നല്ല മനുഷ്യർക്കായുള്ള നല്ല ചിന്തകളുടെ അനേകം വാതായനങ്ങൾ തുറന്നിട്ടു കൊണ്ടാണ് കേരളത്തിന്‍റെ രാജ്യാന്തര ചലച്ചിത്രമേളയുടെ ഇരുപത്തൊന്നാമത് എഡിഷന് അനന്തപുരിയിൽ സമാപനം കുറിച്ചത്. നിലനിൽപിനായുള്ള പോരാട്ടത്തിനും സ്വാതന്ത്ര്യ സംരക്ഷണത്തിനായുള്ള ചെറുത്തുനിൽപിന്‍റെയും മുഷ്ടി ചുരുട്ടലിന് വർണത്തിന്‍റെയും ഭാഷയുടെയും മതത്തിന്‍റെയും ഭൂഖണ്ഡത്തിന്‍റെയുമെല്ലാം അതിർത്തികൾ കൊണ്ട് വേലി കെട്ടുവാനാകില്ലെന്ന സെല്ലുലോയ്ഡൻ കാഴ്ചയുടെ പ്രഖ്യാപനം കൂടി നടത്തിക്കൊണ്ടാണ് മേളക്ക് കൊടിയിറങ്ങിയത്.
ഇറ്റലി-ഫ്രാൻസ് സംയുക്ത ചിത്രമായ മെഡിറ്റേ റീനയും കറുത്തവന്‍റെ പലായനത്തിന്‍റെ പിന്നിലെ വേദനയുടെ കഥ തന്നെയാണ് പറയുന്നത്. ജനകീയ വിപ്ലവത്തിന് മുൻപുള്ള കൈറോ നഗരത്തിന്‍റെ കാഴ്ചകളിലൂടെയുള്ള ഇൻ ദ ലാസ്റ്റ് ഡേ ഓഫ് ദി സിറ്റിയാകട്ടെ ഒരേസമയം പലായനം മനസ് കൊണ്ടാഗ്രഹിക്കുന്ന ഒരു ജനതയുടെയും ജനകീയ വിപ്ലവത്തിന് മുൻപുള്ള അരക്ഷിതാവസ്ഥയുടെ പരിസരം കൂടി പർച്ച ചെയ്യുന്ന ചലച്ചിത്രമാണ്. സിൻ നൊമ്പൂ റേയും ഈ വിഭാഗത്തിൽ പ്രേക്ഷകരുടെ മനം കീഴടക്കിയ ചലച്ചിത്രങ്ങളിൽപ്പെട്ടവയാണ്.
അവസാന ദിവസത്തിലാണ് പ്രേക്ഷകന്‍റെ മുന്നിലെത്തിയതെങ്കിലും ലാറ്റിനമേരിക്കൻ സിനിമയുടെ പ്രമേയപരമായ ശക്തിയും അർജന്‍റീനിയൻ ചിത്രത്തിന്‍റെ പരീക്ഷണരീതിയും കൊണ്ട് ഒസ്ക്യൂറോ അനിമലും കേരളത്തിന്‍റെ അടുത്ത രാജ്യാന്തര ചലച്ചിത്രമേള വരെ നീണ്ടു നിൽകുന്ന കാഴ്ചാനുഭവമാണ് മലയാളികൾക്ക് സമ്മാനിച്ചത്. ഇതുപോലെ സിനിമാ, സൗദി അറേബ്യ എന്നിങ്ങനെ പലപ്പോഴും ഒരേസമയത്ത് കൂടി ചേരുമോയെന്ന് സംശയമുള്ള പ്രേക്ഷകരുടെയടുത്ത് സൗദി അറേബ്യൻ ലേബലിൽ എത്തിയ ബരാഖാ യുക്കബിൽ ബരാഖായും ഈ മേളയുടെ പുതുമകളിലൊന്നായി അടുത്ത രാജ്യാന്തര മേള വരെ മലയാളിയുടെ മനസിൽ നിറഞ്ഞു നിൽക്കുമെന്ന കാര്യത്തിൽ സംശയമേ വേണ്ട.
ഇതു വരെയുള്ള ചലച്ചിത്രമേളകളിൽ നിന്ന് തിർത്തും ഈ ചലച്ചിത്രോത്സവത്തെ വ്യത്യസ്തമാക്കിയത് സുപ്രീംേകാടതി വിധിയെ തുടർന്നുള്ള ദേശീയ ഗാനാലാപന വിവാദം കൂടിയായിരുന്നു. ദേശീയഗാനാലാപന സമയത്ത് എണീറ്റു നിൽക്കാതിരുന്ന ഏതാനും യുവാക്കളെ പൊലീസ് കസ്റ്റഡിയിലെടുത്തത്. സിനിമാ തൽപരർ എന്നതിനപ്പുറം പൊതുജനത്തിന്‍റെയും ശ്രദ്ധ പൂർണമായി ഐ.എഫ്.എഫ്.കെയിലേക്ക് തിരിയുന്നതിന് കാരണമാകുകയായിരുന്നു. മേളയുടെ രണ്ടാം ദിനത്തിൽ ആറു പേരെയും തൊട്ടടുത്തെ ദിവസം ഏതാനും പേരെയുമാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്.
ഇതോടു കൂടി കേന്ദ്ര സർക്കാറിന്‍റെ ചട്ടുകമായി സംസ്ഥാന സർക്കാർ മാറുന്നുവെന്ന ചർച്ചക്ക് തുടക്കമായി. യുവമോർച്ച ഇതിനിടെ അക്കാദമി ചെയർമാൻ കമലിന്‍റെ വീട്ടിലേക്ക് മാർച്ച് നടത്തിയതോടെ സാംസ്കാരിക വിഷയത്തിനപ്പുറം ഇതിന് മറ്റൊരു മാനം കൂടി കൈവന്നു. എന്നാൽ, ശക്തമായ ഒരു പൊതുരാഷ്ട്രീയ വിഷയത്തിലുള്ള വിവാദത്തിനും ചർച്ചക്കും കൂടി ഇപ്രാവശ്യം വേദിയായി. അതിലപ്പുറം ദേശീയ മാധ്യമങ്ങളിലടക്കം ഈ വിഷയം സജീവ ചർച്ചയാകുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.