രൂപയുടെ വിലയിടിയുമ്പോള്‍

രൂപയുടെ മൂല്യത്തകർച്ച ഒരു തുടർപ്രക്രിയ ആയിരിക്കുകയാണ്. 2018​​​െൻറ തുടക്കം മുതൽ ഇൗ മൂല്യത്തകർച്ച അനുദിനം തുടർന്ന് ഇപ്പോൾ ഡോളറിന് 80 രൂപയിലേക്ക് നീങ്ങുന്ന സാഹചര്യമാണ് നിലവിലുള്ളത്. ഇന്ത്യയെ സംബന്ധിച്ചിടത്തോളം വളരെ ഗുരുതരമായ പ്രതിഭാസമാണിത്. കാരണം, ഇന്ത്യയുടെ വിദേശ വ്യാപാരവും വിദേശ കടബാധ്യതകളും ഡോളർ നിരക്കിലാണ് കണക്കാക്കപ്പെടുന്നത് എന്നതുതന്നെ.

ഇന്ത്യയും മറ്റു രാജ്യങ്ങളും തമ്മിലുള്ള കൊടുക്കൽ വാങ്ങൽ ഇടപാടുകളിൽ അതത് സമയത്ത് നിലവിലുള്ള ബന്ധമാണ് കറൻറ് അക്കൗണ്ട് സ്ഥിതി എന്തെന്ന് വെളിവാക്കുന്ന സൂചിക. ഇന്ത്യയുടെ ഇറക്കുമതികളും കയറ്റുമതികളും അത് ചരക്കുകളായാലും സേവനങ്ങളായാലും സാധാരണഗതിയിൽ തുല്യത പാലിക്കുക പതിവില്ല. രാജ്യത്തി​​​െൻറ ഇറക്കുമതി ബാധ്യതകൾ കയറ്റുമതി ബാധ്യതകളെക്കാൾ കൂടുതലായിരിക്കുേമ്പാൾ ആ സ്ഥിതിയെ നമ്മൾ വിശേഷിപ്പിക്കുക കറൻറ് അക്കൗണ്ട് കമ്മി എന്നാണ്. രൂപയുടെ മൂല്യം തുടർച്ചയായി തകരുകയാണെങ്കിൽ കറൻറ് അക്കൗണ്ട് കമ്മിയിലേക്ക് ചെന്നെത്തും. കഴിഞ്ഞ ഏതാനും മാസങ്ങളായി ഇൗ കമ്മി മൂന്നു ശതമാനം വരെയായി വർധിച്ചിട്ടുണ്ട്. ഇത് സമ്പദ്​വ്യവസ്​ഥയുടെ ആരോഗ്യത്തെയല്ല സൂചിപ്പിക്കുന്നത്. ഇന്ത്യയെ സംബന്ധിച്ചിടത്തോളം പെട്രോളിയം ഉൽപന്നങ്ങളുടെ കാര്യത്തിൽ ആത്യന്തിക ഉപഭോഗത്തി​​​െൻറ 80 ശതമാനത്തോളവും ഇറക്കുമതിയെ ആശ്രയിക്കേണ്ട സ്ഥിതിയാണ്. തന്മൂലം കറൻറ് അക്കൗണ്ട് കമ്മി തുടർച്ചയായി ഉയർന്നുതന്നെ തുടരാൻ ഇടയാകുന്നു. നമ്മുടെ ഇറക്കുമതി എല്ലാം ഡോളർ ബന്ധിതമായതിനാൽ രൂപയുടെ മൂല്യം ഇടിയുന്ന ക്രമത്തിൽ കറൻറ് അക്കൗണ്ട് കമ്മിയും വർധിക്കും. ഇൗ വർധന വിദേശ മൂലധനം ഇന്ത്യയിലേക്ക് പ്രവഹിക്കുന്നതിനു പകരം ഇന്ത്യൻ സമ്പദ്​വ്യവസ്ഥയിൽനിന്ന് പുറത്തേക്ക് ഒഴുകിപ്പോകാൻ വഴിയൊരുക്കുന്നു. ഇൗ സ്ഥിതി തുടരാനിടയായാൽ ഇന്ത്യൻ സമ്പദ്​വ്യവസ്ഥ ഏതുനിമിഷവും ഒരു പൊട്ടിത്തെറിക്ക് വിധേയമാകാൻ കളമൊരുക്കും.

അതേസമയം, ഇന്ത്യയുടെ വ്യാപാരബന്ധം ഇറാനുമായി വളരെ അനുകൂല കാലാവസ്ഥയിൽ ആയിരുന്നപ്പോൾ നമുക്കാവശ്യമുള്ള പെട്രോളിയം ഉൽപന്നങ്ങൾ ഇറാനിൽനിന്ന് ഇറക്കുമതി ചെയ്യാൻ കഴിയുമായിരുന്നു. എന്നാൽ, അമേരിക്കയിലെ ട്രംപ് ഭരണകൂടത്തി​​​െൻറ താൽപര്യം സംരക്ഷിക്കുന്നതിനുള്ള വ്യഗ്രതയിൽ നാം ഇറാനിൽനിന്ന് പെട്രോളിയം ഇറക്കുമതി ക്രമേണ കുറച്ചുകൊണ്ടുവരാൻ നിർബന്ധിതമായിരിക്കുകയാണ്. ട്രംപ് ഭരണകൂടത്തെ സംബന്ധിച്ചിടത്തോളം മറ്റു രാജ്യങ്ങളിൽ എന്ത് സംഭവിച്ചാലും സ്വന്തം രാജ്യത്തി​​​െൻറ താൽപര്യങ്ങൾ മാത്രം മുൻനിർത്തി പ്രവർത്തിക്കുക എന്നതാണ് ലക്ഷ്യം. ഒരു സ്വതന്ത്ര ജനാധിപത്യ രാജ്യം എന്നനിലയിൽ ഇന്ത്യയുടെ വിദേശനയം ഇത്രയേറെ അമേരിക്കൻ താൽപര്യങ്ങൾക്ക് അനുകൂലമായി രൂപംനൽകപ്പെട്ട ഒരു കാലഘട്ടത്തെക്കുറിച്ച് ഒാർക്കുക വയ്യ. ഇന്ത്യയിലെ ഭരണകൂടത്തെ സംബന്ധിച്ചിടത്തോളം ഇന്ത്യൻ ജനതക്ക് പെട്രോളിയം ഉൽപന്നങ്ങളുടെ വിലവർധനയുടെ ഫലമായി എന്തെല്ലാം പ്രയാസങ്ങൾ നേരിടേണ്ടിവരുന്നുണ്ടോ എന്നത് ഒരു പ്രശ്നമേയല്ല. നമ്മുടെ പൊതുമേഖല എണ്ണക്കമ്പനികൾ സ്വകാര്യ മേഖല എണ്ണക്കമ്പനികൾക്കൊപ്പം അമിതലാഭം കൊയ്തെടുക്കുന്നതിലാണ് കൂടുതൽ താൽപര്യം പ്രകടിപ്പിക്കുന്നത്. അതുകൊണ്ടു തന്നെയാണ് ഇറക്കുമതി ചെയ്യുന്ന പെട്രോളിയവും ആഭ്യന്തരമായി ഉൽപാദിപ്പിക്കുന്ന എണ്ണയും ഒരേ നിരക്കിൽ വിറ്റഴിച്ച് പരമാവധി ലാഭം കൊയ്തെടുക്കാൻ ശ്രമിക്കുന്നത്.

ഏതാനും വർഷത്തിനുള്ളിൽ ആഗോള വിപണിയിൽ എണ്ണവില താഴ്ന്ന നിലവാരം പുലർത്തിയിരുന്നപ്പോഴും അവയുടെ ഇറക്കുമതിയുടെ മേൽ പരമാവധി എക്സൈസ് നികുതി ചുമത്തിയതുകൊണ്ടാണ് ലോകരാജ്യങ്ങളിൽതന്നെ ഏറ്റവും ഉയർന്ന വിലക്ക് ഡീസലും പെട്രോളും പാചകവാതകവും മണ്ണെണ്ണയും മറ്റും വിറ്റഴിക്കുന്ന രാജ്യമെന്ന ദുഷ്​പേര് ഇന്ത്യക്ക് താങ്ങേണ്ടിവന്നത്. ഇൗ രൂപത്തിലുള്ള കൊള്ളയുടെ ഫലമായി പൊതുമേഖല എണ്ണക്കമ്പനികളും സ്വകാര്യ മേഖല എണ്ണക്കമ്പനികളും 18 ലക്ഷം കോടി രൂപയോളം ജനങ്ങളിൽനിന്ന് കൊള്ളചെയ്തെടുക്കുകയുണ്ടായി. ഇതി​​​െൻറ അർഥം ആഗോള എണ്ണവില കുറഞ്ഞാലും കൂടിയാലും ജനങ്ങൾക്ക് അതി​​​െൻറ ഗുണഫലം ലഭ്യമാകുന്നില്ല എന്നാണ്. എക്സൈസ് തീരുവയിൽ ഇളവുവരുത്താൻ കഴിയുമായിരുന്ന സാഹചര്യം നിലവിലുണ്ടായിരുന്നപ്പോൾ പോലും സർക്കാർ ജനങ്ങളെ പരമാവധി ചൂഷണം ചെയ്യുകയായിരുന്നു. ഇപ്പോഴാണെങ്കിൽ ഇൗ ചൂഷണം തുടരുന്നതിന് നീതീകരണമായി പറയുന്നത് ആഗോള വിപണിയിൽ എണ്ണവില വർധിച്ചു എന്നതാണ്. ഇൗ നിലപാട് ഒരിക്കലും അംഗീകരിക്കാനാവില്ല. അസംസ്കൃത എണ്ണവില ബാരലിന് 45 ഡോളർ വരെ എത്തിയ കാലഘട്ടത്തിൽപോലും സർക്കാർ ജനങ്ങളെ സഹായിക്കാൻ തയാറായിട്ടില്ല. ഇന്നിപ്പോൾ വില ബാരലിന് 80 ഡോളർ വരെയായി കുതിച്ചുയർന്നിരിക്കുന്ന സാഹചര്യത്തിൽ ആഭ്യന്തര ഉപഭോഗത്തിനുള്ള പെട്രോളിയം ഉൽപന്നങ്ങളുടെ വില കുറക്കുന്ന പ്രശ്നമേ ഉദിക്കുന്നില്ലല്ലോ എന്നതാണ് കേന്ദ്ര സർക്കാറി​​​െൻറ ചിന്താഗതി. ഇന്ത്യയെ സംബന്ധിച്ചിടത്തോളം ഒന്നുകിൽ ആഭ്യന്തര ഉൽപാദനം പരമാവധി വർധിപ്പിക്കുക അല്ലെങ്കിൽ ഏത് വിദേശരാജ്യമാണോ ഇന്ത്യൻ താൽപര്യങ്ങൾക്ക് അനുഗുണമായ രീതിയിൽ പെട്രോളിയം ഇറക്കുമതിക്ക് സന്നദ്ധമാകുന്നത് ആ രാജ്യത്തെ ആശ്രയിക്കുക എന്നതാണ് ഉത്തമം. അമേരിക്കയെ അനുകൂലിക്കുന്ന ഒരു വിദേശനയം മുറുകെപ്പിടിക്കുന്ന മോദിസർക്കാറി​​​െൻറ കാലഘട്ടത്തിൽ പെട്രോളിയം ഉൽപന്നങ്ങൾ ഡോളർ നിരക്കിലല്ലാതെ ഇറക്കുമതി സാധ്യമാകില്ല. ഇവിടെയാണ് രൂപയുടെ വിദേശവിനിമയ മൂല്യത്തകർച്ച ഗുരുതരമായ പ്രതിസന്ധി സൃഷ്​ടിക്കുന്നത്.

(എറണാകുളം മഹാരാജാസ് കോളജിലെ റിട്ട. പ്രിൻസിപ്പലാണ് ലേഖകൻ)

Tags:    
News Summary - Rupee Falls - Article

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.