കത്തിയെരിയുന്ന ഗസ്സ: അതിജീവന ഭൂപടങ്ങളിൽ തിളങ്ങുന്ന ഒരു ജനതയും ദേശവും

മനുഷ്യമനഃസാക്ഷിക്ക് സങ്കൽപ്പിക്കാൻ പറ്റാത്ത ക്രൂരതകളാണ് ഫലസ്തീൻ ജനത കഴിഞ്ഞ മൂന്ന് വർഷമായി തുടരെ അനുഭവിച്ചുകൊണ്ടിരിക്കുന്നത്. 2023 ലെ ഹമാസ് ആക്രമണത്തിന്റെ പേര് പറഞ്ഞ് ഒക്ടോബറിൽ പൊട്ടിപ്പുറപ്പെട്ട ഇസ്രായേൽ അക്രമണം, ഇരുപതാം നൂറ്റാണ്ട് കണ്ട ഏറ്റവും ക്രൂരമായ വംശഹത്യകളിലൊന്നായി ഇതിനകം ചരിത്രത്തിൽ ഇടംനേടിക്കഴിഞ്ഞു. എന്നാൽ ഫലസ്തീനിലെ ഇസ്രായേൽ അധിനിവേശം ഇക്കഴിഞ്ഞ മൂന്ന് വർഷത്തിലൊതുങ്ങുന്നതല്ല. അതിന് പതിറ്റാണ്ടുകളുടെ പഴക്കമുണ്ട്.  

‘വെടിനിർത്തൽ’ പ്രഖ്യാപിക്കപ്പെട്ടിട്ടും, ഗസ്സയിലെ കുട്ടികളുടെയും സാധാരണക്കാരുടെയും ചോരപ്പുഴ ഒഴുക്കുന്നത് ഇസ്രായേൽ സൈന്യം ഇന്നും തുടരുകയാണ്. ഔദ്യോഗിക കണക്കുകൾ പ്രകാരം എഴുപതിനായിരത്തിലേറെ മനുഷ്യർക്കാണ് ജീവൻ നഷ്ടപ്പെട്ടത്. അതിൽ ഇരുപനായിരത്തിലേറെയും നിഷ്കളങ്കരായ കുരുന്നുകളാണ്. എന്നാൽ തകർക്കപ്പെട്ട കോൺക്രീറ്റ് കൂമ്പാരങ്ങൾക്കടിയിൽ ഇപ്പോഴും ശവമടക്കപ്പെടാത്ത ആയിരക്കണക്കിന് ജീവനുകളുണ്ടെന്ന യാഥാർത്ഥ്യം ഇതിലും എത്രയോ ഭീകരമാണ്. പതിനായിരക്കണക്കിന് മനുഷ്യർ അംഗഹീനരായി, ജീവിതകാലം മുഴുവൻ വേദന തിന്നാൻ വിധിക്കപ്പെട്ട് ആശുപത്രി കിടക്കകളിൽ കഴിയുന്നു. ഒരു ജനതയെ നിഷ്കരുണം ഉന്മൂലനം ചെയ്യുകയെന്ന ലക്ഷ്യത്തോടെയുള്ള ഈ നരഹത്യയുടെ വ്യാപ്തി കേവലം അക്കങ്ങളിൽ ഒതുങ്ങുന്നതല്ല.

സമാധാനത്തിന്റെ ഒരു നിമിഷം പോലും ലഭിക്കാതെ, ബോംബ് വർഷങ്ങളുടെ നടുവിലാണ് ഇന്നും അവിടത്തെ ജനങ്ങൾ ജീവിക്കുന്നത്. ഒരു ജനതയുടെ അടിസ്ഥാന ആവശ്യങ്ങളായ വെള്ളം, ഭക്ഷണം, പാർപ്പിടം എന്നിവയെല്ലാം യുദ്ധായുധങ്ങളാക്കി മാറ്റുന്ന ക്രൂരതയാണ് നാം കാണുന്നത്. ഗസ്സയിലെ 90 ശതമാനത്തോളം വരുന്ന ജനങ്ങളും സ്വന്തം മണ്ണിൽ അഭയാർത്ഥികളായി മാറിയിരിക്കുന്നു.

ആശുപത്രികൾ പോലും സുരക്ഷിതമല്ലെന്ന അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനമാണ് ഗസ്സയിൽ നാം കണ്ടത്. ജീവൻ രക്ഷിക്കേണ്ട ഇടങ്ങളിൽ മരണഭയം മാത്രമാണുള്ളത്. അറിവിന്റെ വെളിച്ചം പകർന്ന വിദ്യാലയങ്ങളും സർവ്വകലാശാലകളും ഇന്ന് നിശ്ചലമാണ്. സത്യാവസ്ഥകൾ ലോകത്തെ അറിയിക്കാൻ ശ്രമിച്ച മുന്നൂറോളം മാധ്യമപ്രവർത്തകരെയാണ് ഇസ്രായേൽ ബോംബിട്ട് കൊലപ്പെടുത്തിയത്. പുറംലോകവുമായി ഒരു ബന്ധവുമില്ലാതെ, വിവരങ്ങൾ പുറത്തുപോകാതിരിക്കാൻ കടുത്ത സെൻസറിങ് ഏർപ്പെടുത്തിക്കൊണ്ടുള്ള ഈ നിശബ്ദവേട്ട ആധുനിക ലോകത്തിന്മേലുള്ള ഒരു വലിയ കളങ്കമാണ്.

അതേസമയം, ഇത്തവണ നടന്ന യു.എൻ പൊതുസഭയിൽ ഗസ്സക്ക് അനുകൂലമായ ശബ്ദങ്ങൾ ശക്തമായി ഉയർന്നുവന്നത് ശ്രദ്ധേയമാണ്. നിരവധി രാജ്യങ്ങൾ ഫലസ്തീൻ രാഷ്ട്രത്തെ അംഗീകരിക്കുകയും അവിടെ നടക്കുന്നത് വംശഹത്യയാണെന്ന് പ്രഖ്യാപിക്കുകയും ചെയ്തു.  യു.എൻ പൊതുസഭയുടെ 81-ാം സമ്മേളനത്തിന്റെ തുടക്കത്തിൽ തന്നെ ഫലസ്തീൻ പ്രതിനിധിത്വവുമായി ബന്ധപ്പെട്ട വിഷയം വലിയ രാഷ്ട്രീയ ചർച്ചയായിരുന്നു. 

അതേസമയം, ഗസ്സയിലെ വെടിനിർത്തലും മാനുഷിക സഹായവും സംബന്ധിച്ച യു.എൻ നിലപാട് പുതിയതല്ല. 2024 ഡിസംബറിൽ പൊതുസഭ പാസാക്കിയ പ്രമേയം ഗസ്സയിൽ അടിയന്തരവും സ്ഥിരവുമായ വെടിനിർത്തൽ ആവശ്യപ്പെടുകയും സാധാരണക്കാർക്ക് തടസ്സമില്ലാതെ മാനുഷിക സഹായം എത്തിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തിരുന്നു. ഗസ്സയിലെ ഫലസ്തീൻ ജനതയെ വംശഹത്യാ പ്രവൃത്തികളിൽനിന്ന് സംരക്ഷിക്കാനുള്ള അവകാശത്തെക്കുറിച്ചുള്ള അന്താരാഷ്ട്ര നീതിന്യായ കോടതിയുടെ ഇടക്കാല നടപടികളും പ്രമേയം പ്രത്യേകം പരാമർശിച്ചിരുന്നു.

കൂടാതെ ഇതേവർഷം ന്യൂഡൽഹിയിൽ നടന്ന ബ്രിക്സ് ഉച്ചകോടിയും ശ്രദ്ധേയമായിരുന്നു. ഇന്ത്യ ആതിഥേയത്വം വഹിച്ച ഉച്ചകോടിയിൽ ഫലസ്തീൻ ജനതയെ നിർബന്ധിതമായി കുടിയൊഴിപ്പിക്കുന്നതിനെ ശക്തമായി അപലപിച്ച ബ്രിക്സ്, ഗസ്സയിലെ ജനസംഖ്യാപരമായ ഘടനയിൽ മാറ്റം വരുത്താനുള്ള ഇസ്രയേലിന്റെ നീക്കത്തെ ശക്തമായി എതിർത്തു.1967ലെ അതിർത്തികളെ അടിസ്ഥാനമാക്കി കിഴക്കൻ ജറുസലേം തലസ്ഥാനമായ സ്വതന്ത്രവും പരമാധികാരമുള്ളതുമായ ഫലസ്തീൻ രാഷ്ട്രം സ്ഥാപിക്കുന്ന ദ്വിരാഷ്ട്ര പരിഹാരത്തെയും ഫലസ്തീന് യു.എന്നിൽ പൂർണ അംഗത്വം ലഭിക്കണമെന്ന നിലപാടും ബ്രിക്സ് ആവർത്തിച്ചു.

എന്നാൽ ഒരു വശത്ത് ചരിത്രപരമായി ഫലസ്തീൻ രാഷ്ട്രത്തിനുള്ള അവകാശത്തെയും ദ്വിരാഷ്ട്ര പരിഹാരത്തെയും പിന്തുണച്ചുവരുന്ന ഇന്ത്യ, മറുവശത്ത് ഇസ്രായേലുമായി പ്രതിരോധം, സാങ്കേതികവിദ്യ, വ്യാപാരം തുടങ്ങിയ മേഖലകളിൽ ബന്ധം ശക്തമാക്കിയ രാജ്യവുമാണ്. ഈ ഇരട്ട ബന്ധത്തിന്റെ പശ്ചാത്തലത്തിലാണ് ഗസ്സയോടുള്ള ഇന്ത്യയുടെ സമീപനം ശ്രദ്ധിക്കപ്പെടുന്നത്.

നിലവിൽ വെസ്റ്റ് ബാങ്കിലെ കുടിയേറ്റ കേ​ന്ദ്രങ്ങളിൽ നിന്നുള്ള ഇസ്രായേലി ഉൽപന്നങ്ങൾക്ക് ബ്രിട്ടൻ ഉപരോധം പ്രഖ്യാപിച്ചതും അതിന്മേലുള്ള വാക്പോരും രാഷ്ട്രീയ ശ്രദ്ധയാകർഷിച്ചിരുന്നു. വ്യപാര വിലക്കിന് മറുപടിയായി ജറൂസലേമിലെ യു.കെ കോൺസു​ലേറ്റ് അടച്ച് പൂട്ടുമെന്ന് ഇസ്രായേൽ പ്രഖ്യാപിച്ചു. എന്നാൽ അത്തരമൊരു നീക്കമുണ്ടായാൽ ഇസ്രായേൽ നയതന്ത്രജ്ഞരെ പുറത്താക്കുമെന്ന് ബ്രിട്ടൻ മറുപടി നൽകി. ഇത്തരത്തിൽ ആഗോളതലത്തിൽ ഒറ്റപ്പെട്ട് കൊണ്ടിരിക്കുന്ന ഇസ്രായേലിന്റെ ഭീഷണികൾക്ക് മുന്നിൽ, തങ്ങളുടെ രാജ്യത്തെ ജനങ്ങളുടെ ഫലസ്തീൻ ഐക്യദാർഢ്യത്തെ മുൻനിർത്തിയാണെങ്കിൽ പോലും മറ്റ് രാജ്യങ്ങളും നിലപാട് ഉറപ്പിക്കുകയാണ്.

അതേസമയം ഇറാൻ യുദ്ധം ഗസ്സയിലെ സംഭവങ്ങളിൽ നിന്ന് ഒരു പരിധി വരെ ശ്രദ്ധ തിരിച്ചുവിട്ടിട്ടുണ്ടെങ്കിലും, ‘ഞങ്ങൾ ഗസ്സയെ മറക്കില്ല’ എന്ന ചില മനുഷ്യരുടെ നിശ്ചയദാർഢ്യം അത്ഭുതപ്പെടുത്തുന്നതാണ്. നിരവധി മോശം അനുഭവങ്ങൾ നേരിട്ടിട്ടും ഗസ്സയിലെ മനുഷ്യർക്കായി തങ്ങൾ ഏതറ്റം വരെയും പോകുമെന്ന് ഉറപ്പിച്ച് പറഞ്ഞ ഫ്ലോട്ടില്ല പ്രവർത്തകരുടെ ധീരത മറ്റാർക്കും അവകാശപ്പെടാനാവാത്തതാണ്. ഫലസ്തീനികള്‍ക്ക് അവകാശപ്പെട്ട ഭൂമിയില്‍ 1948ൽ ഇസ്രായേല്‍ നിലവില്‍ വന്നതു മുതല്‍ തുടരുന്ന പോരാട്ടങ്ങൾ1967-ലും 1973-ലും അറബ് രാജ്യങ്ങൾ അണിനിരന്ന യുദ്ധങ്ങളിലൂടെയും, പി.എൽ.ഒ ഉൾപ്പെടെയുള്ള പോരാട്ട സംഘടനകൾ നടത്തിയ ഗറില്ലാ ഓപ്പറേഷനുകളിലൂടെയും, ഹമാസും ഇസ്‌ലാമിക് ജിഹാദും നടത്തിയ ചെറുത്തുനിൽപ്പുകളിലൂടെയും സഞ്ചരിച്ചാണ് 2023 ഒക്ടോബര്‍ ഏഴിലെ ‘അല്‍ അഖ്‌സ പ്രളയം’ എന്ന ‘തൂഫാനുല്‍ അഖ്‌സ’യിൽ എത്തിനിൽക്കുന്നത്.

2023ലെ ഇസ്രായേൽ നരഹത്യക്ക് മൂന്ന് വർഷം പിന്നിടുമ്പോൾ, ഏറ്റവും വലിയ ആഘാതം നേരിടുന്നത് സ്ത്രീകളും പെൺകുട്ടികളുമാണെന്ന് യു.എൻ. കണക്കുകൾ വ്യക്തമാക്കുന്നു. കൂട്ടക്കൊലകളും പരിക്കുകളും കാണാതാവലുകളും മാത്രമല്ല, വർധിച്ചുവരുന്ന ഗർഭച്ഛിദ്ര നിരക്ക്, സുരക്ഷിതമല്ലാത്ത പ്രസവങ്ങൾ, കടുത്ത പോഷകാഹാരക്കുറവ് എന്നിവ ഗസ്സയിലെ സ്ത്രീകളുടെ ജീവിതം നരകതുല്യമാക്കിയിരിക്കുന്നു.

ഇസ്രായേൽ തടവിലാക്കിയ ഫലസ്തീൻ ജനതക്ക് പ്രായവ്യത്യാസങ്ങളില്ല എന്നതാണ് മറ്റൊരു ക്രൂരത. കുട്ടികൾ തൊട്ട് പ്രായമായവരും സ്ത്രീകളും ഇന്നും ഇസ്രായേലിന്റെ തടവറകളിൽ സമാനതകളില്ലാത്ത ക്രൂര പീഡനങ്ങൾക്ക് ഇരയായിക്കൊണ്ടിരിക്കുകയാണ്. ഒക്ടോബർ ഏഴിൽ ഹമാസ് ബന്ദികളാക്കിയ ഇസ്രായേൽ തടവുകാരെ എത്ര മാന്യമായാണോ തിരികെ പറഞ്ഞയച്ചത്, അതിന് നേർവിപരീതമാണ് ഫലസ്തീൻ തടവുകാരുടെ അനുഭവം. അങ്ങേയറ്റം ശരീരഭാരം കുറഞ്ഞ്, എഴുന്നേറ്റ് നിൽക്കാൻ പോലും കഴിയാത്തവിധം തളർന്ന അവശനിലയിലാണ് പല ഫലസ്തീൻ തടവുകാരെയും മോചിപ്പിച്ചത്.

ഇസ്രായേൽ സൈന്യം നിരന്തരം ലംഘിച്ചുകൊണ്ടിരിക്കുന്ന ഈ വെടിനിർത്തലിനും അക്രമങ്ങൾക്കുമിടയിലും, അടിസ്ഥാന സൗകര്യങ്ങളുടെ 90 ശതമാനവും തകർക്കപ്പെട്ട ഗസ്സയിലെ മനുഷ്യർ അനുഭവിച്ചുകൊണ്ടിരിക്കുന്ന യാതനകൾ ലോക മനഃസാക്ഷിയുടെ മേൽ ഒരിക്കലും ഉണങ്ങാത്ത ഒരു കറുത്ത പാടായി അവശേഷിക്കുന്നതാണ്. ചരിത്രത്തിന്റെ ഈ ഇരുണ്ട കാലഘട്ടത്തിൽ, ഗസ്സയിലെ ജനങ്ങൾ അനുഭവിക്കുന്ന യാതനകൾ ഏതെങ്കിലും ഒരു പ്രദേശത്തിന്റെ മാത്രം വേദനയല്ല. അത് മനുഷ്യരാശിയുടെ മുഴുവൻ പരാജയമാണ്. ഗസ്സയിലെ ഓരോ ജീവനും ലോകത്തോട് വിളിച്ചുപറയുന്നത് ഒരേയൊരു കാര്യമാണ്. മൗനം വെടിയുക, അനീതിക്കെതിരെ ശബ്ദിക്കുക.

Tags:    
News Summary - Three years of Israel’s genocide in Gaza

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.