അഡ്വ. എ​ൻ. ഷം​സു​ദ്ദീ​ൻ, ഡോ. എം.​കെ. മു​നീ​ർ

കാ​വി​വ​ൽ​ക്ക​ര​ണ​ത്തി​ന്റെ മാ​പ്പു​സാ​ക്ഷി​ക​ൾ

വസ്തുതകളെ വളച്ചൊടിക്കുന്നതും പി.എം ശ്രീ പദ്ധതി വിഷയത്തിൽ യു.ഡി.എഫ് സർക്കാരിന്റെ വഞ്ചനാപരമായ തീരുമാനത്തെ വെള്ളപൂശാനുമുള്ള ന്യായീകരണക്കുറിപ്പ്-ഡോ. എം.കെ. മുനീർ ജൂൺ 23ന് ‘മാധ്യമ’ത്തിലെഴുതിയ ‘വിദ്യാഭ്യാസത്തിലെ ഇടത് ഇരട്ടത്താപ്പ്’ എന്ന ലേഖനത്തെ ഇങ്ങനെയേ വിശേഷിപ്പിക്കാനാകൂ. പി.എം ശ്രീ വിഷയത്തിൽ മാത്രമല്ല, ഉന്നത വിദ്യാഭ്യാസവകുപ്പ് സെക്രട്ടറിയായി സംഘപരിവാർ അനുകൂലിയും ഗവർണരുടെ ഇംഗിതമറിഞ്ഞ് പ്രവർത്തിക്കുമെന്നുറപ്പുള്ള വ്യക്തിയുമായ ബി. അശോകിനെ നിയമിച്ചതും എം.കെ. മുനീറിന്റെ പാർട്ടി കൂടി ഉൾപ്പെടുന്ന യു.ഡി.എഫ് സർക്കാരാണല്ലോ. എം.ജി സർവകലാശാല വി.സിയായി ആർ.എസ്.എസുകാരനെ നിയമിച്ചതും സെനറ്റിലേക്ക് 19 ആർ.എസ്.എസുകാരെ തിരുകിക്കയറ്റിയതും ഈ ഭരണത്തിൽ കീഴിൽ അല്ലേ. ദേശീയവിദ്യാഭ്യാസ നയത്തിന്റെ ഭാഗമായ പി.എം ശ്രീ പദ്ധതിയുടെ എം.ഒ.യുവിൽ നിന്ന് പിന്മാറാനും കരാർ മരവിപ്പിക്കാനും എൽ.ഡി.എഫ് സർക്കാർ തീരുമാനിച്ചതാണ്.

പൊതുസമൂഹത്തിൽ നിന്നും ഇടതുപക്ഷ വിഭാഗങ്ങൾക്കിടയിൽ നിന്നും ഉയർന്ന വിമർശനത്തിന്റെ പശ്ചാത്തലത്തിൽ കൂടിയാണ് എം.ഒ.യു വിൽ നിന്ന് പിൻമാറിയതായി എൽ.ഡി.എഫ് സർക്കാർ കേന്ദ്രസർക്കാറിന് കത്ത് നൽകിയതും കരാർ മരവിപ്പിച്ചതും. ഈ വസ്തുതകളെയെല്ലാം അജ്ഞതയിൽ നിർത്തി ഇടതുപക്ഷ സർക്കാർ കരാറൊപ്പിട്ട് പണം വരെ വാങ്ങിയതാണെന്നും അതിനാൽ പി.എം ശ്രീ നടപ്പാക്കുന്നതിൽ നിന്ന് പിന്മാറാൻ കഴിയില്ലെന്നുമുള്ള പെരുംനുണ പറയുകയാണ് മുഖ്യമന്ത്രിയും യു.ഡി.എഫ് നേതാക്കളും. യഥാർഥത്തിൽ പി.എം ശ്രീ പദ്ധതി നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് നയാപൈസ പോലും കേരളത്തിന് ലഭിച്ചിട്ടില്ല. ലഭിച്ചത് പിടിച്ചുവെക്കപ്പെട്ട 790 കോടി രൂപ വരുന്ന എസ്.എസ്.കെ ഫണ്ടിൽ നിന്നുള്ള 93 കോടി രൂപയാണ്.

ഇടതുപക്ഷത്തിനെതിരെ യു.ഡി.എഫ് നേതാക്കൾ സംഘടിതമായി ഉന്നയിച്ച ആരോപണമായിരുന്നു സി.പി.എം- ബി.ജെ.പി ഡീലിന്റെ ഭാഗമായാണ് പി.എം.ശ്രീ ഒപ്പിട്ടതെന്ന്. ഇടതുപക്ഷ സർക്കാർ പി.എം.ശ്രീയിൽ നിന്ന് പിൻമാറുകയും കരാർ മരവിപ്പിക്കുകയും ചെയ്തിട്ടും തങ്ങൾക്ക് അധികാരം കിട്ടിയ ഉടനെ തന്നെ പി.എം.ശ്രീ നടപ്പാക്കുമെന്ന് പ്രഖ്യാപിച്ച മുഖ്യമന്ത്രി വി.ഡി. സതീശന്റെ നിലപാട് ബി.ജെ.പി -യു.ഡി.എഫ് ഡീലല്ലാതെ മറ്റെന്താണ്. ഡോ. എം.കെ. മുനീർ മനസിലാക്കേണ്ടത് സംഘപരിവാർ അജണ്ടയായ ദേശീയവിദ്യാഭ്യാസനയത്തിന്റെ ഭാഗമായ പി.എം.ശ്രീ കേരളത്തിൽ മാത്രമല്ല കോൺഗ്രസ് ഭരിക്കുന്ന എല്ലാ സംസ്ഥാനങ്ങളിലും നേരത്തെതന്നെ നടപ്പാക്കിക്കഴിഞ്ഞിട്ടുണ്ട് എന്ന വസ്തുതയാണ്. രാജസ്ഥാൻ ഇന്ത്യയിൽ ഏറ്റവുമാദ്യം പി.എം ശ്രീ നടപ്പാക്കിയ സംസ്ഥാനങ്ങളിലൊന്നാണ്. കോൺഗ്രസ് നേതാവ് അശോക് ഗഹ്‌ലോട്ട് മുഖ്യമന്ത്രിയായിരുന്ന കാലത്താണത്. അതുപോലെ രേവന്ത റെഡ് ഢി ഭരിക്കുന്ന തെലങ്കാനയിലും ഒരെതിർപ്പും ചർച്ചയുമില്ലാതെ പി.എം ശ്രീ നടപ്പിലാക്കി. ഇതെല്ലാം നിലനിൽക്കെ, ഇടതുപക്ഷം ഒപ്പിട്ട് പോയതിനാൽ പി.എം.ശ്രീ നടപ്പാക്കാൻ പറ്റാത്ത വിഷമസന്ധിയിലാണ് യു.ഡി.എഫ് സർക്കാരെന്ന് വാദിക്കുന്ന ഡോ. മുനീർ ആരെയാണ് കബളിപ്പിക്കാൻ ശ്രമിക്കുന്നത്?

ബി.ജെ.പി സർക്കാർ 2022 ലെ ദേശീയ വിദ്യാഭ്യാസനയം നടപ്പാക്കിത്തുടങ്ങിയത് തങ്ങളുടെ കാവിവൽക്കരണ അജണ്ടക്കനുസൃതമായ രീതിയിൽ പാഠ്യപദ്ധതികളിലും പുസ്തകങ്ങളിലും മാറ്റങ്ങൾ വരുത്തിയാണ്. കൺകറന്റ് ലിസ്റ്റിലുള്ള വിദ്യാഭ്യാസത്തിൽ സംസ്ഥാനങ്ങളുടെ അധികാരം കവർന്നെടുത്താണ് കേന്ദ്രസർക്കാർ വർഗീയലക്ഷ്യത്തോടെയുള്ള പദ്ധതികൾ അടിച്ചേൽപ്പിക്കുന്നത്. എൻ.സി.ആർ.ടി പാഠപുസ്തകങ്ങളിലെ ചരിത്രപാഠങ്ങളിൽ അങ്ങേയറ്റം വർഗീയലക്ഷ്യത്തോടെയുള്ള ഇടപെടലാണ് കേന്ദ്രസർക്കാർ നടത്തിയത്. മതനിരപേക്ഷ ജനാധിപത്യ റിപ്പബ്ലിക്കിനെ ന്യൂനപക്ഷവിരോധവും ആധുനിക ആശയങ്ങളോട് അസഹിഷ്ണുതയുമുള്ള ഹിന്ദുരാഷ്ട്രമാക്കി മാറ്റാനാവശ്യമായ രീതിയിൽ വിദ്യാഭ്യാസത്തെ മാറ്റുകയാണവർ.

മുഗൾസാമ്രാജ്യത്വത്തെയും സുൽത്താൻമാരെയും സംബന്ധിച്ച പാഠപുസ്തകത്തിലെ അധ്യായങ്ങൾ തന്നെ എടുത്തുകളഞ്ഞു. മഹാത്മാഗാന്ധിയുടെ വധത്തെയും തുടർന്ന് ആർ.എസ്.എസിനെ നിരോധിച്ചതിനെയും സംബന്ധിച്ച പാഠഭാഗങ്ങൾ നീക്കം ചെയ്തു. പ്രഥമ വിദ്യാഭ്യാസമന്ത്രിയും സ്വാതന്ത്ര്യസമരസേനാനിയുമായ മൗലാന അബുൽകലാം ആസാദിന്റെ പേര് പോലും എടുത്തുകളയുന്നു. ഡാർവിനും പരിണാമസിദ്ധാന്തവും മെന്റലീവും പീരിയോഡിക് ടേബിളും എല്ലാം ഒഴിവാക്കുകയും ശാസ്ത്രവിരുദ്ധ മനോഭാവം പടർത്തുന്ന മിത്തുകളും ഐതിഹ്യങ്ങളും പാഠപുസ്തകത്തിൽ ചേർക്കുകയും ചെയ്തു. ഇത്തരമൊരു വിദ്യാഭ്യാസനയമാണ് പി.എം.ശ്രീക്ക് പിറകിൽ എന്നിരിക്കെ, ആ പദ്ധതിയുമായി മുന്നോട്ടുപോകില്ലെന്ന് അർഥശങ്കക്കിടയില്ലാത്ത വിധം പ്രഖ്യാപിക്കാൻ മുസ്‍ലിം ലീഗിന്റെ നേതാവ് കൂടിയായ വിദ്യാഭ്യാസ മന്ത്രി എൻ. ഷംസുദ്ദീന് എന്തുകൊണ്ട് സാധിക്കുന്നില്ലെന്നതിനാണ് എം.കെ. മുനീർ മറുപടി പറയേണ്ടത്.

Tags:    
News Summary - open forum article

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2026-06-24 00:30 GMT