എണ്ണക്കൊള്ളതന്നെ

ആഗോള എണ്ണ വിപണിയിലെ ചാഞ്ചാട്ടമല്ല; ഭരണകൂടവും കോർപറേറ്റുകളും നടത്തുന്ന ചൂതാട്ടമാണ് എണ്ണ വില നിയന്ത്രണ ഘടകം

ജീവിതച്ചെലവ് കുറക്കാൻ ഇന്ധന ഉപഭോഗം കുറച്ചും യാത്ര ഒഴിവാക്കിയുമെല്ലാം ത്യാഗം ചെയ്യണമെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ‘സാരോപദേശം’ വന്നപ്പോൾതന്നെ, അത് എണ്ണ വിലവർധനയുടെ സൂചനയാണെന്ന് പലരും നിരീക്ഷിച്ചിരുന്നു. പ്രതീക്ഷിച്ചതുതന്നെ സംഭവിച്ചു: കേരളമുൾപ്പെടെ അഞ്ച് സംസ്ഥാനങ്ങളിലേയും തെരഞ്ഞെടുപ്പ് പ്രക്രിയ പൂർത്തിയായതോടെ ഇന്ധന വില വർധിപ്പിച്ചിരിക്കുകയാണ് കേന്ദ്ര സർക്കാർ. പെട്രോളിനും ഡീസലിനും ലിറ്ററിന് മൂന്നുരൂപ വർധിപ്പിച്ചപ്പോൾ, സി.എൻ.ജിക്കും കിലോക്ക് രണ്ടുരൂപ കൂട്ടി. കേരളത്തിൽ ഇനി മുതൽ പെട്രോളിനും ഡീസലിനും ലിറ്ററിന് യഥാക്രമം 109 രൂപയും 97 രൂപയും നൽകേണ്ടിവരും.

നാല് വർഷത്തിനുശേഷമാണ് ഇത്രയും വലിയ വിലവർധന. ദിവസങ്ങൾക്കു മുമ്പ്, വാണിജ്യ സിലിണ്ടറിന്റെ വിലയും കുത്തനെ കൂട്ടിയ നടപടികളുടെ തുടർച്ചയായേ ഇപ്പോഴത്തെ നീക്കങ്ങളെയും കാണാനാവൂ. കേന്ദ്ര പെട്രോളിയം മന്ത്രാലയത്തിന്റെ പ്രഖ്യാപനം വന്നയുടൻതന്നെ, പ്രതിപക്ഷം പ്രതിഷേധവുമായി രംഗത്തുവന്നിട്ടുണ്ട്. തെരഞ്ഞെടുപ്പ് ഫലം വന്നശേഷമുള്ള ജനവിരുദ്ധ നടപടിയെ വഞ്ചനയെന്നാണ് പ്രതിപക്ഷം വിശേഷിപ്പിച്ചിരിക്കുന്നത്. വരുംദിവസങ്ങളിൽ രാജ്യവ്യാപകവും കൂടുതൽ ശക്തവുമായ പ്രതിഷേധ പരിപാടികളിലേക്ക് കടക്കുമെന്ന് ഇടതുപക്ഷമടക്കമുള്ള പാർട്ടികൾ പ്രഖ്യാപിച്ചിട്ടുണ്ട്. ഒരുകാര്യമുറപ്പാണ്: പലവിധ കാരണങ്ങളാൽ സാമ്പത്തികാനിശ്ചിതാവസ്ഥയിലുള്ള വിപണിയെ ഈ നീക്കം മന്ദീഭവിപ്പിക്കുകയും വിലക്കയറ്റത്തിന് കാരണമാവുകയും ചെയ്യും; ആത്യന്തികമായി അത് രാജ്യത്തെ സാധാരണക്കാരെ പട്ടിണിയിലേക്കാവും നയിക്കുക.

പശ്ചിമേഷ്യാ സംഘർഷത്തെ തുടർന്ന് ആഗോള എണ്ണ വിലയിലുണ്ടായ വർധനയാണ് ഇപ്പോൾ ഇന്ധനവില കൂട്ടാൻ കാരണമായി കേന്ദ്രസർക്കാർ പറയുന്നത്. ആഗോളതലത്തിലുള്ള വിലവർധനയുടെ ആഘാതം ജനങ്ങളെ നേരിട്ട് ബാധിക്കാതിരിക്കാൻ എക്സൈസ് ഡ്യൂട്ടി കുറച്ചും മറ്റും പരമാവധി പിടിച്ചുനിന്നുവെന്നും ഗത്യന്തരമില്ലാതെയാണ് വർധനക്ക് നിർബന്ധിതമായതെന്നുമാണ് സർക്കാറിന്റെ ന്യായം.

ഫെബ്രുവരി 28ന് ‘ഓപറേഷൻ എപിക് ഫ്യൂരി’ എന്ന പേരിൽ യു.എസും ഇസ്രായേലും ഇറാനിൽ വ്യോമാക്രമണം തുടങ്ങിയ നിമിഷം മുതൽതന്നെ ലോകത്ത് എണ്ണ പ്രതിസന്ധി ഉടലെടുത്തിട്ടുണ്ട്. സംയുക്ത സേനയുടെ ആക്രമണത്തെ പ്രതിരോധിക്കാൻ, ഇറാൻ ഉയർത്തിയ മറുതന്ത്രം തങ്ങളുടെ നിയന്ത്രണത്തിലുള്ള ഹുർമുസ് കടലിടുക്ക് അടച്ചിടുക എന്നതായിരുന്നു. ആഗോള എണ്ണ കപ്പൽ ഗതാഗതത്തിന്റെ അഞ്ചിലൊന്നും ഹുർമുസ് വഴിയാണ്; അവിടം നിശ്ചലമായാൽ ഇന്ധനലഭ്യത ലോകമാകെ കുറയുമെന്നതിൽ സംശയമില്ല. ഇതോടൊപ്പം, ഇറാന്റെ പ്രത്യാക്രമണത്തെ തുടർന്ന് ഗൾഫ് രാജ്യങ്ങൾ അവരുടെ എണ്ണയുൽപാദനം നിർത്തിവെക്കുകയും ചെയ്തതോടെ പ്രതിസന്ധിക്ക് ആക്കംകൂടി; ക്രൂഡ് ഓയിൽ വില ബാരലിന് 77 ഡോളറുണ്ടായിരുന്നത് 120 ഡോളർ വരെയൊക്കെ എത്തി. ഈ ഘട്ടത്തിൽ ലോകത്തെ മിക്ക രാജ്യങ്ങളും എണ്ണ വില വർധിപ്പിക്കുകയാണ് ചെയ്തത്. ആവശ്യമായ എണ്ണയുടെ 86 ശതമാനവും ഇറക്കുമതി ചെയ്യുന്ന ഇന്ത്യയിൽ ആ സമയം എണ്ണ വില വർധിപ്പിച്ചില്ല എന്നത് നേരാണ്. പകരം, പെട്രോളിന്റെയും ഡീസലിന്റെയും എക്സൈസ് തീരുവ 10 രൂപ വരെ കുറച്ച് ആഗോള വിപണിയിലെ വിലവർധനമൂലം എണ്ണക്കമ്പനികൾക്കുണ്ടാകുന്ന നഷ്ടം നികത്താനാണ് സർക്കാർ ശ്രമിച്ചത്.

മാർച്ച് 28നായിരുന്നു അത്. അപ്പോൾ എണ്ണ വില 110 ഡോളർ കവിഞ്ഞിരുന്നു. പിന്നീട്, ഇറാൻ-യു.എസ് ചർച്ച നടക്കുകയും അതിന്റെ അടിസ്ഥാനത്തിൽ ഏപ്രിൽ എട്ടിന് വെടിനിർത്തൽ പ്രഖ്യാപിക്കുകയും ചെയ്തതോടെ പശ്ചിമേഷ്യയിൽ സ്ഥിതിഗതികൾ ഏതാണ്ട് ശാന്തമായി തുടങ്ങി. ഗൾഫ് രാജ്യങ്ങൾ ഭാഗികമായി എണ്ണയുൽപാദനം പുനരാരംഭിച്ചുവെങ്കിലും ഹുർമുസിൽ അനിശ്ചിതത്വം തുടർന്നതിനാൽ എണ്ണക്കപ്പൽ ഗതാഗതം പൂർണമായും പുനഃസ്ഥാപിക്കാനായില്ല. എങ്കിലും, എണ്ണവില 100 ഡോളറിൽ താഴെ എത്തി. ഇപ്പോൾ അത് 105 ഡോളറിൽ താഴെയാണ്. മേഖലയിൽ ഇറാനും യു.എസും സമാധാന കരാറിലെത്തുന്ന മുറക്ക് എണ്ണവില പഴയ നിലയിലേക്കുതന്നെ താഴാനുള്ള സാധ്യത കൂടുതലാണെന്നിരിക്കെ, എണ്ണക്കമ്പനികളുടെ താൽപര്യത്തിന് സമ്പൂർണമായി വഴങ്ങിയാണ് ഇപ്പോൾ കേന്ദ്ര സർക്കാർ ഇന്ധന വില വർധിപ്പിച്ചിരിക്കുന്നതെന്ന് കരുതാനാണ് ന്യായം.

ഭരണകൂടത്തിന്റെ ഒത്താശയിൽ കഴിഞ്ഞ ഒന്നര പതിറ്റാണ്ടായി രാജ്യത്തെ എണ്ണക്കമ്പനികൾ വലിയ കൊള്ളയാണ് നടത്തിക്കൊണ്ടിരിക്കുന്നത്. 2011ൽ, രണ്ടാം യു.പി.എ സർക്കാർ ഇന്ധനവില നിയന്ത്രണാധികാരം എണ്ണക്കമ്പനികൾക്ക് തീറെഴുതിയതോടെയാണ് രാജ്യത്ത് പച്ചയായ എണ്ണക്കൊള്ളയുടെ ആരംഭമെന്ന് പറയാം. ആഗോളവിപണിയിൽ ഉണ്ടാകുന്ന ഏറ്റക്കുറച്ചിലുകൾ വിലയിൽ പ്രതിഫലിക്കുമെന്നായിരുന്നു അന്ന് മൻമോഹൻ സർക്കാർ നൽകിയ വിശദീകരണം. അഥവാ, ആഗോളവിപണിയിൽ വിലകൂടുമ്പോൾ ഇവിടെയും വിലകൂടും, കുറയുമ്പോൾ കുറയുകയും ചെയ്യും. എന്നാൽ, എണ്ണവില കുറഞ്ഞപ്പോഴൊന്നും നമ്മുടെ രാജ്യത്തെ സാധാരണക്കാർക്ക് അതിന്റെ ഗുണഫലം ലഭിച്ചില്ല. ഇന്ധനത്തിന് എക്സൈസ് നികുതിയും മറ്റും കൂട്ടി, വിലകുറയാതെ ‘പിടിച്ചുനിർത്തി’ കോർപറേറ്റുകളെ സഹായിക്കാനാണ് സർക്കാർ ശ്രമിച്ചത്. മോദി സർക്കാറിന്റെ ആദ്യ ആറു വർഷവും ആഗോളവിപണിയിൽ എണ്ണ വില കുറയുകതന്നെയായിരുന്നു; ഇക്കാലയളവിനിടയിൽ 10 തവണയാണ് കേന്ദ്രസർക്കാർ എക്സൈസ് തീരുവ വർധിപ്പിച്ചത്.

സർക്കാറിന്റെ എണ്ണക്കൊള്ളയുടെ വലുപ്പമറിയാൻ ഒരൊറ്റ കണക്ക് മാത്രം സൂചിപ്പിക്കാം: 2013ൽ, അസംസ്കൃത എണ്ണ ബാരലിന് വില 124 ഡോളറായിരുന്നപ്പോൾ ഇന്ത്യയിൽ പെട്രോൾ വില ലിറ്ററിന് 75 രൂപയിൽ താഴെയായിരുന്നു. ഇപ്പോൾ 105 ഡോളറിലെത്തിയപ്പോൾ വില ചെന്നുനിൽക്കുന്നത് 109 രൂപയിലാണ്. നികുതിയിലുണ്ടാകുന്ന സ്വാഭാവികവളർച്ചയും രൂപ-ഡോളർ വിനിമയവ്യത്യാസവുമെല്ലാം കണക്കാക്കിയാൽപോലും നിലവിലെ സാഹചര്യത്തിൽ കൊള്ള ഒഴിവാക്കുകയാണെങ്കിൽ 80 രൂപയിൽ താഴെ മാത്രമായിരിക്കും എണ്ണവില. അത് ആദ്യമേ 105 രൂപയിലെത്തി നിൽക്കുന്നുവെന്നറിയുമ്പോഴാണ്, ഈ ഇന്ധനക്കൊള്ളയുടെ ആഘാതം നമുക്ക് ബോധ്യമാവുക. എന്തുകൊണ്ട്, മറ്റു രാജ്യങ്ങൾ വിലകൂട്ടിയപ്പോൾ ഇന്ത്യയിൽ അത് സംഭവിച്ചില്ല എന്നതിന്റെ കൂടി ഉത്തരം ഈ കണക്കുകളിൽ ഒളിഞ്ഞുകിടപ്പുണ്ട്.

2021ൽ ഇത്തരം കണക്കുകൾ ചൂണ്ടിക്കാട്ടി രാജ്യത്ത് വലിയ പ്രതിഷേധമുയർന്നപ്പോഴാണ് പെട്രോളിന്റെയും ഡീസലിന്റെയും എക്സൈസ് തീരുവ യഥാക്രമം പത്തും അഞ്ചും രൂപ കുറക്കാൻ സർക്കാർ നിർബന്ധിതമായത്. പല സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പുകൂടി മുൻകൂട്ടിക്കണ്ടായിരുന്നു ആ നീക്കം. അതിനുശേഷം, യുക്രെയ്ൻ-റഷ്യ യുദ്ധ പശ്ചാത്തലത്തിൽ എണ്ണവില 100 ഡോളറിനപ്പുറം പോയപ്പോഴും വില വർധിപ്പിക്കാൻ സർക്കാർ തയാറായില്ല. അപ്പോൾ, ആഗോള എണ്ണ വിപണിയിലെ ചാഞ്ചാട്ടമല്ല; ഭരണകൂടവും കോർപറേറ്റുകളും നടത്തുന്ന ചൂതാട്ടമാണ് എണ്ണ വില നിയന്ത്രണ ഘടകമെന്ന് വ്യക്തം. അതിനെ അതിജീവിക്കാൻ പ്രതിഷേധമല്ലാതെ മറ്റു വഴിയില്ല.

Tags:    
News Summary - Oil is a commodity

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.