പുര കത്തുമ്പോൾ കഴുക്കോൽ ഊരുന്നവർ

രാജ്യസഭാ സീറ്റിനെ ചൊല്ലി  യുവ എം.എൽ.എമാർ തൊടുത്തു വിട്ട കലാപം മധ്യ വയസ്‌കരിലേക്കും വന്ദ്യ വയോധികരിലേക്കും പടർന്ന്​ കെട്ടുപൊട്ടിയ പട്ടം പോലെ ആയിരിക്കുകയാണ് കോൺഗ്രസ് പാർട്ടി. കോൺഗ്രസിന്റെ ഭൂതകാലം അറിയുന്നവർ ഇതിൽ  അസാധാരണത്വമൊന്നും കാണുന്നില്ല. ഇമ്മാതിരി വിവാദ വിഷയങ്ങൾ കുറച്ചു ദിവസം വാർത്താ മാധ്യമങ്ങളിൽ നിറഞ്ഞു നിന്ന ശേഷം താനെ കെട്ടടങ്ങുകയാണ് പതിവ്.  രാജ്യസഭാ സീറ്റ് കോൺഗ്രസിൽ നിന്ന് അടിച്ചു മാറ്റി കെ.എം മാണിയുടെ മകനു സമ്മാനിച്ച രാഷ്ട്രീയ പ്രക്രിയയിലെ മുഖ്യ കഥാപാത്രമായ പി.കെ കുഞ്ഞാലിക്കുട്ടി വിശേഷിപ്പിച്ചതു പോലെ ചായക്കോപ്പയിലെ കൊടുങ്കാറ്റ് അതിനുള്ളിൽ തന്നെ ഒടുങ്ങേണ്ടതാണ്. പക്ഷേ ഇത്തവണ താഴെ തട്ടു മുതൽ മുകൾത്തട്ട് വരെ അതു  പടർന്നു പിടിച്ചു. കൗരവസഭയിൽ പാഞ്ചാലിയെ വസ്ത്രാക്ഷേപം ചെയ്തതു പോലെ കോൺഗ്രസ് പാർട്ടിയെ അതിലെ സമുന്നത നേതാക്കൾ തന്നെ പരസ്യമായി ഉടുമുണ്ടഴിച്ചു പൊതുജനങ്ങൾക്ക് മുന്നിൽ പ്രദർശിപ്പിച്ചു.


 
ചാനൽ മൈക്ക് കാണുമ്പോൾ എന്തും ഏതും വിളിച്ചു പറയാനും ഒരു പാർട്ടിയുടെ ഉത്തരവാദപ്പെട്ട പദവിയിലിരുന്നു ആ പാർട്ടിയെ അലക്കി വെളുപ്പിക്കാനും ലൈസൻസ് ഉള്ള രണ്ടു പേരാണ് കേരള സംസ്ഥാനത്തു ഇതു വരെ ഉണ്ടായിരുന്നത്. പി സി ജോര്ജും രാജ്‌മോഹൻ ഉണ്ണിത്താനും. അവരുടെ ഗണത്തിലേക്ക് പുതുതായി രണ്ടു പേർ കൂടി എത്തിയ പ്രതീതിയാണ് വി.എം സുധീരനും പി.ജെ കുര്യനും ചേർന്നു സൃഷ്ടിച്ചത്. ഇവർ പങ്കെടുത്ത കെ.പി.സി.സി നേതൃ യോഗം പരസ്യ പ്രസ്താവനക്ക് വിലക്ക് ഏർപ്പെടുത്തിയതിന്റെ ചൂടാറും മുൻപാണ് വാർത്താ സമ്മേളനം വിളിച്ചു ഇരുവരും പൊതു നിരത്തിൽ പാർട്ടിയെ അലക്കിയത്. സാധാരണ നിലയിൽ വേറെ ഏതു പാർട്ടിയാണെങ്കിലും ഇങ്ങനെ നില വിട്ടു പെരുമാറുന്നവരെ വെച്ചു പൊറുപ്പിക്കാറില്ല. പക്ഷേ കോൺഗ്രസിൽ ജനാധിപത്യം കലശലായതു കൊണ്ട്​ ഒന്നും സംഭവിച്ചില്ല.

എഴുപതു കഴിഞ്ഞ ബഹുമാന്യരായ നേതാക്കളാണ് സുധീരനും കുര്യനും. സംസ്ഥാന രാഷ്ട്രീയത്തിലും ദേശീയ രാഷ്ട്രീയത്തിലും ഉയർന്ന പദവികൾ വഹിച്ചവർ. ആലപ്പുഴ ലോക്സഭാ മണ്ഡലത്തിൽ നിന്നു നാലു തവണയാണ് സുധീരനെ കോൺഗ്രസ് പാർട്ടി പാർലിമെന്റിലേക്കു ജയിപ്പിച്ചു വിട്ടത്. 1980 മുതൽ 96 വരെ സംസ്ഥാന നിയമസഭാ അംഗം. ഇതിനിടയിൽ സ്പീക്കറും ആരോഗ്യ മന്ത്രിയുമായി. കെ.എസ്.യു പ്രസിഡന്റും യൂത്ത് കോൺഗ്രസ് പ്രസിഡന്റും ആയ സുധീരൻ കെ.പി.സി.സി പ്രസിഡന്റ് പദവിയിലുമെത്തി. കോൺഗ്രസിൽ അദ്ദേഹത്തിന്റെ കാലത്തു രാഷ്ട്രീയ പ്രവർത്തനം ആരംഭിച്ച പലർക്കും ഇങ്ങനെ ഉയരങ്ങൾ എത്തിപ്പിടിക്കാൻ കഴിഞ്ഞിട്ടില്ല. 

പി.ജെ കുര്യനെ കുറിച്ച് പറയുകയാണെങ്കിൽ നാലു പതിറ്റാണ്ടായി അദ്ദേഹം ലോക്സഭയിലും രാജ്യസഭയിലും അംഗമാണ്. 1980 മുതൽ 2018 വരെ. ഇതിനിടയിൽ കേന്ദ്ര മന്ത്രിയും രാജ്യസഭാ ഡെപ്യൂട്ടി ചെയർമാനുമായി. സൂര്യനെല്ലി അടക്കം വിവാദങ്ങളിൽ പെട്ടിട്ടും പാർട്ടി കുര്യനെ കൈവിട്ടില്ല. 

കോൺഗ്രസിലെ പഴയ ആന്റണി വിഭാഗത്തിലെ പ്രമുഖരായിരുന്നു ഈ രണ്ടു നേതാക്കളും. ആന്റണിയുടെ പേരിൽ ആവിർഭാവം കൊണ്ട എ ഗ്രൂപ്പിന്റെ എല്ലാക്കാലത്തെയും ലെഫ്റ്റനന്റ് കമാൻഡറായ  ഉമ്മൻചാണ്ടിയുടെ അടുത്ത ആളുകൾ. ഇടക്കാലത്തു ചാണ്ടിയുമായി ഇരുവരും അകന്നു. കുര്യൻ രമേശ് ചെന്നിത്തല നയിക്കുന്ന ഐ വിഭാഗവുമായി അടുത്തപ്പോൾ സുധീരൻ ഗ്രൂപ്പ് രഹിത പ്രതിശ്ചായ സൃഷ്ടിച്ചെടുക്കാൻ പരിശ്രമിച്ചു. ഗ്രൂപ്പില്ലാത്ത കെ.പി.സി.സി പ്രസിഡന്റായി അവരോധിതനായ സുധീരനു  ഇരു ഗ്രൂപ്പുകളെയും യോജിപ്പിച്ചു കൊണ്ടു പോകാൻ കഴിഞ്ഞില്ല. മൂന്നാമതൊരു ഗ്രൂപ്പ് സൃഷ്ടിക്കാൻ അദ്ദേഹം നടത്തിയ ശ്രമം വിജയിച്ചതുമില്ല. കോൺഗ്രസിന്റെ പതിനാലു ജില്ലാ കമ്മിറ്റികളിലും എ -ഐ  ഗ്രൂപ്പുകൾ നൽകിയ ലിസ്റ്റിനു പുറമെ സ്വന്തക്കാരായ  കുറേ പേരെ  ഭാരവാഹികളാക്കിയതു സുധീരനാണ്. ഡി.സി.സികളിൽ ഇതുമൂലം ജംബോ കമ്മിറ്റികൾ വന്നു പാർട്ടി പൊതുജന മധ്യത്തിൽ നാണം കെട്ടത് മിച്ചം. ഗ്രൂപ്പ് ഇല്ലാത്തവരുടെ ഗ്രൂപ്പ് സൃഷ്ടിക്കാനുള്ള നീക്കം പരാജയപ്പെട്ട്​ ഒടുവിൽ സുധീരനു രാജി വെച്ചൊഴിയേണ്ടി വന്നു. 

കുര്യന്റെ അടങ്ങാത്ത പാർലിമെന്ററി മോഹമാണ് പാർട്ടിക്കെതിരെ തിരിയാൻ അദ്ദേഹത്തെ പ്രേരിപ്പിച്ചതെങ്കിൽ കാലാവധി പൂർത്തിയാക്കാൻ കഴിയാതെ പാർട്ടി പദവി ഒഴിയേണ്ടി വന്നതിലെ അമർഷമാണ് സുധീരനിൽ നിന്നു പൊട്ടിയൊലിച്ചത്. അടക്കി വെച്ചതു പുറത്തേക്കു വരാൻ രാജ്യസഭാ സീറ്റ് ദാനം നിമിത്തമായെന്നേ ഉള്ളൂ.  

രാജ്യസഭയിലെയും ലോക്സഭയിലെയും സീറ്റുകൾ മുൻകാലങ്ങളിലും മാനദണ്ഡങ്ങളൊന്നും പാലിക്കാതെ ഘടക കക്ഷികൾക്ക് കൊടുത്ത ചരിത്രം കോൺഗ്രസിനുണ്ട്.  കെ കരുണാകരന്റെ കാലത്തു വയലാർ രവിക്ക് കിട്ടേണ്ട സീറ്റ് ലീഗിലെ അബ്ദുസമദ് സമദാനിക്കു നൽകിയിട്ടുണ്ട്. രാജ്യസഭയിൽ ഒഴിവു വന്ന രണ്ടാമത്തെ സീറ്റ് എം.എ കുട്ടപ്പനെന്നു പ്രഖ്യാപിച്ച ശേഷം ലീഗിനു കൈമാറിയിട്ടുണ്ട്. അന്നു കരുണാകരന്റെ മന്ത്രിസഭയിൽ നിന്നു രാജി വെച്ചു കേരളമാകെ വാർത്താസമ്മേളനം നടത്തിയ ഉമ്മൻചാണ്ടിയുടെ മുൻകയ്യിലാണ്‌ ഇപ്പോഴത്തെ സീറ്റ് ദാനം നടന്നത്‌. യു.ഡി.എഫിലെ രണ്ടാം കക്ഷിയായ മുസ്‌ലിം ലീഗ്  പല നിർണായക ഘട്ടങ്ങളിലും അവരുടെ സീറ്റുകൾ കോൺഗ്രസിനും കൊടുത്തിട്ടുണ്ട്. കെ. കരുണാകരനെ മാറ്റി എ.കെ ആന്റണി മുഖ്യമന്ത്രിയായപ്പോൾ നിയമസഭയിലേക്ക് ജയിപ്പിക്കാൻ ലീഗിന്റെ സുരക്ഷിത സീറ്റായ തിരൂരങ്ങാടി വിട്ടു നൽകിയിട്ടുണ്ട് . കോൺഗ്രസിനെ പിളർത്തി കെ. കരുണാകരൻ ഉണ്ടാക്കിയ ഡി. ഐ. സിയെ യു.ഡി.എഫുമായി സഹകരിപ്പിച്ചു നിയമസഭയിൽ മത്സരിക്കാൻ ലീഗിന്റെ മണ്ഡലമായ കൊടുവള്ളി കെ. മുരളീധരന് വിട്ടു കൊടുത്തിട്ടുണ്ട്. പി. വി അബ്ദുൽ വഹാബിന്റെ കാലാവധി കഴിഞ്ഞപ്പോൾ ഒഴിവു വന്ന രാജ്യസഭാ സീറ്റ് എ. കെ ആന്റണിക്ക് വേണ്ടി താൽകാലികമായി മാറി കൊടുത്തിട്ടുണ്ട്. ഇത്തരത്തിൽ കൊടുക്കൽ വാങ്ങലുകളുടെ എത്രയോ ഉദാഹരണങ്ങൾ യു. ഡി. എഫ് രാഷ്ട്രീയത്തിൽ കണ്ടെത്താനാകും. പക്ഷേ , കെ. എം മാണിയുടെ കേരളാ കോൺഗ്രസിനെ തിരിച്ചു കൊണ്ടു വരാൻ രാജ്യസഭാ സീറ്റ് കൊടുത്തപ്പോൾ പ്രതീക്ഷിച്ചതിലും അപ്പുറത്തേക്ക് കാര്യങ്ങൾ എത്തി. തെറ്റു പറ്റിയെന്നു രമേശ് ചെന്നിത്തലക്ക് ഏറ്റു പറയേണ്ടി വന്നു . 

ഒറ്റ നോട്ടത്തിൽ ഇതത്ര വലിയ പാതകമൊന്നുമല്ല. കേരളത്തിൽ യു.ഡി.എഫിനും എൽ.ഡി.എഫിനും ബദലായി എൻ.ഡി.എ സജീവ സാന്നിധ്യമായ സാഹചര്യത്തിൽ വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പിൽ  കടുത്ത ത്രികോണ മത്സരമാണ് നടക്കാൻ പോകുന്നത്. അതിൽ  സീറ്റുകൾ ജയിക്കാൻ കെ. എം മാണിയുടെ പാർട്ടിയെ  കൂടെ നിർത്തിയേ പറ്റൂ എന്ന തിരിച്ചറിയലിൽ നിന്നാകാം  രാജ്യസഭാ സീറ്റ് കൊടുക്കാൻ കോൺഗ്രസ് തയ്യാറായത്. ലീഗിന്റെ രണ്ടും മാണിയുടെയും ആർ. എസ്. പിയുടെയും ഓരോ സീറ്റുകളും ഒഴിച്ചാൽ ഇരുപതിൽ പതിനാറിലും മത്സരിക്കുന്ന പാർട്ടിയാണ് കോൺഗ്രസ്. ചെങ്ങന്നൂർ ഉപതെരഞ്ഞെടുപ്പിൽ അവസാന നിമിഷം ഉണ്ടാക്കിയെടുത്ത പിന്തുണ ഗുണം ചെയ്തില്ലെങ്കിലും മധ്യതിരുവിതാംകൂറിലെ ലോക്സഭാ സീറ്റുകൾ ജയിക്കാൻ മാണിയുടെ പിന്തുണ കോൺഗ്രസിനു അത്യന്താപേക്ഷിതമാണ്. സി. പി. ഐ കഠിനമായി എതിർത്തിട്ടും ചെങ്ങന്നൂരിൽ എൽ .ഡി. എഫ് വിരുദ്ധ നിലപാട് എടുത്തിട്ടും മാണിയെ കുറിച്ചുള്ള പ്രതീക്ഷ സി. പി. എം കൈവിടാതിരുന്നതിന്റെ കാരണവും മറ്റൊന്നല്ല. എന്നാൽ, കിട്ടിയ സീറ്റിൽ മാണി  നടത്തിയ സ്ഥാനാർഥി നിർണയമാണ് കോൺഗ്രസിനെ കുഴിയിൽ ചാടിച്ചത്. 

കോട്ടയം ലോക്സഭാ അംഗം കൂടിയായ മകൻ ജോസ് കെ മാണിയെ  അല്ലാതെ മറ്റൊരാളെയും  രാജ്യസഭയിലേക്ക് കണ്ടെത്താൻ മാണിക്കു കഴിഞ്ഞില്ല. ഇതു വഴി ഒരു കൊല്ലത്തോളം കോട്ടയം ലോക്സഭാ മണ്ഡലം ഒഴിഞ്ഞു കിടക്കും. അവിടുത്തെ ജനങ്ങളോട് ഇതിൽപരം ഒരു അനീതി ചെയ്യാനില്ല. സാങ്കേതികമായി തെറ്റില്ലെങ്കിലും തീർത്തും അധാർമികവും ജനാധിപത്യ വിരുദ്ധവുമായ നടപടിയാണിത്. രാജ്യസഭാ സീറ്റ് ദാനത്തിൽ ഉമ്മൻചാണ്ടിക്കും രമേശ് ചെന്നിത്തലക്കും പാർട്ടിക്ക് മുന്നിൽ പിടിച്ചു നിൽക്കാൻ പറ്റാത്ത സാഹചര്യം സൃഷ്ടിച്ചത് സീറ്റ് ദാനത്തേക്കാളുപരി ഈ സ്ഥാനാർഥി നിർണയമായിരുന്നു .  

പാർട്ടിക്കെതിരെ പൊട്ടിത്തെറിക്കാനും മനസ്സിൽ കരുതി വെച്ചതെല്ലാം പറഞ്ഞു തീർക്കാനും ഇതു അവസരമായി കണ്ട സുധീരൻ  മറ്റൊരു നേതാവും പറയാത്ത വിധം അനഭിലഷണീയമായ തലത്തിലേക്ക്‌  വരെ  കാര്യങ്ങളെ കൊണ്ടു പോകാൻ ശ്രമിച്ചു. കേരളാ കോൺഗ്രസിനു രാജ്യസഭാ സീറ്റ് കൊടുക്കുന്നതു വർഗീയ ധ്രുവീകരണം ഉണ്ടാക്കുമെന്നാണ് സുധീരൻ പറഞ്ഞത്. 2012 ൽ യു ഡി എഫിൽ അഞ്ചാം മന്ത്രി വിവാദം ഉണ്ടായപ്പോഴും സുധീരൻ കടുത്ത വിമർശം കോൺഗ്രസിനെതിരെ അഴിച്ചു വിട്ടിരുന്നു. മഞ്ഞളാംകുഴി അലിയെ  ലീഗിന്റെ അഞ്ചാമത്തെ മന്ത്രിയാക്കാൻ യു. ഡി. എഫ് തീരുമാനിച്ചപ്പോൾ അതു വർഗീയ ധ്രുവീകരണമുണ്ടാക്കുമെന്നു സി. പി. എമ്മാണ് ആദ്യം പറഞ്ഞത്. ഇത്തവണ അത്തരത്തിൽ ഒരു പ്രസ്താവന നടത്താൻ സി. പി. എമ്മു പോലും തയ്യാറാകാത്തിടത്താണ് സുധീരൻ അതിരു വിട്ടത്.

ഏതു രാഷ്ട്രീയ പ്രസ്ഥാനത്തിന്റെയും നിലനിൽപ് അച്ചടക്കത്തിൽ അധിഷ്ഠിതമാണ് .ജനാധിപത്യ പാർട്ടികളിൽ എതിർപ്പ് രേഖപ്പെടുത്താനുള്ള സംവിധാനങ്ങൾ  എത്രയോ ഉണ്ട്. പക്വതയും പാകതയും ഉള്ള നേതാക്കൾ അതു ഉപയോഗപ്പെടുത്തി പുതു തലമുറയ്ക്ക് മാതൃകയാകുകയാണ് പതിവ്. അല്ലാതെ അവർ സ്വയം പൊട്ടിത്തെറിച്ചു സർവ്വതിനേയും ഭസ്മമാക്കാൻ ശ്രമിക്കാറില്ല. കോൺഗ്രസിന്റെ കാര്യം ഉമ്മൻചാണ്ടിയും രമേശ് ചെന്നിത്തലയും സ്വാഭീഷ്ടപ്രകാരം തീരുമാനിക്കേണ്ടതല്ല. പാർട്ടി ഫോറങ്ങളിലാണ്  തീരുമാനിക്കപ്പെടേണ്ടത്. അതവർ ലംഘിക്കുമ്പോൾ പ്രതികരിക്കേണ്ടതു വ്യവസ്ഥാപിത മാര്ഗങ്ങളിലൂടെ ആയിരിക്കണം. അല്ലാതെ മൈക്ക് കെട്ടി പ്രസംഗിക്കുകയല്ല വേണ്ടത്. 

ചരിത്രത്തിലെ ഏറ്റവും വലിയ വെല്ലുവിളിയാണ് കോൺഗ്രസ് നേരിടാൻ പോകുന്നത്. 2019 ലെ തെരഞ്ഞെടുപ്പിൽ നരേന്ദ്രമോദിയെ പുറത്താക്കി അധികാരം പിടിച്ചില്ലെങ്കിൽ പാർട്ടിയുടെ നിലനിൽപ് തന്നെ അപകടത്തിലാകും. ഇമ്മാതിരി ഘട്ടങ്ങളിൽ  വലിയ വിട്ടുവീഴ്ചകളിലേക്കു ഏതു പാർട്ടിക്കും നീങ്ങേണ്ടി വരും.  അനിവാര്യതകളിൽ പാർട്ടിക്ക് താങ്ങാകേണ്ടവർ പുര കത്തുമ്പോൾ കഴുക്കോൽ ഊരാൻ ശ്രമിക്കരുത്. പാർട്ടിയിൽ നിന്നു നേടിയതിന്റെയും  പാർട്ടിക്ക് തിരിച്ചു കൊടുത്തതിന്റെയും കണക്കെടുക്കട്ടെ അവർ. 

Tags:    
News Summary - Clashes in Congress on Rajyasabha Seat - Article

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.