എസ്.ഐ.ആർ: ഫോം 6 വിവാദവും സുപ്രീംകോടതി ഇടപെടലും
വോട്ടർപട്ടികയിൽ പേര് ചേർക്കുന്നതിനുള്ള ഫോം 6-ൽ വരുത്തിയ മാറ്റങ്ങൾക്ക് സുപ്രീംകോടതിയുടെ അംഗീകാരമുണ്ടെന്നായിരുന്നു തെരഞ്ഞെടുപ്പ് കമീഷന്റെ വാദം. എന്നാൽ, കഴിഞ്ഞദിവസം സുപ്രീംകോടതി തന്നെ ഇക്കാര്യം നിഷേധിച്ചതോടെ, എസ്.ഐ.ആർ സംബന്ധിച്ച ദുരൂഹതകൾ പിന്നെയും വർധിക്കുകയാണ്. പരിഷ്കരിച്ച ഫോം 6-ന് കോടതി ഒരിക്കലും അംഗീകാരം നൽകിയിട്ടില്ലെന്നാണ് ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കിയത്. ഇതോടെ, എസ്.ഐ.ആർ നടപടികളുടെ ഭാഗമായി നടപ്പാക്കിയ മാറ്റങ്ങൾ ആരുടെ അനുമതിയോടെയാണെന്ന ചോദ്യവും ശക്തമായി ഉയർന്നിരിക്കുകയാണ്.
പുതിയ വോട്ടർമാരുടെ പേര് തെരഞ്ഞെടുപ്പ് പട്ടികയിൽ ഉൾപ്പെടുത്താൻ ഉപയോഗിക്കുന്ന നിയമാനുസൃത അപേക്ഷയാണ് ഫോം 6. എസ്.ഐ.ആർ നടന്ന സംസ്ഥാനങ്ങളിൽ ഈ അപേക്ഷയോടൊപ്പം അധികമായി ഒരു സ്റ്റേസ്സ് മെന്റ് കൂടി കമീഷൻ നൽകി. ഇതിൽ മുൻ എസ്.ഐ.ആർ കാലത്തെ വോട്ടർപട്ടികയിൽ അപേക്ഷകന്റെയോ മാതാപിതാക്കളുടെയോ മറ്റ് കുടുംബാംഗങ്ങളുടെയോ വിവരങ്ങൾ ഉണ്ടോയെന്നത് തെളിയിക്കുന്ന വിവരങ്ങൾ നൽകണമെന്ന വ്യവസ്ഥ പലർക്കും പട്ടിയിൽനിന്ന് പുറത്തേക്കുള്ള വഴിതുറന്നു. അപ്പോൾ, എസ്.ഐ.ആർ പ്രക്രിയയിലൂടെ ലക്ഷക്കണക്കിന് ആളുകളെ പുറംതള്ളിയ നടപടിക്കാധാരമായ കമീഷന്റെ നടപടി എന്തിനായിരുന്നു?
‘ഞങ്ങൾ അംഗീകരിച്ചിട്ടില്ല’
ഒക്ടോബർ അഞ്ചിന് കേസ് പരിഗണിക്കവെയാണ് സുപ്രീംകോടതി വിഷയത്തിൽ വ്യക്തത വരുത്തിയത്. പരിഷ്കരിച്ച ഫോം 6-ന് സുപ്രീംകോടതിയുടെ അനുമതി ലഭിച്ചിട്ടില്ലെന്നും ബന്ധപ്പെട്ട രേഖകൾ ഹാജരാക്കിയാൽ ആരാണ് മാറ്റങ്ങൾ വരുത്തിയതെന്ന് പരിശോധിക്കുമെന്നും കോടതി വ്യക്തമാക്കി. തെരഞ്ഞെടുപ്പ് കമീഷനിൽനിന്ന് ഇതുസംബന്ധിച്ച രേഖകളും കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. ഈ നിരീക്ഷണം തെരഞ്ഞെടുപ്പ് കമീഷൻ സെപ്റ്റംബർ 26ന് പുറത്തിറക്കിയ വിശദീകരണത്തിന് വിരുദ്ധമാണ്. എസ്.ഐ.ആറുമായി ബന്ധപ്പെട്ട് ഫോം 6-നൊപ്പം ചേർത്ത പ്രഖ്യാപനം സുപ്രീംകോടതി ശരിവച്ചിട്ടുണ്ടെന്നായിരുന്നു കമീഷന്റെ നിലപാട്.
എന്നാൽ, മേയ് 27ലെ സുപ്രീംകോടതി വിധി പരിശോധിക്കുമ്പോൾ ഇപ്പോൾ വിവാദമായിരിക്കുന്ന ഓൺലൈൻ മാറ്റത്തിന് കോടതി അംഗീകാരം നൽകിയതായി വ്യക്തമാകുന്നില്ല. ബിഹാറിലെ എസ്.ഐ.ആർ നടപടികളെ ചോദ്യംചെയ്ത ഹരജികളിൽ 2026 മേയ് 27ന് സുപ്രീംകോടതി തെരഞ്ഞെടുപ്പ് കമീഷന്റെ എസ്.ഐ.ആർ നടത്താനുള്ള അധികാരം ശരിവച്ചിരുന്നു. വോട്ടർപട്ടികയുടെ വിശ്വാസ്യത ഉറപ്പാക്കുന്നതിനായി പരിമിതമായ രീതിയിൽ പൗരത്വ യോഗ്യത പരിശോധിക്കാനും കമീഷന് അധികാരമുണ്ടെന്ന് വിധിയിൽ കോടതി വ്യക്തമാക്കിയിരുന്നു.
അതേസമയം, എസ്.ഐ.ആറിന്റെ ആവശ്യങ്ങൾ പരിഗണിച്ച് പ്രത്യേക രേഖാസംവിധാനം തയ്യാറാക്കാൻ തെരഞ്ഞെടുപ്പ് കമീഷന് ചില അധികാരങ്ങൾ ഉണ്ടെങ്കിലും അത് പരിധിയില്ലാത്തതല്ലെന്നും നിലവിലുള്ള നിയമവ്യവസ്ഥയുടെ ചട്ടക്കൂടിനുള്ളിലായിരിക്കണമെന്നും വിധി വ്യക്തമാക്കുന്നു. പ്രധാനമായും, സുപ്രീംകോടതിയുടെ മേയ് വിധി വന്നതിന് ശേഷമാണ് ഇപ്പോൾ വിവാദമായ ഓൺലൈൻ ഫോം 6 മാറ്റം പ്രാബല്യത്തിൽ വന്നതെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ജൂലൈയിലാണ് അപേക്ഷകരുടെ മാതാപിതാക്കളുടെ വിവരങ്ങൾ മുൻ എസ്.ഐ.ആർ പട്ടികയുമായി ബന്ധിപ്പിക്കേണ്ട നിർബന്ധിത സംവിധാനം ഓൺലൈൻ അപേക്ഷയിൽ കൊണ്ടുവന്നത്. അതിനാൽ മേയിൽ വന്ന കോടതി വിധി ജൂലൈയിൽ നടപ്പാക്കിയ ഒരു മാറ്റത്തെ മുൻകൂട്ടി അംഗീകരിച്ചുവെന്ന തെരഞ്ഞെടുപ്പ് കമീഷന്റെ വാദമാണ് ചോദ്യംചെയ്യപ്പെടുന്നത്.
മറുപടി കിട്ടാത്ത ചോദ്യങ്ങൾ
സുപ്രീംകോടതിയുടെ പുതിയ നിരീക്ഷണത്തിന് ശേഷം തെരഞ്ഞെടുപ്പ് കമീഷൻ മറുപടി നൽകേണ്ട നിരവധി ചോദ്യങ്ങളാണ് ശേഷിക്കുന്നത്: 2025ലെ ആദ്യ എസ്.ഐ.ആർ പ്രഖ്യാപനത്തിൽ ഉണ്ടായിരുന്ന അധിക ഡിക്ലറേഷനിലേക്ക് പിന്നീട് പുതിയ പേജ് എങ്ങനെ ചേർന്നു? തുടർന്ന് ഓൺലൈൻ ഫോം 6-ന്റെ അപേക്ഷാ നടപടിയിൽ മാതാപിതാക്കളുടെ വിവരങ്ങൾ നിർബന്ധമാക്കിയ മാറ്റം ആരുടെ നിർദേശപ്രകാരമാണ് നടപ്പാക്കിയത്? രണ്ട് തെരഞ്ഞെടുപ്പ് കമീഷണർമാർ എതിർത്തിരുന്നെങ്കിൽ കമീഷന്റെ സ്ഥാപനപരമായ അനുമതി എങ്ങനെ ലഭിച്ചു? നിയമാനുസൃത ഫോമിൽ മാറ്റം വരുത്തുമ്പോൾ ആവശ്യമായ ചട്ടഭേദഗതിയും പാർലമെന്ററി പരിശോധനയും എന്തുകൊണ്ട് നടന്നില്ല? ഈ ചോദ്യങ്ങളിലേക്കാണ് ഇനി സുപ്രീംകോടതിയുടെ പരിശോധന നീങ്ങുന്നത്.
തിരഞ്ഞെടുപ്പ് കമീഷൻ ഇപ്പോഴും ഫോം 6-ന്റെ യഥാർഥ രൂപത്തിൽ ഒരു കോമയോ പൂർണവിരാമമോ പോലും മാറ്റിയിട്ടില്ലെന്നും എസ്.ഐ.ആറിനായി പ്രത്യേക ഡിക്ലറേഷൻ മാത്രമാണ് കൂട്ടിച്ചേർത്തതെന്നുമാണ് വിശദീകരിക്കുന്നത്.
എന്നാൽ, അധിക പ്രഖ്യാപനം അപേക്ഷ പൂർത്തിയാക്കുന്നതിനുള്ള നിർബന്ധിത ഘടകമായി ഓൺലൈൻ സംവിധാനത്തിൽ ഉൾപ്പെടുത്തിയതാണെങ്കിൽ, അതിന്റെ നിയമസാധുത കേവലം പേരിലെ വ്യത്യാസം കൊണ്ട് തീരുന്നില്ലെന്നാണ് വിമർശകർ ചൂണ്ടിക്കാട്ടുന്നത്. ഫോം 6-ലോ അതിനൊപ്പമുള്ള നിർബന്ധിത ഓൺലൈൻ നടപടികളിലോ മാറ്റം വരുത്തിയത് ആരാണ്, ഏത് അധികാരത്തിന്റെ അടിസ്ഥാനത്തിലാണ്, കമീഷന്റെ ആഭ്യന്തര തീരുമാനക്രമം പാലിച്ചിരുന്നോ എന്നീ ചോദ്യങ്ങൾക്ക് ആ രേഖകൾ മറുപടി നൽകേണ്ടിവരും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.