തദ്ദേശ തെരഞ്ഞെടുപ്പിൽ നിലവിലെ മേൽക്കൈക്കപ്പുറം തിളക്കമാർന്ന വിജയം പ്രതീക്ഷിക്കുകയാണ് ഇടതുമുന്നണി. മുന്നണിയിലെ രണ്ടാം കക്ഷിയായ സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം ‘മാധ്യമ’വുമായി സംസാരിക്കുന്നു
ആകെയുള്ള 941 ഗ്രാമ പഞ്ചായത്തിൽ 514ലും 152 ബ്ലോക്ക് പഞ്ചായത്തിൽ 113ലും 87 നഗരസഭയിൽ 44ലും 14 ജില്ല പഞ്ചായത്തിൽ 11ലും ആറ് കോർപറേഷനിൽ അഞ്ചിലും ഇടതുഭരണമാണ്. ഇതിനേക്കാൾ വലിയ മുന്നേറ്റമുണ്ടാകും. അനൈക്യത്തിന്‍റെ താവളമായ യു.ഡി.എഫ് ദുർബലമാണ്. എൽ.ഡി.എഫ് മുമ്പില്ലാത്തവിധം ഐക്യത്തിലും. രാഷ്ട്രീയമായി കരുത്താർജിക്കുകയും ചെയ്തു. 10 വർഷത്തെ വികസന, ജനക്ഷേമ പ്രവർത്തനങ്ങളാൽ കെട്ടിപ്പടുത്ത പുതിയ കേരളം നമുക്ക് മുന്നിലുണ്ട്. കൂടുതൽ അധികാരം നൽകി തദ്ദേശ സ്ഥാപനങ്ങളെ ശക്തിപ്പെടുത്തിയത് ഇടതുസർക്കാറുകളാണ്. എന്നാൽ, തകർക്കുന്ന നിലപാടായിരുന്നു യു.ഡി.എഫിന്. അധികാര വികേന്ദ്രീകരണത്തിന്‍റെയടക്കം രാഷ്ട്രീയം ഞങ്ങൾ പറയും.
എല്ലാം വിലയിരുത്തുമല്ലോ. സർക്കാറിന് ഒരുപാട് പരിമിതികളുണ്ട്. അവയിലേറെയും സാമ്പത്തികമാണ്. അർഹതപ്പെട്ട വിഹിതം കേന്ദ്രം നൽകുന്നില്ല. കേരളത്തെ ഇന്ത്യയുടെ ഭാഗമായി പോലും കാണുന്നില്ല. വയനാട് ദുരന്തത്തിലും ജി.എസ്.ടിയിലുമെല്ലാം പ്രതിഫലിച്ചത് ഇതാണ്. വികസന സൂചികകളിലെല്ലാം കേരളം ഒന്നാംസ്ഥാനം നേടിയതിനെപ്പോലും സംസ്ഥാനത്തിനവകാശപ്പെട്ട പണം തട്ടിപ്പറിക്കാനുള്ള മറയാക്കി കേന്ദ്രം മാറ്റി. സർക്കാറിന്‍റെ അതിദാരിദ്ര്യ നിർമാർജനം, ലൈഫ് പദ്ധതി, തദ്ദേശ സ്ഥാപനങ്ങളുടെ ശാക്തീകരണം, ക്ഷേമ പെൻഷൻ വർധന, മാലിന്യ സംസ്കരണ പദ്ധതികൾ എന്നിവയെല്ലാം ജനം സ്വീകരിച്ചതാണ്. മൂന്നാം ഇടതുസർക്കാറിലേക്കുള്ള യാത്രയുടെ വമ്പിച്ച ചുവടുവെപ്പാകും തെരഞ്ഞെടുപ്പ് ഫലം.
രാഷ്ട്രത്തിന്‍റെ മതമായി സവർണ ഹിന്ദുത്വത്തെ കാണുന്നവരാണ് ബി.ജെ.പിക്കാർ. അങ്ങനെവന്നാൽ പിന്നെ ഇന്ത്യ ബാക്കിയില്ല. അക്കാര്യത്തിൽ മതന്യൂനപക്ഷങ്ങൾക്ക് ആശങ്കയുണ്ട്. ആ ശബ്ദമാണ് എൽ.ഡി.എഫ് ഏറ്റുപിടിക്കുന്നത്. എല്ലാ നെറികെട്ട കളികളും കളിക്കുന്ന അവർ പണം വാരിയെറിയുകയാണ്. ജാതി, മതം, വിശ്വാസം എന്നിവയെല്ലാം ഉപയോഗിക്കുന്നു. എന്തുവിലകൊടുത്തും ബി.ജെ.പിയെ നേരിടണം. തിരുവനന്തപുരം കോർപറേഷനിലടക്കം എവിടെയും അവർ ജയിക്കില്ല.
ശബരിമല വിഷയത്തിൽ ഒറ്റ നിലപാടേയുള്ളൂ. ആരാണോ ഉപ്പുതിന്നത് അവരെല്ലാം വെള്ളം കുടിക്കണം. ഉപ്പുതിന്നവർ എപ്പോഴെങ്കിലും ഏതെങ്കിലും രാഷ്ട്രീയ പാർട്ടിയെ മറയാക്കിയിട്ടുണ്ടെങ്കിൽ ആ പാർട്ടിയുടെ കുറ്റമല്ല. അഴിമതിക്ക് പാർട്ടിയെ മറയാക്കിയവരാണ് കുറ്റവാളികൾ. പാർട്ടി ഉത്തരവാദിയല്ല. ശബരിമല ലക്ഷക്കണക്കിന് പേരുടെ വിശ്വാസ കേന്ദ്രമാണ്. അവിടെ അഴിമതി നടക്കാൻ പാടില്ല. ശബരിമല ഒരു പാഠമാണ്. അത് സി.പി.ഐ പഠിക്കും. അഴിമതിക്കാരോട് സന്ധിയില്ല. എല്ലാ അഴിമതിക്കാരെയും ശിക്ഷിക്കണം.
കമ്യൂണിസ്റ്റ് പാർട്ടിയുടെ നിതാന്ത ശത്രുവാണ് ആർ.എസ്.എസും ബി.ജെ.പിയും. ഇന്ത്യയിലെ ഫാഷിസ്റ്റ് മുഖമാണവർ. ആ രാഷ്ട്രീയവും ആശയവും വെടിഞ്ഞ് തിരിച്ചറിവിന്‍റെ മാറ്റം ആർക്കുണ്ടായാലും അവരെ സ്വീകരിക്കും. ആശയപരമായ തിരുത്തൽ വേണമെന്നുമാത്രം. തിരിച്ചറിഞ്ഞ് ഇടതുപക്ഷ ബോധമുണ്ടായാൽ ആർക്കും പാർട്ടിയിലേക്ക് വരാം. അതൊരാളല്ല ആയിരം പേരായാലും സ്വീകരിക്കും. അവർക്കുമുന്നിൽ വാതിൽ കൊട്ടിയടക്കില്ല. പാങ്ങോട്ടെയാൾ ആർ.എസ്.എസ് രാഷ്ട്രീയം വെടിഞ്ഞാണ് എത്തിയത്. തമിഴ്നാട് ബി.ജെ.പി സംസ്ഥാന പ്രസിഡന്‍റായിരുന്ന അണ്ണാമലൈ ഇപ്പോൾ എവിടെയാണെന്ന് നമ്മൾ ചിന്തിക്കണം.
ജമാഅത്തെ ഇസ്ലാമിയുടെയും വെൽഫെയർ പാർട്ടിയുടെയും രാഷ്ട്രീയവും ആശയവും തെറ്റാണ്. വെൽഫെയർ പാർട്ടിയുടെയും എസ്.ഡി.പി.ഐയുടെയും രാഷ്ട്രീയം ബി.ജെ.പി പാത ഏളുപ്പമാക്കാനേ ഉപകരിക്കൂ. ന്യൂനപക്ഷങ്ങളുടെ രാഷ്ട്രീയം മുസ്ലിം ബി.ജെ.പിയും മുസ്ലിം ആർ.എസ്.എസും ആയി മാറലല്ല. കറയറ്റ മതനിരപേക്ഷ രാഷ്ട്രീയമാണ് ന്യൂനപക്ഷങ്ങൾക്ക് തുണയാവുക. അത് മനസ്സിലാക്കാതെ അതിവൈകാരികമായി മതാധിഷ്ഠിത രാഷ്ട്രീയം കൈകാര്യം ചെയ്യുകയാണവർ. എൽ.ഡി.എഫിന് ജമാഅത്തെ ഇസ്ലാമിയുമായോ വെൽഫെയർ പാർട്ടിയുമായോ ഒരു രാഷ്ട്രീയ ബന്ധവുമില്ല.
ആർ.എസ്.എസ് അജണ്ട നടപ്പാക്കാനുള്ള കുറുക്കുവഴിയാണ് ബി.ജെ.പിക്ക് പി.എം ശ്രീ. എസ്.എസ്.കെയുടെ പണം കാണിച്ചാണ് അവർ കേരള സർക്കാറിന്‍റെ കൈയിൽ പിടിച്ചുവലിച്ചത്. എൽ.ഡി.എഫിന് രാഷ്ട്രീയ ഉൾക്കാഴ്ചയുള്ളതുകൊണ്ടാണ് പിന്മാറിയത്. പി.എം ശ്രീ സംബന്ധിച്ച സി.പി.എം-സി.പി.ഐ നിലപാട് ഒന്നാണെന്നിരിക്കെ ഇരുപാർട്ടികളും ചർച്ചയിലൂടെ പരിഹരിച്ച തർക്കം തെരഞ്ഞെടുപ്പ് ഘട്ടത്തിൽ കുത്തിപ്പൊക്കാൻ ഉപസമിതി കൺവീനറായ മന്ത്രി വി. ശിവൻകുട്ടിയെ പ്രേരിപ്പിച്ച ചേതോവികാരവും രാഷ്ട്രീയ കാഴ്ചപ്പാടും എനിക്കറിയില്ല. സി.പി.എം കാഴ്ചപ്പാട് അദ്ദേഹത്തെ എം.എ. ബേബിയും എം.വി. ഗോവിന്ദനും പഠിപ്പിക്കണം. ശിവൻകുട്ടിക്ക് വായിക്കാൻ സി.പി.എമ്മിന്‍റെ നിരവധി രേഖകൾ ഞാൻ നൽകാം. എൽ.ഡി.എഫ് സർക്കാർ നിയോഗിച്ച പ്രഭാത് പട്നായിക് അധ്യക്ഷനായ കമ്മിറ്റി പറഞ്ഞ കാര്യങ്ങളുണ്ട്. സി.പി.എം പോളിറ്റ് ബ്യൂറോ മുതൽ എസ്.എഫ്.ഐ വരെ പാസാക്കിയ പ്രമേയമുണ്ട്. ഇക്കാര്യത്തിൽ എസ്.എഫ്.ഐ നിലപാടാണ് എ.ഐ.എസ്.എഫിന്. കെ.എസ്.ടി.എ നിലപാടാണ് എ.കെ.എസ്.ടി.യുവിന്. പി.എം ശ്രീയിലെ നിലപാട് എൽ.ഡി.എഫ് വിജയമെന്നാണ് ഞാൻ പറഞ്ഞത്.
എൽ.ഡി.എഫ് സർക്കാറിന്‍റെ ഭരണ നേട്ടങ്ങളുടെ മികവുകണ്ട് പരാജയം ഉറപ്പായതിനാലാണ് യു.ഡി.എഫ് വിവാദങ്ങളുണ്ടാക്കുന്നത്. ഏതെങ്കിലും കാര്യത്തിൽ എൽ.ഡി.എഫിന് വീഴ്ചയുണ്ടെങ്കിൽ അത് തിരുത്തും. മുഖ്യമന്ത്രിയുടെ മാത്രമല്ല ആരുടെയും കുടുംബത്തെ രാഷ്ട്രീയ വിവാദത്തിൽ കക്ഷിയാക്കരുത്. അദ്ദേഹത്തിന്‍റെ മകനും മകളുമെല്ലാം സ്വതന്ത്ര വ്യക്തികളാണ്. കേസുണ്ടെങ്കിൽ അതിന്‍റെ വഴിക്ക് പോകട്ടെ. അല്ലാതെ രാഷ്ട്രീയം പറയുമ്പോൾ മുഖ്യമന്ത്രിയെ താറടിക്കാൻ കുടുംബത്തെ പറയുന്നത് ശരിയല്ല. യു.ഡി.എഫിന്‍റെയും ബി.ജെ.പിയുടെയും അവിവേകം നിറഞ്ഞ രാഷ്ട്രീയമാണത്. മുമ്പും അവരത് പറഞ്ഞു. ജനങ്ങളവരെ തോൽപിച്ചു. വീണ്ടും അവരത് പറയുന്നു. വീണ്ടും ജനങ്ങളവരെ തോൽപിക്കും.
സി.പി.ഐ എന്താണെന്നും അതിന്‍റെ രാഷ്ട്രീയമെന്തെന്നും എന്നെ പഠിപ്പിച്ചത് വെളിയം അടക്കമുള്ള നേതാക്കളാണ്. എനിക്ക് വെളിയമാകാനും ചന്ദ്രപ്പനാകാനും കഴിയില്ല. എനിക്ക് ഞാനാകാനേ പറ്റൂ. പക്ഷേ, അവർ പഠിപ്പിച്ച പാഠങ്ങളിലൂടെയാണ് ഞാൻ മുന്നോട്ടുപോകുന്നത്. പാർട്ടി സമ്മേളനങ്ങൾ നേതാക്കൾക്ക് ജയ് ജയ് പാടാനല്ലെന്ന് ആദ്യമേ പറഞ്ഞതാണ്. സമ്മേളനം വിമർശിക്കാൻ കൂടിയുള്ളതാണ്. വിമർശനം പാർട്ടിയെ ശക്തിപ്പെടുത്തും. പാർട്ടിയിൽ സംഘടനാപരമായും രാഷ്ട്രീയമായും ആശയപരമായും ഐക്യം ഉണ്ടാക്കാനായി. പി.എം ശ്രീയിൽ പാർട്ടി എൽ.ഡി.എഫ് നിലപാടാണ് ഉയർത്തിപ്പിടിച്ചത്.
പ്രചരിപ്പിക്കുന്ന പോലെയൊന്നും ആളുകൾ പാർട്ടി വിടുന്നില്ല. പല കണക്കും പെരുപ്പിച്ചതാണ്. എന്നാൽ, ചിലർ പോയിട്ടുണ്ട്. അതുപോലെ തന്നെ വന്നിട്ടുമുണ്ട്. കമ്യൂണിസ്റ്റ് മൂല്യത്തിൽ ഉറച്ചുനിൽക്കുമ്പോൾ ചിലർക്കത് ഇഷ്ടമാവില്ല. ഗൗരവപ്പെട്ട കാരണത്താൽ വിട്ടുപോകുന്നുണ്ടെങ്കിൽ അതിനെ ആ നിലക്ക് കാണും. അവഗണിക്കേണ്ടതിനെ അവഗണിക്കും. തിരുത്തേണ്ടത് തിരുത്തും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.