്ത്വാ​ധി​ഷ്ഠി​ത അ​ടി​ത്ത​റ​യെ​ക്കു​റി​ച്ച് രാ​ജ്യ​സ​ഭ​യി​ൽ സം​ശ​യം പ്ര​ക​ടി​പ്പി​ച്ച​തും തെ​റ്റാ​ണ്.

ഈ ​വി​ധി​യു​ടെ കാ​ത​ൽ ല​ളി​ത​മാ​ണ്: ഭ​ര​ണ​ഘ​ട​ന​യെ ത​ന്നെ ത​ക​ർ​ക്കാ​നോ ന​ശി​പ്പി​ക്കാ​നോ ഭ​ര​ണ​ഘ​ട​ന​യെ ഉ​പ​യോ​ഗി​ക്കാ​ൻ ക​ഴി​യി​ല്ല. നി​യ​മ​വാ​ഴ്ച, നീ​തി​ന്യാ​യ വി​ഭാ​ഗ​ത്തി​ന്റെ സ്വാ​ത​ന്ത്ര്യം, ജു​ഡീ​ഷ്യ​ൽ റി​വ്യൂ, അ​ധി​കാ​ര വി​ഭ​ജ​നം, ഫെ​ഡ​റ​ലി​സം, ജ​നാ​ധി​പ​ത്യം, കൃ​ത്യ​മാ​യ ഇ​ട​വേ​ള​ക​ളി​ലെ തെ​ര​ഞ്ഞെ​ടു​പ്പു​ക​ൾ തു​ട​ങ്ങി​യ​വ​യെ​ല്ലാം ഭ​ര​ണ​ഘ​ട​ന​യു​ടെ അ​ടി​സ്ഥാ​ന ഘ​ട​ന​യാ​ണെ​ന്ന് ഇ​തി​ലൂ​ടെ വ്യ​ക്ത​മാ​ക്കി​യി​ട്ടു​ണ്ട്.

ജ​ഡ്ജി​മാ​ർ നീ​തി​ന്യാ​യ വി​ഭാ​ഗ​ത്തി​ന്റെ സ്വാ​ത​ന്ത്ര്യം സം​ര​ക്ഷി​ച്ചി​ല്ലെ​ങ്കി​ൽ വേ​റെ ആ​രാ​ണ് സം​ര​ക്ഷി​ക്കു​ക? ജ​ഡ്ജി​മാ​ർ നി​യ​മ​വാ​ഴ്ച ന​ട​പ്പി​ലാ​ക്കി​യി​ല്ലെ​ങ്കി​ൽ വേ​റെ ആ​രാ​ണ് ന​ട​പ്പി​ലാ​ക്കു​ക? ഇ​ന്ന് പ​ല​രും നി​യ​മം ക​യ്യി​ലെ​ടു​ക്കു​ന്ന​തും, യാ​തൊ​രു ഭ​യ​വു​മി​ല്ലാ​തെ വി​ദ്വേ​ഷ പ്ര​സം​ഗ​ങ്ങ​ൾ ന​ട​ത്തു​ന്ന​തും ന​മ്മ​ൾ കാ​ണു​ന്നു. എ​ന്തു​കൊ​ണ്ടാ​ണ് ഇ​ത് സം​ഭ​വി​ക്കു​ന്ന​ത് എ​ന്ന് ന​മ്മ​ൾ സ്വ​യം ചോ​ദി​ക്കേ​ണ്ട​തു​ണ്ട്.

1386-ൽ ​സ്ഥാ​പി​ത​മാ​യ, 54 നോ​ബ​ൽ സ​മ്മാ​ന ജേ​താ​ക്ക​ളെ സം​ഭാ​വ​ന ചെ​യ്ത ഹൈ​ഡ​ൽ​ബ​ർ​ഗ് സ​ർ​വ​ക​ലാ​ശാ​ല​യി​ലെ നി​യ​മ​വി​ഭാ​ഗം മേ​ധാ​വി​യും ജ​ർ​മ​ൻ നി​യ​മ​വി​ദ​ഗ്ധ​നു​മാ​യ പ്ര​ഫ. ഡീ​ട്രി​ച്ച് കൊ​ൺ​റാ​ഡ്, 1965 ഫെ​ബ്രു​വ​രി​യി​ൽ ഭ​ര​ണ​ഘ​ട​ന ഭേ​ദ​ഗ​തി ചെ​യ്യു​ന്ന​തി​നു​ള്ള പ​രി​മി​തി​ക​ളെ​ക്കു​റി​ച്ച് ബ​നാ​റ​സ് ഹി​ന്ദു യൂ​ണി​വേ​ഴ്സി​റ്റി​യി​ൽ വ​ന്ന് ഒ​രു പ്ര​ഭാ​ഷ​ണം ന​ട​ത്തി​യി​രു​ന്നു. ഭ​ര​ണ​ഘ​ട​നാ സം​വി​ധാ​ന​ത്തി​ന് കീ​ഴി​ലു​ള്ള ഒ​രു ഭേ​ദ​ഗ​തി സ​ഭ​ക്കും അ​തി​ന്റെ അ​ടി​സ്ഥാ​ന തൂ​ണു​ക​ൾ മാ​റ്റാ​ൻ ക​ഴി​യി​ല്ലെ​ന്ന് അ​ദ്ദേ​ഹം ചൂ​ണ്ടി​ക്കാ​ട്ടി. വൈ​മ​ർ ഭ​ര​ണ​ഘ​ട​ന​യി​ലെ അ​ടി​യ​ന്തി​രാ​വ​സ്ഥാ വ്യ​വ​സ്ഥ​ക​ൾ ഉ​പ​യോ​ഗി​ച്ച് ഹി​റ്റ്‌​ല​ർ ഭ​ര​ണ​ഘ​ട​ന​യെ ഉ​ള്ളി​ൽ നി​ന്ന് ത​ക​ർ​ത്ത​പ്പോ​ൾ ജ​ർ​മ​ൻ കോ​ട​തി​ക​ൾ നി​ശ്ശ​ബ്ദ​രാ​യി​രു​ന്ന സം​ഭ​വം അ​ദ്ദേ​ഹം ഉ​ദ്ധ​രി​ക്കു​ക​യു​ണ്ടാ​യി. ഇ​താ​ണ് അ​ടി​സ്ഥാ​ന ഘ​ട​നാ ത​ത്ത്വ​ത്തി​ന് പ്ര​ചോ​ദ​ന​മാ​യ​ത്.

നീ​തി​ന്യാ​യ വ്യ​വ​സ്ഥ​യു​ടെ ക​യ്യി​ൽ പ​ണ​മോ ആ​യു​ധ​ങ്ങ​ളോ ഇ​ല്ല. അ​തി​നെ നി​ല​നി​ർ​ത്തു​ന്ന ഒ​രേ​യൊ​രു കാ​ര്യം ജ​ന​ങ്ങ​ളു​ടെ വി​ശ്വാ​സ​മാ​ണ്. റി​പ്പ​ബ്ലി​ക്കാ​യി 75 വ​ർ​ഷ​ത്തി​ന് ശേ​ഷം നീ​തി​ന്യാ​യ വ്യ​വ​സ്ഥ ഇ​ന്ന് എ​വി​ടെ നി​ൽ​ക്കു​ന്നു എ​ന്ന് വി​ല​യി​രു​ത്തേ​ണ്ട​ത് പൗ​ര​ജ​ന​ങ്ങ​ളാ​ണ്.

‘‘സാ​ർ​വ​ത്രി​ക നീ​തി ഉ​റ​പ്പാ​ക്കു​ന്ന​തി​ൽ അ​നു​ക​മ്പ​യു​ടെ പ​ങ്ക്’’ എ​ന്ന വി​ഷ​യ​ത്തി​ൽ ന​ട​ന്ന സ​മ്മേ​ള​ന​ത്തി​ൽ ഞാ​ൻ സ്വ​യം ചോ​ദി​ച്ചു: എ​ന്തു​കൊ​ണ്ടാ​ണ് ഇ​ത്ത​ര​മൊ​രു സ​മ്മേ​ള​നം ന​ട​ത്തേ​ണ്ടി വ​രു​ന്ന​ത്? കോ​ട​തി​ക​ളോ ജ​ഡ്ജി​മാ​രോ ജ​ന​ങ്ങ​ളോ​ട് സം​വേ​ദ​ന​ക്ഷ​മ​ത​യു​ള്ള​വ​രോ അ​നു​ക​മ്പ​യു​ള്ള​വ​രോ ആ​യി കാ​ണ​പ്പെ​ടു​ന്നി​ല്ല എ​ന്ന പൊ​തു​ജ​ന ധാ​ര​ണ ഉ​ള്ള​തു​കൊ​ണ്ടാ​ണോ ഇ​ത്?

ബു​ൾ​ഡോ​സ​ർ ഉ​പ​യോ​ഗി​ച്ച് വീ​ടു​ക​ളും സ്ഥാ​പ​ന​ങ്ങ​ളും പൊ​ളി​ക്കു​ന്ന​ത് ത​ട​ഞ്ഞു​കൊ​ണ്ടു​ള്ള ജ​സ്റ്റി​സ് ഗ​വാ​യു​ടെ ‘ബു​ൾ​ഡോ​സ​ർ വി​ധി​യെ’ ഞാ​ൻ പ്ര​ശം​സി​ച്ചു. എ​ന്നാ​ൽ ഞാ​ൻ പ​റ​ഞ്ഞു: ആ ​വി​ധി ര​ണ്ട് വ​ർ​ഷം വൈ​കി​യാ​ണ് വ​ന്ന​ത്. നി​യ​മം ലം​ഘി​ച്ചു​ള്ള പൊ​ളി​ക്ക​ലു​ക​ൾ ഇ​പ്പോ​ഴും തു​ട​രു​ന്നു. ബു​ൾ​ഡോ​സ​ർ ഉ​പ​യോ​ഗി​ക്കു​ന്ന​ത് നി​ങ്ങ​ളു​ടെ ഭ​ര​ണ​ഘ​ട​ന​യെ​ത്ത​ന്നെ ബു​ൾ​ഡോ​സ​ർ ചെ​യ്തു ത​ക​ർ​ക്കു​ന്ന​തി​ന് തു​ല്യ​മാ​ണ്. ഇ​ന്ന് ഇ​ന്ത്യ​യി​ൽ ഭി​ന്ന അ​ഭി​പ്രാ​യ​ങ്ങ​ൾ പ്ര​ക​ടി​പ്പി​ക്കാ​നു​ള്ള പൊ​തു​ഇ​ട​ങ്ങ​ൾ ചു​രു​ങ്ങി​വ​രി​ക​യാ​ണ്. അ​ഭി​പ്രാ​യ​ങ്ങ​ൾ പ്ര​ക​ടി​പ്പി​ക്കാ​നും സ​മാ​ധാ​ന​പ​ര​മാ​യി പ്ര​തി​ഷേ​ധി​ക്കാ​നു​മു​ള്ള അ​വ​കാ​ശം പൗ​ര​രു​ടെ മൗ​ലി​ക സ്വാ​ത​ന്ത്ര്യ​മാ​ണ്. സം​വാ​ദ​ങ്ങ​ളും വി​യോ​ജി​പ്പു​ക​ളു​മാ​ണ് ജ​നാ​ധി​പ​ത്യ​ത്തി​ന്റെ കാ​ത​ൽ. നി​ർ​ഭാ​ഗ്യ​വ​ശാ​ൽ, സാ​ധാ​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ പോ​ലും കു​റ്റ​കൃ​ത്യ​ങ്ങ​ളാ​ക്ക​പ്പെ​ടു​ക​യാ​ണ്:

പ​രി​സ്ഥി​തി നാ​ശ​ത്തി​നെ​തി​രെ ശ​ബ്ദ​മു​യ​ർ​ത്തു​ന്ന​വ​രെ കു​റ്റ​വാ​ളി​ക​ളെ​പ്പോ​ലെ ആ​ട്ടി​പ്പാ​യി​ക്കു​ന്നു. കാ​മ്പ​സു​ക​ളി​ൽ പ്ര​തി​ഷേ​ധി​ക്കു​ന്ന വി​ദ്യാ​ർ​ഥി​ക​ളെ അ​റ​സ്റ്റ് ചെ​യ്യു​ക​യും 30-40 ദി​വ​സ​ത്തോ​ളം ജാ​മ്യം നി​ഷേ​ധി​ക്കു​ക​യും ചെ​യ്യു​ന്നു.

ഗം​ഗാ​ന​ദി​യി​ൽ വെ​ച്ച് ചി​ക്ക​ൻ ബി​രി​യാ​ണി ക​ഴി​ച്ച​തി​ന് ഒ​രു കൂ​ട്ടം ചെ​റു​പ്പ​ക്കാ​രെ അ​റ​സ്റ്റ് ചെ​യ്തു;​ഏ​തെ​ങ്കി​ലും നി​യ​മ​പ്ര​കാ​രം ചി​ക്ക​ൻ ബി​രി​യാ​ണി ക​ഴി​ക്കു​ന്ന​ത് കു​റ്റ​മ​ല്ല. എ​ന്നി​ട്ടു​പോ​ലും കോ​ട​തി​ക​ൾ ജാ​മ്യം ന​ൽ​കു​ന്ന​തി​ന് മു​മ്പ് മൂ​ന്ന് മാ​സ​ത്തോ​ളം ജ​യി​ലി​ൽ കി​ട​ക്കേ​ണ്ടി വ​രു​ക​യും ചെ​യ്തു!

സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ പോ​സ്റ്റി​ട്ട​തി​ന് കേ​സെ​ടു​ക്കു​ക​യും, കോ​ട​തി​ക​ൾ മു​ൻ​കൂ​ർ ജാ​മ്യം അ​നു​വ​ദി​ക്കു​മ്പോ​ൾ ‘‘പാ​സ്‌​പോ​ർ​ട്ട് സ​റ​ണ്ട​ർ ചെ​യ്യു​ക, ഇ​നി സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ പോ​സ്റ്റു​ക​ൾ ഇ​ട​രു​ത്, പൊ​തു​യോ​ഗ​ങ്ങ​ളി​ൽ പ​ങ്കെ​ടു​ക്ക​രു​ത്’’ എ​ന്നി​ങ്ങ​നെ ക​ടു​ത്ത നി​ബ​ന്ധ​ന​ക​ൾ വെ​ക്കു​ക​യും ചെ​യ്യു​ന്നു. ഇ​ത്ത​രം നി​ബ​ന്ധ​ന​ക​ളി​ലൂ​ടെ, വി​യോ​ജി​പ്പ് പ്ര​ക​ടി​പ്പി​ക്കു​ന്ന​തി​ൽ നി​ന്നും പൊ​തു​ജീ​വി​ത​ത്തി​ൽ പ​ങ്കാ​ളി​ക​ളാ​കു​ന്ന​തി​ൽ നി​ന്നും പൗ​ര​രെ പി​ന്തി​രി​പ്പി​ക്കാ​നു​ള്ള സ​ന്ദേ​ശ​മാ​ണോ കോ​ട​തി​ക​ൾ ന​ൽ​കു​ന്ന​ത്?

മു​ൻ ത​ല​മു​റ​യി​ലെ മ​ഹ​ത്തു​ക്ക​ളാ​യ ജ​ഡ്ജി​മാ​ർ ചെ​യ്ത ന​ല്ല കാ​ര്യ​ങ്ങ​ളോ​ട് കൂ​ട്ടി​ച്ചേ​ർ​ക്കാ​ൻ സാ​ധി​ച്ചി​ല്ലെ​ങ്കി​ലും, അ​വ​ർ ചെ​യ്ത ന​ല്ല കാ​ര്യ​ങ്ങ​ളെ ത​ക​ർ​ക്കാ​തി​രി​ക്കാ​നെ​ങ്കി​ലും ന​മ്മ​ൾ ശ്ര​ദ്ധി​ക്ക​ണം.

എ​ന്റെ വാ​ക്കു​ക​ൾ ഒ​ര​ൽ​പ്പം നി​രാ​ശാ​ജ​ന​ക​മാ​യി തോ​ന്നാം; എ​ങ്കി​ലും, ഞാ​നൊ​രു ശു​ഭാ​പ്തി​വി​ശ്വാ​സ​ക്കാ​ര​നാ​ണ്. ഈ ​രാ​ജ്യ​ത്തെ യു​വ അ​ഭി​ഭാ​ഷ​ക​രി​ലും നി​യ​മ വി​ദ്യാ​ർ​ഥി​ക​ളി​ലും എ​നി​ക്ക് വ​ലി​യ വി​ശ്വാ​സ​മു​ണ്ട്. എ​ന്റെ ത​ല​മു​റ​യേ​ക്കാ​ൾ കൂ​ടു​ത​ൽ നി​യ​മ​വാ​ഴ്ച​യോ​ടും ഭ​ര​ണ​ഘ​ട​ന​യോ​ടും പ്ര​തി​ബ​ദ്ധ​ത​യു​ള്ള​വ​രാ​ണ് പു​തു​ത​ല​മു​റ​യി​ലെ അ​ഭി​ഭാ​ഷ​ക​രും വി​ദ്യാ​ർ​ഥി​ക​ളും. അ​വ​ർ എ​നി​ക്ക് വ​ലി​യ പ്ര​തീ​ക്ഷ പ​ക​രു​ന്നു.

Tags:    
News Summary - Debate and dissent are the essence of democracy

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.