ആ വർധനയുടെ ഭാരവും പ്രവാസികൾ ചുമക്കണോ?
ആഗോളവിപണിയിലെ ഇന്ധനവിലവർധനയുടെ പേരിൽ ഇൻഡിഗോ, എയർ ഇന്ത്യ, എയർ ഇന്ത്യ എക്സ്പ്രസ് തുടങ്ങിയ ഇന്ത്യൻ വിമാനക്കമ്പനികൾ പുതിയ ഇന്ധന സർചാർജ് നിരക്കുകൾ പ്രഖ്യാപിച്ചിരിക്കുകയാണ്. പശ്ചിമേഷ്യൻ റൂട്ടുകളിൽ ഒരു ദിശയിലേക്ക് 55 ഡോളറും യൂറോപ്പിലേക്ക് 135 ഡോളറും വരെയാണ് എയർ ഇന്ത്യ നിശ്ചയിച്ചിട്ടുള്ള സർചാർജ്. പ്രവാസികളുടെ യാത്രാച്ചെലവിൽ വീണ്ടും വർധനയുണ്ടാകുമ്പോൾ അത് കേവലം ടിക്കറ്റ് നിരക്കിന്റെ മാത്രം പ്രശ്നമല്ല. കുടുംബബന്ധങ്ങൾ നിലനിർത്താനും അവധിക്കാലത്ത് നാട്ടിലെത്താനും അടിയന്തരസാഹചര്യങ്ങളിൽ ഓടിയെത്താനും വിമാനയാത്രയെ ആശ്രയിക്കുന്ന ലക്ഷക്കണക്കിന് സാധാരണക്കാരുടെ ജീവിതത്തെയാണ് അത് നേരിട്ട് ബാധിക്കുന്നത്. സാധാരണ തൊഴിലാളികൾക്കും വിദ്യാർഥികൾക്കും രോഗികൾക്കുമെല്ലാം ഇത് താങ്ങാനാവാത്ത അധികബാധ്യതയാണ് സൃഷ്ടിക്കുന്നത്.
അന്താരാഷ്ട്ര എണ്ണവില, വിതരണശൃംഖലയിലെ തടസ്സങ്ങൾ, യുദ്ധഭീതിയിൽ വിമാനപ്പാതകൾ വഴിതിരിച്ചുവിടുന്നത്, ഡോളറിനെതിരെ രൂപയുടെ മൂല്യത്തകർച്ച എന്നിവയെല്ലാം കമ്പനികളുടെ പ്രവർത്തനച്ചെലവ് വർധിപ്പിക്കുന്നു എന്നത് യാഥാർഥ്യമാണ്. എന്നാൽ, ബിസിനസിലെ ചെലവ് കൂടുമ്പോഴൊക്കെ അതിന്റെ മുഴുവൻ ഭാരവും ഉപഭോക്താക്കളുടെമേൽ കെട്ടിവെക്കുന്നത് എന്തുതരം നയമാണ്? ലാഭം ലഭിക്കുന്ന കാലങ്ങളിൽ ഭാവിയിലെ ഇത്തരം തിരിച്ചടികൾ നേരിടാൻ കമ്പനികൾ എന്തുകൊണ്ട് കരുതൽ നടപടികൾ സ്വീകരിക്കുന്നില്ല?
ഇതിന് ബദലായി നടപ്പിലാക്കാവുന്ന ഒട്ടേറെ പ്രായോഗികമാർഗങ്ങളുണ്ട്. ചിലത് താഴെ നിർദേശിക്കുന്നു.
ഫ്യൂവൽ ഹെഡ്ജിങ്
ഭാവിയിൽ ആവശ്യമുള്ള ഇന്ധനത്തിന്റെ ഒരു നിശ്ചിതവിഹിതം മുൻകൂട്ടി നിശ്ചയിച്ച വിലയ്ക്ക് സാമ്പത്തികകരാറുകളിലൂടെ ഉറപ്പിച്ചുനിർത്തുന്ന രീതിയാണിത്. വിപണിയിൽ പെട്ടെന്ന് വില ഉയർന്നാലും കമ്പനികളുടെ ചെലവ് കുതിച്ചുയരുന്നത് നിയന്ത്രിക്കാൻ ഇത് സഹായിക്കും.
ഇന്ധനവില സ്ഥിരതാസംവിധാനം
വിമാനക്കമ്പനികളും എണ്ണക്കമ്പനികളും സർക്കാരും കൈകോർക്കുന്ന ദീർഘകാലകരാറുകൾ. ഏവിയേഷൻ ടർബൈൻ ഫ്യൂവൽ വിലയിലെ ചാഞ്ചാട്ടം നേരിടാൻ കേന്ദ്രസർക്കാർ പ്രഖ്യാപിച്ച പലിശരഹിത മുൻകൂർ സഹായമാതൃകകൾ ഇതിന് ഉദാഹരണമാണ്.
ഇന്ധനവില ബഫർ ഫണ്ട്
വരുമാനവും ലാഭവും മെച്ചപ്പെട്ട കാലങ്ങളിൽ വിമാനക്കമ്പനികൾ സ്വന്തം വരുമാനത്തിൽനിന്ന് ഒരു വിഹിതം മാറ്റിസ്ഥാപിക്കുന്ന കരുതൽധനം. പ്രതിസന്ധിഘട്ടങ്ങളിൽ ഈ ഫണ്ട് ഉപയോഗിച്ച് വിലക്കയറ്റം ഒരു പരിധിവരെ നേരിടാനാകും.
ഇതോടൊപ്പം ഇന്ധന സർചാർജ് ഏർപ്പെടുത്തുമ്പോൾ പാലിക്കേണ്ട സുതാര്യതയും അനിവാര്യമാണ്:
- ഇന്ധനവില എത്ര വർധിച്ചു, ഒരു യാത്രക്കാരന് ആനുപാതികമായി എത്ര അധികച്ചെലവ് വന്നു, അതിൽ എത്ര ശതമാനം കമ്പനി വഹിക്കുന്നു തുടങ്ങിയ കണക്കുകൾ പൊതുസമക്ഷം വ്യക്തമാക്കണം.
- ഇന്ധനവില കുറയുമ്പോൾ സർചാർജും ആനുപാതികമായി പിൻവലിക്കാനുള്ള കൃത്യമായ കാലാവധിയും പുനഃപരിശോധനാ തീയതിയും നിശ്ചയിക്കണം.
- ടിക്കറ്റ് നിരക്കും സർചാർജും നികുതികളും വേർതിരിച്ച് രേഖപ്പെടുത്തി സുതാര്യത ഉറപ്പാക്കണം.
പ്രവാസി പരിഗണന അർഹിക്കുന്നുണ്ട് സർ
നാട്ടിലേക്ക് പണമയച്ച് രാജ്യത്തിന്റെ വിദേശനാണ്യശേഖരത്തിന് കരുത്തേകുന്ന ഗൾഫ് പ്രവാസികൾക്ക് വിമാനയാത്ര ഒരു ആഡംബരമല്ല, മറിച്ച് ജീവിതത്തിന്റെ അനിവാര്യതയാണ്. ഓണം, പെരുന്നാൾ, സ്കൂൾ അവധിക്കാലങ്ങളിൽ ‘ഡൈനാമിക് പ്രൈസിങ്’ വഴിയും സീറ്റ് സെലക്ഷൻ ചാർജുകൾ വഴിയും യാത്രക്കാരെ പരമാവധി പിഴിഞ്ഞ ശേഷമാണ് ഈ അധിക സർചാർജ് കൂടി അടിച്ചേൽപ്പിക്കുന്നത്. അതും ആവശ്യത്തിന് ലെഗ്റൂമോ കൃത്യസമയത്ത് പറക്കലോ ഉറപ്പില്ലാത്ത സർവീസുകൾക്കായി!
വിമാനക്കമ്പനികൾ സാമ്പത്തികമായി നിലനിൽക്കേണ്ടതുണ്ട്; എന്നാൽ ആ വളർച്ച യാത്രക്കാരെ ചൂഷണം ചെയ്തുകൊണ്ടാകരുത്. ലാഭം ലഭിക്കുമ്പോൾ കമ്പനിയുടെ നേട്ടമായും, നഷ്ടമുണ്ടാകുമ്പോൾ പൗരരുടെ ബാധ്യതയായും കാണുന്ന ഇരട്ടത്താപ്പ് അവസാനിക്കണം. വിമാനക്കമ്പനികളുടെ സുരക്ഷ ഉറപ്പാക്കുന്നതിനൊപ്പം പ്രവാസി പൗരരുടെ സാമ്പത്തികസുരക്ഷയും സംരക്ഷിക്കാൻ വ്യോമയാന മന്ത്രാലയവും കമീഷണറും ഉൾപ്പെടുന്ന ബന്ധപ്പെട്ട അധികാരികൾ അടിയന്തരമായി ഇടപെടേണ്ടതുണ്ട്.
(വേൾഡ് കെ.എം.സി.സി വൈസ് പ്രസിഡന്റാണ് ലേഖകൻ)
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.