ഇനിയും ബഹുദൂരം സഞ്ചരിക്കാനുണ്ട്...

ബ്രിട്ടീഷുകാർക്കെതിരായ ജനകീയ പോരാട്ടത്തിന്റെ ഏറ്റവും വലിയ നേട്ടമായിരുന്നു നമ്മുടെ സ്വാതന്ത്ര്യം. നമ്മുടെ സ്വാതന്ത്ര്യസമരത്തിൽ മത-ജാതി-ലിംഗ-ഭാഷ-വംശ വ്യത്യാസമില്ലാതെ ജനങ്ങൾ പങ്കെടുത്തു. സ്വാതന്ത്ര്യം, സമത്വം, സാഹോദര്യം, സാമൂഹിക നീതി എന്നിവയായിരുന്നു ആ പ്രസ്ഥാനത്തെ നയിച്ച തത്ത്വങ്ങൾ. വർഗത്തിന്റെയും ജാതിയുടെയും ബന്ധനങ്ങൾക്ക് അതീതമായി സമൂഹത്തിലെ എല്ലാ വിഭാഗങ്ങൾക്കും അവകാശങ്ങളും സ്വാതന്ത്ര്യവും വേണമെന്ന് ഭഗത് സിങ്ങിനെപ്പോലുള്ളവർ ഊന്നിപ്പറഞ്ഞു. ജാതി/വർണ വ്യവസ്ഥയുടെ ചങ്ങലകൾ പൊട്ടിച്ചെറിഞ്ഞ് എല്ലാ ജനങ്ങൾക്കും സമത്വവും സാമൂഹിക നീതിയും ഉറപ്പാക്കുന്നതിലാണ് ഡോ. ബി.ആർ. അംബേദ്കർ ശ്രദ്ധ കേന്ദ്രീകരിച്ചത്. പ്രസ്ഥാനത്തിന്റെ പരമോന്നത നേതാവായിരുന്ന മഹാത്മാഗാന്ധി സാഹോദര്യത്തിനാണ് പ്രാധാന്യം നൽകിയത്. സ്വാതന്ത്ര്യസമരത്തിന്റെ ഈ മൂല്യങ്ങളാണ് ഇന്ത്യൻ ഭരണഘടനയുടെ അടിസ്ഥാന തത്ത്വങ്ങളായി മാറിയത്.

ജാതിയുടെയും ആൺകോയ്മയുടെയും പരമ്പരാഗത മൂല്യങ്ങളിൽ ആണ്ടുപോയ മുൻ ഭരണാധികാരികളുടെയും സമൂഹത്തിലെ പ്രബല വിഭാഗങ്ങളുടെയും ഒരു കൂട്ടവും ഇവിടെയുണ്ടായിരുന്നു. പാരമ്പര്യ മൂല്യങ്ങളിൽ വേരൂന്നിയ, രാജവാഴ്ചയുടെയും ഫ്യൂഡലിസത്തിന്റെയും കാലഘട്ടത്തെ മഹത്വവൽക്കരിച്ച അവർ സ്വാതന്ത്ര്യസമരത്തെ എതിർക്കുകയും ‘മഹത്തായ പ്രാചീന’ കാലഘട്ടത്തിനായി വാദിക്കുകയും ചെയ്തു. മതത്തിന്റെ അടിസ്ഥാനത്തിൽ രാജ്യത്തെ വിഭജിച്ചത് ഇന്ത്യൻ ദേശീയതയുടെ മുതുകിൽ കുത്തിയ കഠാരയായിരുന്നു.

നമ്മുടെ രാജ്യത്തിന്റെ വൈവിധ്യത്തെ ഭരണഘടനാ നിർമാണ സഭ കൃത്യമായി പ്രതിനിധീകരിച്ചു. ഭരണഘടന രൂപവത്കരിച്ച ഉടൻ തന്നെ, ആർ.എസ്.എസ് മുഖപത്രമായ ‘ഓർഗനൈസർ’, മനുസ്മൃതിയുടെ പ്രാചീന മൂല്യങ്ങൾ ഇതിലില്ല എന്ന വിമർശനവുമായി രംഗത്തെത്തി.അംബേദ്കറുടെയും നെഹ്റുവിന്റെയും ചിത്രങ്ങൾ കത്തിക്കുകയുമുണ്ടായി. സ്വതന്ത്ര ഇന്ത്യക്ക് ഗാന്ധിയുടെ ഉറ്റ അനുയായികളായ ജവഹർലാൽ നെഹ്റു, സർദാർ പട്ടേൽ എന്നീ ഇരട്ട നേതൃത്വമുണ്ടായിരുന്നു. പട്ടേൽ ഭൂരിഭാഗം നാട്ടുരാജ്യങ്ങളെയും വിജയകരമായി കൂട്ടിച്ചേർത്തപ്പോൾ, ജനാധിപത്യത്തിലും മതേതരത്വത്തിലുമുണ്ടായിരുന്ന അടിയുറച്ച വിശ്വാസത്താൽ ഭരണഘടന അതിന്റെ അക്ഷരാർഥത്തിൽ നടപ്പിലാക്കുന്നുണ്ടെന്ന് നെഹ്റു ഉറപ്പുവരുത്തി. ഐ.ഐ.ടികൾ, ഐ.ഐ.എമ്മുകൾ, എയിംസ് തുടങ്ങിയവയടങ്ങുന്ന ആധുനിക വിദ്യാഭ്യാസത്തിനായുള്ള പദ്ധതികൾ, പൊതുമേഖലക്ക് അടിത്തറയിടൽ, ജലസേചനത്തിലെ ശ്രദ്ധ, സംവരണ നയത്തിന്റെ നടത്തിപ്പ് എന്നിവ സമത്വത്തിലേക്കുള്ള പ്രയാണത്തെ ശക്തിപ്പെടുത്തി.

ഏതാനും പതിറ്റാണ്ടുകൾക്ക് മുമ്പുള്ള പാകിസ്താന്റെയും ഇന്ത്യയുടെയും അവസ്ഥയെ താരതമ്യം ചെയ്യുന്ന ചില നിരീക്ഷകർ പ്രസ്താവിച്ചത്, വിദ്യാഭ്യാസം, വ്യവസായവൽക്കരണം എന്നിവയിൽ ഇന്ത്യയുടെ നേട്ടങ്ങൾക്കും പാകിസ്താന്റെ പരാജയത്തിനും പല ഘടകങ്ങളും കാരണമാകാമെങ്കിലും പ്രധാന ഘടകം ഇന്ത്യയിൽ നെഹ്റുവിന്റെ സാന്നിധ്യമായിരുന്നു എന്നാണ്.

കുറച്ച് പതിറ്റാണ്ടുകളായി ആർ.എസ്.എസിന്റെയും അനുബന്ധ പ്രസ്ഥാനങ്ങളുടെയും വളർച്ച ദേശീയ ലക്ഷ്യങ്ങളുടെയും ആശയങ്ങളുടെയും ദിശ മാറ്റിക്കളഞ്ഞു. ഏകാധിപത്യ രാഷ്ട്രീയം സ്വാതന്ത്ര്യസമര കാലത്ത് ഉയർന്നുവന്ന ഇന്ത്യ എന്ന സങ്കൽപ്പത്തെ തകർക്കുകയും ചെയ്യുന്നു. സ്വാതന്ത്ര്യസമരത്തെയും അതിന്റെ ഉൾക്കൊള്ളലിന്റെയും സമത്വത്തിന്റെയും മൂല്യങ്ങളെയും എതിർത്തു കൊണ്ട് വഴിയോരങ്ങളിൽ മാറിനിന്നവർ ഇന്ന് സമൂഹത്തിലെ സാഹോദര്യത്തിന്റെ മൂല്യങ്ങളെ തകർക്കാൻ മതന്യൂനപക്ഷങ്ങൾക്കെതിരെ വെറുപ്പിന്റെ മതിലുകൾ കെട്ടിപ്പടുക്കുന്നു. പരീക്ഷാ സമ്പ്രദായത്തിന്റെ പരാജയത്തിനെതിരെ അടുത്തിടെ നടന്ന സമരം ഈ ഭരണകൂടത്തിന്റെ അഹങ്കാരത്തെ തീർച്ചയായും തകർത്തിട്ടുണ്ട്; എന്നാൽ ഹിന്ദു ദേശീയതയുടെ ദിശയും ലക്ഷ്യങ്ങളും ഇപ്പോഴും മാറ്റമില്ലാതെ തുടരുന്നു. നമ്മുടെ ജനാധിപത്യ ബോധവും ഇന്ത്യൻ ഭരണഘടനയുടെ മൂല്യങ്ങളും പുനഃസ്ഥാപിക്കാനുള്ള പോരാട്ടത്തിന് ദീർഘവും കഠിനവുമായ സമരം ആവശ്യമാണ്.

സമൂഹത്തിൽ ആഴത്തിൽ വെറുപ്പ് വിതച്ച് ആർ.എസ്.എസ് സഖ്യം ഇന്ത്യൻ ഭരണകൂടത്തിന്റെ എല്ലാ മേഖലകളിലേക്കും കടന്നുകയറിയിട്ടുണ്ട്. അതിന്റെ നയങ്ങൾ മൂലമുണ്ടായ അസംതൃപ്തി ഉച്ചസ്ഥായിയിലെത്തുകയും അടുത്തിടെ ജെൻ-സി പ്രസ്ഥാനത്തിലൂടെ ശക്തമായി പുറത്തുവരികയും ചെയ്തു.

ഹിന്ദു ദേശീയതയിൽ പ്രതിജ്ഞാബദ്ധമായ ഭരണകൂടത്തിൽ നിന്ന് ഇന്ത്യൻ ഭരണഘടനയോട് കൂറുള്ള ഒന്നിലേക്കുള്ള ഭരണമാറ്റമാണ് നമുക്ക് ആവശ്യം. ജനകീയ ധാരണകളിൽ ഇടംപിടിച്ച വ്യാജ ആഖ്യാനങ്ങളെ, നൂറ്റാണ്ടുകളായി ഇന്ത്യൻ ജനതയുടെ സ്നേഹത്തിലും സൗഹൃദത്തിലും പണിതുയർത്തിയ വിവരണങ്ങൾ കൊണ്ട് ചെറുക്കേണ്ടതുണ്ട്; സുഭാഷ് ബോസും ഗാന്ധിയും പട്ടേലും നെഹ്റുവും ഇന്ത്യൻ ജനതയിൽ കരുപ്പിടിപ്പിക്കാൻ ശ്രമിച്ച വിവരണങ്ങൾ കൊണ്ട്. രാജ്യങ്ങളുടെ കൂട്ടായ്മയിൽ അർഹമായ സ്ഥാനം നേടാൻ പാടുപെടുന്ന, നൂറ്റാണ്ടുകൾ പഴക്കമുള്ള ഒരു നാഗരികത എന്ന നിലയിൽ ഇന്ത്യയുടെ നിലനിൽപ്പ് വീണ്ടെടുക്കുന്നതിലേക്കുള്ള ആദ്യപടിയാണ് അടുത്തിടെ നടന്ന ജന്തർ മന്തർ മുന്നേറ്റം.

മതന്യൂനപക്ഷങ്ങളുടെ അവസ്ഥ ‘തുല്യ പൗരത്വം’ എന്ന നിലയിലേക്ക് ഉയർത്തേണ്ടതുണ്ട്. സർക്കാരിന്റെ ഏകാധിപത്യ പ്രവണതകൾ ഇല്ലായ്മ ചെയ്യപ്പെടേണ്ടതുണ്ട്; യുക്തിഭദ്രവും ശാസ്ത്രീയവുമായ അടിത്തറയിൽ രാഷ്ട്രനിർമാണം നാം പുനരാരംഭിക്കേണ്ടതുണ്ട്. ഗാന്ധിയുടെയും അംബേദ്കറുടെയും, ഭഗത് സിങ്ങിന്റെയും സുഭാഷ് ബോസിന്റെയും, മൗലാനാ ആസാദിന്റെയും സർദാർ പട്ടേലിന്റെയും സ്വപ്നങ്ങൾ പുനഃസ്ഥാപിക്കുന്നതിലേക്ക് ഇനിയും ബഹുദൂരം സഞ്ചരിക്കാനുണ്ട്. ഏവർക്കും സ്വാതന്ത്ര്യദിനാശംസകൾ നേരുന്നു.

Tags:    
News Summary - Freedom Struggle Shaped India’s Constitution

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.