ആൻ കാഴ്സൺ
ആൻ കാഴ്സൺ: വാക്കിനും മൗനത്തിനും ഇടയിലൊരു സാഹിത്യ സഞ്ചാരം
'ഒരു മുറിവ് അതിന്റേതായ വെളിച്ചം പൊഴിക്കുന്നു...'
— ആൻ കാഴ്സൺ (ഓട്ടോബയോഗ്രഫി ഓഫ് റെഡ്)
സ്വീഡിഷ് അക്കാദമിയുടെ സ്ഥിരം സെക്രട്ടറിയായ ഇൻഗ്രിഡ് കാൾബർഗ് ആ ഫോൺ കോൾ ചെയ്യുമ്പോൾ മറുതലയ്ക്കൽ കനേഡിയൻ എഴുത്തുകാരി ആൻ കാഴ്സൺ ഐസ്ലൻഡിലായിരുന്നു. ഫോണിലൂടെ അവർ ഇൻഗ്രിഡിനോട് പറഞ്ഞു, 'ഞാനിവിടെ കാറ്റിന്റെ ശബ്ദത്തിന് കാതോർത്തിരിക്കുകയാണ്.' വലിയ അത്ഭുതത്തോടെയും അതിലേറെ സന്തോഷത്തോടെയുമാണ് 2026-ലെ സാഹിത്യ നൊബേൽ പുരസ്കാരം തന്നെ തേടിയെത്തിയ വാർത്ത അവർ കേട്ടത്. കാറ്റിന്റെ അവ്യക്തമായ ശബ്ദങ്ങളെപ്പോലെ, അദൃശ്യമായതിനെയും അപൂർണമായതിനെയും തന്റെ രചനകളിൽ ചേർത്തുപിടിച്ച എഴുത്തുകാരിയാണ് ആൻ കാഴ്സൺ. കവിത, ഉപന്യാസം, വിവർത്തനം, ഫോട്ടോഗ്രാഫി എന്നിങ്ങനെ എല്ലാ അതിരുകളെയും ഭേദിക്കുന്ന അവരുടെ അസാധാരണമായ സാഹിത്യ സംഭാവനകൾക്കാണ് ലോകസാഹിത്യത്തിലെ ഏറ്റവും വലിയ പുരസ്കാരം ഇത്തവണ ലഭിച്ചിരിക്കുന്നത്.
നൊബേൽ പുരസ്കാരം നേടുന്ന സാഹിത്യചരിത്രത്തിലെ 19-ാമത്തെ വനിതയാണ് കാഴ്സൺ. ആലീസ് മൺറോയ്ക്ക് ശേഷം ഈ നേട്ടം കൈവരിക്കുന്ന രണ്ടാമത്തെ കനേഡിയൻ എഴുത്തുകാരി. ക്ലാസിക്കൽ പാരമ്പര്യവുമായുള്ള കളിചിരികൾ നിറഞ്ഞ സംഭാഷണങ്ങളിലൂടെ സമകാലിക സാഹിത്യത്തിന് പുതിയ രൂപങ്ങൾ നൽകിയ ധീരവും നൂതനവുമായ കാവ്യപ്രപഞ്ചമാണ് അവരുടേത്.
1950ൽ കാനഡയിലെ ടൊറന്റോയിലാണ് ആൻ കാഴ്സണിന്റെ ജനനം. മക്ഗിൽ, പ്രിൻസ്റ്റൺ, യൂണിവേഴ്സിറ്റി ഓഫ് മിഷിഗൺ തുടങ്ങി ലോകത്തെ മുൻനിര സർവ്വകലാശാലകളിൽ പുരാതന ഗ്രീക്ക് അധ്യാപികയായിരുന്നു അവർ. അവരുടെ രചനകൾ ഒറ്റനോട്ടത്തിൽ സങ്കീർണമായ അക്കാദമിക് പ്രബന്ധങ്ങളാണെന്ന് തോന്നിയേക്കാം. എന്നാൽ അവ കവിതയുടെയും ഉപന്യാസത്തിന്റെയും അതിരുകൾ മായ്ക്കുന്ന സവിശേഷമായ സൃഷ്ടികളാണ്. വിട്ടുകളഞ്ഞ വാക്കുകളെ പൂരിപ്പിക്കാതിരിക്കുക എന്നതാണ് ആൻ കാഴ്സണിന്റെ ഏറ്റവും വലിയ പ്രത്യേകത.
2002ൽ പുറത്തിറക്കിയ സാഫോയുടെ കവിതകളുടെ വിവർത്തനം ഇതിനൊരു മികച്ച ഉദാഹരണമാണ്. സാഫോയുടെ ഒരൊറ്റ കവിത മാത്രമാണ് പൂർണരൂപത്തിൽ കാലത്തെ അതിജീവിച്ചത്. ബാക്കിയുള്ളവയെല്ലാം ചില വാക്കുകളോ, പകുതി വരികളോ, നടുഭാഗം കീറിപ്പോയ വാചകങ്ങളോ മാത്രമായിരുന്നു. മറ്റ് വിവർത്തകർ ഈ അപൂർണതകളെ തങ്ങളുടെ ഭാവനകൊണ്ട് പൂരിപ്പിക്കാൻ ശ്രമിച്ചപ്പോൾ, കാഴ്സൺ ആ ശൂന്യതകളെ ബ്രാക്കറ്റുകൾ നൽകി അതുപോലെ നിലനിർത്തി. ഒരു വായനക്കാരൻ ആ പുസ്തകം തുറക്കുമ്പോൾ കാണുന്നത് ഇങ്ങനെയാണ്:
]നീ[
]വേണ്ടി[
]കൂടി[
ഇതൊരു വിവർത്തകയുടെ പരാജയമല്ല, മറിച്ച് നഷ്ടപ്പെട്ടുപോയവയുടെ രൂപം വായനക്കാരെ അനുഭവിപ്പിക്കാനുള്ള കാഴ്സണിന്റെ ബോധപൂർവ്വമായ ശ്രമമായിരുന്നു.
ഗ്രീക്ക് ഇതിഹാസങ്ങളെ ആധുനിക കാലത്തേക്ക് പറിച്ചുനട്ട 'ഓട്ടോബയോഗ്രഫി ഓഫ് റെഡ്' (1998) എന്ന നോവലാണ് കാഴ്സണെ ലോകപ്രശസ്തയാക്കിയത്. പദ്യരൂപത്തിൽ എഴുതപ്പെട്ട ഈ നോവൽ, ഹെറാക്കിൾസ് വധിച്ച ഗെറിയോൺ എന്ന ഇതിഹാസ രാക്ഷസന്റെ കഥയാണ് പറയുന്നത്. എന്നാൽ കാഴ്സണിന്റെ ലോകത്ത് ഗെറിയോൺ കാനഡയിൽ ജീവിക്കുന്ന, ചുവന്ന ചിറകുകളുള്ള നാണംകുണുങ്ങിയായ ഒരു ആൺകുട്ടിയാണ്. അവൻ ലെതർ ജാക്കറ്റ് ധരിച്ച ഹെറാക്കിൾസ് എന്ന പരുക്കൻ യുവാവുമായി പ്രണയത്തിലാവുകയും ഒടുവിൽ ഹൃദയം തകരുകയും ചെയ്യുന്നു.
ഈ നോവലിന്റെ തുടർച്ചയായി 2013ൽ അവർ 'റെഡ് ഡോക്>' പ്രസിദ്ധീകരിച്ചു. ഇതിൽ മധ്യവയസ്കനായ ഗെറിയോൺ കസ്തൂരിമൃഗങ്ങളെ വളർത്തുന്ന 'ജി' ആയും, ഹെറാക്കിൾസ് യുദ്ധാനന്തര മാനസികാഘാതം അനുഭവിക്കുന്ന 'സാഡ് ബട്ട് ഗ്രേറ്റ്' എന്ന കഥാപാത്രമായും മാറുന്നു. ടോസ്റ്ററിന്റെ വലിപ്പമുള്ള ഐസ് വവ്വാലുകൾ പറക്കുന്ന മരവിച്ച ഭൂമിയിലൂടെയുള്ള അവരുടെ യാത്രയാണ് ഈ പുസ്തകം. കവിത ഏത് നിമിഷവും ഗദ്യത്തിലേക്കും ഉപന്യാസത്തിലേക്കും വഴിമാറുന്ന മാന്ത്രികത അവരുടെ പുസ്തകങ്ങളിൽ കാണാം. പ്രണയവും ദാമ്പത്യത്തകർച്ചയും ഇതിവൃത്തമാക്കി 29 ടാംഗോ നൃത്തച്ചുവടുകളുടെ പശ്ചാത്തലത്തിൽ അവർ രചിച്ച 'ദി ബ്യൂട്ടി ഓഫ് ദി ഹസ്ബൻഡ്' (2001) എന്ന കൃതിയും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.
ആൻ കാഴ്സണിന്റെ ഏറ്റവും വ്യക്തിപരമായ രചനയാണ് 2010-ൽ പുറത്തിറങ്ങിയ 'നോക്സ്'. അകന്നുകഴിഞ്ഞിരുന്ന തന്റെ സഹോദരൻ മൈക്കിളിന്റെ ഓർമ്മകൾക്കായി അവർ തയ്യാറാക്കിയ ഒരു വിലാപകാവ്യമാണിത്. സാധാരണ പുസ്തകങ്ങളുടെ രൂപത്തിലല്ല, മറിച്ച് ഒരു പെട്ടിക്കുള്ളിൽ സൂക്ഷിച്ച നീളമുള്ള ഒരു ചുരുളായാണ് ഈ കൃതി പുറത്തിറങ്ങിയത്. ഇതിന്റെ ഇടതുവശത്തെ പേജുകളിൽ സ്വന്തം സഹോദരന്റെ ഓർമ്മയ്ക്കായി റോമൻ കവി കാറ്റുല്ലസ് എഴുതിയ കവിതയുടെ വിവർത്തനവും, വലതുവശത്ത് മൈക്കിളിന്റെ ചിത്രങ്ങളും കത്തുകളും നിഘണ്ടുവിലെ അർത്ഥങ്ങളും സ്വന്തം ഓർമ്മത്തുണ്ടുകളുമാണ് കാഴ്സൺ നൽകിയത്. രണ്ട് നഷ്ടങ്ങളെ യാതൊരു നിഗമനങ്ങളിലേക്കും വലിച്ചിഴക്കാതെ അവർ പരസ്പരം മുഖാമുഖം നിർത്തി.
എല്ലാം വളരെ വേഗത്തിൽ ഉപഭോഗം ചെയ്യാൻ ആഗ്രഹിക്കുന്ന, ബിങ് വാച്ചിങ്ങിന്റെ ഈ ആധുനിക കാലത്ത് വായനക്കാർക്ക് മുന്നിലേക്ക് അർത്ഥം പൂർണമാവാത്ത ശകലങ്ങൾ ഇട്ടുകൊടുക്കുകയാണ് കാഴ്സൺ ചെയ്യുന്നത്. അർത്ഥങ്ങൾക്കും വ്യാഖ്യാനങ്ങൾക്കും അപ്പുറം ആശയങ്ങളെ അവയുടെ സ്വാഭാവികതയിൽ നിലനിർത്താൻ അവർ ഇഷ്ടപ്പെടുന്നു. തന്റെ ലക്ഷ്യത്തെക്കുറിച്ച് കാഴ്സൺ തന്നെ പറഞ്ഞിട്ടുള്ളത്, 'മനസിനെ ചലിപ്പിക്കുക, മുൻപൊരുനാളും എത്തിപ്പെടാത്ത ഇടങ്ങളിലേക്ക് അതിനെ കൊണ്ടുപോവുക' എന്നാണ്.
ഐസ്ലൻഡിലെ തണുത്ത കാറ്റിൽ മുഴങ്ങുന്ന അവ്യക്തമായ ശബ്ദങ്ങൾക്ക് കാതോർക്കുന്ന കാഴ്സൺ, തന്റെ കവിതകളിലും ആ ശബ്ദങ്ങൾക്കായി തന്നെയാണ് കാത്തിരിക്കുന്നത്. കേൾക്കാതെ പോയ പകുതി വരികൾക്കും, നഷ്ടപ്പെട്ടുപോയ വാക്കുകൾക്കും ജീവൻ നൽകുന്ന ആ കാവ്യസപര്യയെയാണ് ഈ വർഷത്തെ നൊബേൽ പുരസ്കാരം ആദരിച്ചിരിക്കുന്നത്. പൂർണ്ണതകളേക്കാൾ അപൂർണമായതിനെയും തകർന്നടിയപ്പെട്ടതിനെയും ഈ വർഷം നൊബേൽ സമിതി വിലമതിച്ചിരിക്കുന്നു എന്ന് ഉറപ്പിച്ചു പറയാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.