വം​ശ​വെ​റി​യി​ൽ വേ​ര​റ്റ​വ​ർ

അ​സ​മി​നെ വം​ശീ​യ​സം​ഘ​ർ​ഷ​ത്തി​​​െൻറ ഭൂ​മി​യാ​ക്കി​യ കു​ടി​യേ​റ്റ​ത്തി​ന്​ അ​റു​തി​വ​രു​ത്താ​നു​ള്ള അ​വ​സാ​ന നീ​ക്ക​മെ​ന്ന നി​ല​യി​ൽ അ​വ​ത​രി​പ്പി​ച്ച ദേ​ശീ​യ പൗ​ര​ത്വ​പ്പ​ട്ടി​ക​യു​ടെ ക​ര​ടി​റ​ങ്ങി​യ​പ്പോ​ൾ വി​പ​രീ​ത​ഫ​ല​മു​ള​വാ​യെ​ന്ന്​​ മാ​ത്ര​മ​ല്ല, അ​തി​​​െൻറ അ​ല​യൊ​ലി രാ​ജ്യ​മൊ​ട്ടു​ക്കും വ്യാ​പി​ക്കു​ക​യും ചെ​യ്​​തി​രി​ക്കു​ന്നു. ലോ​ക​ത്ത് ത​ന്നെ ആ​ദ്യ​മാ​യി ന​ട​ന്ന പൗ​ര​ത്വ​പ്പ​ട്ടി​ക പ്ര​ക്രി​യ​യും അ​തി​​​െൻറ പ്ര​ത്യാ​ഘാ​ത​ങ്ങ​ളും സം​ബ​ന്ധി​ച്ച്​ അ​സം സ​ന്ദ​ർ​ശി​ച്ച്​ ‘മാ​ധ്യ​മം’  സീ​നി​യ​ർ റി​പ്പോ​ർ​ട്ട​ർ ഹ​സ​നു​ൽ ബ​ന്ന ത​യാ​റാ​ക്കി​യ പ​ര​മ്പ​ര 

ലോവർ അസമിലെ ബാർപേട്ടയിൽനിന്ന്​ ബൊംഗൈഗാവിലേക്കുള്ള യാത്രക്കിടയിൽ കൂരിരുട്ടിലായിരുന്നു ആ സമാഗമം. കൂടെയുണ്ടായിരുന്ന അസമിയാണ് ആളനക്കങ്ങളില്ലാത്ത പാതയോരത്ത് കാത്തുനിന്നയാൾക്കായി വാഹനം നിർത്താൻ പറഞ്ഞത്. റോഡി​നോരത്ത്​ നിർത്തിയ വാഹനത്തിനുനേരെ ഇരുൾ കനത്തുകെട്ടിക്കിടന്ന വയലിൽനിന്ന് ഒരാൾ കയറിവന്നു. ബൊംഗൈഗാവ് ജില്ലയിെല പട്കട്ടാ ഗ്രാമത്തിലെ ബകർ അലി എന്ന് അയാൾ പരിചയപ്പെടുത്തി. വാഹനങ്ങളുടെ വെളിച്ചം മുഖത്ത് പതിക്കാതിരിക്കാൻ വഴിയിൽനിന്ന് മാറി വയലിലിറങ്ങി നിന്നതാണ്​. പാത്തും പതുങ്ങിയും വന്നുകണ്ട ബകർ അലി, കഥ പറയുംമുമ്പ് വാഹനത്തിനുള്ളിൽ അവശേഷിച്ച വെളിച്ചവും അണക്കാൻ ആവശ്യപ്പെട്ടു.  

െബാംഗൈഗാവിലെ പട്കട്ട ഗ്രാമത്തിൽ അസമിസ്​ മാതാപിതാക്കൾക്ക് ജനിച്ച്  വളർന്നു വലുതായി വിവാഹം കഴിച്ച്​ കുടുംബവുമായി കഴിയുന്നതിനിടയിലാണ് ബകർ അലിക്കും സഹോദരനും മാതാവിനും 2015ൽ ഒരു നോട്ടീസ് ലഭിക്കുന്നത്. പൗരത്വം തെളിയിക്കാനുള്ള രേഖകളുമായി ബംഗായ് പൊലീസ് സ്​റ്റേഷനിലെത്തണമെന്നായിരുന്നു നോട്ടീസിലെ ആവശ്യം. എല്ലാം ഹാജരാക്കി ഒരു വർഷത്തിനുശേഷം വിദേശികളെ കണ്ടെത്താനുള്ള ട്രൈബ്യൂണലി​​​െൻറ തീർപ്പ് വന്നു- സഹോദരനും മാതാവും ഇന്ത്യക്കാർ; താൻ വിദേശിയും! ഇതിനെതിരായ അപ്പീലുമായി ഗുവാഹതി ഹൈകോടതിയിലെത്തി.

ബകര്‍ അലി
 

ട്രൈബ്യൂണലി​​​െൻറ വിചിത്രമായ തീർപ്പ് റദ്ദാക്കിയ ഗുവാഹതി ഹൈകോടതി കേസ് പുനഃപരിശോധിക്കാൻ ഉത്തരവിട്ടു. എന്നാൽ, അതിവിചിത്രമെന്നേ പറയേണ്ടൂ, തീർപ്പ് പുനഃപരിേശാധിക്കാൻ ഹൈകോടതി പറഞ്ഞതിന് മൂന്നുപേരെയും വിദേശിയാക്കിയാണ്​ ട്രൈബ്യൂണൽ പരിഹാരം കണ്ടത്​.  ജനിച്ചുവീണ മണ്ണിൽ പൗരനല്ലെന്ന പ്രഖ്യാപനം തനിക്കുമേൽ വന്നുപതിച്ച ദിവസം വീടും നാടും വിട്ടിറങ്ങിയതാണ്. ഒരിടത്ത് നിൽക്കാനാവാതെ മാറിമാറിക്കഴിയുന്നു. ഒരിടത്ത് സ്ഥിരതാമസമാക്കിയാൽ പിറ്റേന്നാൾ അവിടെ പൊലീസെത്തും. ഒരു ഗ്രാമത്തിൽനിന്ന്​ മറ്റൊരു ഗ്രാമത്തിലേക്കുള്ള ഒാട്ടവും രാത്രിയിൽ തന്നെ. പകലിൽ പൊലീസി​​​െൻറയോ അവരുടെ ഒറ്റുകാരുടെയോ കൺവെട്ടത്ത് കുടുങ്ങിയാൽ നിയമയുദ്ധത്തി​​​െൻറ എല്ലാ പഴുതും അവസാനിച്ച് കൽത്തുറുങ്ക്. അല്ലെങ്കിൽ അതിർത്തിയിൽ കൊണ്ടുപോയി തള്ളും. 
അസമിലെ ബംഗാളിയായ ഓരോ മനുഷ്യനും മുകളില്‍ എന്നും കിടന്നാടുന്ന ദുര്‍വിധിയാണ് ബകര്‍ അലിയുടെ തലയില്‍ പതിച്ചിരിക്കുന്നത്. അധികാരികള്‍ കനിഞ്ഞില്ലെങ്കില്‍ ഇതേ വിധിയാണ് ഇന്ത്യയുടെ മുൻ രാഷ്​ട്രപതിയുടെ പേരമകനെയും മൂന്നു പതിറ്റാണ്ട് അതിർത്തി കാത്ത സൈനികനെയുമെല്ലാം കാത്തിരിക്കുന്നത്. പൊലീസി​​​​െൻറ പിടിയിൽപെടാതെ, ഒറ്റുകാരുടെ കണ്ണില്‍പ്പെടാതെ കാണാമറയത്തിരിക്കുന്ന നാളുകള്‍ മാത്രമാണ് സ്വന്തം മണ്ണില്‍ ഈ മനുഷ്യര്‍ക്ക് ബാക്കിയുണ്ടാകുക. 

ഏതു പാതിരാവിലും ബംഗാളികളുടെ വീടുകളില്‍ വന്ന് മുട്ടുന്ന അസം ബോര്‍ഡര്‍ പൊലീസ് ഭാര്യയെ ഭര്‍ത്താവില്‍നിന്ന്​, മക്കളെ മാതാപിതാക്കളില്‍നിന്ന്​ വേര്‍പെടുത്തി ബംഗ്ലാദേശി അനധികൃത കുടിയേറ്റക്കാര്‍ക്ക് ഒരുക്കിയ എണ്ണമറ്റ തടവുകേന്ദ്രങ്ങളില്‍ കൊണ്ടുപോയി തള്ളും. കൊള്ളയും കൊലയും നടത്തുന്ന കൊടും ക്രിമിനലുകള്‍ക്കുള്ള ജയില്‍ ശിക്ഷ​െയക്കാള്‍  ഭീകരമാണത്. ഏത് കൊടും കുറ്റവാളിയുടെയും ജയില്‍ശിക്ഷക്ക് ഒരു കാലാവധിയുണ്ട്. അതുകഴിഞ്ഞ് വര്‍ഷങ്ങള്‍ക്കു ശേഷമെങ്കിലും തിരിച്ച് സ്വന്തം കുടുംബ മിത്രാദികളിലേക്ക് അവര്‍ക്ക് ചെന്നുചേരാം. എന്നാല്‍, ഒരു കുറ്റവും ചെയ്യാത്ത ബംഗാളികള്‍ക്ക് ഒരിക്കലും തിരിച്ചുവരാതെ മരിച്ചുതീരാനുള്ളതാണ് അസമില്‍ പ്രത്യേകമായൊരുക്കിയ ഈ തടങ്കല്‍ പാളയങ്ങള്‍. കൂട്ടുകുടുംബങ്ങളത്രയും ഇന്ത്യക്കാരായിട്ടും വിദേശീചാപ്പ വീഴുന്ന ഇവരെ പിന്നീട് സ്വന്തം മണ്ണില്‍ കാലുകുത്താന്‍ ഒരു അസമിയും അനുവദിക്കില്ല. ബംഗ്ലാദേശില്‍നിന്ന്​ കുടിയേറിയതല്ല, അസമി​​​​െൻറ ത​െന്ന ഒൗദ്യോഗിക ഭരണഭാഷകളിലൊന്നായ ബംഗാളി സംസാരിക്കുന്നവരായിപ്പോയി എന്നതു മാത്രമാണ് ഇവരുടെ പാതകം. ഇന്ത്യയിലെവിടെയും ഒരാള്‍ക്കെതിരെ വിദേശീ ആരോപണം വന്നാല്‍ അത് തെളിയിക്കേണ്ട ബാധ്യത ഭരണകൂടത്തിനും പ്രോസിക്യൂഷനുമാണെങ്കില്‍ അസമില്‍മാത്രം തിരിച്ച് ആരോപണവിധേയന്‍ അത് തെറ്റാണെന്ന് തെളിയിക്കണം. അധികാരികളെ ഒന്നടങ്കം വംശീയമായ മുന്‍വിധികളും ശത്രുതയും നയിക്കുന്ന ഒരു സംസ്ഥാനത്ത് രേഖകള്‍കൊണ്ട് മാത്രം കഴിയുന്ന ഒന്നല്ല ഇത്. 

സുപ്രീംകോടതി മേല്‍നോട്ടത്തില്‍ പൗരത്വപ്പട്ടിക തയാറാക്കുന്നതോടെ പിടികൂടാനെത്ത​ുന്ന പൊലീസിനെ ഭയന്ന് ഇനിയൊരിക്കലും ഓടിയൊളിക്കേണ്ടിവരി​െല്ലന്ന വിശ്വാസത്തിലായിരുന്നു അവര്‍. എന്നാല്‍, പൗരത്വമില്ലാതാക്കിയവരുടെ എണ്ണംകൊണ്ട് ലോകത്തെത്തന്നെ ഞെട്ടിച്ച കരട് പൗരത്വപ്പട്ടിക അവരുടെ ആ വിശ്വാസം കൂടിയാണ് തകര്‍ത്തുകളഞ്ഞത്. ബകര്‍ അലിയുടെയും കുടുംബത്തി​​​​െൻറയും പേരുകള്‍ മാത്രമല്ല, ഫോറിനേഴ്സ് ട്രൈബ്യൂണലില്‍ പൗരത്വകേസുകള്‍ ഉള്ള മുഴുവന്‍ അസമുകാരുടെ പേരുകളും പൗരത്വപ്പട്ടികക്ക് പുറത്തായി. പൗരത്വമില്ലാതായവരില്‍ ഭൂരിഭാഗവും ബംഗാളീമുസ്​ലിംകളാണെങ്കിലും അവരുടെ തൊട്ടുപിറകില്‍ തന്നെയുണ്ട് പൗരത്വമില്ലാതായ ബംഗാളി ഹിന്ദുക്കളും. പുറന്തള്ളപ്പെട്ടവരെല്ലാം മുസ്​ലിംകള്‍ മാത്രമാണെന്ന് കരുതി എടുത്തുചാടി അവരെല്ലാം ബംഗ്ലാദേശീ നുഴഞ്ഞുകയറ്റക്കാരാണെന്ന് ആക്രോശിച്ചവരില്‍ പലരുടെയും സ്വരം താഴ്ന്നു തുടങ്ങിയത് ഇതറിഞ്ഞശേഷമാണ്​.

പൗരത്വപ്പട്ടികയില്‍ പൊളിഞ്ഞത് സംഘ്പരിവാര്‍ കണക്ക് 

അഖില്‍ ഗോഗോയ്
 

 അസമിലെ സാമൂഹികപ്രശ്നങ്ങളില്‍ സജീവമായി ഇടപെടുകയും ജനകീയ സമരങ്ങള്‍ നയിച്ച് അസമിലെ ശ്രദ്ധേയനായ യുവനേതാവായി മാറുകയുംചെയ്ത അഖില്‍ ഗോഗോയി, ദേശീയ പൗരത്വപ്പട്ടിക അസമിലെ വംശീയസംഘര്‍ഷത്തിന് അറുതിവരുത്തുമെന്ന നിലപാടുകാരനാണ്.  ക്രിഷക് മുക്തി സംഗ്രാം സമിതി (കെ.എം.എസ്.എസ്) നേതാവായ അഖില്‍ ഗോഗോയ് ‘മാധ്യമ’ത്തോട്​ സംസാരിക്കുന്നു   

മൂന്നു പതിറ്റാണ്ടിലേറെയായി കാത്തിരുന്ന പൗരത്വ രജിസ്​റ്ററി​​​​െൻറ കരട് പുറത്തിറങ്ങിയത് വലിയ കോലാഹലങ്ങള്‍ക്ക് വഴിവെച്ചിരിക്കുകയാണല്ലോ. എൻ.ആർ.സിയെ പിന്തുണച്ച അസമുകാരനായ താങ്കൾ അത് പുറത്തിറങ്ങിയ ശേഷമുള്ള സ്ഥിതിവിശേഷത്തെ എങ്ങനെ കാണുന്നു? 

പൗരത്വപ്പട്ടിക ഇറങ്ങുന്നതുവരെ കാത്തിരിക്കുകയെന്നായിരുന്നു അസമിലെ ബി.ജെ.പി നയിക്കുന്ന എന്‍.ഡി.എ സര്‍ക്കാര്‍ ജനങ്ങളോട് പറഞ്ഞിരുന്നത്. പട്ടിക ഇറങ്ങുന്നതോടെ അതില്‍ വലിയ തോതിലുള്ള സംഘര്‍ഷമുണ്ടാകുമെന്നായിരുന്നു സര്‍ക്കാറി​​​​െൻറ കണക്കുകൂട്ടല്‍. പൗരത്വപ്പട്ടിക പുറത്തുവിടുംമുമ്പ് വംശീയ സംഘര്‍ഷമുണ്ടാക്കാവുന്ന തരത്തിലേക്ക് സാഹചര്യങ്ങളെ അവര്‍ കൊ​െണ്ടത്തിക്കുകയും ചെയ്തിരുന്നു. ഇത് രാഷ്​ട്രീയമായി ഗുണം ചെയ്യുമെന്നും സര്‍ക്കാര്‍ കണക്കുകൂട്ടി. ഇതു കൊണ്ടാണ് ബംഗ്ലാദേശില്‍നിന്ന് വന്ന ഹിന്ദുക്കള്‍ക്ക് പൗരത്വം നല്‍കാനുള്ള ബില്ലിനെതിരെ സമരം നടത്തിയിരുന്ന ഞങ്ങളോടെല്ലാം പൗരത്വപ്പട്ടിക വരുന്നതോടെ ചിത്രം തെളിയുമെന്നും എല്ലാവരുടെയും പരാതി മാറുമെന്നും അസം മുഖ്യമന്ത്രി സര്‍ബാനന്ദ സോനോവാളും ബി.ജെ.പിയുടെ കിങ്​മേക്കറും ധനമന്ത്രിയുമായ ഹേമന്ത ബിശ്വ ശര്‍മയും ബി.ജെ.പി അസം പ്രസിഡൻറുമെല്ലാം പറഞ്ഞുകൊണ്ടിരുന്നത്. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് രജിസ്ട്രാര്‍ ജനറല്‍ ഓഫ് ഇന്ത്യ തയാറാക്കുന്ന കരട് രജിസ്​റ്ററില്‍നിന്ന് 50 ലക്ഷം മുസ്​ലിംകളെങ്കിലും പൗരത്വരേഖകളില്ലാതെ പുറത്താകുമെന്നായിരുന്നു അവരുടെ കണക്കുകൂട്ടല്‍. എന്നാൽ, കരട് പുറത്തുവന്നപ്പോള്‍ വലിയൊരു വിഭാഗം ബംഗാളി ഹിന്ദുക്കളും പുറത്തായിരിക്കുകയാണ്​.

അസമിൽ ബി.ജെ.പിയെ അങ്കലാപ്പിലാക്കാന്‍മാത്രം ബംഗാളീഹിന്ദുക്കള്‍ പട്ടികയില്‍ നിന്ന് ഒഴിവായിട്ടുണ്ടോ? പേര്​ വിട്ടുപോയ ബംഗാളികളുടെ സാമുദായിക അനുപാതത്തെക്കുറിച്ച്​?

പ്രാഥമിക വിവരങ്ങള്‍ മാത്രമാണ് ഇപ്പോഴുള്ളത്. അസമിലെ ഓരോ മണ്ഡലത്തിലുമുള്ള കണക്കെടുപ്പ് ഞങ്ങളുടെ പ്രവര്‍ത്തകര്‍ പൂര്‍ത്തിയാക്കിയ ശേഷം കൃത്യമായ കണക്ക് നല്‍കാം. സര്‍ക്കാറും എന്‍.ആര്‍.സി അധികൃതരും പുറത്തുവിട്ടില്ലെങ്കിലും ഓരോ മണ്ഡലത്തിലും എത്രയാളുടെ പേരുകള്‍ വന്നില്ല എന്ന് കൃത്യമായ വിവരം ഞങ്ങള്‍ക്ക് ലഭിക്കും. ഓരോ മണ്ഡലത്തിലെയും ജനസംഖ്യ അനുപാതം ഞങ്ങള്‍ക്കറിയാം. 

ഏതായാലും ബി.ജെ.പിയുടെ കണക്കുകൂട്ടലുകള്‍ തെറ്റിച്ച പട്ടികയാണിത്. അതു കൊണ്ടാണ് അവര്‍ കണക്കുകൂട്ടിയ തരത്തില്‍ ഒരു സംഘര്‍ഷവും പൊട്ടിപ്പുറപ്പെടാതിരുന്നത്. ഇതുമാത്രമല്ല, കരട് രജിസ്​റ്ററില്‍ പേര് ഒഴിവായ ബംഗാളീമുസ്​ലിംകളില്‍ ഒരു കുടുംബത്തില്‍നിന്ന് ഒന്നോ രണ്ടോ പേര്‍ എന്ന നിലയിലാണ് കൂടുതല്‍ പരാതികള്‍. കുടുംബത്തിലെ ബാക്കിയുള്ളവരുടെ പേരുകളൊന്നും വെട്ടിയിട്ടില്ല. ഒരു കുടുംബത്തില്‍ 10 പേരുണ്ടെങ്കില്‍ അതില്‍ ഒരാളുടെ പേരില്ലാതായാല്‍ അയാളുടെ പൗരത്വം ചേര്‍ക്കാന്‍ കഴിയുമെന്ന പ്രതീക്ഷയുണ്ട്.  ഭൂരിഭാഗം ബംഗാളീമുസ്​ലിംകളുടെ പക്കലും 1971നുമുമ്പ് തങ്ങളുടെ കുടുംബങ്ങള്‍ അസമി​െലത്തിയതി​​​​െൻറ രേഖകളുണ്ട്. ഇപ്പോള്‍ പുറത്തായ ബംഗാളീമുസ്​ലിംകളില്‍ ചുരുങ്ങിയത് 50 ശതമാനത്തി​​​​െൻറ പേരെങ്കിലും അവസാന പട്ടികയില്‍ വരും. എന്നാല്‍, ബംഗാളീഹിന്ദുക്കളില്‍ ഭൂരിഭാഗവും കുടുംബം ഒന്നാകെ പുറത്തായതാണ്. അന്തിമ രജിസ്​റ്ററില്‍ ഇവരില്‍ 30 ശതമാനം പേര്‍ക്കേ പൗരത്വപ്പട്ടികയില്‍ കയറാന്‍ കഴിയൂ. അപ്പോള്‍ അന്തിമപട്ടികയില്‍ പൗരത്വമില്ലാതാകുന്ന ബംഗാളീഹിന്ദുക്കളുടെയും മുസ്​ലിംകളുടെയും എണ്ണം ഏതാണ്ട് ഒരേ നിലയിലാകും എന്നാണ് ഇപ്പോഴത്തെ നിഗമനം. 

ഇത്രയും പേര്‍ കരട് രേഖയിൽനിന്ന് ഒഴിവായിട്ടും ഒരു വിഭാഗവും പ്രതിഷേധവുമായി രംഗത്തുവരാത്തതെന്തുകൊണ്ടാണ്?

ഇത്രയും ഹിന്ദുക്കള്‍ പൗരത്വപ്പട്ടികയില്‍നിന്ന് പുറത്തായിട്ടുണ്ടെന്ന് പ്രചരിപ്പിക്കരുതെന്നാണ് സംഘ്പരിവാര്‍ നിര്‍ദേശം. പൗരത്വ നിയമഭേദഗതി കൊണ്ടുവന്ന് എല്ലാ ബംഗാളീഹിന്ദുക്കള്‍ക്കും ഇന്ത്യന്‍പൗരത്വം നല്‍കാമെന്നാണ് അവര്‍ പറഞ്ഞിരിക്കുന്നത്. ഇതുകൊണ്ടാണ് ബംഗാളീഹിന്ദുക്കള്‍ പൗരത്വപ്പട്ടികയില്‍നിന്ന് പുറത്തായതിനെതിരെ തെരുവിലിറങ്ങാത്തത്. മുസ്​ലിംകളാണെങ്കില്‍ അവരുടെ കുടുംബത്തിലെ ഭൂരിഭാഗം പേരും പട്ടികയിലുണ്ട് എന്ന ആശ്വാസത്തിലാണ്. ജനസംഖ്യാനുപാതികമായി സന്തുലിതമായ പട്ടികയാണിത്. 40 ലക്ഷം പേരെ പൗരത്വ രജിസ്​റ്ററില്‍ നിന്ന് ഒഴിവാക്കിയതോടെ അസമീസ് വംശീയത ഉയര്‍ത്തിപ്പിടിക്കുന്നവരും തൃപ്തരായി. അസം ശാന്തമാണ്. അല്‍പമെങ്കിലും പ്രതിഷേധം കണ്ടത് ബംഗാളീഹിന്ദുക്കളുടെ മേഖലകളിലാണ്. 

ബംഗാളീഹിന്ദുക്കളുടെ പ്രതിഷേധം ഏതെല്ലാം ഭാഗങ്ങളിലാണ്?

ബറാക്​ വാലി, ഹോജായ്, ബാർപേട്ട റോഡ് എന്നിവിടങ്ങളിലെ ബംഗാളീഹിന്ദുക്കള്‍ക്കിടയിലാണ് ഇത്തരത്തില്‍ അമര്‍ഷമുയര്‍ന്നത്. പുതുതായി അസമിലെത്തിയവരാണവര്‍. അവരുടെ പക്കല്‍ 1971നുമുമ്പ് അസമിലെത്തിയതി​​​​െൻറ രേഖകളൊന്നുമില്ല. എന്നാല്‍, ബംഗാളീമുസ്​ലിംകളില്‍ രേഖകള്‍ കൈവശമില്ലാത്തവര്‍ പത്ത് ശതമാനം പോലുമുണ്ടാകില്ല എന്നാണ് എ​​​​െൻറ അഭിപ്രായം. 

എന്‍.ആര്‍.സിയും രജിസ്ട്രാര്‍ ജനറലും കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് കീഴിലായതിനാല്‍ പൗരത്വ രജിസ്​റ്ററില്‍ ഉള്‍പ്പെടാതെപോയവരുടെ കൃത്യമായ വിവരം ബി.ജെ.പിയുടെ പക്കലുണ്ടാവില്ലേ? 

അതുകൊണ്ടല്ലേ കരട് രജിസ്​റ്റര്‍ പുറത്തിറങ്ങിയശേഷം അവര്‍ അസമില്‍ പ്രശ്നങ്ങളുണ്ടാക്കാത്തത്. കരട് രജിസ്​റ്റര്‍ പുറത്തിറങ്ങുന്നതുവരെ അവര്‍ പറഞ്ഞുനടന്നിരുന്നത് പൗരത്വമില്ലാതാകുന്നതിലേറെയും മുസ്​ലിംകളായിരിക്കുമെന്നായിരുന്നു. ജൂലൈ 30ന് രജിസ്​റ്റര്‍ പുറത്തിറങ്ങുന്ന മുറക്ക് അവരെ അസമില്‍നിന്ന് പുറന്തള്ളാന്‍ വന്‍ പ്രക്ഷോഭത്തിന് തുടക്കംകുറിക്കുമെന്നും അവര്‍ പ്രചരിപ്പിച്ചു. ഇ​േപ്പാള്‍ ഹിന്ദുക്കളും മുസ്​ലിംകളും ഒരുപോലെ പുറത്തായപ്പോള്‍ അവ​െരാന്നും ചെയ്യാനാകാത്ത സ്ഥിതിയിലായി. 

എന്‍.ആര്‍.സി പ്രക്രിയ വിശ്വാസയോഗ്യമായിരുന്നുവെന്ന് താങ്കള്‍ കരുതുന്നുണ്ടോ? 40 ലക്ഷത്തിലേറെ പേരും പുറത്തായത് രേഖകള്‍ കാണിക്കാത്തതുകൊണ്ടാണെന്ന് പറയാനാവുമോ? ദേശീയ പൗരത്വ രജിസ്​റ്ററിനായി ആളുകള്‍ക്കിടയില്‍ പ്രചാരണത്തിനിറങ്ങിയ താങ്കളുടെ അടുത്ത പരിപാടിയെന്താണ്? 

ഞങ്ങളുടെ സംഘടനയായ ക്രിഷക് മുക്തി സംഗ്രാം സമിതി (കെ.എം.എസ്.എസ്) നിര്‍വാഹക സമിതി യോഗം ചേര്‍ന്നിരുന്നു. ഏതെല്ലാം ഭാഗങ്ങളില്‍ അസമിലെ പൗരന്മാരുടെ പേരുകള്‍ എന്‍.ആര്‍.സി കരടില്‍ നിന്ന് വിട്ടുപോയിട്ടുണ്ടോ അവരുടെയെല്ലാം വിവരങ്ങള്‍ ശേഖരിക്കും. അതിനെ ആധാരമാക്കി റിപ്പോര്‍ട്ട് പ്രസിദ്ധീകരിക്കും. ഒരു ഇന്ത്യന്‍ പൗരനും രജിസ്​റ്ററില്‍ നിന്ന് വിട്ടുപോകരുതെന്നാണ് ഞങ്ങളുടെ നിലപാട്. പതിറ്റാണ്ടുകളായി വിദേശിയെന്നും ബംഗ്ലാദേശിയെന്നും വിളിച്ച് രണ്ടാംതരം പൗരന്മാരായി അസമിലെ ഒരു വിഭാഗത്തെ കാണുന്നതിന് അറുതിവരുത്തുന്നതിന് ഇൗ പ്രക്രിയയിലൂടെ കഴിയും. ഒരു വിഭാഗത്തിന് പതിച്ചുനല്‍കിയ രണ്ടാംകിട പൗരന്മാരെന്ന പദവി ഇതോടെ അവസാനിക്കുകയാണ്. 

(തുടരും)
 

Tags:    
News Summary - Assam Racism - Article

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.