നീതിക്ക് ഒച്ചിഴയും വേഗമാണെന്ന് സുപ്രീംകോടതി നിരീക്ഷിച്ചത് കഴിഞ്ഞ ആഗസ്റ്റിലാണ്. ജാർഖണ്ഡിലെ ദുംകയിൽ നടന്ന ഇരട്ടക്കൊലപാതകക്കേസിൽ 45 വർഷം കഴിഞ്ഞിട്ടും നടപടി പൂർത്തിയാകാത്തതായിരുന്നു കോടതിയെ ചൊടിപ്പിച്ചത്. പ്രതിയുടെ അപ്പീൽ തീർപ്പാക്കാൻ മാത്രം 22 വർഷമെടുത്തത് നീതിന്യായ സംവിധാനത്തിന്റെ വലിയ പരാജയമാണെന്ന് ജസ്റ്റിസ് ജെ.ബി. പർദിവാല, ജസ്റ്റിസ് വിനോദ് ചന്ദ്രൻ എന്നിവരടങ്ങിയ ബെഞ്ച് കുറ്റപ്പെടുത്തി. വിധി വരുമ്പോഴേക്കും പ്രതികളായ ആറുപേരിൽ അഞ്ചുപേരും മരണപ്പെട്ടിരുന്നു.

രാജ്യത്തെ വിവിധ കോടതികളിലായി അഞ്ചുകോടി അറുപതുലക്ഷത്തോളം കേസുകൾ തീർപ്പാകാതെ കെട്ടിക്കിടക്കുകയാണെന്ന് കഴിഞ്ഞ പാർലമെന്റ് സമ്മേളനത്തിൽ കേന്ദ്രസർക്കാർ വ്യക്തമാക്കുകയുണ്ടായി. ഇതിൽ 96,000 കേസുകൾ സുപ്രീംകോടതിയിലും 64 ലക്ഷം കേസുകൾ ഹൈകോടതികളിലും ബാക്കി അഞ്ചുകോടിയിലേറെ കേസുകൾ ജില്ലാ കോടതികളിലുമാണ്. സുപ്രീംകോടതിയിൽ കെട്ടിക്കിടക്കുന്നവയിൽ പതിനായിരത്തിലേറെ കേസുകൾ പത്തുവർഷത്തിലേറെയും, അഞ്ഞൂറ്റമ്പതിലേറെ കേസുകൾ ഇരുപതുവർഷത്തിലേറെയും, ഇരുപത്തിയാറു കേസുകൾ മുപ്പതുവർഷത്തിലേറെയും പഴക്കമുള്ളവയാണ്.

‘വൈകി ലഭിക്കുന്ന നീതി നീതിനിഷേധത്തിന് തുല്യമാണ്’ എന്ന ചൊല്ല് അന്വർഥമാകുന്ന കാഴ്ചയാണിത്. ഓരോ കേസിനുപിന്നിലും വർഷങ്ങളോളം നീതിക്കായി കാത്തുനിൽക്കുന്ന മനുഷ്യരുണ്ട്. കൃത്യസമയത്ത് നീതി നൽകാൻ സാധിച്ചില്ലെങ്കിൽ ഭരണകൂടം ജനങ്ങളോട് അനീതി ചെയ്യുകയാണെന്നുവരും. അതിനാൽ നീതിന്യായരംഗത്തെ പരിഷ്കാരങ്ങളുടെ കാതൽ, ഓരോ പൗരനും ന്യായമായ സമയപരിധിക്കുള്ളിൽ നീതി ലഭ്യമാക്കുക എന്നതായിരിക്കണം.

കെട്ടിക്കിടപ്പിന്റെ കാരണങ്ങൾ

ജഡ്ജിമാരുടെ ഒഴിവുകൾ, കോടതിമുറികളുടെയും ജീവനക്കാരുടെയും കുറവ്, അന്വേഷണത്തിലെ അനാവശ്യ കാലവിളംബം, പ്രോസിക്യൂഷന്റെ ദൗർബല്യം, സാക്ഷികൾ കൃത്യമായി ഹാജരാകാതിരിക്കൽ, നിരന്തരമായ അവധി നൽകൽ, സങ്കീർണമായ ചട്ടങ്ങൾ എന്നിവയാണ് കേസുകൾ വർഷങ്ങളോളം നീളാൻ പ്രധാന കാരണം. വിവിധ കോടതികളിലായി 7652 ജഡ്ജിമാരുടെ തസ്തികകളാണ് ഒഴിഞ്ഞുകിടക്കുന്നത്. ഹൈകോടതികളിൽ 342-ഉം ജില്ലാ കോടതികളിൽ 7310-ഉം തസ്തികകൾ ഒഴിഞ്ഞുകിടക്കുന്നു.

ക്രിമിനൽ കേസുകളിൽ പൊലീസ് അന്വേഷണവും കുറ്റപത്രസമർപ്പണവും ശാസ്ത്രീയ പരിശോധനാ റിപ്പോർട്ടുകളും വൈകുന്നതും വലിയ പ്രതിസന്ധിയാണ്. അതുകൊണ്ടുതന്നെ പൊലീസും പ്രോസിക്യൂഷനും ശാസ്ത്രീയ അന്വേഷണവിഭാഗങ്ങളും തമ്മിൽ കൃത്യമായ ഏകോപനം ഉണ്ടാകണം. സാക്ഷികൾ ഭയംമൂലം കൂറുമാറുന്നത് തടയാൻ സാക്ഷിസംരക്ഷണ നിയമങ്ങൾ കർശനമായി നടപ്പാക്കുകയും വേണം.

ഭരണഘടനാപരമായ അവകാശം

വേഗത്തിലുള്ള വിചാരണ ഭരണഘടനയുടെ അനുച്ഛേദം 21 ഉറപ്പുനൽകുന്ന മൗലികാവകാശത്തിന്റെ ഭാഗമാണെന്ന് ഹുസൈനാറ ഖാത്തൂൺ (1979), കാദ്ര പഹാഡിയ (1981), ഷീല ബാർസ (1986), എ.ആർ. ആന്തുലെ (1992) തുടങ്ങിയ സുപ്രധാന കേസുകളിൽ പരമോന്നത കോടതി വ്യക്തമാക്കിയിട്ടുണ്ട്. ദയാഹർജികൾ തീർപ്പാക്കുന്നതിലെ കാലതാമസം ചിത്രവധത്തിന് തുല്യമാണെന്നും അത് ജീവിക്കാനുള്ള അവകാശത്തിന്റെ ലംഘനമാണെന്നും ചൂണ്ടിക്കാട്ടി, ശത്രുഘ്നൻ ചൗഹാൻ കേസിൽ 15 പേരുടെ വധശിക്ഷ സുപ്രീംകോടതി ജീവപര്യന്തമായി ഇളവുചെയ്തത് ശ്രദ്ധേയമാണ്. വേഗത്തിലുള്ള വിചാരണയ്ക്ക് ആവശ്യമായ കോടതികളും ജഡ്ജിമാരും ജീവനക്കാരും ഭൗതികസാഹചര്യങ്ങളും ഒരുക്കേണ്ടത് സർക്കാരിന്റെ ഭരണഘടനാപരമായ ബാധ്യതയാണെന്നും അന്ന് കോടതി ചൂണ്ടിക്കാട്ടിയിരുന്നു.

വിചാരണത്തടവുകാരുടെ ദുരിതം

കേസുകൾ നീളുന്നതിന്റെ ഏറ്റവും വലിയ ഇരകൾ ജയിലുകളിൽ കഴിയുന്ന വിചാരണത്തടവുകാരാണ്. നാഷനൽ ക്രൈം റെക്കോഡ്സ് ബ്യൂറോയുടെ കണക്കനുസരിച്ച്, രാജ്യത്തെ ജയിലുകളിലുള്ള 5.30 ലക്ഷം തടവുകാരിൽ 73.5 ശതമാനവും (3.89 ലക്ഷം പേർ) വിചാരണ പൂർത്തിയാകാത്തവരാണ്. യഥാസമയം ജാമ്യം ലഭിക്കാത്തതും പാവപ്പെട്ടവർക്ക് മികച്ച നിയമസഹായം ലഭിക്കാത്തതും പൊലീസുകാരുടെ കുറവുമൂലം പ്രതികളെ കോടതികളിൽ ഹാജരാക്കാൻ കഴിയാത്തതുമാണ് ഇവരെ ജയിലിൽ തളച്ചിടുന്നത്. ഇത്തരം തടവുകാരുടെ കേസുകൾ മുൻഗണനാടിസ്ഥാനത്തിൽ പരിശോധിച്ച് പരിഹാരം കാണേണ്ടതുണ്ട്.

നിയമപരിഷ്കാരങ്ങളും ലോ കമീഷൻ ശിപാർശകളും

ഭാരതീയ നാഗരിക സുരക്ഷാ സംഹിതയിൽ ഗുരുതര കുറ്റകൃത്യങ്ങളിലെ അന്വേഷണത്തിനും വിചാരണയ്ക്കും പ്രത്യേക സമയപരിധികളും വ്യവസ്ഥകളും ഉണ്ടെങ്കിലും പ്രായോഗികതലത്തിൽ ഇവ പൂർണമായി പാലിക്കപ്പെടുന്നില്ല. യു.പി.എ സർക്കാരിന്റെ കാലത്ത് സമയബന്ധിതമായി വിചാരണ പൂർത്തിയാക്കാൻ വ്യവസ്ഥ ചെയ്യുന്ന നീതിന്യായവകാശ ബിൽ തയ്യാറാക്കിയെങ്കിലും അത് പാർലമെന്റിൽ അവതരിപ്പിക്കപ്പെട്ടില്ല.

കോടതികളിലെ തിരക്കൊഴിവാക്കാൻ ജസ്റ്റിസ് എ.പി. ഷാ അധ്യക്ഷനായ ഇരുപതാം ലോ കമീഷൻ മുന്നോട്ടുവെച്ച ശിപാർശകൾ നടപ്പാക്കേണ്ടതുണ്ട്. ജനസംഖ്യാനുപാതികമായി ജഡ്ജിമാരെ നിയമിക്കുന്നതിന് പകരം, ഓരോ ജഡ്ജിയും തീർപ്പാക്കുന്ന കേസുകളുടെ നിരക്ക് അടിസ്ഥാനമാക്കി തസ്തികകൾ അനുവദിക്കണമെന്ന് കമീഷൻ നിർദേശിച്ചിരുന്നു. കീഴ്ക്കോടതികളിലെ ജഡ്ജിമാരുടെ വിരമിക്കൽ പ്രായം 62 ആയി ഉയർത്തണമെന്ന ശിപാർശയും പ്രധാനമാണ്. ഈയിടെ അഖിലേന്ത്യാ ജഡ്ജസ് അസോസിയേഷൻ കേസിൽ വിരമിക്കൽ പ്രായം ഉയർത്തുന്നത് സംബന്ധിച്ച് സുപ്രീംകോടതി നൽകിയ നിർദേശങ്ങൾ സ്വാഗതാർഹമായ ചുവടുവെപ്പാണ്.

പരിഹാരമാർഗങ്ങൾ

കേസ് മാനേജ്മെന്റ്: കേസ് ഫയൽ ചെയ്യുന്ന വേളയിൽത്തന്നെ വാദം, തെളിവെടുപ്പ്, വിധിപ്രസ്താവം എന്നിവയ്ക്ക് ഏകദേശ സമയപരിധി നിശ്ചയിക്കണം. അനാവശ്യമായി കേസ് മാറ്റിവെക്കുന്നത് കർശനമായി നിയന്ത്രിക്കണം. സർക്കാർ കേസുകൾ നിയന്ത്രിക്കുക: രാജ്യത്തെ ഏറ്റവും വലിയ വ്യവഹാരി സർക്കാരാണ്. വിവിധ വകുപ്പുകൾ തമ്മിലുള്ള തർക്കങ്ങൾ പോലും കോടതികളിലെത്തുന്നു. അനിവാര്യഘട്ടങ്ങളിൽ മാത്രം കോടതികളെ സമീപിക്കുന്ന രീതിയിലേക്ക് സർക്കാർ വകുപ്പുകൾ മാറണം.

ബദൽ തർക്കപരിഹാരം: ചെലവുകുറഞ്ഞതും വേഗത്തിലുള്ളതുമായ ലോക് അദാലത്തുകൾ, മധ്യസ്ഥത, അനുരഞ്ജനം തുടങ്ങിയ ബദൽ മാർഗങ്ങൾ കൂടുതൽ ശക്തമാക്കണം. കുടുംബതർക്കങ്ങളും വാണിജ്യ-സാമ്പത്തിക തർക്കങ്ങളും കോടതിക്ക് പുറത്ത് പരിഹരിക്കപ്പെടാൻ 2023-ലെ മധ്യസ്ഥതാ നിയമം ഫലപ്രദമായി ഉപയോഗിക്കാം. സാങ്കേതികവിദ്യയുടെ ഉപയോഗം: ഇ-ഫയലിങ്, ഡിജിറ്റൽ രേഖകൾ, വെർച്വൽ കോടതികൾ എന്നിവ വ്യാപകമാക്കുകയും, രേഖകളുടെ പരിശോധനയ്ക്കും തരംതിരിക്കലിനും ആധുനിക നിർമിതബുദ്ധി സാങ്കേതികവിദ്യകൾ പ്രയോജനപ്പെടുത്തുകയും വേണം.

നീതി സമയബന്ധിതമായി ലഭിക്കുക എന്നത് ഭരണകൂടത്തിന്റെ ഔദാര്യമല്ല, പൗരജനങ്ങളുടെ മൗലികാവകാശമാണ്. നീതിന്യായവ്യവസ്ഥയെ കാലാനുസൃതമായി ഉടച്ചുവാർക്കാനും, കോടതികളിൽ കുന്നുകൂടിയ കേസുകൾക്ക് തീർപ്പുകൽപ്പിച്ച് സാധാരണക്കാരന് നീതി ഉറപ്പാക്കാനും ഇച്ഛാശക്തിയോടെയുള്ള ഭരണഘടനാപരമായ ഇടപെടലുകൾ അടിയന്തരമായി ഉണ്ടായേ തീരൂ.

Tags:    
News Summary - India’s Mounting Judicial Backlog Crisis

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.