ഫാഷിസ്റ്റ് വിരുദ്ധതയുടെ വ്യാജ അതിരുകൾ: എസ്.ഐ.ആർ സമരവും രാഷ്ട്രീയ കർത്തൃത്വവും
ജനാധിപത്യ പ്രക്ഷോഭങ്ങളിൽ പൗരത്വത്തോളം മനുഷ്യരെ സംഘർഷത്തിലാക്കുകയും ചലിപ്പിക്കുകയും ചെയ്യുന്ന മറ്റൊരു ആശയം ഇല്ലെന്ന് തന്നെ പറയാം. സംഘ്പരിവാർ ഭരണകൂടത്തിന്റെ പലതരം പ്രശ്നങ്ങൾ അവഗണിക്കപ്പെടുമ്പോഴും പൗരത്വവും ഭരണഘടനാ സംബന്ധിയുമായ വിയോജിപ്പുകൾ വലിയ പ്രക്ഷോഭമായി രൂപപെടുന്നതിന്റെ പിന്നിലെ സാമൂഹികവും രാഷ്ട്രീയവുമായ ഉള്ളടക്കം വിശകലനം ചെയ്യപ്പെടേണ്ടതാണ്. നമ്മുടെ രാജ്യത്തിന്റെ ജനാധിപത്യ - സാമൂഹിക ഘടനയാണ് ഇവിടെ സുപ്രധാന പങ്ക് വഹിക്കുന്നത്. ഇന്ത്യയുടെ സാമൂഹിക ഉള്ളടക്കങ്ങളിൽ വിയോജിപ്പിന്റെ പ്രധാന മാർഗമായി പ്രക്ഷോഭങ്ങൾ മാറുന്നതിന്റെ പ്രധാന കാരണം ഇന്ത്യൻ ഭരണഘടന തന്നെയാണ്. ജനാധിപത്യത്തിനേൽക്കുന്ന ആഘാതങ്ങളെ പ്രതിരോധിക്കാൻ ശേഷിയുള്ള ഉള്ളടക്കം നമ്മുടെ ഭരണഘടന വിഭാവന ചെയ്യുന്നുണ്ട്. പ്രസ്തുത വിഭാവനകൾ കേന്ദ്രീകരിക്കപ്പെട്ടിട്ടുള്ളത് പൗരത്വം എന്ന സങ്കല്പത്തിലുമാണ്. ദേശരാഷ്ട്ര വ്യവസ്ഥയിൽ പൗരൻ മാത്രമേയുള്ളു മനുഷ്യരില്ല എന്ന പ്രശ്നം നിലനിൽക്കുന്നതുകൊണ്ട് തന്നെ, ഒരു മനുഷ്യന്റെ ഏറ്റവും ഉന്നതമായ സ്വത്വം അവൻ/ അവൾ ഏതോ ഒരു രാജ്യത്തിന്റെ പൗരനാണ് എന്നതാണ്. ഒരു പൗരത്വത്തെയാണ് ഇന്ന് ഫാസിസ്റ്റ് ഭരണകൂടം ഇല്ലായ്മ ചെയ്യാൻ ശ്രമിക്കുന്നത്.
സമീപകാലത്ത് ഇന്ത്യ കണ്ട രണ്ട് പ്രധാന സമരങ്ങളാണ് ധർമേന്ദ്ര പ്രദാനെതിരായ സമരവും നിലവിലെ എസ്.ഐ.ആർ വിരുദ്ധ സമരവും. ഇവ രണ്ടിനും പലതരം സാമ്യതകൾ ഉണ്ടായിരിക്കുമ്പോൾ തന്നെ പല നിലക്ക് അവ വ്യത്യാസപ്പെടുന്നതായും കാണാം. വിദ്യാഭ്യാസ തൊഴിൽ സംബന്ധിയായ ഉള്ളടക്കമുള്ള ലിബറൽ അർബൻ ആഖ്യാനങ്ങളിലാണ് ധർമേന്ദ്ര പ്രാദാനെതിരായ സിജെപിയുടെ സമരം സ്ഥാനപ്പെടുന്നത്. അതേസമയം എസ്.ഐ.ആർ വിരുദ്ധ സമരം ഗ്യാനേഷ്കുമാർ എന്ന തെരഞ്ഞെടുപ്പ് കമീഷണറുടെ രാജിയാണ് പ്രാഥമികമായി ആവശ്യപെടുന്നതെങ്കിലും അതിനപ്പുറമുള്ള വാദങ്ങൾ, ആശയങ്ങൾ മുന്നോട്ട് വെക്കുകയും വലിയ കാൻവാസിലേക്ക് സമരത്തെ വിപുലപ്പെടുത്തുകയും ചെയ്യുന്നുണ്ട്. പ്രസ്തുത ഉള്ളടക്കം പ്രധാനമായും ഏറ്റെടുക്കുന്നത് പൗരത്വത്തെ കുറിച്ചുള്ള ചോദ്യങ്ങൾ തന്നെയാണ്. എസ്.ഐ.ആർ വിരുദ്ധ സമരത്തിലും സിജെപിയുടെ നേതൃപരമായ സാന്നിധ്യം പ്രകടമാവുമ്പോൾ തന്നെ വേറെയും ചില പ്രധാന മൂവ്മെന്റുകൾ ഈ സമരത്തെ കൂടുതൽ ആശയവൽക്കരിക്കുന്നതിലും സംഘ്പരിവാർ വിരുദ്ധ ഫ്രെയിംവർക്കിൽ ഉറപ്പിക്കുന്നതിലും നിർണായക പങ്ക് വഹിക്കുന്നു എന്നത് കാണാതെ ഇപ്പോൾ നടക്കുന്ന പ്രക്ഷോഭത്തെ മനസിലാക്കാൻ സാധിക്കില്ല.
സംഘ്പരിവാർ ഫാസിസ്റ്റ് ഭരണകൂടത്തോടുള്ള ആശയ സമരം എന്ന നിലക്ക് തന്നെ ഇപ്പോഴത്തെ എസ്.ഐ.ആർ വിരുദ്ധ സമരം വികസിച്ച് കഴിഞ്ഞിട്ടുണ്ട്. ഇവിടെയാണ് സമരം ചെയ്യുന്ന പൗരന്മാരുടെ സ്വത്വവും അവരോടുള്ള ഭരണകൂട സമീപനവും തമ്മിലുള്ള വിവേചനപരമായ അന്തരം വ്യക്തമാകുന്നത്. ഇന്ത്യയിലെ വിദ്യാർഥി യുവജന പ്രക്ഷോഭങ്ങൾക്ക് ഭരണകൂടത്തെ മുട്ടുകുത്തിക്കാൻ സാധിക്കുന്നുണ്ടെങ്കിലും, ന്യൂനപക്ഷങ്ങളുടെ രാഷ്ട്രീയ നിലനിൽപ്പുമായി ബന്ധപ്പെട്ട സമരങ്ങളോട് ഭരണകൂടം സ്വീകരിക്കുന്ന സമീപനം തികച്ചും വിനാശകരമാണ്. നീറ്റ് പരീക്ഷാ തട്ടിപ്പുമായി ബന്ധപ്പെട്ട് ധർമേന്ദ്ര പ്രധാൻ്റെ രാജി ആവശ്യപ്പെട്ട് ഉയർന്ന സമരത്തിന് മുന്നിൽ ഭരണകൂടം പരാജയം സമ്മതിക്കുകയും ഒടുവിൽ രാജി നൽകി തടിയൂരുകയും ചെയ്തപ്പോൾ, അതേ ജന്തർ മന്തറിൽ വോട്ടർപട്ടികയിലെ ക്രമക്കേടുകൾക്കെതിരെയും മുസ്ലിം വോട്ടർമാരെ ആസൂത്രിതമായി ഒഴിവാക്കുന്ന എസ്.ഐ.ആർ പ്രക്രിയക്കെതിരെയും ഉയർന്ന ശബ്ദങ്ങളെ പൊലീസ് വാനുകളിലേക്കും നിശബ്ദതയിലേക്കുമാണ് തള്ളിയിട്ടത്. മാധ്യമപ്രവർത്തകരെപ്പോലും തടഞ്ഞുവെച്ചുകൊണ്ട് 'മാധ്യമങ്ങൾ ഒന്നുമില്ല' എന്ന പ്രഖ്യാപനത്തോടെ ജനാധിപത്യപരമായ റിപ്പോർട്ടിങ് അവകാശത്തെ നിഷേധിക്കുന്നതിലേക്ക് വരെ ഭരണകൂട ഭീകരത എത്തിനിൽക്കുന്നു.
ഒരു വശത്ത് സിസ്റ്റത്തിന്റെ വീഴ്ചകളോട് വിയോജിക്കുന്ന 'പൊതു പൗരന്റെ' അമർഷം വ്യവസ്ഥിതിക്ക് അകത്തുനിന്ന് തന്നെ പരിഹരിക്കപ്പെടാവുന്ന ഒരു പരാതിയായി ഭരണകൂടം പരിഗണിക്കുമ്പോൾ, മറുവശത്ത് ന്യൂനപക്ഷ സ്വത്വം മുന്നോട്ട് വെച്ചുകൊണ്ടുള്ള രാഷ്ട്രീയ അവകാശവാദങ്ങൾ ഭരണകൂടത്തിന് അസ്തിത്വപരമായ ഭീഷണിയായി മാറുന്നു. പൗരത്വ ഭേദഗതി നിയമത്തിനെതിരെ ഷഹീൻ ബാഗിൽ ഉയർന്നുവന്ന ചരിത്രപരമായ ജനകീയ പ്രക്ഷോഭം ഇതിന്റെ ഏറ്റവും വലിയ ഉദാഹരണമായിരുന്നു. തങ്ങളുടെ മതപരമായ സ്വത്വത്തെ ഭരണഘടനാപരമായ അവകാശങ്ങളുമായി കണ്ണിചേർത്തുകൊണ്ട് മുസ്ലിം സ്ത്രീകൾ നടത്തിയ ആ പോരാട്ടം ഹിന്ദുത്വ ദേശീയതയുടെ ഉള്ളടക്കത്തെ ആഴത്തിൽ വിറളിപിടിപ്പിച്ചു. എന്നാൽ അതിന് ഭരണകൂടം നൽകിയ മറുപടി, പരസ്യമായ അടിച്ചമർത്തലുകളും വിദ്വേഷ പ്രചാരണങ്ങളും സംഘർഷങ്ങളുമായിരുന്നു. തുടർന്ന് വന്ന കാലഘട്ടത്തിൽ തെരുവിലെ പ്രകടമായ അതിക്രമങ്ങൾക്ക് പകരം ഭരണപരമായ മാർഗങ്ങളിലൂടെയുള്ള ഒരു അദൃശ്യവൽക്കരണത്തിനാണ് ഫാസിസ്റ്റ് ഭരണകൂടം രൂപം നൽകിയിരിക്കുന്നത്. തെരെഞ്ഞെടുപ്പ് കമീഷന്റെ സ്പെഷ്യൽ ഇന്റൻസീവ് റിവിഷൻ (എസ്.ഐ.ആർ) വഴി ലക്ഷക്കണക്കിന് ന്യൂനപക്ഷ വോട്ടർമാരെ പട്ടികയിൽ നിന്ന് പുറന്തള്ളുന്ന ക്രൂരമായ ബ്യൂറോക്രാറ്റിക് പ്രക്രിയയാണ് ഇപ്പോൾ നടപ്പിലാക്കിക്കൊണ്ടിരിക്കുന്നത്. പൗരനെ തെരുവിൽ വെച്ച് അക്രമിക്കുന്നതിന് പകരം രേഖകളിലൂടെയും ഫയലുകളിലൂടെയും അപരവൽക്കരിക്കുന്ന ഈ രീതി, സിഎഎ - എൻആർസി വഴി ലക്ഷ്യമിട്ട അതേ പൗരത്വ നിഷേധം നിശബ്ദമായി സാധിച്ചെടുക്കാനുള്ള ശ്രമമാണ്.
ഈ സാഹചര്യത്തിലാണ് മുഖ്യധാരാ ലിബറൽ-മതേതര രാഷ്ട്രീയത്തിന്റെ ഇരട്ടത്താപ്പും തുറന്നുകാട്ടപ്പെടുന്നത്. ഭൂരിപക്ഷ വോട്ടുബാങ്ക് നഷ്ടപ്പെടുമെന്ന ഭയത്താൽ കൃത്യമായി ലക്ഷ്യം വെക്കപ്പെടുന്ന ന്യൂനപക്ഷ സമുദായത്തിന്റെ പേര് പോലും ഉച്ചരിക്കാൻ ഇവിടുത്തെ പ്രതിപക്ഷ പാർട്ടികൾ മടിക്കുന്നു. ന്യൂനപക്ഷങ്ങളുടെ വോട്ടുകൾ ജനാധിപത്യം സംരക്ഷിക്കാൻ ആവശ്യപ്പെടുകയും, എന്നാൽ അവരുടെ അസ്തിത്വപരമായ പോരാട്ടങ്ങളെയും വേദനകളെയും പൊതുമണ്ഡലത്തിൽ നിന്ന് മറച്ചുപിടിക്കാൻ ശ്രമിക്കുകയും ചെയ്യുന്ന വൈരുദ്ധ്യമാണ് നാം കാണുന്നത്. ഭരണഘടനാ നിർമാണ സഭയുടെ കാലം മുതൽ രാഷ്ട്രീയ പ്രാതിനിധ്യത്തിന്റെ കാര്യത്തിൽ സംഭവിച്ച ഇത്തരം വിട്ടുവീഴ്ചകളും, നഗരങ്ങളിൽ ന്യൂനപക്ഷങ്ങൾ അനുഭവിക്കുന്ന ചേരിവൽക്കരണവും ഒടുവിൽ എസ്.ഐ.ആറിലൂടെയുള്ള വോട്ടവകാശ നിഷേധവുമായി വളർന്നുനിൽക്കുകയാണ്.
ഇവിടെയാണ് നിലവിലെ എസ്.ഐ.ആർ വിരുദ്ധ പ്രക്ഷോഭത്തിലെ നേതൃത്വ-പ്രാതിനിധ്യ രാഷ്ട്രീയത്തിന്റെ സങ്കീർണതകൾ കൂടുതൽ സൂക്ഷ്മമായി വിലയിരുത്തപ്പെടേണ്ടത്. പ്രസ്തുത സമരത്തിൽ സി.ജെ.പി എന്ന യുവജന പ്രസ്ഥാനത്തിന്റെ പങ്കാളിത്തവും, നേഹ ബോറയെപ്പോലുള്ള നേതാക്കൾ സമരത്തിന്റെ മുഖ്യ ആഖ്യാതാക്കളും പ്രതീകങ്ങളുമായി ഉയർന്നുവരുന്നതും നിഷേധിക്കാനാവാത്ത യാഥാർത്ഥ്യമാണ്. ലിബറൽ-മധ്യവർഗ ബോധത്തെ തൃപ്തിപ്പെടുത്തുന്ന തരത്തിൽ ഭരണകൂട വീഴ്ചകളെ തുറന്നുകാട്ടാനും പൊതുസമൂഹത്തിന്റെ ശ്രദ്ധ പിടിച്ചുപറ്റാനും ഇത്തരം നേതൃത്വങ്ങൾക്ക് കഴിയുന്നുണ്ട് എന്നത് ഒരു വസ്തുതയായിരിക്കെത്തന്നെ, സമരത്തിന്റെ ആഴത്തിലുള്ള രാഷ്ട്രീയ ഉള്ളടക്കത്തെ അത് എത്രത്തോളം നിർവീര്യമാക്കുന്നു എന്നത് പരിശോധിക്കപ്പെടണം. ഭരണകൂടത്തിന് എളുപ്പത്തിൽ 'പൊതു പൗരന്റെ' പരാതിയായി സ്വാംശീകരിക്കാൻ സാധിക്കുന്ന ആഖ്യാനങ്ങൾ മാത്രമാണ് ഇവിടെ മുൻനിരയിലേക്ക് കൊണ്ടുവരപ്പെടുന്നത്.
എന്നാൽ, ഇതേ സമരത്തിൽ അടിത്തട്ടിൽ നിന്ന് നിർണായകമായ രാഷ്ട്രീയ-ആശയ പ്രതിരോധം തീർക്കുന്ന ഫ്രറ്റേണിറ്റി മൂവ്മെന്റ് പോലുള്ള സംഘടനകളും അവ മുന്നോട്ട് വെക്കുന്ന മുസ്ലിം സ്ത്രീ പ്രാതിനിധ്യവും എങ്ങിനെയാണ് അദൃശ്യവൽക്കരിക്കപ്പെടുന്നത് എന്നത് വ്യക്തമായ ഒരു അധികാര സമവാക്യത്തെയാണ് ചൂണ്ടിക്കാണിക്കുന്നത്. ഷഹീൻ ബാഗ് മുന്നോട്ട് വെച്ച വിപ്ലവകരമായ രാഷ്ട്രീയ ഏജൻസിയെയും മുസ്ലിം സ്വത്വത്തെയും സ്വാംശീകരിക്കാൻ ഇപ്പോഴും മുഖ്യധാരാ ലിബറൽ മണ്ഡലത്തിന് സാധിച്ചിട്ടില്ല. ഫ്രറ്റേണിറ്റിയിലെ പെൺകുട്ടികളും മുസ്ലിം സ്ത്രീകളും ഭരണഘടനാ സംരക്ഷണത്തിനായി സ്വന്തം സ്വത്വത്തിൽ ഉറച്ചുനിന്നുകൊണ്ട് തെരുവിൽ പോരാടുമ്പോൾ, ആ സാന്നിധ്യം മുഖ്യധാരാ മാധ്യമ-പൊതുമണ്ഡലങ്ങളിൽ നിന്ന് ബോധപൂർവം വെട്ടിമാറ്റപ്പെടുകയോ തമസ്കരിക്കപ്പെടുകയോ ചെയ്യുന്നു. മുസ്ലിം കർതൃത്വം ദൃശ്യമായാൽ സമരത്തിന് 'വർഗീയ' ചാപ്പ വീഴുമെന്ന ലിബറൽ ഭയവും, മുസ്ലിമിനെ കേവലം ഇരയായി മാത്രം കാണാൻ ആഗ്രഹിക്കുന്ന പൊതുബോധവുമാണ് ഈ രാഷ്ട്രീയ റദ്ദാക്കലിന് പിന്നിൽ പ്രവർത്തിക്കുന്നത്.
ചുരുക്കത്തിൽ, ഫാസിസ്റ്റ് ഭരണകൂടത്തിന്റെ ക്രൂരമായ അടിച്ചമർത്തലുകൾക്കെതിരെ പോരാടുമ്പോൾ പോലും തങ്ങളുടെ സ്വത്വത്തെയും രാഷ്ട്രീയ ഏജൻസിയെയും അടിയറവ് വെച്ചുകൊണ്ട് മാത്രമേ സമരങ്ങളുടെ മുൻനിരയിൽ ഇടം ലഭിക്കൂ എന്ന വിവേചനപരമായ അന്തരീക്ഷമാണ് സൃഷ്ടിക്കപ്പെടുന്നത്. സി.ജെ.പിയുടെയും നേഹ ബോറ അടക്കമുള്ളവരുടെയും സാന്നിധ്യം സ്വാഗതം ചെയ്യപ്പെടുമ്പോൾ തന്നെ, ഈ സമരത്തിന്റെ യഥാർത്ഥ ബാധിതരായ മുസ്ലിം ജനവിഭാഗങ്ങളുടെ രാഷ്ട്രീയ കർതൃത്വത്തെയും അവരുടെ പ്രതിനിധാനങ്ങളെയും പിന്നിലേക്ക് തള്ളിമാറ്റുന്ന സമീപനം ഫാസിസ്റ്റ് വിരുദ്ധ പോരാട്ടത്തിന്റെ അടിത്തറയെത്തന്നെയാണ് ദുർബലപ്പെടുത്തുന്നത്. തെരുവിൽ വിയർപ്പൊഴുക്കുന്ന യഥാർത്ഥ മനുഷ്യരുടെ രാഷ്ട്രീയത്തെ അംഗീകരിക്കാതെയും, അവരുടെ സ്വത്വപരമായ ദൃശ്യതയെ ഭയപ്പെട്ടുകൊണ്ടും ഒരു കാലത്തും സംഘ്പരിവാർ ഫാസിസത്തിനെതിരെയുള്ള പൂർണമായ രാഷ്ട്രീയ വിജയം സാധ്യമാകില്ല.
അതുകൊണ്ടുതന്നെ, ഇപ്പോഴത്തെ എസ്.ഐ.ആർ വിരുദ്ധ സമരം കേവലമൊരു തിരഞ്ഞെടുപ്പ് കമീഷണറുടെ രാജിയിലോ ബ്യൂറോക്രാറ്റിക് നടപടികളുടെ തിരുത്തലിലോ ഒതുങ്ങുന്ന ഒന്നല്ല; മറിച്ച് ഇന്ത്യയിലെ ന്യൂനപക്ഷങ്ങളുടെ പൗരത്വത്തെയും ഭരണഘടനാപരമായ നിലനിൽപ്പിനെയും തിരിച്ചുപിടിക്കാനുള്ള അസ്തിത്വ സമരമാണ്. സി.ജെ.പിയുടെയും നേഹ ബോറ അടക്കമുള്ളവരുടെയും സാന്നിധ്യം സമരത്തിന്റെ ആഘാതശേഷി വർധിപ്പിക്കുമ്പോൾത്തന്നെ, മുന്നോട്ടുവെക്കുന്ന മുസ്ലിം സ്ത്രീ പ്രാതിനിധ്യത്തെയും രാഷ്ട്രീയ കർതൃത്വത്തെയും ബോധപൂർവം അദൃശ്യവൽക്കരിച്ചുകൊണ്ട് ഒരു ജനാധിപത്യ പോരാട്ടത്തിനും മുന്നോട്ടുപോകാനാവില്ല. സമരങ്ങളെ ലിബറൽ പൊതുബോധത്തിന്റെ സൗകര്യപ്രദമായ അതിരുകളിൽ തളച്ചിടാതെ, തങ്ങളുടെ സ്വത്വത്തിൽ ഉറച്ചുനിന്നുകൊണ്ട് തെരുവിൽ ചോരയും നീരും നൽകി പോരാടുന്ന യഥാർത്ഥ ബാധിതരുടെ രാഷ്ട്രീയ ഏജൻസിയെ പൂർണമായും ഉൾക്കൊള്ളുമ്പോഴാണ് പ്രതിരോധങ്ങൾ അർത്ഥപൂർണമാകുന്നത്. മുസ്ലിം പൗരനെ വെറുമൊരു വോട്ടുബാങ്കോ അദൃശ്യ ഇരയോ ആയി മാറ്റിനിർത്താതെ, സമരമുഖങ്ങളിലും ഭരണഘടനാ കാൻവാസിലും പൂർണ ദൃശ്യതയോടും രാഷ്ട്രീയ അന്തസ്സോടും കൂടി തുല്യപങ്കാളിയായി അംഗീകരിക്കാൻ തയ്യാറാകാത്തിടത്തോളം കാലം സംഘ്പരിവാർ ഫാസിസത്തിനെതിരായ പോരാട്ടവും ഇന്ത്യ എന്ന റിപ്പബ്ലിക്കിന്റെ വീണ്ടെടുപ്പും പൂർത്തിയാകാത്ത ഒരു സ്വപ്നമായിത്തന്നെ അവശേഷിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.