ദേശീയ രാഷ്ട്രീയത്തിൽ ഏറെ പ്രത്യാഘാതങ്ങളുണ്ടാക്കുന്നതാണ് ബി.ജെ.പി നയിക്കുന്ന ദേശീയ ജനാധിപത്യ സഖ്യത്തിന്റെ ബിഹാറിലെ മഹാ വിജയം. മുഖ്യ തെരഞ്ഞെടുപ്പ് കമീഷണർ നയിക്കുന്ന കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷനും ചേർന്നാണ് ഇൻഡ്യ സഖ്യത്തിന് ഈ വൻ പരാജയം സമ്മാനിച്ചതെന്ന് ഇതിനകം ആരോപണം ഉയർന്നുകഴിഞ്ഞു. ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി വോട്ട് ചോരിക്കെതിരെ ആസൂത്രണം ചെയ്ത വോട്ടർ അധികാർ യാത്ര പിന്നീട് എസ്.ഐ.ആറിനെതിരെ കൂടിയാകുകയും ആർ.ജെ.ഡിയുവും ഇടതുപാർട്ടികളും അതിൽ പങ്കാളികളായി അത് വൻ വിജയമായി മാറി ബിഹാറിൽ മഹാസഖ്യം അധികാരത്തിലേറുമെന്ന് തോന്നിക്കുകയും ചെയ്തിടത്ത് നിന്നാണ് ഈ പതനം എന്നറിയുമ്പോഴാണ് അതിന് ആഘാതമേറുന്നത്.
2020ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ കേവലം 12,800 വോട്ടുകളുടെ മാത്രം വ്യത്യാസത്തിലാണ് ബിഹാറിൽ മഹാസഖ്യത്തിന് ഭരണം നഷ്ടമായത്. എസ്.ഐ.ആറിലൂടെ ആ അന്തരം 90 ലക്ഷമാക്കിയാണ് 2025ലെ നിയമസഭാ തെരഞ്ഞെടുപ്പ് നടത്തിയത്. എസ്.ഐ.ആറിലൂടെ വോട്ടർ പട്ടികയിൽനിന്ന് 68.66 ലക്ഷം വോട്ടർമാരെ വെട്ടിമാറ്റിയും 21 ലക്ഷത്തിൽപരം വോട്ടർമാരെ സംശയാസ്പദമായി കൂട്ടിച്ചേർത്തും 90 ലക്ഷം വോട്ടുകളുടെ അന്തരം സൃഷ്ടിച്ച അനിശ്ചിതത്വത്തിലാണ് മഹാസഖ്യം ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പിലേക്ക് എടുത്തെറിയപ്പെടുന്നത്.
വിരോധാഭാസമെന്ന് പറയട്ടെ ബിഹാർ എസ്.ഐ.ആർ പ്രധാനപ്പെട്ട വിഷയമായി രാജ്യത്തിന് മുമ്പാകെ അവതരിപ്പിച്ച മഹാസഖ്യം ബിഹാറിലെ തെരഞ്ഞെടുപ്പ് വിഷയമായി ഇതിനെ അവതരിപ്പിക്കുന്നതിൽ പരാജയപ്പെടുന്നതാണ് കണ്ടത്. നിയമസഭാ തെരഞ്ഞെടുപ്പിന് തൊട്ടു മുമ്പ് ബിഹാറിനെ ഇളക്കിമറിക്കാൻ മഹാസഖ്യത്തിലെ കോൺഗ്രസും ആർ.ജെ.ഡിയും ഇടതുപാർട്ടികളും ഉപയോഗിച്ച എസ്.ഐ.ആർ ബിഹാറിലൊരിടത്തും ഒരു തെരഞ്ഞെടുപ്പ് വിഷയം പോലുമാക്കാൻ കഴിയാതിരുന്നതോടെ അതിനായി മഹാസഖ്യം വിനിയോഗിച്ച ധന, മനുഷ്യവിഭവങ്ങളത്രയും പാഴായിപ്പോയി.
വോട്ടർ പട്ടികയിൽനിന്ന് മായ്ച്ചു കളഞ്ഞത് തങ്ങളുടെ വോട്ടർമാരായിരിക്കും എന്ന ആധി പോലുമില്ലാതെയായിരുന്നു കമീഷൻ പുറത്തിറക്കിയ എസ്.ഐ.ആർ പട്ടിക അടിസ്ഥാനമാക്കിയ തെരഞ്ഞെടുപ്പിൽ മഹാസഖ്യം പങ്കെടുത്തത്. അതോടെ എസ്.ഐ.ആറിനെക്കുറിച്ച് പ്രതിപക്ഷം പറഞ്ഞത് അത്രയും വെറുതെയാണെന്ന തോന്നലും നിഷ്പക്ഷ വോട്ടർമാരിൽ ഉണ്ടായി. ഒന്നരമാസം മുമ്പ് അധികാരത്തിലേറും എന്ന് തോന്നിച്ച മഹാസഖ്യം അത്രയും നാൾ തങ്ങളുന്നയിച്ച വിഷയങ്ങൾ കൈവിട്ട് തൊഴിലിലേക്കും തൊഴിലില്ലായ്മയിലേക്കും ചുവടുമാറ്റിയതോടെ നരേറ്റീവ് സൃഷ്ടിക്കുന്നതിൽ പരാജയപ്പെട്ടു.
ബിഹാറിൽ എസ്.ഐ.ആറിലൂടെ ഉണ്ടാക്കിയ വോട്ടർ പട്ടിക പരിശോധിക്കാനോ അതിൽ ഓരോ ബൂത്തിലും കൂട്ടിച്ചേർത്ത വോട്ടുകളും വെട്ടിമാറ്റിയ വോട്ടുകളും എത്രയെന്ന് കണ്ടെത്താനോ മുഖ്യ ഘടകകക്ഷികളായ ആർ.ജെ.ഡിയുടെയും കോൺഗ്രസിന്റെയും ഭാഗത്തുനിന്ന് മാത്രമല്ല, കേഡറുകളുള്ള ഇടതുപാർട്ടികളുടെയും ഭാഗത്തുനിന്ന് ഒരു തരത്തിലുള്ള പ്രവർത്തനവും ബിഹാറിൽ ഉണ്ടായില്ല. ഓരോ ബൂത്തിലും മഹാസഖ്യം നിയോഗിച്ച ബൂത്ത് ഏജന്റുമാരും പോളിങ് ഏജന്റുമാരും വോട്ടെടുപ്പ് ദിവസം മാത്രമാണ് എസ്.ഐ.ആറിലൂടെ കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷൻ ഉണ്ടാക്കിയ അന്തിമ വോട്ടർ പട്ടിക കാണുന്നത്.
അധികാരത്തിലേറുമെന്ന് തോന്നിച്ച മഹാസഖ്യം നാമനിർദേശ പത്രിക സമർപ്പണത്തിന്റെ തലേന്നാൾവരെ കൂടുതൽ സീറ്റുകൾ നേടുന്നതിന് തമ്മിൽ കടിപിടി കൂടുന്നത് ബിഹാറിലെ വോട്ടർമാർക്ക് കാണേണ്ടിവന്നു. ഒന്നും രണ്ടും സീറ്റുകളുടെ പേരിൽപോലും ചർച്ചകൾക്ക് ഒരുപാട് തടസ്സങ്ങൾ നേരിട്ടു. ഒടുവിൽ വീതം വെച്ച് കിട്ടിയ സീറ്റുകളിലും കോൺഗ്രസിനെപോലുള്ള പാർട്ടികളിൽ പരസ്യമായ തമ്മിലടി നടന്നു. 60 സീറ്റുകൾ വിലപേശി വാങ്ങിയതിൽ പകുതിയിലേറെ സീറ്റുകളും കോടികൾ വാങ്ങി വിറ്റു എന്നായി കോൺഗ്രസിലെ സീറ്റ് കിട്ടാത്ത നേതാക്കളുടെ ആരോപണം.
സീറ്റുകൾ വിൽപന നടത്തിയെന്ന് ആരോപിച്ച് കോൺഗ്രസിന്റെ ബിഹാർ ചുമതലയുള്ള എ.ഐ.സി.സി നേതാവിനെ അടക്കം എയർപോർട്ടിൽവെച്ച് പ്രാദേശിക കോൺഗ്രസ് നേതാക്കൾ കായികമായി നേരിടുന്നിടത്തോളം കാര്യങ്ങളെത്തി. വീതംവെച്ചു കിട്ടിയ സീറ്റുകളിൽ തൃപ്തിവരാതെ സി.പി.ഐയും കോൺഗ്രസും ആർ.ജെ.ഡിയും ഒരു ഡസനിലേറെ സീറ്റുകളിൽ പരസ്പരം ഏറ്റുമുട്ടി.
ദേശീയ ജനാധിപത്യ സഖ്യം (എൻ.ഡി.എ) ഉൾക്കൊള്ളുന്ന പാർട്ടികളുടെ എണ്ണം വെച്ചു നോക്കുമ്പോഴും ആ പാർട്ടികൾ പ്രതിനിധീകരിക്കുന്ന ജാതികളെ കണക്കിലെടുക്കുമ്പോഴും മഹാസഖ്യത്തിലെ പാർട്ടികളുടെ എണ്ണവും അവർ പ്രതിനിധീകരിക്കുന്ന ജാതി സമുദായങ്ങളും വളരെ ചെറുതായിരുന്നു. കഴിഞ്ഞ തവണ ഒറ്റക്ക് മത്സരിച്ച ചിരാഗ് പാസ്വാൻ ഇത്തവണ എൻ.ഡി.എയുടെ ഭാഗമായതോടെ അതിരട്ടി നേട്ടമാവുകയും ചെയ്തു. അതോടെ കഴിഞ്ഞ തവണത്തേക്കാൾ ശക്തമായ മുന്നണിയായി എൻ.ഡി.എ ഇത്തവണ മാറി. ജാതികളുടെയും സമുദായങ്ങളുടെയും പിന്തുണ പരിഗണിക്കുമ്പോഴും മഹാസഖ്യത്തെക്കാൾ മുന്നിട്ട് നിന്നത് എൻ.ഡി.എയായിരുന്നു.
അതീവ പിന്നാക്ക വിഭാഗങ്ങളുടെകൂടി പിന്തുണ അവർക്ക് കിട്ടി. അതേസമയം മറുഭാഗത്ത് മഹാസഖ്യത്തിന് മുസ്ലിംകളുടെയും യാദവരുടെയും (യാദവരിൽതന്നെ നല്ലൊരു ശതമാനം ബി.ജെ.പിക്കും പോയി) വോട്ടുകൾ മാത്രമായിരുന്നു മഹാസഖ്യം കിട്ടുമെന്ന് ഉറപ്പിച്ച് പറഞ്ഞിരുന്നത്. അതിൽതന്നെ സീമാഞ്ചലിലെ മുസ്ലിം വോട്ടുകൾ എല്ലാം അസദുദ്ദീൻ ഉവൈസിയുടെ പട്ടത്തിലേക്ക് പോയെന്ന് കമീഷൻ കണക്കുകൾ കാണിക്കുന്നു.
എല്ലാറ്റിലുമുപരി ബി.ജെ.പിയും ജനതാദൾ യുവും അവകാശപ്പെട്ടതുപോലെ പതിനായിരം രൂപ അക്കൗണ്ടുകളിലിട്ട് വനിതാ വോട്ടർമാരെ വരുതിയിലാക്കാൻ കഴിഞ്ഞത് എൻ.ഡി.എക്ക് തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ വലിയ മേൽക്കൈ നൽകി. ഇതിന് പകരം മുപ്പതിനായിരം രൂപ തേജസ്സി വാഗ്ദാനം ചെയ്തുവെങ്കിലും ആ വാഗ്ദാനത്തേക്കാൾ സ്ത്രീ വോട്ടർമാർക്ക് വിശ്വാസം തോന്നിയത് ഇതിനകം തങ്ങളുടെ അക്കൗണ്ടിൽ വന്ന പതിനായിരം രൂപയിൽ ആയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.