സി.ജെ.പിയും ഇടതുപക്ഷവും ഒന്നിക്കുമ്പോൾ

ജന്തർമന്തറിലെ സമരം യുവജനങ്ങളുടെ രാഷ്ട്രീയരോഷത്തിന്റെയും സംഘടിത ഇടതുരാഷ്ട്രീയത്തിന്റെ ഉള്ളുറപ്പിന്റെയും ജനാധിപത്യസംരക്ഷണത്തിന്റെ ജനകീയ ഇച്ഛാശക്തിയുടെയും നിർണായകമായ കൂടിച്ചേരലിനെയാണ് അടയാളപ്പെടുത്തുന്നത്. ചീഫ് ഇലക്ഷൻ കമീഷണർ ഗ്യാനേഷ് കുമാറിന്റെ രാജിയെന്ന ആവശ്യം കൂടുതൽ വിശാലമായ ചോദ്യങ്ങൾ ഉന്നയിക്കപ്പെടുന്ന പോരാട്ടവേദിയായി മാറിയിരിക്കുന്നു. ജനകീയ പരമാധികാരം സംരക്ഷിക്കാൻ ചുമതലപ്പെടുത്തപ്പെട്ട സ്ഥാപനങ്ങളുടെ പ്രവർത്തനംതന്നെ കടുത്ത സംശയനിഴലിലാകുമ്പോൾ, അവയ്ക്ക് പൊതുജനങ്ങളുടെ മുന്നിൽ വിശ്വാസ്യത നഷ്ടപ്പെടുമ്പോൾ, ഭരണകൂടത്തിന്റെ അധികാരതാൽപ്പര്യങ്ങൾ സംരക്ഷിക്കാൻ നിയമവിരുദ്ധമായി ഉപയോഗിക്കപ്പെടുമ്പോൾ, അതിനെതിരെ ഉണ്ടാവുന്ന സ്വാഭാവിക ജനകീയമുന്നണിയാണ് ഇപ്പോൾ രൂപപ്പെട്ടിരിക്കുന്നത്.

ഇടതുപക്ഷത്തിന്റെ മുൻനിര നേതൃത്വം

അറസ്റ്റുകൾക്കും മർദനങ്ങൾക്കുമിടയിലും പ്രതിഷേധങ്ങൾ ശക്തമായി തുടരുന്നത് കാണിക്കുന്നത്, ഈ ചോദ്യം കേവലം പാർലമെന്ററി വിവാദങ്ങൾക്കപ്പുറത്തേക്ക് നീങ്ങി വിപുലമായ പൊതുജനപ്രക്ഷോഭമായി മാറിക്കൊണ്ടിരിക്കുകയാണ് എന്നാണ്. സി.പി.എം, സി.പി.ഐ, സി.പി.ഐ.(എം.എൽ) പാർട്ടികളുടെ അഖിലേന്ത്യാ സെക്രട്ടറിമാരും മറ്റു നേതാക്കളും മുന്നിൽനിന്ന് നയിക്കുന്ന ഒരു സമരമായി അത് മാറുന്നു എന്നതല്ല, ആ നേതൃത്വത്തിന് മുഴുവൻ പ്രക്ഷോഭകരുടെയും പിന്തുണയും ലഭിക്കുന്നു എന്നതാണ് സമരമുഖത്തെ സജീവമാക്കുന്നത്.

ഇന്ത്യൻ എക്സ്പ്രസ് പത്രം ഇലക്ഷൻ കമീഷന്റെ ആഭ്യന്തരരേഖകളെക്കുറിച്ച് നടത്തിയ അന്വേഷണറിപ്പോർട്ടാണ് ഇതിന് തൽക്ഷണ കാരണമായത്. ഇലക്ഷൻ കമീഷണർമാരായ സുഖ്ബീർസിങ് സന്ധുവും വിവേക് ജോഷിയും, തങ്ങളുടെ അറിവോ അംഗീകാരമോ ഇല്ലാതെ എടുത്ത തീരുമാനങ്ങളെക്കുറിച്ച് പത്തു മാസത്തിനിടെ പതിനാല് എതിർപ്പുകൾ ഉന്നയിച്ചിരുന്നതായി റിപ്പോർട്ട് വ്യക്തമാക്കി. വോട്ടർരജിസ്ട്രേഷൻ നടപടിക്രമങ്ങളിലെ മാറ്റങ്ങളും ഇലക്ടറൽ ഡാറ്റാബേസ് നിയന്ത്രണങ്ങളുടെ കേന്ദ്രീകരണവും ഇതിൽ ഉൾപ്പെട്ടിരുന്നു. അങ്ങനെ, സ്ഥാപനത്തിനുള്ളിൽനിന്നുതന്നെ ഉയർന്ന എതിർപ്പുകളുടെ രേഖാമൂലമുള്ള തെളിവുകളിലൂടെ ഗ്യാനേഷ് കുമാറിന്റെ പ്രവർത്തനങ്ങൾ ചോദ്യംചെയ്യപ്പെടുകയായിരുന്നു. തീരുമാനങ്ങൾ ഏകകണ്ഠമായിരുന്നുവെന്നും ഉയർന്ന കുറിപ്പുകൾ സാധാരണ ചർച്ചകളുടെ ഭാഗമായിരുന്നുവെന്നും ഇലക്ഷൻ കമീഷൻ വാദിച്ചുവെങ്കിലും, തെളിവുകളോടെ റിപ്പോർട്ട് ചെയ്യപ്പെട്ട വൈരുധ്യങ്ങൾക്ക് കൃത്യമായ മറുപടി നൽകാൻ കമീഷന് കഴിഞ്ഞില്ല എന്നതാണ് സമരത്തിന്റെ മുഖ്യമായ അടിസ്ഥാനം. പത്രറിപ്പോർട്ടിലെ വസ്തുതകളെ കേവലം പ്രതിപക്ഷത്തിന്റെ ആരോപണങ്ങളായി തള്ളിക്കളയാനാവില്ല. തെരഞ്ഞെടുപ്പ് ക്രമക്കേടുകളെക്കുറിച്ചുള്ള എല്ലാ ആരോപണങ്ങളും കൂടുതൽ അന്വേഷണം ആവശ്യമുള്ള കാര്യമാണെന്ന് പൊതുജനങ്ങൾക്ക് ബോധ്യമുണ്ടായിരിക്കുന്നു എന്നതാണ് പ്രധാനം.

അഭിജീത് ദിപ്കെയുമായി ബന്ധപ്പെട്ട സി.ജെ.പിയുടെ ഇടപെടൽ ഒന്നാം ജന്തർമന്തർ സമരംപോലെ, പ്രശ്നത്തിന്റെ കാതലിൽ സ്പർശിക്കുന്നതായിരുന്നു. ഇലക്ഷൻ കമീഷനെന്ന ഭരണഘടനാസ്ഥാപനവുമായി ബന്ധപ്പെട്ട തർക്കങ്ങളെ പുതിയ തലമുറയ്ക്ക് എളുപ്പത്തിൽ മനസ്സിലാകുന്ന ഭാഷയിലേക്ക് മാറ്റാൻ അത് സഹായിച്ചിട്ടുണ്ട്. പരീക്ഷാസംബന്ധിയായ പരാതികളിൽനിന്ന് വോട്ടവകാശത്തിന്റെ പൗരത്വരാഷ്ട്രീയത്തിലേക്കുള്ള ഇതിന്റെ വളർച്ച യുവതയുടെ രണ്ട് അനുഭവങ്ങളെ തമ്മിൽ ബന്ധിപ്പിക്കുന്നു: സ്വന്തം ഭാവിയെക്കുറിച്ചുള്ള സുരക്ഷിതത്വമില്ലായ്മയും അത് മാറ്റാനുള്ള വഴികളെക്കുറിച്ചുള്ള ആശങ്കയും. വോട്ടവകാശം അട്ടിമറിക്കപ്പെടുകയാണെങ്കിൽ മാറ്റത്തിനായുള്ള ആവശ്യങ്ങൾ അർഥശൂന്യമായിത്തീരുമെന്ന ദിപ്കെയുടെ വാദം ഈ ബന്ധത്തെ വ്യക്തമായി ഉൾക്കൊള്ളുന്നതാണ്.

ഈ സമരത്തെ സജീവമായി നിലനിർത്തുന്നതിൽ ഇടതുപക്ഷത്തിന്റെ പങ്ക് നിസ്സംശയം ശ്ലാഘിക്കപ്പെടേണ്ടതുണ്ട്. ഒക്ടോബർ രണ്ടിന് കസ്റ്റഡിയിലായവരിൽ സി.പി.എം നേതാക്കളായ എം.എ. ബേബി, ബൃന്ദ കാരാട്ട്, സി.പി.ഐ നേതാവ് പി. സന്തോഷ്‌കുമാർ, എസ്.എഫ്.ഐ, ഡി.വൈ.എഫ്.ഐ നേതാക്കൾ എന്നിവർ ഉൾപ്പെടുന്നു. തുടർച്ചയായ കസ്റ്റഡിയിലെടുക്കലുകൾ ഉണ്ടായാലും പ്രതിഷേധക്കാർ വീണ്ടും തിരിച്ചെത്തുമെന്ന് ഐസ നേതാവ് നേഹ ബോറ പ്രഖ്യാപിച്ചത് അക്ഷരാർഥത്തിൽ നടപ്പിലാവുന്നുണ്ട്. ഇതിനുമുമ്പ് നടന്ന പ്രതിഷേധങ്ങൾക്കിടയിൽ സി.പി.ഐ.(എം.എൽ) ലിബറേഷൻ നേതാവ് ദീപാങ്കർ ഭട്ടാചാര്യയും കസ്റ്റഡിയിലായിരുന്നു. സി.പി.ഐ, സി.പി.എം, സി.പി.ഐ.(എം.എൽ) ലിബറേഷൻ, എസ്.എഫ്.ഐ, എ.ഐ.എസ്.എഫ്, ഐസ എന്നിവരുടെ പങ്കാളിത്തം വളർന്നുവരുന്ന ഈ പ്രസ്ഥാനത്തിന് നൽകുന്ന സംഘടനാപരമായ ആന്തരികബലം ആർക്കും നിരാകരിക്കാൻ കഴിയുന്നതല്ല. കോൺഗ്രസിന്റെയും ആം ആദ്മി പാർട്ടിയുടെയും പങ്കാളിത്തം ഇനിയും വർധിക്കുകയാണെങ്കിൽ ഇത് കൂടുതൽ വിശാലമായ ഒരു ജനാധിപത്യസംഗമമായി മാറുമെന്നതിലും സംശയത്തിന് അവകാശമില്ല.

സി.ജെ.പിയുടെ മാറുന്ന രാഷ്ട്രീയമുഖം

സി.ജെ.പിയുടെ രാഷ്ട്രീയവളർച്ചയെ കൂടുതൽ ശ്രദ്ധയോടെ മനസ്സിലാക്കാനും ഈ പ്രക്ഷോഭം വഴിയൊരുക്കുന്നു. മാറുന്ന രാഷ്ട്രീയബോധ്യങ്ങളും അതിനെ നിർണയിക്കുന്നതിലുള്ള ഇടതുപക്ഷ സംഘടനകളുടെ പങ്കാളിത്തവും സി.ജെ.പി ക്രമേണ ഇടതുപക്ഷനിലപാടുകൾ ഉൾക്കൊള്ളുന്നതിലേക്ക് നീങ്ങുന്നുവെന്ന സൂചനയാണ് നൽകുന്നത്. ജനാധിപത്യാവകാശങ്ങൾ സംരക്ഷിക്കുന്നതിന് കൂട്ടായ സംഘാടനം ആവശ്യമാണ്; കൂടാതെ സ്ഥാപനപരമായ പരാജയങ്ങളെ അധികാരബന്ധങ്ങളിലൂടെ മനസ്സിലാക്കേണ്ടതുമുണ്ട്. ഈ സഹകരണം പൂർണമായ ഒരു പ്രത്യയശാസ്ത്രമാറ്റത്തെയോ ഇടതുപക്ഷനിലപാടുകളോടുള്ള പരസ്യമായ അംഗീകാരത്തെയോ സൂചിപ്പിക്കുന്നില്ല എന്നത് ശരിയാവാം. പക്ഷെ സമരങ്ങൾ രാഷ്ട്രീയപാഠങ്ങൾ ഉൾക്കൊള്ളാനുള്ള അവസരങ്ങൾ സൃഷ്ടിക്കുന്നു എന്നതാണ് ഇതിലെ ശ്രദ്ധേയമായ വശം. ഒന്നാം ജന്തർമന്തർ സമരംതന്നെ ഇടതു വിദ്യാർഥിസംഘടനകളുടെ ശക്തമായ പിന്തുണയിലാണ് വിജയം കണ്ടത്. ഇപ്പോഴും സമരത്തിന് അവർ നൽകുന്ന സംരക്ഷണകവചം നിസ്സാരമല്ല. പൊലീസ് ഭീകരത നേരിടുന്നതിൽ സംഘടിത രാഷ്ട്രീയപാരമ്പര്യവും നൈസർഗിക പോരാട്ടരീതികളും ഒന്നിക്കുമ്പോൾ അഭൂതപൂർവമായ രാഷ്ട്രീയശക്തിയാണ് ഉദയംചെയ്യുന്നത്.

രാഷ്ട്രീയമായി നോക്കുമ്പോൾ, ഇന്ത്യയിലെ ഭരണഘടനാസ്ഥാപനങ്ങളിൽ ജനങ്ങൾക്കുള്ള വിശ്വാസ്യത തകരുന്നതിന്റെ സൂചകമായി ഈ സമരത്തെ മനസ്സിലാക്കാം. രാഷ്ട്രീയാധികാരമെന്നത് കേവലം മർദകശക്തി കൈവശം വെക്കുന്നതിൽ മാത്രമല്ല, ജനങ്ങളുടെ സമ്മതി നിലനിർത്തുന്നതിലും അധിഷ്ഠിതമാണ്. വിലക്കയറ്റം, തൊഴിലില്ലായ്മ, കാർഷികപ്രതിസന്ധി, പൊതുസേവനങ്ങളിലെ അസമത്വം എന്നിവ മൂലമുണ്ടാകുന്ന സമ്മർദങ്ങൾ ഭരണകൂടസമ്മതിയെ ഏതാണ്ട് ഇല്ലാതാക്കിയിരിക്കുന്നു. ഇതിപ്പോൾ ജനങ്ങളുടെ സർക്കാരല്ല എന്നത് പാർലമെന്റിനു പുറത്തെ സമവായമായി മാറിയിരിക്കുന്നു. ഭരണകൂടത്തിന്റെ മുൻഗണനകൾ സാധാരണക്കാർക്ക് പകരമായി കോർപറേറ്റുകൾക്കുമാത്രം അനുകൂലമാണെന്ന കാഴ്ചപ്പാട് ശക്തമാവുകയാണ്. ഈ യാഥാർഥ്യം മനസ്സിലാകുന്ന രാഷ്ട്രീയത്തിലേക്കാണ് സി.ജെ.പി ഘട്ടംഘട്ടമായി പ്രവേശിക്കുന്നത്.

ഗ്യാനേഷിന്റെ രാജിക്കുമപ്പുറം

ഈ സാഹചര്യത്തിൽ തെരഞ്ഞെടുപ്പ് സ്ഥാപനങ്ങൾ വളരെ പ്രധാനപ്പെട്ടതായി മാറുന്നു. കാരണം ജനങ്ങളുടെ പരാതികൾ ഉണ്ടാവുമ്പോൾ ന്യായമായ നടപടികളിലൂടെ സർക്കാരുകളെ ഉത്തരവാദികളാക്കാൻ അവയ്ക്ക് കഴിയുമെന്ന ധാരണയാണ് യഥാർഥത്തിൽ ജനാധിപത്യത്തിൽത്തന്നെയുള്ള വിശ്വാസത്തിന്റെ അടിസ്ഥാനം. എന്നാൽ ഇത്തരം സ്ഥാപനങ്ങൾപോലും അട്ടിമറിക്കപ്പെടുന്നു എന്ന ആരോപണമാവട്ടെ, നിലവിലുള്ള അമർഷങ്ങളെ കൂടുതൽ ജ്വലിപ്പിക്കുകയും ജനാധിപത്യപരമായ ഭരണമാറ്റം സാധ്യമാകുമെന്ന പ്രതീക്ഷയെ തകർക്കുകയും ചെയ്യുന്നു. വയോധികനും അവശനുമായ സംവിധായകൻ സയ്യിദ് മിർസ വീൽചെയറിൽ സമരമുഖത്തുവന്ന് പ്രക്ഷോഭകരെ അഭിവാദ്യം ചെയ്തിരുന്നു. അദ്ദേഹത്തിന്റെ ‘മോഹൻ ജോഷി ഹാസിർ ഹോ’ എന്ന സിനിമ 1980-കളിൽത്തന്നെ ജനാധിപത്യസ്ഥാപനങ്ങളുടെ വിശ്വാസ്യതാനഷ്ടം സൃഷ്ടിക്കുന്ന പ്രതിസന്ധികളെ അനാവരണം ചെയ്തിരുന്നതാണ്.

ഇന്ത്യയെ ബി.ജെ.പി ഭരണം കൊണ്ടെത്തിച്ച സാമൂഹിക-സാമ്പത്തിക നൈരാശ്യം വലുതാണ്. പൊലീസ് നിയന്ത്രണങ്ങൾക്കും അറസ്റ്റുകൾക്കും ജനക്കൂട്ടത്തെ താൽക്കാലികമായി ചിതറിക്കാൻ കഴിഞ്ഞേക്കാം; എന്നാൽ പ്രക്ഷോഭങ്ങൾക്ക് കാരണമാകുന്ന പരാതികൾ പരിഹരിക്കാനോ സംശയനിഴലിലുള്ള സ്ഥാപനങ്ങളിലുള്ള വിശ്വാസം തിരികെ കൊണ്ടുവരാനോ അവയ്ക്ക് കഴിയില്ല. ഉത്തരവാദിത്തത്തിനായുള്ള ആവശ്യങ്ങളെ അടിച്ചമർത്തലുകൾകൊണ്ട് തുടർച്ചയായി നേരിടുമ്പോൾ, അത് ഭരണകൂടത്തിന്റെ അധികാരവും ജനകീയസമ്മതിയും തമ്മിലുള്ള അകലം കൂടുതൽ വർധിപ്പിക്കുകയാണ് ചെയ്യുക.

ഗ്യാനേഷ് കുമാറിന്റെ രാജി എന്നത് വളരെ ശക്തമായ ഒരു രാഷ്ട്രീയാവശ്യമാണ്; എന്നാൽ അത് അനിവാര്യമായി സംഭവിക്കുമോയെന്ന് രാഷ്ട്രം ഉറ്റുനോക്കുകയാണ്. എന്നാലും അതിനേക്കാൾ പ്രധാനം, ഈ പ്രക്ഷോഭം അത്തരമൊരു മുദ്രാവാക്യത്തിന്റെ മാത്രം ബലത്തിലല്ല ഇപ്പോൾ നിലകൊള്ളുന്നത് എന്നതാണ്. സ്ഥാപനങ്ങളുടെ നിർവീര്യപ്പെടുത്തലിനെ ദൈനംദിന ജീവിതത്തിലെ പാർശ്വവൽക്കരണങ്ങളുമായും സുരക്ഷിതത്വമില്ലായ്മയുമായും ബന്ധിപ്പിക്കുന്ന മുദ്രാവാക്യങ്ങളിലേക്ക് ഇടതുപക്ഷ രാഷ്ട്രീയത്തിലൂടെ നീങ്ങിക്കഴിഞ്ഞ സമരമാണിത്. ബി.ജെ.പി സർക്കാരിനെ സംബന്ധിച്ചിടത്തോളം, ഇത് സി.ജെ.പിക്കും അപ്പുറത്തേക്ക് നീളുന്ന വലിയൊരു വെല്ലുവിളിയാണ്. പാർലമെന്റിലെ ഭൂരിപക്ഷവും മതഭൂരിപക്ഷ രാഷ്ട്രീയവും സ്വന്തം നിലനിൽപ്പിന് പോരാതെവരുന്നുവെന്ന തിരിച്ചറിവിലേക്കാണ് ബി.ജെ.പി ഇപ്പോൾ നീങ്ങുന്നത്.

ഇടതുപക്ഷവും സി.ജെ.പിയും കൂടുതൽ യോജിക്കുന്നതോടെ ഈ ഭരണവിരുദ്ധപ്രസ്ഥാനത്തിന്റെ വ്യാപ്തിയും പ്രസക്തിയും മാറുകയാണ്. ജനകീയമായ അമർഷത്തെ സുസ്ഥിരമായ ജനാധിപത്യപ്രസ്ഥാനമാക്കി മാറ്റുന്ന സുപ്രധാനമായ ഒരു വഴിത്തിരിവിലാണ് ഈ പ്രക്ഷോഭം ഇപ്പോൾ നിലകൊള്ളുന്നത്.

Tags:    
News Summary - When the CJP and the Left unite

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.