സജി ചെറിയാൻ
കമ്യൂണിസ്റ്റ് പാർട്ടിലൈൻ എങ്ങനെ എപ്പോൾ പൊട്ടിവീഴുമെന്ന് പുറത്തുള്ളവർക്കെന്നല്ല, അകത്തുള്ള അണികൾക്കു പോലുമറിയില്ല. അതിന്റെ ഏറ്റവും മുന്തിയ ഉദാഹരണമാണ് രണ്ടാം ലോകയുദ്ധത്തിനു വഴിമരുന്നിട്ട ഹിറ്റ്ലറുടെ നാസിപ്പടയും സ്റ്റാലിന്റെ കമ്യൂണിസ്റ്റ് ചെമ്പടയും തമ്മിലെ സഖ്യം. അതു ലോകത്തിനുമേൽ വന്നുപതിച്ച ഒരു വൻ ബോംബായിരുന്നുവെന്ന് പറഞ്ഞത് ബ്രിട്ടനിലെ വിൻസ്റ്റൺ ചർച്ചിലാണ്. അന്ന് ബ്രിട്ടനിൽ സെമിഫാഷിസ്റ്റായ ചേംബർലൈനെതിരെ രാഷ്ട്രീയയുദ്ധത്തിനും മുഴു ഫാഷിസ്റ്റായ ഹിറ്റ്ലർക്കെതിരെ സൈനികയുദ്ധത്തിനും ആഹ്വാനം ചെയ്ത് ബ്രിട്ടീഷ് കമ്യൂണിസ്റ്റ് പാർട്ടി ജനറൽ സെക്രട്ടറി ഹാരി പോളിറ്റ് ‘ഇരട്ട യുദ്ധം എങ്ങനെ ജയിക്കാം’ എന്ന ലഘുലേഖ ഒരു പെന്നി വിലയിട്ട് അരലക്ഷം കോപ്പി വിതരണത്തിന് തയാറാക്കി.
ഹാരിയും സഹസൈദ്ധാന്തികൻ രജനി പാമെ ദത്തുമായിരുന്നു ബ്രിട്ടനിലെ പാർട്ടിയെ (ഇന്ത്യയിലെ പാർട്ടിയെയും) നയിച്ചിരുന്നത്. ആഗസ്റ്റ് 23ന് ഹിറ്റ്ലറെ സ്റ്റാലിൻ പുണർന്ന കാര്യം അറിഞ്ഞിരുന്നെങ്കിലും അത് കമ്യൂണിസ്റ്റ് സ്വർഗമായ സോവിയറ്റ് യൂനിയനെ കാത്തുരക്ഷിക്കാനുള്ളതാണെന്നും സ്റ്റാലിനായതിനാൽ സാക്ഷാൽ ചെകുത്താനുമായുള്ള കൂട്ടിനും തെറ്റുണ്ടാവില്ലെന്നും ബ്രിട്ടനിലെ പാർട്ടിക്കാർ സമാധാനിച്ചു. അതുകൊണ്ട് ദേശീയതലത്തിൽ ബ്രിട്ടീഷ് ഭരണകൂടത്തിനെതിരെയും സാർവദേശീയ തലത്തിൽ നാസി ജർമനിക്കെതിരെയുമുള്ള പോരാട്ടത്തെ സിദ്ധാന്തവത്കരിക്കുന്ന രേഖ ബ്രിട്ടീഷ് കമ്യൂണിസ്റ്റുകൾ അംഗീകരിച്ചു. അപ്പോഴതാ വരുന്നു, മോസ്കോയിൽ നിന്ന് കമ്പിസന്ദേശമായി പുതിയ പാർട്ടിലൈൻ. നാസി-സോവിയറ്റ് കരാറോടെ ഫാഷിസ്റ്റ്, ജനാധിപത്യ രാഷ്ട്രങ്ങളുടെ നിർവചനം മാറിയിരിക്കുന്നുവെന്നും ഇനിമേൽ ഫാഷിസ്റ്റുരാജ്യം പോളണ്ട് ആണെന്നും ഈ പുതിയ അടവുനയത്തിനെതിരായ നിലപാടെടുത്തവർ തിരുത്തണമെന്നുമായിരുന്നു തീട്ടൂരം.
സി.പി.എം ജനറൽ സെക്രട്ടറി പി. സുന്ദരയ്യയുടെ രാജിക്കത്ത് ഇന്ത്യൻ കമ്യൂണിസ്റ്റുകൾ പൂഴ്ത്തിവെച്ചതുപോലെ ഇതു മറച്ചുവെക്കാമെന്നു ഹാരി കരുതിയെങ്കിലും സ്റ്റാലിൻ ഭക്തനായ ദത്തിനും കിട്ടിയിരുന്നു അതേ സന്ദേശം. അദ്ദേഹം പാർട്ടി കേന്ദ്രകമ്മിറ്റി വിളിക്കാൻ ആവശ്യപ്പെട്ടു. പുതിയ സാഹചര്യത്തിൽ കമ്യൂണിസ്റ്റ് തത്ത്വമൊക്കെ ചായ്ച്ചും ചരിച്ചും വെക്കണമെന്ന് യോഗത്തിൽ വാദിച്ചു. ഫാഷിസ്റ്റു ജർമനിയുടെ കൂടെ കൂടി പോളണ്ടിലെ കമ്യൂണിസ്റ്റുകാരെയടക്കം ചോരയിൽ മുക്കിക്കൊല്ലുന്നതിനെതിരായ ഹാരി പൊളിറ്റിന്റെ കരച്ചിലിനെ പിന്തുണക്കാൻ ആ യോഗത്തിലുണ്ടായത് വെറും രണ്ടുപേർ. മൂന്നിനെതിരെ 21 വോട്ടുകൾക്ക് ഫാഷിസ്റ്റ് നാസികളുമായി കൈകോർക്കാനുള്ള സ്റ്റാലിന്റെ തീരുമാനത്തിന് റാൻ മൂളുകയല്ലാതെ ബ്രിട്ടീഷ് കമ്യൂണിസ്റ്റു പാർട്ടിക്ക് വേറെ വഴിയുണ്ടായിരുന്നില്ല.
ഹിറ്റ്ലറുടെ നാസിജർമനിയെ വിട്ട് കമ്യൂണിസ്റ്റ് പോളണ്ടിനെ ഫാഷിസ്റ്റായി പ്രഖ്യാപിച്ച സ്റ്റാലിൻ കാലത്തെ ഓർമിപ്പിക്കുകയാണ് പുതിയ പാർട്ടിലൈനിലൂടെ കേരളത്തിലെ മാർക്സിസ്റ്റ് പാർട്ടി. ആർ.എസ്.എസ് അതിന്റെ നൂറ്റാണ്ടാഘോഷം, കേന്ദ്രഭരണത്തിലെ മൂന്നാമൂഴത്തിൽ ഹിന്ദുത്വ ഫാഷിസത്തിന്റെ കളിയാട്ടവുമായി കെങ്കേമമാക്കുകയാണ്. വംശീയവിവേചനത്തോടെ ഭക്ഷണവും കച്ചവടവും തൊഴിലും വിലക്കിയും വീടുകളും സ്ഥാപനങ്ങളും ബുൾഡോസറിൽ നിരത്തിയും വോട്ടർപട്ടിക വെട്ടിനിരത്തിയും മുന്നോട്ടുപോകുമ്പോഴും അവർ ഫാഷിസ്റ്റാണ് എന്നു സി.പി.എമ്മിന് തീർച്ചപ്പെട്ടിട്ടില്ല. അതുകൊണ്ട് ഫാഷിസ്റ്റു രാഷ്ട്രീയത്തിന്റെ ബുൾഡോസർ മുഖത്തുനിന്ന് അനുഗ്രഹാശിസ്സുകൾ ക്ഷണിച്ചുവരുത്താനോ, കേരളത്തിലെ തൊഗാഡിയ എന്നു പണ്ട് ആക്ഷേപിച്ചയാളെ മുസ്ലിം വിദ്വേഷവമനം അതിരുവിട്ട നേരംനോക്കി പൊന്നാടയുടുപ്പിക്കാനോ കേരളത്തിലെ സ്റ്റാലിനിസ്റ്റ് പാർട്ടിക്കോ നേതാവിനോ ഒരു വട്ടം പോലും ആലോചിക്കേണ്ടിവന്നില്ല. നൂറുവട്ടം എതിർത്ത ഫാഷിസ്റ്റു ഹിന്ദുത്വ വിദ്യാഭ്യാസ പരിഷ്കാരം പണമുണ്ടെങ്കിൽ പോരട്ടെ എന്നുവെച്ചതും പ്രതിഷേധം ഭരണമുന്നണിയെ ഉലയ്ക്കുമെന്നു വന്നപ്പോൾ പിന്നെയും പിടിവിട്ടതും കേരളം കണ്ടതാണ്.
സി.പി.എമ്മിന്റെ മധുര പാർട്ടി കോൺഗ്രസ് പിരിഞ്ഞത് ഹിന്ദുത്വ വർഗീയതക്കെതിരെ ശക്തമായ സമരത്തിന് ആഹ്വാനം ചെയ്താണ്. എന്നാൽ, മധുരയിൽ നിന്ന് നിലമ്പൂർ ഉപതെരഞ്ഞെടുപ്പിലേക്ക് വണ്ടിയിറങ്ങിയ പാർട്ടി പോരാട്ടമുഖം തിരിച്ചത് ജമാഅത്തെ ഇസ്ലാമിക്കു നേരെ. ബി.ജെ.പി ഫാഷിസ്റ്റ് കക്ഷിയാണെന്നുറപ്പില്ലെങ്കിലും ജമാഅത്തെ ഇസ്ലാമി മതഭീകര, മതരാഷ്ട്രവാദ, ജിഹാദിസ്റ്റ് സംഘടനയാണെന്നതു കട്ടായം. അതുകൊണ്ട് അവരെ കൈകാര്യം ചെയ്യുകയായിരുന്നു തദ്ദേശ തെരഞ്ഞെടുപ്പിലെയും സി.പി.എം മുഖ്യ അജണ്ട. അടുത്ത നിയമസഭ തെരഞ്ഞെടുപ്പിലും മുഖ്യശത്രു അവർതന്നെ എന്നു തീർച്ചപ്പെടുത്തിയിരിക്കുന്നു പാർട്ടിയും പേ റോളിലുള്ള മടിശ്ശീല മാധ്യമങ്ങളും മാധ്യമ പ്രവർത്തകരുമടങ്ങുന്ന ഇസ്ലാമോഫോബ് സിൻഡിക്കേറ്റ്.
സി.പി.എമ്മിന്റെ വലതുവാട്ടത്തിന് ആക്കംകൂടിയതോടെ ഹിറ്റ്ലർ മോസ്കോയെ എന്ന പോലെ കേരളത്തെ വട്ടമിട്ട ആർ.എസ്.എസിന്റെ മോഹങ്ങൾക്കും ചിറകുവെച്ചു. തദ്ദേശ തെരഞ്ഞെടുപ്പിലെ തിരുവനന്തപുരം നേട്ടത്തിന്റെ തിമിർപ്പിലാണ് അവർ. വിജയാഘോഷത്തിനെത്തിയ അമിത് ഷായുടെ സംസാരം വലതുചാഞ്ഞ കമ്യൂണിസ്റ്റ് സിനോപ്സിസ് അനുസരിച്ചായിരുന്നുവെന്നത് ശ്രദ്ധിക്കുക. പിറകെ, ബി.ജെ.പിയുടെ പുത്തനാവേശക്കാരിലൊരാളായ ടി.പി. സെൻകുമാർ മുന്നോട്ടുവെച്ച തെരഞ്ഞെടുപ്പ് ഫോർമുല സി.പി.എമ്മിന്റെ പുതിയ ഇലക്ഷൻ എൻജിനീയറിങ് കണ്ടറിഞ്ഞാവാം. ഹിന്ദുവോട്ടുകൾ ഏകീകരിക്കണമെന്നും ജയിക്കാനായില്ലെങ്കിൽ ഒന്നാം നമ്പർ ശത്രുവിനെ തോൽപിക്കാൻ രണ്ടാം നമ്പർ ശത്രുവിനൊപ്പം നിൽക്കണമെന്നുമാണ് സെൻകുമാർ തീസിസ്. ശത്രുക്കളിലെ ഒന്നാം നമ്പർ കോൺഗ്രസ് തന്നെയെന്ന് പറവൂരിൽ വി.ഡി. സതീശനെതിരെ പ്രത്യേക ഫോർമുല സമർപ്പിച്ച് അദ്ദേഹം വെളിപ്പെടുത്തുന്നുണ്ട്. സെൻകുമാർ മനസ്സിൽ കണ്ടത് ഹിന്ദുമഹാസഭ നേരത്തേ മണ്ഡലത്തിൽ കണ്ടു-നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ. അവർ പിന്തുണ സി.പി.എം പോളിറ്റ്ബ്യൂറോ മെംബർ എ. വിജയരാഘവനെ നേരിൽ ക്കണ്ടാണ് പതിച്ചുനൽകിയത്. പഴയ ആർ.എസ്.എസ് ബന്ധത്തിൽ ഒളിക്കാനെന്തിരിക്കുന്നു എന്നു ചാനലിൽ ചോദിച്ച് സംസ്ഥാന സെക്രട്ടറി അത് ഏറ്റുവാങ്ങുകയും ചെയ്തു. അതുകൊണ്ട് വിമോചന സമരകാലത്ത് ഹിന്ദുത്വയുടെ പരമാചാര്യൻ വി.ഡി. സവർക്കർ കേരളത്തിലെ സംഘ്പരിവാറുകാർക്ക് നൽകിയ ഒസ്യത്ത് ഫലപ്രാപ്തിയിലെത്തിക്കാൻ പറ്റിയ സമയം ഇതുതന്നെ എന്ന സംഘമോഹമാകാം സെൻകുമാറിലൂടെ പുറത്തുവന്നത്.
വിമോചന സമരകാലത്ത് ഇ.എം.എസ് നമ്പൂതിരിപ്പാട് ഗവൺമെന്റിന് പിന്തുണ പ്രഖ്യാപിച്ച ഹിന്ദുത്വ പരമാചാര്യനും ഹിന്ദു മഹാസഭ അധ്യക്ഷനുമായിരുന്ന വി.ഡി. സവർക്കർ അണികൾക്കു നൽകിയ ഒസ്യത്തുണ്ട്. ‘കമ്യൂണിസത്തെ പേടിക്കാനൊന്നുമില്ല, അവരിൽ നിന്നു നല്ലതൊക്കെ ഉൾക്കൊള്ളണം. എന്നാലോ, ഹിന്ദുക്കളുടെ സ്വത്വം കളയാതെ നോക്കണം’ എന്നാണ് സവർക്കർ അണികൾക്കു നൽകിയ ഉപദേശം.
ഇ.എം.എസ് നമ്പൂതിരിപ്പാട്
വിമോചനസമരം കൊടുമ്പിരിക്കൊണ്ട നേരത്ത് 1959 ജൂലൈ ആറിന് സവർക്കർ ഒരു ആഹ്വാനം നടത്തി. ഹിന്ദുതാൽപര്യത്തിന്റെ ശത്രുക്കളായ ക്രൈസ്തവ, കോൺഗ്രസ്, മുസ്ലിംലീഗ് ഐക്യമുന്നണിക്കെതിരായ പോരാട്ടത്തിൽ ഇ.എം.എസ് നമ്പൂതിരിപ്പാടിന്റെ കമ്യൂണിസ്റ്റ് സർക്കാറിന് സർവപിന്തുണയും നൽകാനായിരുന്നു ഹിന്ദുമഹാസഭ പ്രവർത്തകർക്കുള്ള നിർദേശം.കേരളത്തിലെ വിദ്യാഭ്യാസ മേഖലയെ ക്രൈസ്തവാധിപത്യത്തിൽനിന്നു മോചിപ്പിക്കാനുള്ള ബിൽ കൊണ്ടുവന്നതിന് സമരഭീഷണി നേരിടുന്ന ഇ.എം.എസിന് സവർക്കർ എല്ലാ സഹകരണവും ഉറപ്പുനൽകി. ക്രിസ്ത്യാനികൾ നയിക്കുന്ന കോൺഗ്രസ് സർക്കാർ കേരളത്തിൽ വന്നിരുന്നെങ്കിൽ മത, രാഷ്ട്രീയ പീഡനത്തിന് ഹിന്ദുക്കൾ ഇരയായേനെ. ആ സാധ്യത അടച്ചത് ഇ.എം.എസ് സർക്കാറാണ് എന്ന് ഓർമ വേണമെന്ന് അദ്ദേഹം പ്രവർത്തകരെ ഉണർത്തി. ഒപ്പം കേന്ദ്രത്തിന്റെ സമ്മർദത്തിനു വഴങ്ങി രാജിവെക്കരുതെന്ന് കമ്യൂണിസ്റ്റ് ഗവൺമെന്റിന് ഉപദേശവും. മന്ത്രിസഭ പിരിച്ചുവിട്ട് തെരഞ്ഞെടുപ്പ് വന്നാൽ, ഹിന്ദുമഹാസഭക്ക് സ്ഥാനാർഥികളില്ലാത്ത ഇടങ്ങളിൽ കമ്യൂണിസ്റ്റുകളെ പിന്തുണക്കണമെന്നും അദ്ദേഹം അന്നത്തെ സംഘ്പരിവാർ അണികൾക്ക് നിർദേശം നൽകി.
സവർക്കറുടെ പ്രസ്താവനയെ സ്വാഗതം ചെയ്ത കമ്യൂണിസ്റ്റ് മന്ത്രിസഭ, ചർച്ച് എതിർത്താലും ബില്ലുമായി മുന്നോട്ടുപോകുമെന്ന് ഉറപ്പുനൽകി മറുകുറി അയച്ചതായും സവർക്കർ ജീവചരിത്രകാരൻ ധനഞ്ജയ കീർ കുറിക്കുന്നുണ്ട്. കാലക്കറക്കത്തിൽ ക്രൈസ്തവ-കോൺഗ്രസ്-മുസ്ലിംലീഗ് ഐക്യമുന്നണി എന്ന മുഖ്യശത്രുവിനെതിരായ രാശിയിൽ സി.പി.എമ്മും ബി.ജെ.പിയും ഒത്തുവന്നിരിക്കെ, അടുത്ത തെരഞ്ഞെടുപ്പിൽ സവർക്കറുടെ പഴയ ഒസ്യത്തനുസരിച്ചാവാം അടിയൊഴുക്കുകൾ. മേൽ മുക്കൂട്ടു മുന്നണിയെ തളച്ചുവേണം സി.പി.എം മുന്നണിക്ക് തുടർഭരണം നിലനിർത്താൻ. ബി.ജെ.പിക്കാണെങ്കിൽ അഞ്ചോ ആറോ സീറ്റ് പിടിക്കാനും അതേ വഴിയുള്ളൂ.
അതിനിടെ കഷ്ടി ഭൂരിപക്ഷത്തിൽ സി.പി.എം കടന്നുകൂടിയാലും സവർക്കർ ന്യായം അനുസരിച്ച് പേടിക്കാനില്ല, സ്വത്വം കളയാതിരിക്കാനുള്ള ജാഗ്രത മതി എന്നിടത്താണ് സംഘ് സൈബർ പട (മുഖ്യശത്രുവിനെതിരായ ഒത്തുനീക്കത്തിൽ സ്വത്വനഷ്ടം സി.പി.എമ്മിനേ വരൂ എന്ന ബംഗാൾ അനുഭവമുള്ളതുകൊണ്ട് സംഘ്പരിവാറിനു പേടിക്കാനുമില്ല). അതിനാൽ വെള്ളാപ്പള്ളിയും രാജീവ് ചന്ദ്രശേഖറും ബാലനും ചെറിയാനും ഒക്കെ ഒരേ കോറസിൽ ഒത്തുവരുന്നതിന്റെ അന്തർധാര വെളിപ്പെടാനിരിക്കുന്നേയുള്ളൂ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.