ഹുംറ ഖുറൈശിയുടെ വേർപാടോടെ നമുക്ക് നഷ്ടമായത് പ്രതിബദ്ധതയുള്ള ഒരു മികച്ച ലിബറൽ ഫെമിനിസ്റ്റ് എഴുത്തുകാരിയെ മാത്രമല്ല, സമാനതകളില്ലാത്ത കൃപയും വിനയവും സൂക്ഷിച്ചിരുന്ന അതിമനോഹരിയായ ഒരു മനുഷ്യനെത്തന്നെയാണ്. രണ്ട് പതിറ്റാണ്ടിലേറെയായി കശ്മീർ ടൈംസിൽ സ്ഥിരം കോളമിസ്റ്റായ ഹുംറയുടെ വിയോഗം എനിക്ക് വ്യക്തിപരവും തൊഴിൽപരവുമായ നഷ്ടമാണ്. അവരുടെ വാത്സല്യവും ഞങ്ങൾ നടത്തിയ ഒരുപാട് സംഭാഷണങ്ങളും ഞാൻ ഏറെ ആസ്വദിച്ചിരുന്നു....
ഹുംറ ഖുറൈശിയുടെ വേർപാടോടെ നമുക്ക് നഷ്ടമായത് പ്രതിബദ്ധതയുള്ള ഒരു മികച്ച ലിബറൽ ഫെമിനിസ്റ്റ് എഴുത്തുകാരിയെ മാത്രമല്ല, സമാനതകളില്ലാത്ത കൃപയും വിനയവും സൂക്ഷിച്ചിരുന്ന അതിമനോഹരിയായ ഒരു മനുഷ്യനെത്തന്നെയാണ്. രണ്ട് പതിറ്റാണ്ടിലേറെയായി കശ്മീർ ടൈംസിൽ സ്ഥിരം കോളമിസ്റ്റായ ഹുംറയുടെ വിയോഗം എനിക്ക് വ്യക്തിപരവും തൊഴിൽപരവുമായ നഷ്ടമാണ്. അവരുടെ വാത്സല്യവും ഞങ്ങൾ നടത്തിയ ഒരുപാട് സംഭാഷണങ്ങളും ഞാൻ ഏറെ ആസ്വദിച്ചിരുന്നു. പരിചയത്തിന്റെ പഴക്കംകൊണ്ടു മാത്രമല്ല ജനാധിപത്യം, മതനിരപേക്ഷത, മാനവികത എന്നിവയിലെല്ലാം പങ്കുവെച്ച മൂല്യങ്ങളാൽ ബലപ്പെട്ടതായിരുന്നു ഞങ്ങൾ തമ്മിലെ ബന്ധം.
എന്റെ പിതാവ് വേദ് ഭാസിൻ വഴിയാവണം ഞങ്ങൾ പരിചയത്തിലായത്. അവർ ജമ്മുവിലും ശ്രീനഗറിലും വരുമ്പോഴെല്ലാം അച്ഛനുമൊന്നിച്ചിരുന്ന് മണിക്കൂറുകളോളം ചരിത്രവും രാഷ്ട്രീയവും ചർച്ച ചെയ്തിരുന്നു. ചന്തമുള്ള സാരിയും നാന്നുകിടക്കുന്ന കമ്മലുമണിഞ്ഞ് സുന്ദരിയും പ്രസന്നവതിയുമായി മാത്രം പ്രത്യക്ഷപ്പെട്ടിരുന്ന അവരുടെ ശബ്ദം സദാ ശാന്തവും സൗമ്യവുമായിരുന്നു.
രാഷ്ട്രീയം, സമൂഹം, സമുദായിക വിഷയങ്ങൾ, ലിംഗവിവേചനം, സാഹിത്യം, കവിത, സംസ്കാരം എന്നിവയെക്കുറിച്ച് ലളിതവും സ്വതന്ത്രവുമായ ഭാഷയിൽ അവർ ഹൃദയം കൊണ്ടെഴുതി. ഈ വിഷയങ്ങളോട് ഹുംറ പുലർത്തിയ അഭിനിവേശം എഴുതിയ വിഷയങ്ങളുടെ വ്യാപ്തി പോലെത്തന്നെ അതിശയപ്പെടുത്തുന്നതായിരുന്നു.
വിവിധ മാധ്യമങ്ങൾക്കുവേണ്ടി കോളങ്ങൾ മാത്രമല്ല, കശ്മീർ: ദി അൺ എൻഡിങ് ട്രാജഡി, കശ്മീർ: ദി അൺടോൾഡ് സ്റ്റോറി, മീർ, ഡയറി ഓഫ് ഗുൽ മുഹമ്മദ്, ഡിവൈൻ ലെഗസി: ദഗ്ഗാർസ് ആൻഡ് ധ്രുപദ്, മോർ ബാഡ് ടൈം ടെയിൽസ് എന്നിവ ഉൾപ്പെടെ നിരവധി പുസ്തകങ്ങളുമെഴുതി. ഖുശ്വന്ത് സിങ്ങുമായി ചേർന്ന് ’ദി ഗുഡ്, ദി ബാഡ് ആൻഡ് ദി റിഡിക്യുലസ്’ എന്ന പുസ്തകവും രചിച്ചു.
ജീവിതത്തിന്റെ നിഴലും നിലാവും ചേർന്നുള്ള രസകരമായ സമ്മിശ്രണമായിരുന്നു കശ്മീർ ടൈംസിലെ ‘സൈൻസ് ഓഫ് ദി ടൈംസ്’ എന്ന പതിവ് കോളം. ലോകത്തിൽ നടമാടുന്ന അനീതികളും ദുരിതങ്ങളും ഉയർത്തിക്കാട്ടി രാഷ്ട്രീയ-സാമൂഹിക പ്രശ്നങ്ങൾ ചർച്ച ചെയ്ത് ആരംഭിക്കുന്ന കുറിപ്പ് പലപ്പോഴും വിസ്മയിപ്പിക്കുന്ന കവിതാ ശകലങ്ങളോടെ അവസാനിപ്പിച്ചു. ഖുശ്വന്ത് സിങ്, ഗുൽസാർ, സാക്കിർ ഹുസൈൻ തുടങ്ങിയ ഏതെങ്കിലും ശ്രദ്ധേയ വ്യക്തിയുമൊന്നിച്ചുള്ള ഒരു പഴയ അഭിമുഖത്തിന്റെ വ്യക്തിപരമായ കഥകളോ ഓർമകളോ അതിൽ ഉൾപ്പെടുത്തിയിരുന്നു.
അവരിൽക്കണ്ട വേറിട്ട ഗുണങ്ങൾ കൂടി ഇവിടെ കുറിച്ചിടാതിരിക്കാനാവില്ല. രചനകളുടെ ക്രമവും കോളങ്ങൾ അയക്കുന്നതിൽ അവരുടെ സമയനിഷ്ഠയുമാണ് അതിലൊന്ന്. മറ്റൊന്ന് അചഞ്ചലമായ സമർപ്പണ ബോധവും പ്രതിബദ്ധതയുമായിരുന്നു. 2019നുശേഷം, കശ്മീർ ടൈംസിനെതിരെ നടത്തിവന്ന അടിച്ചമർത്തൽ കടുക്കുകയും സാമ്പത്തിക സ്ഥിതിയെ അതീവ ദോഷകരമായി ബാധിക്കുകയും ചെയ്ത ഘട്ടത്തിൽ ഞങ്ങൾക്കിനി പ്രതിഫലം നൽകാൻ കഴിയില്ലെന്നും കോളം അവസാനിപ്പിക്കണമെന്നും ഞാൻ ഹുംറയോട് പറഞ്ഞു. അതിന് വിസമ്മതിച്ച അവരുടെ നിസ്വാർഥത എന്നെ ശരിക്കും വിസ്മയിപ്പിച്ചു. പ്രതിഫലത്തിനായല്ല, നിങ്ങളോടുള്ള ഐക്യദാർഢ്യമെന്ന നിലയിൽ എഴുത്ത് തുടരുമെന്നായിരുന്നു അവരുടെ മറുപടി, അവസാനം വരെയും ആ വാക്ക് പാലിക്കുകയും ചെയ്തു.
അന്തരിച്ച മുൻ പ്രധാനമന്ത്രി ഡോ. മൻമോഹൻ സിങ്ങിനെക്കുറിച്ചുള്ള സ്മരണകളും, കർഷക സമരം ഉൾപ്പെടെയുള്ള സാമൂഹിക-രാഷ്ട്രീയ വിഷയങ്ങളിൽ ബോളിവുഡ് പുലർത്തുന്ന നിശ്ശബ്ദതയുമാണ് ജനുവരി രണ്ടിന് അയച്ച അവസാന കോളത്തിലുണ്ടായിരുന്നത്. അതിന് മുമ്പത്തേതിൽ, ഇന്ത്യയിൽ ക്രൈസ്തവർക്കെതിരെ വർധിച്ചുവരുന്ന ആക്രമണങ്ങളെക്കുറിച്ചായിരുന്നു. ഇന്ത്യൻ ജനാധിപത്യത്തിന്റെ അതിവേഗത്തിലുള്ള പിന്നോട്ടടിയിലും മതനിരപേക്ഷത നേരിട്ടുകൊണ്ടിരിക്കുന്ന നാശത്തിലും ന്യൂനപക്ഷങ്ങളും നേരുപറയാൻ നെഞ്ചൂക്ക് കാട്ടുന്നവരും നേരിട്ടുകൊണ്ടിരിക്കുന്ന അനീതികളിലും ദുഃഖിതയും വൈകാരിക വേദനയിലുമായിരുന്നു അവരെന്ന് സമീപകാല രചനകളിൽ നിന്നും സംഭാഷണങ്ങളിൽ നിന്നും വ്യക്തമായിരുന്നു. ഒരു യഥാർഥ ദേശസ്നേഹിയും മാനവികവാദിയുമായിരുന്ന അവരെ മതനിരപേക്ഷ ഇന്ത്യൻ ജനാധിപത്യം ഒരു സ്വേച്ഛാധിപത്യ രാജ്യമായി രൂപാന്തരപ്പെട്ടത് അക്ഷരാർഥത്തിൽ തകർത്തുകളഞ്ഞിരുന്നു.
ജനുവരി 13ന് എനിക്ക് അവരുടെ മൊബൈലിൽ നിന്ന് ഒരു കാൾ വന്നു. മറുതലക്കൽ അവരുടെ മകൻ മുസ്തഫയായിരുന്നു. സുഖമില്ലാത്തതിനാൽ ഈയാഴ്ച പതിവ് കോളം എഴുതാൻ കഴിയില്ലെന്നു പറയാൻ ഉമ്മ ഏൽപിച്ചതായി മുസ്തഫ അറിയിച്ചു. ഇതുപോലും അറിയിക്കാൻ അവർ പുലർത്തുന്ന ശ്രദ്ധയെക്കുറിച്ച് ഞാൻ ആലോചിക്കുകയും ചെയ്തു.
പിന്നെയാണ് വേദനിപ്പിക്കുന്ന വാർത്തകൾ അറിയുന്നത്. ഹൃദയാഘാതത്തെത്തുടർന്ന് അവർ ശസ്ത്രക്രിയക്ക് വിധേയയായിരുന്നു. പിന്നീട് രക്തം കട്ടപിടിച്ചതിനെത്തുടർന്ന് കാൽ മുറിച്ചുമാറ്റുകയും ചെയ്യേണ്ടിവന്നു. ഈയാഴ്ച കോളം അയക്കാനാവില്ലെന്ന് പറയാൻ മുസ്തഫയെ ഏൽപിക്കുമ്പോൾത്തന്നെ അവർ ഗുരുതരാവസ്ഥയിൽ വേദന തിന്നുകയായിരുന്നു. ആ നിമിഷവും ഹുംറയുടെ മനസ്സിൽ അവർ ചെയ്യാമെന്നേറ്റിരുന്ന കോളങ്ങളുടെ കാര്യമായിരുന്നു. ഹുംറയല്ലാതെ മറ്റാരാണങ്കിലുമതെ, ഇത്തരമൊരു അവസ്ഥയിൽ തനിക്കു ചുറ്റുമുള്ള ലോകത്തെക്കുറിച്ചുതന്നെ മറന്നുപോകുമായിരുന്നു.
നാം ജീവിക്കുന്ന ലോകത്തെ മികച്ച ഒരു ഇടമാക്കി മാറ്റുക എന്ന സ്വപ്നത്തിൽ അവർ ആവേശഭരിതയായിരുന്നു. അത് സാക്ഷാത്കരിക്കുന്നതിന് എഴുത്തിലൂടെ ആവുന്നത്ര സംഭാവനകളർപ്പിക്കുകയും ചെയ്തു. ഹുംറയെപ്പോലൊരാളെ അടുത്തറിയാനും ഇടപഴകാനും കഴിഞ്ഞതുതന്നെ ഒരു ബഹുമതിയാണെന്ന് ഞാൻ വിശ്വസിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.