മുഖ്യമന്ത്രിയും പാർട്ടിയും കോഴിക്കോട് എൻ.​ഐ.എ കേസും

സി.പി.എം അംഗങ്ങളായ രണ്ട് യുവാക്കൾ അറസ്​റ്റിലായ കോഴിക്കോട് പന്തീരാങ്കാവിലെ യു.എ.പി.എ കേസ്​ സംസ്ഥാന സർക്കാർ അറിയാതെയാണ് ദേശീയ അന്വേഷണ ഏജൻസി ഏറ്റെടുത്തതെന്ന സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റി​​െൻറ പ്രസ്​താവന അമ്പരപ്പിക്കുന്നതാണ്, ആ ഭ്യന്തര വകുപ്പ്​ കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രി പിണറായി വിജയനടക്കം ആറ് മന്ത്രിമാർ ഉൾപ്പെട്ടതാണ് സി.പി.എം സെക്രട്ടേറിയറ്റ് എന്നിരിക്കെ വിശേഷിച്ചും. ക്രമസമാധാനം കൈകാര്യം ചെയ്യുന്ന സംസ്ഥാനത്തി​​​െൻറ അവകാശ പരിധിയിൽ കേന്ദ്രം കൈകടത്തിയെന്നുകൂടി സംസ്ഥാന സെക്രട്ടേറിയറ്റ് വിമർശിക്കുമ്പോൾ.

സംസ്ഥാന സെക്രട്ടേറിയറ്റി​​െൻറ പ്രസ്​താവനയിൽ പറയുന്നതാണോ അതോ ഈ കേസിൽ പൊലീസും ഒടുവിൽ മുഖ്യമന്ത്രിയും പരസ്യമായെടുത്ത നിലപാടും അതിനനുസൃതമായി സംസ്ഥാന അറ്റോർണി ഹൈകോടതിയിൽ സ്വീകരിച്ച നിലപാടുമാണോ ശരിയെന്ന് സി.പി.എം ഇനിയും വിശദീകരിക്കേണ്ടതുണ്ട്. പാർട്ടി പറയുന്നതാണോ താനും ത​​​െൻറ സർക്കാറും ഈ കേസിലെടുത്ത നിലപാടാണോ ശരിയെന്ന് വിശദീകരിക്കേണ്ട ബാധ്യത ഇനി മുഖ്യമന്ത്രി പിണറായി വിജയനുമുണ്ട്.

പന്തീരാങ്കാവിലെ സി.പി.എം പ്രാദേശിക ബ്രാഞ്ചിൽ അംഗങ്ങളായിരുന്ന അലൻ എന്ന വിദ്യാർഥിയെയും താഹ എന്ന യുവാവിനെയും കഴിഞ്ഞ നവംബർ രണ്ടിനാണ് കോഴിക്കോട്ട്​ പൊലീസ്​ അറസ്​റ്റ്​ ചെയ്തതും യു.എ.പി.എ കുറ്റം ചുമത്തിയതും. സി.പി.എം കുടുംബാംഗമായ അല​​​െൻറ മാതാപിതാക്കൾ മുഖ്യമന്ത്രിയെ സന്ദർശിച്ച് പ്രശ്നത്തിൽ ഇടപെടണമെന്ന് ആവശ്യപ്പെട്ടു. മുഖ്യമന്ത്രിതന്നെ അക്കാര്യം മാധ്യമങ്ങളെ അറിയിക്കുകയും യു.എ.പി.എയോട് യോജിപ്പില്ലെന്ന്​ വ്യക്തമാക്കുകയും ചെയ്തു. ഇക്കാര്യം പരിശോധിച്ച് സർക്കാർ ആവശ്യമായ നടപടിയെടുക്കുമെന്ന്​ മാധ്യമങ്ങളിലൂടെ ഉറപ്പുനൽകി. പിറ്റേ ദിവസം യു.എ.പി.എ അറസ്​റ്റിൽ പ്രക്ഷുബ്​ധമായ നിയമസഭയിൽ മുഖ്യമന്ത്രി പറഞ്ഞത് ഏതെങ്കിലും ഉദ്യോഗസ്ഥൻ യു.എ.പി.എ തെറ്റായി പ്രയോഗിച്ചെങ്കിൽ തിരുത്തുമെന്നാണ്. സർക്കാർ അനുമതിയോടെ മാത്രമേ കേസ്​ വിചാരണക്ക്​ സമർപ്പിക്കാനാകൂ. പോരാത്തതിന് ഒരു റിട്ടയേർഡ് ജഡ്ജി അധ്യക്ഷനായ യു.എ.പി.എ സമിതി പരിശോധിച്ച് അനുവാദം നൽകിയാൽ മാത്രമേ കേസ്​ മുന്നോട്ടു കൊണ്ടുപോകാൻ സാധിക്കുകയുമുള്ളൂ.

മുഖ്യമന്ത്രി നിയമസഭയിൽ ഉറപ്പുനൽകിയ ഈ നടപടിക്രമങ്ങളൊക്കെ പൂർത്തിയാകാതെ കേന്ദ്ര സർക്കാർ കോഴിക്കോട്ടെ യു.എ.പി.എ കേസ്​ റാഞ്ചിക്കൊണ്ടുപോയി ദേശീയ സുരക്ഷ അന്വേഷണ ഏജൻസിയെ ഏൽപിച്ചെന്നാണോ സി.പി.എം സെക്രട്ടേറിയറ്റ് പറയുന്നത്? അക്കാര്യം ജനങ്ങളോട് വിശദീകരിക്കേണ്ട ബാധ്യത സെക്രട്ടേറിയറ്റിനെ നയിക്കുന്ന സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനുണ്ട്, സംസ്ഥാന പൊലീസിനെ നിയന്ത്രിക്കുന്ന മുഖ്യമന്ത്രി പിണറായിക്കും.

മുഖ്യമന്ത്രിയുടെ ഉത്തരവാദിത്തം അവിടംകൊണ്ടും തീരുന്നില്ല. വിദേശ സന്ദർശനം കഴിഞ്ഞ് തിരിച്ചെത്തിയ മുഖ്യമന്ത്രി ഡിസംബർ ആറിന് മാധ്യമപ്രവർത്തകരെ കാണുകയുണ്ടായി. യു.എ.പി.എ കുറ്റംചുമത്തി വിചാരണ നേരിടുന്ന രണ്ട് സി.പി.എം അംഗങ്ങളെ സംബന്ധിച്ച സർക്കാർ നിലപാട് എന്താണെന്ന ചോദ്യത്തിന് മുഖ്യമന്ത്രി മറിച്ചൊരു ചോദ്യം അങ്ങോട്ടു ചോദിക്കുകയായിരുന്നു: ‘‘ഏത് പാർട്ടിയംഗങ്ങളെക്കുറിച്ചാണ് നിങ്ങൾ പറയുന്നത്? അവർ സി.പി.എം പ്രവർത്തകരല്ല. അവർ മാവോയിസ്​റ്റുകളാണ്’’. യു.എ.പി.എ കുറ്റാരോപിതരുടെ കേസിൽ സ്വയം വിധി പ്രസ്​താവിക്കുകയായിരുന്നു.

ഇവരെ അറസ്​റ്റ്​ ചെയ്ത പ്രശ്നം പുനഃപരിശോധിക്കുമെന്ന മുഖ്യമന്ത്രിയുടെ മുൻപ്രസ്​താവന ചൂണ്ടിക്കാണിച്ചപ്പോൾ ആ പരിശോധനയെല്ലാം കഴിഞ്ഞു; അവർ മാവോവാദികളാണെന്ന് വ്യക്തമായിട്ടുണ്ട് എന്നുറപ്പിക്കുകയായിരുന്നു. മുഖ്യമന്ത്രിയുടെ ഈ പ്രഖ്യാപനത്തിനു പിറകെയാണ് എൻ.ഐ.എ എന്ന കേന്ദ്ര അന്വേഷണ ഏജൻസി സി.പി.എം അംഗങ്ങളുടെ യു.എ.പി.എ കേസുകൾ ഏറ്റെടുത്തത്. കേരള പൊലീസ്​ രജിസ്​റ്റർ ചെയ്ത കേസുകൾ എൻ.ഐ.എ റീറജിസ്​റ്റർ ചെയ്യുകയായിരുന്നു. കേരള പൊലീസ്​ നടത്തിയ അന്വേഷണരേഖകളുടെ തുടർച്ചയായാണ് എൻ.ഐ.എ തുടരന്വേഷണം നിർവഹിക്കുക.

ഈ വസ്​തുതകൾ കൃത്യമായി വെളിപ്പെടുത്തുന്നത് സംസ്ഥാന മുഖ്യമന്ത്രിയും പൊലീസും അറിഞ്ഞുകൊണ്ടാണ് ഈ കേസ്​ കേന്ദ്ര ഏജൻസിയായ എൻ.ഐ.എയിലേക്ക് എത്തിച്ചത് എന്നുതന്നെയാണ്. അല്ലെന്നുണ്ടെങ്കിൽ സംസ്ഥാന സർക്കാറും പൊലീസും ഈ വിഷയത്തിൽ കേന്ദ്ര സർക്കാറുമായി നടത്തിയ കത്തിടപാടുകൾ മുഖ്യമന്ത്രിയോ പാർട്ടിയോ പരസ്യപ്പെടുത്തണം. ഇതൊക്കെ വളരെ വ്യക്തമായി അറിയാവുന്ന മുഖ്യമന്ത്രിയുടെ സാന്നിധ്യത്തിൽ ചേർന്ന സെക്രട്ടേറിയറ്റ് യോഗമാണ് കേന്ദ്ര സർക്കാർ ഇടപെട്ട് കേസ്​ എൻ.ഐ.എയെ ഏൽപിച്ചു എന്നുപറഞ്ഞ് പ്രതിഷേധ പ്രസ്​താവനയിറക്കിയത്. ക്രമസമാധാനം സംസ്ഥാന സർക്കാറി​​െൻറ ചുമതലയായിരിക്കെ കൂടിയാലോചന നടത്താതെ കേസ്​ എൻ.ഐ.എയെ ഏൽപിച്ചുവെന്ന് കുറ്റപ്പെടുത്തുന്നത്.

യു.എ.പി.എ നിയമം അനുസരിച്ച് സി.പി.എം പ്രവർത്തകരായ രണ്ടുപേർക്കുമെതിരെ കേസെടുത്തതിനെതിരെ ഇതേ സംസ്ഥാന സെക്രട്ടേറിയറ്റാണ് നേരത്തേ പ്രതികരിച്ചിരുന്നത്. യു.എ.പി.എ ചുമത്തിയതിൽ സംഭവിച്ച തെറ്റ് സർക്കാർ തിരുത്തുമെന്ന് എൽ.ഡി.എഫ് കൺവീനർ വിജയരാഘവനും പറഞ്ഞിരുന്നു. സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയും മുൻ ജനറൽ സെക്രട്ടറി പ്രകാശ് കാരാട്ടും പൊലീസ്​ നടപടിയെ വിമർശിച്ചിരുന്നു. ആ പരസ്യ നിലപാടുകളുടെ അടിസ്ഥാനത്തിലാണ് പൊലീസ്​ നടപടിക്കൊപ്പം ഇടതുപക്ഷം നിൽക്കുമെന്ന് കരുതുന്നില്ലെന്ന് അല​​​െൻറ കുടുംബം പ്രതീക്ഷ പ്രകടിപ്പിച്ചിരുന്നത്. എന്നാൽ, അലൻ മാവോവാദിയാണെന്ന മുഖ്യമന്ത്രിയുടെ പ്രസ്​താവനയും കേസ്​ എൻ.ഐ.എ ഏറ്റെടുത്തതും അല​​​െൻറ കുടുംബത്തെ ഞെട്ടിച്ചു. പാർട്ടിയിലും ഭരണകൂടത്തിലും തങ്ങൾക്കുണ്ടായിരുന്ന വിശ്വാസം നഷ്​ടപ്പെട്ടെന്നും സർക്കാറി​​െൻറ ഇരട്ടത്താപ്പ് വെളിച്ചത്തായെന്നും അല​​​െൻറ മാതാവ് സബിത മഠത്തിൽ പ്രതികരിച്ചത് അതുകൊണ്ടാണ്, പാർട്ടിയും സർക്കാറും നൽകിയ ഉറപ്പ് ലംഘിക്കപ്പെട്ടെന്നു വ്യക്തമാക്കിയതും.

സർക്കാറി​​െൻറയും പാർട്ടിയുടെയും ഇരട്ടത്താപ്പിന് അടിവരയിടുന്നതാണ് കേന്ദ്ര സർക്കാറി​​​െൻറ തലയിൽ കേസി​​െൻറ ഉത്തരവാദിത്തം കെട്ടിവെക്കുന്ന സി.പി.എം സെക്രട്ടേറിയറ്റി​​െൻറ പ്രസ്​താവന. ഡിസംബർ 27​​െൻറ പാർട്ടി മുഖപത്രത്തിൽ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്​ണൻ എഴുതിയ ലേഖനം പാർട്ടിയുടെ ഇരട്ടത്താപ്പ്​ വീണ്ടും തുറന്നുകാട്ടുന്നു: ‘‘ന്യൂനപക്ഷ വർഗീയതയെ ശക്തിപ്പെടുത്താൻ കേരളത്തിൽ എസ്​.ഡി.പി.ഐ, ജമാഅത്തെ ഇസ്​ലാമി പോലുള്ള സംഘടനകൾ ശ്രമിക്കുന്നുണ്ട്. ഒരു വിഭാഗം മാവോവാദികളുടെ പിന്തുണ അവർക്കുണ്ട്.’’

മാവോവാദികളിലൂടെ ഇസ്​ലാം തീവ്രവാദികൾ നുഴഞ്ഞുകയറുന്നതി​​െൻറ ഉദാഹരണമാണ് കോഴിക്കോട്ട് അലനും താഹയും പ്രതികളായ യു.എ.പി.എ കേസ്​ എന്ന സി.പി.എം കോഴിക്കോട് ജില്ല സെക്രട്ടറിയുടെ നിലപാടാണ് കോടിയേരിയും ആവർത്തിച്ചിരിക്കുന്നത്. അതാണ് സത്യമെങ്കിൽ സി.പി.എമ്മും മുഖ്യമന്ത്രിയും ഈ കേസിൽ ആദ്യ​െമടുത്ത നിലപാടുകൾ തെറ്റായിരുന്നുവെന്ന്​ ഏറ്റുപറയണം. പൊലീസും ചീഫ് സെക്രട്ടറിയും ആദ്യന്തം എടുത്തുപോന്ന നിലപാടായിരുന്നു ശരിയെന്നു സമ്മതിക്കണം. അതിനെതിരെ സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ നടത്തിയ വിമർശം തെറ്റായിരുന്നു എന്നു പറയാനും ത​​േൻറടം കാണിക്കണം. അതു ചെയ്യുന്നതിനു പകരം എൻ.ഐ.എ കേസ്​ ഏറ്റെടുത്തതോടെ പൊതുജനാഭിപ്രായം എതിരാണെന്നുകണ്ട് അതി​​െൻറ ഉത്തരവാദിത്തം സി.പി.എം സെക്രട്ടേറിയറ്റ് കേന്ദ്ര ഗവൺമ​​െൻറി​​​െൻറ പേരിൽ ചാർത്തുകയായിരുന്നില്ല വേണ്ടത്​.

Tags:    
News Summary - NIA Case Maoist Kerala CPM -Malayalam Article

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.