ജെനിൻ അംറിനെ മാതാപിതാക്കൾ ആശ്ലേഷിക്കുന്നു
ഇസ്രായേലും ഹമാസും തമ്മിലെ വെടിനിർത്തൽ ഉടമ്പടി പ്രകാരം തടവറയിൽ നിന്ന് മോചനം ലഭിച്ച ഫലസ്തീൻ മുന്നേറ്റത്തിന്റെ ഐതിഹാസിക പോരാളി ഖാലിദ ജറാർ തിരിച്ചറിയാൻ പറ്റാത്തത്ര ക്ഷീണിതയും അവശയുമായിരുന്നു. ഏകാന്ത തടവിൽ നേരിടേണ്ടിവന്ന അടിച്ചമർത്തലുകളുടെ അടയാളങ്ങൾ ആ മുഖത്തുണ്ടായിരുന്നു.
‘‘ഞാൻ ഏകാന്ത തടവിലായിരുന്നു, ഇപ്പോഴെനിക്ക് സംസാരിക്കാൻ വയ്യ’’- കേൾക്കാൻ കാത്തുനിന്ന മാധ്യമ പ്രവർത്തകരോട് ക്ഷമാപണ സ്വരത്തിൽ ഇത്രമാത്രം പറഞ്ഞാണ് ഞായറാഴ്ച അവർ കുടുംബത്തിനൊപ്പം പോയത്. എന്നാൽ, ഒരു ദിവസം കഴിഞ്ഞ് കാണാനായത് എന്നത്തേയും പോലെ കരുത്തയായ ഖാലിദയെയാണ്. ഏകാന്ത തടവിന്റെ കടുപ്പവും പൊടിയും തൂത്തുതുടച്ച് അതിക്രമങ്ങളുടെയും ക്രൂരതയുടെയും അനുഭവങ്ങൾ തുറന്നുപറയാൻ അവർ മുന്നോട്ടുവന്നു. ഉടമ്പടിപ്രകാരം മോചിതരാക്കപ്പെട്ട 69 ഫലസ്തീനി തടവുകാരികളിൽ ഉമ്മമാരുണ്ട്, മാധ്യമപ്രവർത്തകരുണ്ട്, സർവകലാശാല വിദ്യാർഥിനികളുണ്ട്, മുറിവേറ്റ സ്ത്രീകളുണ്ട്...
ഹമാസ് കൈമാറിയ മൂന്ന് ഇസ്രായേലി വനിതാ ബന്ദികളുടെ മുഖത്ത് സന്തോഷവും പുഞ്ചിരിയുമാണ് നിറഞ്ഞുനിന്നിരുന്നതെങ്കിൽ വേദനയാലും ക്ഷീണത്താലും വിളറി വിവർണമായിരുന്നു ഇവരുടെ മുഖങ്ങൾ.
ഖാലിദ ജറാർ
റാമല്ലയിൽ ഒരുകൂട്ടം മാധ്യമ പ്രവർത്തകരോട് സംസാരിക്കവേ, ജീവിച്ചിരിക്കുന്നുവെന്ന ലക്ഷണം പോലുമില്ലാതെ താൻ താണ്ടിയ തടവറദിനങ്ങളുടെ ഏകദേശ ചിത്രം അവർ വിവരിച്ചു.
‘‘ഇടുങ്ങിയ, ശ്വാസംമുട്ടുന്ന ഒരു സെല്ലിനുള്ളിലാണ് എന്നെ അടച്ചിട്ടിരുന്നത്. ഈ കുടുസ്സുമുറിയോട് ചേർന്നായിരുന്നു കുളിമുറിയും. ഒന്നിനും കൊള്ളാത്ത ആഹാരവും അരുചി കലർന്ന വെള്ളവുമാണ് ലഭിച്ചിരുന്നത്. രോഗങ്ങൾക്ക് ചികിത്സയോ മരുന്നോ ഇല്ല. ചുരുക്കിപ്പറഞ്ഞാൽ ഖബറിനകത്താണ് ഞാനെന്ന് തോന്നിപ്പോയിരുന്നു’’- ഖാലിദ പറയുന്നു.
ആദ്യമായല്ല അവർ തടവിലാക്കപ്പെടുന്നത്. ഇത് അഞ്ചാമത്തെ തവണയാണ്; ഇക്കുറിയായിരുന്നു ഏറ്റവും കഠിനം. തടവറയിലെ സാഹചര്യങ്ങൾ മാത്രമല്ല, ജയിലർമാരും ക്രൂരന്മാരായിരുന്നു.
2023 ഡിസംബർ 23ന് വീട്ടിൽനിന്ന് പിടിച്ചു കൊണ്ടുപോയ ഖാലിദക്കുമേൽ കുറ്റം ചുമത്തിയിരുന്നില്ല, അതുകൊണ്ടുതന്നെ വിചാരണയുമുണ്ടായില്ല. ഫലസ്തീനിയൻ പോരാട്ടത്തിന്റെ പ്രതീകമായി അറിയപ്പെടുന്ന അവരെ നിശ്ശബ്ദയാക്കാനാകും എന്നാവും ഇത്തരമൊരു നടപടി കൊണ്ട് ഇസ്രായേൽ ലക്ഷ്യംവെച്ചിട്ടുണ്ടാവുക.
റൂല ഹസ്സനൈൻ മകൾ ഏലിയക്കൊപ്പം
സദാ സുസ്മേരവദനയായി മാത്രം കാണപ്പെടാറുള്ള ഹെബ്രോൺ സർവകലാശാല വിദ്യാർഥിനി ജെനിൻ അംറ് റെഡ് ക്രോസ് കമ്മിറ്റിയുടെ ബസിൽ നിന്നിറങ്ങിയതും കുടുംബത്തെ പരതാൻ തുടങ്ങി. പിതാവിനെ ദൂരെനിന്ന് കണ്ടതും അവൾ അദ്ദേഹത്തിന്റെ കൈകളിലേക്ക് പറന്നെത്തി. ഒരു അപരാധവും ചെയ്യാതെ ആയുസ്സിന്റെ 14 മാസം തടങ്കലിൽ ഹോമിക്കേണ്ടിവന്നതിന്റെ വേദനയും പരവേശവുമെല്ലാം ആ മുഖത്ത് എഴുതിവെച്ചിട്ടുണ്ടായിരുന്നു. തളർച്ച മുറ്റിയതെങ്കിലും ശാന്തത നഷ്ടമാവാത്ത ശബ്ദത്തിൽ അവർ പറഞ്ഞു: ജയിലിലടക്കപ്പെട്ട നേരത്തുള്ളതിന് സമാനമായ ക്രൂരമായ നടപടിക്രമങ്ങൾ മോചനവേളയിലും ആവർത്തിക്കപ്പെട്ടുവെന്ന്. ഡാമൺ ജയിലിൽ നിന്ന് ഓഫർ ജയിലിലേക്ക് മാറ്റിയ സന്ദർഭത്തിൽ താനും മറ്റു തടവുകാരികളും മർദനത്തിനും അപമാനത്തിനും വിധേയമാക്കപ്പെട്ടെന്ന്. ഞങ്ങളെല്ലാം കൊടിയ അപമാനത്തിനും അവഹേളനത്തിനും ഇരയായി. പരിശോധന നടപടിക്രമങ്ങൾക്കെന്ന വ്യാജേന അവർ ഞങ്ങളെ ദീർഘനേരം തണുത്ത സ്ഥലത്ത് പാർപ്പിച്ചു. നൽകിയ ഭക്ഷണത്തെ ഭക്ഷണം എന്ന് വിളിക്കാൻ കഴിയില്ല-കുറച്ച് ധാന്യങ്ങൾ, പാകം ചെയ്യാത്ത അരി, ഉപ്പില്ലാത്ത സൂപ്പ്, തുരുമ്പു രുചിയുള്ള വെള്ളം. ഇതുകഴിച്ചാണ് ഞങ്ങൾ കഴിഞ്ഞത്. അധിനിവിഷ്ട വെസ്റ്റ്ബാങ്കിൽ ഏറ്റവും ദുരിതം നിറഞ്ഞ നഗരത്തിന്റെ പേര് പേറുന്ന ജെനിൻ ജയിൽ സ്ത്രീകളുടെ അടിസ്ഥാന അവകാശങ്ങളും വ്യക്തിപരമായ അന്തസ്സും ഹനിക്കുന്ന അതി ക്രൂരമായ ഇടമാണ്- അവർ തുടർന്നു.
ജയിലിൽനിന്ന് മോചിതയായതിന്റെ പിറ്റേന്ന്, ഇസ്രായേൽ സൈന്യം ജെനിന്റെ വീട് ആക്രമിക്കുകയും കുടുംബത്തെ ഭീഷണിപ്പെടുത്തുകയും ചെയ്തു. മോചനം ആഘോഷിക്കുന്ന എന്തെങ്കിലും ലക്ഷണം കണ്ടാൽ വീണ്ടും അറസ്റ്റ് ചെയ്യുമെന്നായിരുന്നു സയണിസ്റ്റ് സേനയുടെ മുന്നറിയിപ്പ്.
തടവുകാരികളുടെ ദുരവസ്ഥകൾക്കിടയിൽ ഉമ്മമാരുടെ കഥകൾ വേറിട്ടുനിൽക്കുന്നു. അമ്മയും മക്കളും തമ്മിലെ പവിത്രമായ ബന്ധത്തെപ്പോലും ഇസ്രായേൽ വിലകൽപിക്കാറില്ല എന്നതുതന്നെ കാരണം. ജയിലിൽ നിന്നിറങ്ങിയതും മാധ്യമ പ്രവർത്തക റൂല ഹസ്സനൈൻ തന്റെ പിഞ്ചുമകൾ ഏലിയയെ നെഞ്ചോടുചേർക്കുന്ന കാഴ്ച ഹൃദയഭേദകമായിരുന്നു. മാസം തികയാതെ ജനിച്ച ഏലിയക്ക് ഉമ്മയുടെ സാന്നിധ്യം ഒഴിച്ചുകൂടാനാവാത്ത സമയത്താണ് 2024 മാർച്ചിൽ ഇസ്രായേലി സേന റൂലയെ പിടിച്ചു കൊണ്ടുപോകുന്നത്. കുഞ്ഞുമോളെയോർത്ത് എന്റെ ഉള്ളം നുറുങ്ങുകയായിരുന്നു. അവൾക്ക് എന്റെ സാമീപ്യം വേണമെന്ന് എനിക്കറിയാമായിരുന്നു, പക്ഷേ, അതിലേറെ എനിക്ക് അവളെ വേണമായിരുന്നു. അവളെക്കുറിച്ച് ഓർമിക്കാത്ത നിമിഷങ്ങളില്ലായിരുന്നു, ആ നിമിഷങ്ങളിലെല്ലാം ഞാൻ കരയുകയും ചെയ്തു. കടുത്ത വൃക്കരോഗിയായ റൂലക്ക് തടവറയിൽ ഒരുവിധ വൈദ്യപരിചരണവും ലഭിച്ചില്ല. ക്ലിനിക്കിലേക്ക് മാറ്റി പരിശോധനയും പരിചരണവും നൽകണമെന്ന് പലവുരു ആവശ്യപ്പെട്ടെങ്കിലും എല്ലാം അവഗണിക്കപ്പെട്ടു.
‘‘ഞങ്ങളെയെല്ലാവരെയും തന്നെ വിവസ്ത്രരാക്കി നിർത്തി പരിശോധന നടത്തി,എല്ലാ നിയമങ്ങൾക്കും മതവിധികൾക്കും പാരമ്പര്യങ്ങൾക്കും വിരുദ്ധമായ ആ നടപടി സ്ത്രീകളെ അപമാനിക്കുക എന്ന ലക്ഷ്യം വെച്ച് മാത്രമായിരുന്നു’’- അവർ പറഞ്ഞു.
വേദനയിൽ കുതിർന്ന ഹൃദയവും പേറിയാണ് ഓരോ തടവുകാരിയും തിരിച്ചെത്തിയത്. എന്നിരിക്കിലും ഉറ്റവരെ കണ്ടതും അവർ വേദനകളെല്ലാം മറന്നതുപോലെ തോന്നിച്ചു, വരുംദിനങ്ങൾ പ്രതീക്ഷയും പ്രകാശവും നിറഞ്ഞതാവുമെന്ന് ആശിച്ചു. ക്ഷമയും ഇച്ഛാശക്തിയും കൂടുതൽ ദൃഢപ്പെടുത്തിയ ഒരു പാഠശാലയുടെ ഓർമയാവണം ജയിൽക്കാലമെന്ന് അവരെല്ലാം ആഗ്രഹിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.