അന്താരാഷ്ട്ര സമുദ്ര വാണിജ്യ ഭൂപടത്തിൽ കേരളത്തിന്റെ തിളക്കമേറിയ വിഴിഞ്ഞം തുറമുഖം അതിനിർണായകമായ ഘട്ടത്തിലേക്ക് പ്രവേശിക്കുകയാണ്. ഇവിടെനിന്നുള്ള സമ്പൂർണ കരമാർഗ കയറ്റുമതി-ഇറക്കുമതി ചരക്കുനീക്കത്തിന് 2026 ആഗസ്റ്റ് 18-ന് ഔദ്യോഗികമായി തുടക്കം കുറിക്കുന്നു. കേരളത്തിന്റെ തീരദേശ-തുറമുഖാധിഷ്ഠിത സാമ്പത്തിക വളർച്ചയെ അടിമുടി മാറ്റിമറിക്കാൻ ലക്ഷ്യമിടുന്ന സമഗ്ര വികസന പദ്ധതിയായ ‘മിഷൻ സമുദ്ര’യുടെ പ്രഖ്യാപനവും ലോഗോ പ്രകാശനവും അതോടൊപ്പം നിർവഹിക്കപ്പെടുകയാണ്. 2024 ജൂലൈ 12-ന് ട്രയൽ പ്രവർത്തനങ്ങളും ഡിസംബർ മൂന്നിന് വാണിജ്യ പ്രവർത്തനങ്ങളും ആരംഭിച്ച വിഴിഞ്ഞം തുറമുഖം, ചുരുങ്ങിയ കാലം കൊണ്ട് സ്വന്തമാക്കിയത് അത്യപൂർവ നേട്ടങ്ങളാണ്. ഇന്ത്യയിലെ മറ്റൊരു തുറമുഖത്തിനും അവകാശപ്പെടാനാകാത്ത വേഗത്തിലാണ് ആഗോള ഷിപ്പിങ് ശൃംഖലയിൽ വിഴിഞ്ഞം സ്ഥാനമുറപ്പിച്ചത്.
ആറ് ഭൂഖണ്ഡങ്ങളിലായി 50 ലോകരാജ്യങ്ങളിലെ 110-ലധികം പ്രധാന തുറമുഖങ്ങളുമായി വിഴിഞ്ഞം നേരിട്ട് സമുദ്രബന്ധം സ്ഥാപിച്ചിട്ടുണ്ട്. 2026 ജൂലൈ 31 വരെയുള്ള കണക്കനുസരിച്ച്, 1,057 കൂറ്റൻ കപ്പലുകൾ ഇവിടെ അടുക്കുകയും 22 ലക്ഷത്തിലധികം കണ്ടെയ്നറുകൾ കൈകാര്യം ചെയ്യുകയുമുണ്ടായി. അത്യാധുനിക ഓട്ടോമേഷൻ സംവിധാനങ്ങളും 20 മുതൽ 24 മീറ്റർ വരെയുള്ള അസാധാരണമായ സ്വാഭാവിക ആഴവുമുള്ള വിഴിഞ്ഞം, ലോകത്തിലെ ഏറ്റവും വലിയ കണ്ടെയ്നർ മദർഷിപ്പുകളെ അനായാസം ഉൾക്കൊണ്ട് ആഗോളതലത്തിലെ മുൻനിര ടെർമിനലുകളോട് കിടപിടിക്കുന്ന സാങ്കേതിക കരുത്തായി മാറിക്കഴിഞ്ഞു.
ആറ് ഭൂഖണ്ഡങ്ങളിലെ 110 തുറമുഖങ്ങളിലേക്ക് നേരിട്ട് ബന്ധമുള്ള ഒരു തുറമുഖം കേരളത്തിനുണ്ട് എന്ന് പറയുമ്പോൾ ഏതൊരു വൻകരയിലേക്കും കേരളത്തിൽ നിന്ന് ഇനി ഒരു നേരിട്ടുള്ള വഴിയുണ്ട് എന്നാണർഥം. ലോകത്തെ 110 തുറമുഖങ്ങളിലേക്കുമുള്ള ഈ നേരിട്ടുള്ള ബന്ധം കേരളത്തിന്റെ സ്വന്തം ഉൽപ്പന്നങ്ങൾക്കായി തുറക്കപ്പെടുകയാണ്. വിദേശ തുറമുഖങ്ങളിലേക്ക് ഒരു ട്രാൻഷിപ്പ്മെന്റ് പോലുമില്ലാതെ അതിവേഗം ചരക്കുകൾ എത്തിക്കാൻ സാധിക്കുന്നത് വഴി യാത്രാസമയവും ലോജിസ്റ്റിക്സ് ചെലവും പകുതിയോളം കുറയും. ഇത് നിർമാതാക്കൾക്കും കയറ്റുമതിക്കാർക്കും കേരളത്തിൽ തന്നെ പുതിയ സംരംഭങ്ങൾ തുടങ്ങാൻ വലിയ പ്രചോദനമാകും. വിഴിഞ്ഞത്തെ വെറുമൊരു ട്രാൻഷിപ്പ്മെന്റ് തുറമുഖത്തിൽ നിന്ന് കേരളത്തെ സമഗ്രമായി വ്യാവസായവൽക്കരിക്കുന്ന ആഗോള വാണിജ്യ കവാടമാക്കി മാറ്റുന്നത് ഇതാണ്.
എൻ.എച്ച്-66-ലേക്ക് തുറമുഖ റോഡിൽ നിന്നുള്ള താൽക്കാലിക റോഡ് സംവിധാനം പൂർത്തിയായിക്കഴിഞ്ഞു. തിരുവനന്തപുരത്ത് നിലവിൽ കണ്ടെയ്നർ ഫ്രൈറ്റ് സ്റ്റേഷൻ ഇല്ലാത്തതിന്റെ കുറവ് പരിഹരിക്കാൻ തുറമുഖത്തിനുള്ളിൽ തന്നെ എക്സിം കണ്ടെയ്നറുകൾക്കായി പ്രത്യേക കസ്റ്റംസ്-ബോണ്ടഡ് ഏരിയയും സജ്ജമാക്കിയിട്ടുണ്ട്. വിഴിഞ്ഞം തുറമുഖത്തിന്റെ സാമ്പത്തിക മുന്നേറ്റം സംസ്ഥാനത്തുടനീളം വ്യാപിപ്പിക്കാനാണ് ‘മിഷൻ സമുദ്ര’ ആവിഷ്കരിച്ചിരിക്കുന്നത്. എട്ട് വ്യാവസായിക ക്ലസ്റ്ററുകൾ, മൂന്ന് പുതിയ നഗരങ്ങൾ, വിപുലമായ തീരപ്രദേശം എന്നിവയെ സമന്വയിപ്പിച്ച് ഒരു സമഗ്ര മാരിടൈം ഇക്കണോമിക് റീജിയനായി വിഴിഞ്ഞത്തെ മാറ്റുന്ന ‘പോർട്ട് സിറ്റി’ കാഴ്ചപ്പാടാണിത്.
2031-ഓടെ പൊതുനിക്ഷേപത്തിന്റെ പത്തിരട്ടിയിലധികം സ്വകാര്യ മൂലധനം ആകർഷിക്കാനും സുസ്ഥിരമായ വലിയൊരു തൊഴിൽ വിപ്ലവം സൃഷ്ടിക്കാനും ഈ ദൗത്യത്തിലൂടെ സാധിക്കും. ആറ് ഭൂഖണ്ഡങ്ങളിലേക്കുള്ള വലിയൊരു വാതിൽ നാം തുറന്നു കഴിഞ്ഞു. ഇനി അതിലിലൂടെ ലോകമെമ്പാടും കടന്നുപോകേണ്ടത് കേരളത്തിന്റെ പ്രയത്നവും വൈദഗ്ധ്യവും ഉൽപ്പന്നങ്ങളുമാണ്. സമൃദ്ധിയുടെ പുതുയുഗത്തിലേക്ക് നമുക്ക് ഒരുമയോടെ മുന്നേറാം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.